മതസ്വാതന്ത്ര്യത്തിനെതിരെ നിയമ നിർമ്മാണത്തിനൊരുങ്ങി ജാർഖണ്ഡ്

റാഞ്ചി: ഇഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കാനുള്ള ഒരു പൗരന്റെ മതസ്വാതന്ത്ര്യത്തെ നിയമം മൂലം കടിഞ്ഞാണിടാനുള്ള തീരുമാനത്തിലേക്ക് ജാർഖണ്ഡ് ഗവൺമെന്റ്. മെയ് ഒന്നിന് പലാമുവിൽ സമാപിച്ച ഭാരതീയ ജനതാ പാർട്ടി സമ്മേളനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തി ചേർന്നിരിക്കുന്നത്. പാർട്ടി തീരുമാനം സംസ്ഥാന ഗവൺമെന്റ് നടപ്പിലാക്കുക വഴി ഒരു മതവിശ്വാസം ഉപേക്ഷിച്ചു മറ്റൊന്ന് സ്വീകരിക്കുന്നത് കുറ്റകരമാക്കുകയാണ് ലക്ഷ്യം.

പുതിയ തീരുമാനം ക്രൈസ്തവർക്കെതിരെ അക്രമം അഴിച്ചു വിടാനുള്ള നിലപാടിലേക്ക് എത്തുമെന്ന ഭീതിയിലാണ് സംസ്ഥാനത്തെ ക്രൈസ്തവര്‍. രാജ്യത്തെ പൗരന്‍മാര്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കുവാന്‍ ഭരണഘടന തന്നെ അവകാശം നല്‍കുന്നുണ്ട്. എന്നാല്‍ മഹാരാഷ്ട്രയുള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ മതം മാറുന്നതിനെ വിലക്കി പ്രത്യേക നിയമം പാസാക്കിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ജാര്‍ഖണ്ഡും പുതിയ നയം സ്വീകരിക്കുന്നത്.

ഇന്ത്യൻ പൗരന്മാർക്ക് മതസ്വാതന്ത്യവും അത് പ്രചരിപ്പിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പു വരുത്തുന്നുണ്ടെന്ന് റാഞ്ചി സഹായമെത്രാൻ ടെലസ്ഫോർ ബില്ലുങ്ങ് വാർത്തയോട് പ്രതികരിച്ചു. ആരെയും നിർബന്ധിച്ച് സഭയിൽ അംഗമാക്കുക ക്രൈസ്തവ നയമല്ലെന്നും സ്വമേധയാ വരുന്നവരെ സ്വീകരിക്കുക മാത്രമാണ് ക്രൈസ്തവര്‍ ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഹൈന്ദവ രാജ്യമാക്കി ഭാരതത്തെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അതിനായി തെറ്റായ മതപരിവർത്തന വാർത്തകളാണ് നിയമം നടപ്പിലാക്കാൻ മാധ്യമങ്ങളിലൂടെ നല്കുന്നതെന്നും ബിഷപ്പ് പറഞ്ഞു. ജാർഖണ്ഡിൽ ബി.ജെ.പി അധികാരത്തിലേറിയതു മുതൽ ക്രൈസ്തവ കൂട്ടായ്മയെയും പ്രാർത്ഥനകളെയും തടസ്സപ്പെടുത്തുന്ന സ്ഥിതിഗതികളാണ് നിലനില്ക്കുന്നത്.

അപര്യാപ്തമായ ഭരണവും ദാരിദ്രവും മൂലം ഉടലെടുക്കുന്ന പ്രതിസന്ധികളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് പുതിയ നിയമമെന്ന് പിന്നോക്ക വിഭാഗത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ള ദേശീയ മെത്രാന്‍ സമിതിയുടെ ചെയർമാനും സിംഡേഗ ബിഷപ്പുമായ വിൻസന്‍റ് ബർവ വ്യക്തമാക്കി. ജാർഖണ്ഡിലെ 33 മില്യൺ വരുന്ന ജനസംഖ്യയിലെ 15 ലക്ഷം ജനങ്ങൾ ക്രൈസ്തവരാണ്. ഇതില്‍ പകുതിപ്പേർ പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ളവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here