മരിച്ചവര്‍ക്കുവേണ്ടിയുള്ള ചെറിയ ഒപ്പീസ് (ലത്തീന്‍ ക്രമം)

 • പ്രവേശനഗാനം
  ശാന്തിയരുളുക നാഥാ-നിത്യ
  ശാന്തിയരുളുക നീ
  നിത്യവെളിച്ചമിയാളില്‍ (ഇവരില്‍) സദയം
  തൂകണമേ ജഗദീശാ (3)
  സിയോണിലുയരും അഭിനവഗാനം
  തവ സങ്കീര്‍ത്തന ഗാനം
  ജറൂസലേമില്‍ നേര്‍ച്ചകളഖിലം
  അര്‍പ്പിതമാകും സതതം
  ഞങ്ങളുയര്‍ത്തും യാചനയെല്ലാം
  നാഥാ കേട്ടരുളേണം (3)
  1 സങ്കീര്‍ത്തനം 50
  പ്രഭണിതം 1
  *കര്‍ത്താവേ, തകര്‍ക്കപ്പെട്ട എന്‍റെ അസ്ഥിപഞ്ജരം സന്തോഷത്താല്‍ പുളകമണിയും.
  സങ്കീര്‍ത്തനം
  *ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്തവിധം എന്‍റെമേല്‍ കൃപയുണ്ടാകണമേ; / അങ്ങയുടെ കൃപാധിക്യത്താല്‍ എന്‍റെ അകൃത്യങ്ങളെ മായിച്ചുകളയണമേ.
  *എന്‍റെ കുറ്റങ്ങള്‍ എന്നില്‍നിന്നു നിശ്ശേഷം കഴുകിക്കളയണമേ; / എന്‍റെ പാപത്തില്‍ നിന്ന് എന്നെ വെടിപ്പാക്കണമേ.
  *എന്‍റെ അകൃത്യങ്ങള്‍ ഞാന്‍ അറിയുന്നു; / എന്‍റെ പാപം സദാ എന്‍റെ മുന്‍പിലുണ്ട്.
  * കര്‍ത്താവേ, അങ്ങേയ്ക്കെതിരായി ഞാന്‍ പാപം ചെയ്തു; / അങ്ങയുടെ സന്നിധിയില്‍ ഞാന്‍ തിന്മചെയ്തുപോയി.
  * അങ്ങയുടെ വിധി നീതിയുക്തമാണ്; / എന്നെ ശിക്ഷിക്കുമ്പോള്‍ അങ്ങ് തികച്ചും നീതിമാന്‍ തന്നെ.
  * ഇതാ, അകൃത്യത്തില്‍ ഞാന്‍ ജനിച്ചു; / പാപത്തില്‍ അമ്മ എന്നെ ഗര്‍ഭം ധരിച്ചു.
  * ഹൃദയപരമാര്‍ത്ഥതയില്‍ അങ്ങു സന്തോഷിക്കുന്നു; / എന്‍റെ അന്തരംഗത്തെ അങ്ങ് ജ്ഞാനം ഗ്രഹിപ്പിക്കേണമെ.
  * ഹിസ്സോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കണമേ; / ഞാന്‍ നിര്‍മ്മലനാകും. / എന്നെ കഴുകിയാലും; ഞാന്‍ മഞ്ഞുകട്ടയേക്കാള്‍ വെണ്മയുള്ളവനാകും.
  * ആനന്ദത്തിന്‍റേയും ആഹ്ലാദത്തിന്‍റേയും സ്വരം എന്നെ കേള്‍പ്പിച്ചാലും; / തകര്‍ക്കപ്പെട്ട അസ്ഥികള്‍ സന്തോഷിക്കും.
  * എന്‍റെ പാപങ്ങളില്‍ നിന്ന് അങ്ങു മുഖം തിരിക്കണമേ; /

എന്‍റെ സകല തെറ്റുകളും അങ്ങു മായിച്ചുകളയണമേ.
* ദൈവമേ, നിര്‍മ്മലമായ ഒരു ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ; / ദൃഢചിത്തത എന്നില്‍ പുനഃസ്ഥാപിക്കണമേ.
* അങ്ങയുടെ സന്നിധിയില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ; / അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്ന് നീക്കിക്കളയുകയുമരുതേ.
* അങ്ങയുടെ രക്ഷയാകുന്ന ആനന്ദം എനിക്ക് തിരികെത്തരണമേ; / ഉദാരമനസ്കത എന്നില്‍ നിലനിര്‍ത്തണമേ.
* ദുഷ്ടന്മാരെ അങ്ങയുടെ വഴികള്‍ ഞാന്‍ പഠിപ്പിക്കും; / പാപികള്‍ അങ്ങയുടെ അടുക്കലേയ്ക്കു പിന്തിരിയും.
* ദൈവമേ, എന്‍റെ രക്ഷകനായ ദൈവമേ, രക്തപാതകത്തില്‍ നിന്ന് എന്നെ മോചിക്കണമേ; / എന്‍റെ നാവ് അങ്ങയുടെ നീതി ഉദ്ഘോഷിക്കും.
* കര്‍ത്താവേ, എന്‍റെ അധരങ്ങള്‍ തുറക്കണമേ; / എന്‍റെ അധരങ്ങള്‍ അങ്ങയുടെ സ്തുതികള്‍ പാടും.
* ഹനനയാഗത്തില്‍ അങ്ങ് ആനന്ദം കൊള്ളുന്നില്ല; / ഹോമയാഗം ഞാന്‍ സമര്‍പ്പിച്ചാല്‍ അങ്ങ് സ്വീകരിക്കില്ല.
* എന്‍റെ ദൈവമേ, തകര്‍ന്ന ഹൃദയമാണ് എന്‍റെ യാഗം; / തകര്‍ന്നു നുറുങ്ങിയ ഹൃദയം, അങ്ങ് നിരസിക്കില്ല.
* ജറുസലേമിന്‍റെ മതിലുകള്‍ നിര്‍മ്മിച്ച്, / കര്‍ത്താവേ, അങ്ങയുടെ അനുഗ്രഹത്താല്‍, സീയോനോടു കൃപചെയ്യണമേ.
* അപ്പോള്‍ അങ്ങ് അര്‍ഹമായ യാഗങ്ങളും കാഴ്ചകളും ഹോമബലികളും സ്വീകരിക്കും; / അപ്പോള്‍ അങ്ങയുടെ ബലിപീഠത്തില്‍ അവര്‍ കാളകളെ സമര്‍പ്പിക്കും.
* കര്‍ത്താവേ, ഇയാള്‍ക്കു നിത്യ വിശ്രാന്തി നല്കേണമേ.
* നിത്യതേജസ്സ് ഇയാളുടേമേല്‍ പ്രകാശിക്കുകയും ചെയ്യട്ടെ.
പ്രഭണിതം
കര്‍ത്താവേ, തകര്‍ക്കപ്പെട്ട എന്‍റെ അസ്ഥിപഞ്ജരം സന്തോഷത്താല്‍ പുളകമണിയും.
II ഇസയാസ് ഭജനം (38:10-14,17-20)
പ്രഭണിതം 2
കര്‍ത്താവേ, അങ്ങാണ് എന്‍റെ ആത്മാവിനെ ശൂന്യതയില്‍ നിന്ന് രക്ഷിച്ചിരിക്കുന്നത്.
* എന്‍റെ ആയുസ്സിന്‍റെ മദ്ധ്യാഹ്നത്തില്‍, പാതാളവാതില്‍ക്കല്‍ ഞാനെത്തിയിരിക്കുന്നു / ഇനിയുള്ള കാലമെല്ലാം ഞാന്‍ അവിടെയായിരിക്കും.
* ഞാന്‍ പറഞ്ഞു: ജീവനുള്ളവരുടെ ദേശത്ത് കര്‍ത്താവിനെ ഇനി ഞാന്‍ കാണുകയില്ല; / ശാന്തമായി വസിക്കുന്ന ഒരുവനെ ഇനി ഞാന്‍ ഒരിക്കലും ദര്‍ശിക്കയില്ല.
* എന്‍റെ ഭവനം ഒരു ഇടയകൂടാരം പോലെ പൊളിച്ചു നീക്കപ്പെടുകയാണ്; / നെയ്ത്തുകാരന്‍റെ പാവുപോലെ എന്‍റെ ആയുസ്സു വിഛേദിക്കപ്പെട്ടു.
* ആദിയില്‍ തന്നെ അവിടുന്ന് എന്നെ വെട്ടിമാറ്റി; / ഒരു രാപ്പകല്‍ കഴിയുംമുമ്പേ അങ്ങ് എന്‍റെ അന്ത്യം സമാഗതമാക്കും.
* പ്രഭാതം വരെ ഞാന്‍ പ്രത്യാശിച്ചു. ത അവിടുന്ന് ഒരു സിംഹത്തെപ്പോലെ എന്‍റെ അസ്ഥികളെല്ലാം തകര്‍ത്തു. / ഒരു രാവും പകലും കഴിയും മുമ്പേ അങ്ങ് എനിക്ക് അന്ത്യം വരുത്തുമായിരുന്നു.
* കുരുവിക്കുഞ്ഞിനെപ്പോലെ ഞാന്‍ ചിലച്ചു; / പ്രാവിനെപ്പോലെ ഞാന്‍ കുറുകി; എന്‍റെ കണ്ണ് മേല്പ്പോട്ടുനോക്കി ക്ഷീണിച്ചു. കര്‍ത്താവേ, ഞാന്‍ ഞെരുക്കപ്പെടുന്നു; / അങ്ങ് എനിക്ക് ഉത്തരം നല്കണമേ.
* കണ്ടാലും! സമാധാനത്തില്‍ക്കൂടി എന്‍റെ കഷ്ടപ്പാട് എത്ര കഠിനം * എന്‍റെ സകല പാപങ്ങളും അങ്ങയുടെ പിറകിലേയ്ക്ക് തള്ളിയതിനാല്‍, / നാശക്കുഴിയില്‍ നിന്ന് എന്നെ അങ്ങ് സ്നേഹപൂര്‍വ്വം രക്ഷിച്ചിരിക്കുന്നു.
*പാതാളം അങ്ങയെ സ്തുതിക്കുന്നില്ല; ത മരണം അങ്ങയെ വാഴ്ത്തുന്നില്ല; / കുഴിയിലേക്കിറങ്ങുന്നവര്‍ അങ്ങയുടെ വിശ്വസ്തത പ്രത്യാശിക്കുന്നുമില്ല.
*ഇന്നു ഞാന്‍ ചെയ്യുന്നതുപോലെ, ജീവനുള്ളവന്‍, അതേ, ജീവനുള്ളവന്‍ മാത്രം അങ്ങയെ സ്തുതിക്കും. / പിതാവു മക്കളെ അങ്ങയുടെ വിശ്വസ്തത അറിയിക്കും.
* കര്‍ത്താവേ, എന്നെ രക്ഷിക്കണമേ; കര്‍ത്താവിന്‍റെ ആലയത്തില്‍ ഞങ്ങളുടെ ആയുഷ്കാലം മുഴുവന്‍ ഞങ്ങള്‍ കീര്‍ത്തനങ്ങള്‍ പാടും.
* കര്‍ത്താവേ, ഇയാള്‍ക്കു നിത്യവിശ്രാന്തി നല്കണമെ.
* നിത്യ തേജസ്സ് ഇയാളുടെമേല്‍ പ്രകാശിക്കുകയും ചെയ്യട്ടെ.
പ്രഭണിതം
കര്‍ത്താവേ, അങ്ങാണ് എന്‍റെ ആത്മാവിനെ ശൂന്യതയില്‍ നിന്നു രക്ഷിച്ചിരിക്കുന്നത്.
III സങ്കീര്‍ത്തനം 145
പ്രഭണിതം 3
ജീവിതകാലം മുഴുവന്‍ ഞാന്‍ കര്‍ത്താവിനെ പാടിപ്പുകഴ്ത്തും.
സങ്കീര്‍ത്തനം
* എന്‍റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക. / എന്‍റെ ജീവിതകാലമെല്ലാം കര്‍ത്താവിനെ ഞാന്‍ സ്തുതിക്കും.
* ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം, എന്‍റെ ദൈവത്തിനു ഞാന്‍ സ്തോത്രം പാടും.
* നിങ്ങള്‍ പ്രഭുക്കന്മാരില്‍ ആശ്രയിക്കരുത്. / രക്ഷ നല്കാന്‍ കഴിയാത്ത മനുഷ്യനില്‍ അഭയം തേടരുത്.
* ശ്വാസം പോയ്ക്കഴിയുമ്പോള്‍ അവന്‍ മണ്ണിലേക്ക് മടങ്ങുന്നു; / അന്നവന്‍റെ ലക്ഷ്യങ്ങളെല്ലാം നശിക്കും.
* യാക്കോബിന്‍റെ ദൈവം സഹായിയായിട്ടുള്ളവനും, / തന്‍റെ ദൈവമായ കര്‍ത്താവില്‍ ശരണംവയ്ക്കുന്നവനും അനുഗ്രഹീതനാണ്.
അവിടുന്ന് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിച്ചു; / * * * അവിടുന്ന് എന്നേയ്ക്കും വിശ്വസ്തനാണ്.
* മര്‍ദ്ദിതര്‍ക്ക് അവിടുന്ന് ന്യായം പാലിച്ചുകൊടുക്കുന്നു; / വിശക്കുന്നവര്‍ക്കു ഭക്ഷണം നല്കുന്നു. കര്‍ത്താവു ബന്ധനസ്ഥരെ സ്വതന്ത്രരാക്കുന്നു.
* കര്‍ത്താവ് അന്ധര്‍ക്കു കാഴ്ചനല്കുന്നു; ത കൂനുള്ളവരെ നിവര്‍ത്തുന്നു; / നീതിമാന്മാരെ സ്നേഹിക്കുന്നു.
* കര്‍ത്താവ് പരദേശികളെ പാലിക്കുന്നു; / അനാഥരെയും വിധകളെയും സംരക്ഷിക്കുന്നു.
* എന്നാല്‍, ദുഷ്ടരുടെ വഴി അവിടുന്ന് തകിടം മറിക്കുന്നു. / കര്‍ത്താവ് നിത്യമായി വാഴും. ത സീയോനെ, നിന്‍റെ ദൈവം തലമുറതോറും വാഴും.
* കര്‍ത്താവേ, ഇയാള്‍ക്കു നിത്യവിശ്രാന്തി നല്കണമെ.
*നിത്യ തേജസ്സ് ഇയാളുടേമേല്‍ പ്രകാശിക്കുകയും ചെയ്യട്ടെ.
പ്രഭണിതം
ജീവിതകാലം മുഴുവന്‍ ഞാന്‍ കര്‍ത്താവിനെ പാടിപ്പുകഴ്ത്തും.
കര്‍ത്താവേ ആഴത്തില്‍ നിന്നുമിപ്പോള്‍
സങ്കീര്‍ത്തനം 129
കര്‍ത്താവേ, ആഴത്തില്‍ നിന്നുമിപ്പോള്‍
ആര്‍ത്തനായ് കേഴുന്നു പാപിയാം ഞാന്‍
കര്‍ത്താവേ എന്‍ ശബ്ദം കേള്‍ക്കേണമേ
അമ്പോടെന്‍ പ്രാര്‍ത്ഥന കൈക്കൊള്ളണേ.
പാപങ്ങളെല്ലാം നീ ഓര്‍ത്തീടുകില്‍
ആര്‍ക്കുള്ളൂരക്ഷയീപാരിടത്തില്‍
ഞങ്ങള്‍തന്‍പാപങ്ങള്‍ പോക്കിടുന്ന
കര്‍ത്താവേ, നിന്നെ വണങ്ങിടുന്നു.
നീയല്ലോ മാമക ജീവിതാശ
ആത്മാവിന്‍ പ്രത്യാശ നിന്‍മൊഴിയും
ഇരവാകെ കാവല്‍ക്കാര്‍ ജാഗ്രതയില്‍
പുലരിയെ പാര്‍ത്തിരിക്കുന്നതുപോല്‍
മല്‍പ്രാണന്‍ ദൈവത്തെ പാര്‍ത്തിരിപ്പൂ
ഇസ്രേലുമേവം പ്രത്യാശവച്ചു
ഇസ്രേലിന്‍ രക്ഷകന്‍ നീയാണല്ലോ
കാരുണ്യം തൂകുന്ന പാലകനും
വിശ്വം വെടിഞ്ഞോര്‍ക്കെന്‍ ദൈവമേ നീ
ശാശ്വത വിശ്രാന്തി നല്കീടേണെ
നിത്യമാം ശിക്ഷാവിധിയില്‍ നിന്നും
മൃത്യുവരിച്ചോരെ മോചിക്കണെ
മങ്ങാത്ത ദിവ്യപ്രകാശത്തിലായ്
വിശ്രമംകൊള്ളട്ടെയെന്നുമെന്നും
കര്‍ത്താവേ, എന്‍ ശബ്ദം കേള്‍ക്കേണമേ.
അമ്പോടെന്‍ പ്രാര്‍ത്ഥന കൈക്കൊള്ളേണേ.
സുവിശേഷ വായന
മത്താ. 5:1-12
വിശ്വാസികളുടെ പ്രാര്‍ത്ഥന
കാര്‍മ്മികന്‍ : പ്രിയ സഹോദരരേ, മരണമടഞ്ഞ സകല ക്രൈസ്തവര്‍ക്കും നിത്യവിശ്രാന്തി നല്‍കണമെന്ന് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ മരിച്ചവരില്‍ നിന്നും ഉയര്‍പ്പിച്ച സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തോട് പ്രാര്‍ത്ഥിക്കാം.
ദൈവമേ, മരണമടഞ്ഞ് ഞങ്ങളില്‍ നിന്നും വേര്‍പെട്ട എല്ലാ ഇടയന്മാര്‍ക്കും സന്യാസിനീ സന്യാസികള്‍ക്കും വിശ്വാസികള്‍ക്കും നിത്യവിശ്രമം കല്പിച്ചരുളണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
എല്ലാവരും : കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
ദൈവമേ, ജ്ഞാനസ്നാനത്തില്‍ നിത്യായുസ്സിന് ഉറപ്പുലഭിച്ച പ്രിയ സഹോദരന്‍ / സഹോദരി (പേര്) നിത്യശാന്തി നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
എല്ലാവരും : കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
ദൈവമേ, ക്രിസ്തുവിന്‍റെ ഉയിര്‍പ്പില്‍ പങ്കുകാരാകുമെന്ന സ്ഥിര പ്രതീക്ഷയില്‍ നിദ്ര പ്രാപിച്ച എല്ലാവര്‍ക്കും പ്രകാശവും ശാന്തിയും നല്കിയരുളണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
എല്ലാവരും : കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
ദൈവമേ, ആസന്നമരണരായ എല്ലാ സഹോദരന്മാര്‍ക്കും സഹോദരികള്‍ക്കും അങ്ങ് ദയാലുവായ പിതാവാണെന്ന് അനുഭവപ്പെടുവാനും അവരുടെ ഹൃദയത്തില്‍ നിത്യായുസിന്‍റെ പ്രത്യാശ ഉളവാക്കുവാനും കൃപയേകണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
എല്ലാവരും : കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
കാര്‍മ്മികന്‍ : ദൈവമേ, അങ്ങെ വിശ്വസ്തദാസരുടെ എളിയ പ്രാര്‍ത്ഥനവഴി പരേതരായ സഹോദരങ്ങള്‍ക്ക് മാപ്പും അങ്ങേ രക്ഷാകര്‍മ്മത്തില്‍നിന്ന് ഉളവാകുന്ന സന്തോഷത്തില്‍ ഓഹരിയും ലഭിക്കുവാന്‍ ഇടയാകണമേ. കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ത്ഥന ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
എല്ലാവരും : ആമ്മേന്‍ !

സമാപന പ്രാര്‍ത്ഥന
പുരോഹിതന്‍ : ദൈവമേ, ഈ ലോകത്തു നിന്ന് അങ്ങയുടെ പക്കലേക്കു വിളിക്കുവാന്‍ തിരുവുള്ളമായ അങ്ങയുടെ ദാസന്‍ (ദാസി) ……ന്‍റെ (യുടെ) ആത്മാവിനെ സ്വീകരിക്കണമേ. ഈ ആളെ എല്ലാ പാപങ്ങളില്‍ നിന്ന് മോചിച്ച്, നിത്യമായ ശാന്തിയും പ്രകാശവും ആനന്ദവും നല്‍കി അനുഗ്രഹിക്കേണമെ. തിരഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തില്‍ ഇയാളെയും ചേര്‍ത്ത്, ഉയിര്‍പ്പിന്‍റെ മഹിമയില്‍ പങ്കാളിയാക്കുകയും ചെയ്യണമേ. കര്‍ത്താവായ ക്രിസ്തുവഴി ഞങ്ങള്‍ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥന കേട്ടരുളണമേ.

എല്ലാവരും : ആമ്മേന്‍ !

LEAVE A REPLY

Please enter your comment!
Please enter your name here