മാധ്യമങ്ങള്‍ ‘നല്ല വാര്‍ത്തകള്‍’ നല്‍കുവാന്‍ ശ്രമിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ ‘നല്ല വാര്‍ത്തകള്‍’ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 2017 മെയ് 28-ല്‍ നടക്കുന്ന അമ്പത്തൊന്നാമത് സാമൂഹ്യസമ്പര്‍ക്കമാധ്യമ ദിനാചരണത്തോടനുബന്ധിച്ച് ഇന്നലെ പുറത്തിറക്കിയ പ്രത്യേക സന്ദേശത്തിലാണ് പരിശുദ്ധ പിതാവ് മാധ്യമങ്ങളോട് തന്റെ അഭിപ്രായം അറിയിച്ചിരിക്കുന്നത്. ശുഭകരമായ വാര്‍ത്തകള്‍ കഷ്ടം സഹിക്കുന്ന മനുഷ്യരിലേക്കു പോലും വലിയ പ്രത്യാശ കൊണ്ടുവരുന്നുണ്ടെന്നും പാപ്പ തന്റെ സന്ദേശത്തില്‍ ചൂണ്ടികാണിച്ചു.

‘ഭയപ്പെടേണ്ടാ ഞാന്‍ നിന്നോടു കൂടെയുണ്ട്’ എന്ന ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ വാക്കുകളാണ് തന്റെ സന്ദേശത്തിന്റെ തലകെട്ടായി മാര്‍പാപ്പ തെരഞ്ഞെടുത്തത്. “ജനങ്ങളിലേക്ക് ഭീതിയും ആശങ്കയും മാത്രം എത്തിക്കുന്ന വാര്‍ത്തകളാണ് പലപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. യുദ്ധത്തിന്റെയും, അഴിമതിയുടെയും, തീവ്രവാദത്തിന്റെയും, പരാജയങ്ങളുടെയും വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വലിയ പ്രചാരം നേടുന്നു. മോശമായ വാര്‍ത്തകള്‍ കൂടുതല്‍ ആളുകള്‍ വായിക്കുക എന്നതാണ് ഇത്തരം വാര്‍ത്തകളെ കമ്പോളവല്‍ക്കരിക്കുവാന്‍ മാധ്യമങ്ങളെ പ്രേരിപ്പിക്കുന്നത്”.

“ഇത്തരം വാര്‍ത്തകള്‍ പലപ്പോഴും തെറ്റിനെ കൂടുതല്‍ എടുത്തു കാണിക്കുവാന്‍ മാത്രമാണ് ഉപകരിക്കുക. തെറ്റിനും തിന്മയ്ക്കും ഒരിക്കലും അവസാനമില്ലെന്ന തോന്നലാണ് വാര്‍ത്തകള്‍ വായിക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും അനുഭവപ്പെടുക. നന്മയുടെ നല്ല വാര്‍ത്തകള്‍ക്ക് ഒരു വിലയുമില്ലെന്ന അവസ്ഥയാണ് ഇത് ഉണ്ടാക്കുന്നത്. തിന്മകളും ആക്രമണങ്ങളും ആസ്വാദനമൂല്യമുള്ള വാര്‍ത്തകളായി വേഗം മാറ്റപ്പെടുന്നു”.

“നല്ല വാര്‍ത്തകള്‍ക്ക് വായനക്കാരില്ലെന്ന് മാധ്യമങ്ങള്‍ തന്നെ പറയുന്നു. തിന്മയെ ഉയര്‍ത്തികാണിക്കുന്ന വാര്‍ത്തകള്‍ നല്‍കരുതെന്നതാണ് എന്റെ അഭിപ്രായം. ഹൃദയത്തെ സന്തോഷിപ്പിക്കുന്ന നല്ല വാര്‍ത്തകള്‍ കൂടുതലായി നല്‍കൂ”. ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ സന്ദേശത്തിലൂടെ മാധ്യമങ്ങളോട് ആഹ്വാനം ചെയ്തു.

സുവിശേഷം മനുഷ്യര്‍ക്ക് നല്‍കുന്ന സദ്വാര്‍ത്തയെ കുറിച്ച് തന്റെ സന്ദേശത്തില്‍ പാപ്പ പ്രത്യേകം പരാമര്‍ശം നടത്തി. യേശുക്രിസ്തുവെന്ന ഏക രക്ഷിതാവിന്റെ സന്ദേശത്തെയാണ് പരിശുദ്ധ പിതാവ് നല്ല വാര്‍ത്തയായി ചൂണ്ടികാണിച്ചത്. മനുഷ്യവര്‍ഗത്തോടുള്ള സ്വര്‍ഗീയ പിതാവിന്റെ ഐക്യത്തെ ക്രിസ്തുവെന്ന സദ്വാര്‍ത്തയിലൂടെ ലോകത്തിന് നല്‍കിയ സുവിശേഷം ശുഭകരമായ സന്ദേശമാണ് മാനവരാശിക്ക് മുഴുവനും നല്‍കുന്നതെന്നും പാപ്പ രേഖപ്പെടുത്തി.

ജീവിതത്തിലെ ഓരോ പ്രതിസന്ധിയും ബുദ്ധിമുട്ടും ദൈവവുമായി കൂടിക്കാഴ്ച്ചയ്ക്കുള്ള അവസരമായി മാറ്റണമെന്നും, ദുഃഖകരം എന്ന് നാം ചിന്തിക്കുന്ന സാഹചര്യങ്ങളെ ഇതു മൂലം പ്രത്യാശയുള്ളതാക്കി മാറ്റുവാന്‍ സാധിക്കുമെന്നും പാപ്പ സന്ദേശത്തില്‍ വിവരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here