ഭ്രൂണഹത്യ അടിച്ചേല്‍പ്പിക്കുവാനുള്ള കാനഡയുടെ നീക്കത്തിനെതിരെ നൈജീരിയന്‍ ബിഷപ്പ്

ഒട്ടാവ: ആഫ്രിക്കൻ രാജ്യങ്ങളിൽ ഭ്രൂണഹത്യ നിയമവിധേയമാക്കാൻ കാനഡ മുൻ കൈയ്യെടുക്കണമെന്ന കനേഡിയന്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് നൈജീരിയ ഒയോ രൂപത ബിഷപ്പ് ഇമ്മാനുവേൽ ബജേദോ. തെറ്റിനെ ന്യായീകരിക്കുന്ന പ്രവണത ശരിയല്ലായെന്നും ലൈഫ് സൈറ്റ് ന്യൂസിനു നല്കിയ പ്രസ്താവനക്കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

വികസ്വര രാജ്യങ്ങൾക്ക് ഗർഭഛിദ്രത്തിന് 650 മില്യൺ ഡോളറിന്റെ ധനസഹായം കാനഡ അടുത്തിടെ പ്രഖ്യാപിച്ചിരിന്നു. ഇതിന് പിന്നാലെയാണ് കാനഡ വിദേശകാര്യ വികസന വകുപ്പ് മന്ത്രി മാരിയ ക്ലോ ഡേ ബിബ്യൂ, കോംഗോ അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭ്രൂണഹത്യ നിയമവിധേയമാക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്.

കാനഡ ഗവണ്‍മെന്റിന്റെയും മാരിയ ക്ലോഡേയുടെയും നടപടിയെ ബിഷപ്പ് ശക്തമായി അപലപിച്ചു. അബോർഷൻ നിയമവിരുദ്ധമായ രാജ്യത്ത് ഗർഭനിരോധന മാർഗ്ഗങ്ങൾ പ്രചരിപ്പിക്കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലായെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സമ്പത്തിനെ ആയുധമാക്കി ആഫ്രിക്കൻ രാഷ്ട്രങ്ങളുടെ മേൽ സ്വാധീനം ചെലുത്തുന്ന വികസിത രാജ്യങ്ങളുടെ മേല്‍ക്കോയ്മ നിർഭാഗ്യകരമാണ്. ധാർമ്മിക മൂല്യങ്ങൾക്കനുസരിച്ച് സംസ്കാരം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമോ എന്നതാണ് ലിബറൽ സർക്കാരിന്റെ സംശയം.

വികസ്വര രാഷ്ട്രങ്ങളിലെ സ്ത്രീകളുടെ ആവശ്യങ്ങളെപ്പറ്റി ആരും അന്വേഷിച്ചറിയുന്നില്ല. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗീക അതിക്രമങ്ങളും പ്രസവത്തോടനുബന്ധിച്ചുള്ള മരണങ്ങൾക്കും അവസാനം വേണം. എന്നാൽ ഗർഭസ്ഥ ജീവനെയോ സ്വന്തം ശരീരത്തെ തന്നെയോ നശിപ്പിക്കാൻ ആഫ്രിക്കൻ ജനത തുനിയില്ല. നിരോധിത രാജ്യങ്ങളിൽ ഭ്രൂണഹത്യ പ്രചരിപ്പിക്കാൻ നല്കുന്ന സാമ്പത്തിക സഹായം, പ്രാഥമിക ആരോഗ്യമേഖലയിലും അടിസ്ഥാന സൗകര്യങ്ങൾക്കും സാമ്പത്തിക സുസ്ഥിതിയ്ക്കുമായി ഉപയോഗിക്കുകയാണ് വേണ്ടത്.

കാനഡ തങ്ങളുടെ സാമ്പത്തിക സഹായം വഴി ആഫ്രിക്കന്‍ രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഊന്നൽ നൽകണം. ആഫ്രിക്കൻ ജനതയ്ക്കു മേൽ പാശ്ചാത്യ രാഷ്ട്രങ്ങളുടെ അധിനിവേശപരമായ അജണ്ടകളെ പ്രോലൈഫ് സംഘടനകളുടെ സഹകരണത്തോടെ അതിജീവിക്കണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. അതേ സമയം കാനഡ ബിഷപ്പുമാരും ഗവൺമെന്റിന്റെ ഭ്രൂണഹത്യ കേന്ദ്രീകൃതമായ വിദേശനയത്തെ അപലപിച്ചു രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here