മരിക്കേണ്ടി വന്നാലും ക്രിസ്തുവിനെ പ്രഘോഷിക്കും”: ഉത്തരകൊറിയയെ സുവിശേഷവത്ക്കരിക്കാന്‍ ചൈനീസ് മിഷ്ണറിമാര്‍ തയാറെടുക്കുന്നു

ബെയ്ജിംഗ്: ക്രിസ്തുവിനെ പ്രതി ജീവന്‍ ത്യജിക്കേണ്ടി വന്നാലും ഉത്തരകൊറിയയില്‍ സുവിശേഷ പ്രഘോഷണം നടത്തും എന്ന തീരുമാനവുമായി ചൈനയിലെ മിഷ്‌ണറിമാര്‍. ചൈനയില്‍ സുവിശേഷപ്രഘോഷണം നടത്തിയതിന്റെ പേരില്‍ നിരവധി പീഡനങ്ങള്‍ ഏറ്റുവാങ്ങിയ അനുഭവസമ്പത്തുള്ള സുവിശേഷ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഉത്തരകൊറിയയിലേക്ക് സുവിശേഷവുമായി പോകുവാന്‍ മിഷ്‌നറിമാര്‍ക്ക് തീവ്രപരിശീലനം നല്‍കുന്നത്. മേഖലയിലെ വിവിധ വെല്ലുവിളികളെ കുറിച്ചും, തങ്ങളുടെ പദ്ധതിയുടെ വിവരങ്ങളെ കുറിച്ചും പേരു വെളിപ്പെടുത്താത്ത സുവിശേഷപ്രവര്‍ത്തകര്‍ ‘ചൈന എയ്ഡ്’ എന്ന സംഘടനയോട് പങ്കുവച്ചു.

ഉത്തരകൊറിയക്കാരായ നിരവധി പേര്‍ ചൈനയില്‍ താമസിക്കുന്നുണ്ട്. അതിര്‍ത്തിയിലൂടെ ഒഴുകുന്ന ട്യൂമെന്‍ നദിയിലൂടെ അപകടകരമായ യാത്ര നടത്തിയാണ് ഇവര്‍ ചൈനയിലേക്ക് അനധികൃതമായി കടക്കുന്നത്. തങ്ങളുടെ രാജ്യത്ത് നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഉത്തരകൊറിയക്കാര്‍ ചൈനയിലേക്ക് കടക്കുന്നത്. ഈ മേഖലയില്‍ മനുഷ്യകടത്ത് ഏറെ സജീവമാണ്.

ഉത്തരകൊറിയയില്‍ നിന്നും എത്തുന്ന ചെറിയ ഒരു വിഭാഗം സ്ത്രീകള്‍ ചൈനയിലെ പുരുഷന്‍മാരെ വിവാഹം ചെയ്ത് രാജ്യത്ത് സ്ഥിരതാമസമാക്കുന്നു. എന്നാല്‍ പുരുഷന്‍മാരില്‍ പലരും തിരികെ സ്വന്തം രാജ്യമായ ഉത്തരകൊറിയയിലേക്ക് തന്നെ മടങ്ങുകയാണ്. ഇവരുടെ ഇടയിലേക്ക് സുവിശേഷം എത്തിക്കുവാന്‍ മിഷന്‍ പ്രവര്‍ത്തകര്‍ തീവ്രശ്രമങ്ങള്‍ നടത്തി. ഭാഷാപരമായ ബുദ്ധിമുട്ടുകള്‍ കാരണം സുവിശേഷവല്‍ക്കരണം വേണ്ടവിധം ഫലം കണ്ടില്ലെന്നും ഇവര്‍ ചൈന എയ്ഡിനോട് വെളിപ്പെടുത്തി.

ഇതേ തുടര്‍ന്നാണ് സുവിശേഷം ഉത്തരകൊറിയക്കാരിലേക്ക് എത്തിക്കണമെങ്കില്‍ അവരുടെ രാജ്യത്ത് പോയി പ്രഘോഷിക്കണം എന്ന തിരിച്ചറിവിലേക്കാണ് സുവിശേഷപ്രഘോഷകര്‍ എത്തിച്ചേര്‍ന്നത്. പുതിയ ഉദ്യമത്തിനായി ദക്ഷിണകൊറിയയില്‍ നിന്നുള്ള സുവിശേഷപ്രഘോഷകരുടെ സഹായവും ചൈനീസ് മിഷ്ണറിമാര്‍ ഉപയോഗിച്ചിട്ടുണ്ട്. ഉത്തരകൊറിയക്കാരുടെ മാനസിക അവസ്ഥകളെ മാറ്റുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും വചനപ്രഘോഷകര്‍ പറയുന്നു.

ക്രൈസ്തവ പീഡനങ്ങളുടെ ഈറ്റില്ലമായ രാജ്യത്ത് സുവിശേഷം പ്രചരിപ്പിക്കുന്നതിനുള്ള പരിശീലനമാണ് തങ്ങള്‍ പുതിയതായി ആരംഭിച്ച മിഷ്‌ണറിമാരുടെ പരിശീലന കളരിയിലൂടെ ലഭ്യമാക്കുന്നതെന്നും വചനപ്രഘോഷകര്‍ വെളിപ്പെടുത്തി. അവിവാഹിതരായ യുവാക്കളെയാണ് തങ്ങളുടെ ഈ പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നതെന്നും, ക്രിസ്തുവിനു വേണ്ടി ജീവന്‍ ത്യജിക്കേണ്ടി വന്നാലും അതിന് തയ്യാറുള്ളവരാണ് പരിശീലനം നേടുന്നതെന്നും സുവിശേഷപ്രവര്‍ത്തകര്‍ അറിയിച്ചു.

ഉത്തരകൊറിയയില്‍ നേരിടുവാന്‍ സാധ്യതയുള്ള എല്ലാ പ്രശ്‌നങ്ങളേയും മികച്ച രീതിയില്‍ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെ സംബന്ധിക്കുന്ന പരിശീലനവും മിഷ്‌ണറിമാര്‍ക്ക് നല്‍കുന്നുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ‘ഓപ്പണ്‍ ഡോര്‍’ എന്ന സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യമാണ് ഉത്തരകൊറിയ. സ്വേഛാധിപതിയായ കിം ജോംഗ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഭരണത്തില്‍ ക്രൈസ്തവരുടെ ജീവിതം തീവ്രമായ ദുരിതത്തിലാണെന്നും സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here