ബൈബിള്‍ വചനങ്ങള്‍ ഉരുവിട്ടും പ്രാര്‍ത്ഥനാസഹായം യാചിച്ചും യുഎസ് വൈസ്‌ പ്രസിഡന്‍റിന്റെ പ്രസംഗം

മേരിലാന്റ്‌: കോണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടിയുടെ വാര്‍ഷിക പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസംഗത്തില്‍ ബൈബിള്‍ വാക്യങ്ങള്‍ ഉരുവിട്ടുകൊണ്ട് അമേരിക്കയുടെ വൈസ്‌ പ്രസിഡന്റ്‌ മൈക്ക് പെന്‍സ്. തന്റെ പ്രസംഗത്തില്‍ അമേരിക്കക്കായി പ്രത്യേക പ്രാര്‍ത്ഥനകളും അദ്ദേഹം യാചിച്ചു.

ഗെലോര്‍ഡ്‌ നാഷണല്‍ റിസോര്‍ട്ട്‌ ആന്റ്‌ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന സമ്മേളനത്തില്‍ 20 മിനിറ്റ്‌ നീണ്ട പ്രസംഗം ഇന്ത്യാനയിലെ മുന്‍ ഗവര്‍ണ്ണര്‍ കൂടിയായ അദ്ദേഹം ഉപസംഹരിച്ചത്‌ ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു.

2 ദിനാവൃത്താന്തം 7:14-ലെ “എന്റെ നാമം പേറുന്ന എന്റെ ജനം എന്നെ അന്വേഷിക്കുകയും തങ്ങളെത്തന്നെ എളിമപ്പെടുത്തി പ്രാര്‍ഥിക്കുകയും തങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്നു പിന്‍തിരിയുകയും ചെയ്താല്‍, ഞാന്‍ സ്വര്‍ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ഥന കേട്ട് അവരുടെ പാപങ്ങള്‍ ക്ഷമിക്കുകയും അവരുടെ ദേശം സമ്പുഷ്ടമാക്കുകയും ചെയ്യും” എന്ന ബൈബിള്‍ വാക്യമാണ് പെന്‍സ് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.

“സത്യപ്രതിജ്ഞ സമയത്ത് ഞാന്‍ ഇടതു കൈ ബൈബിളില്‍ വെച്ചു. ആ ബൈബിള്‍ യഥാര്‍ത്ഥ്യത്തില്‍ അമേരിക്കയുടെ നാല്‍പ്പതാമത്തെ പ്രസിഡന്റായിരുന്ന റൊണാള്‍ഡ്‌ റീഗന്‍ ഉപയോഗിച്ചതാണ്‌. ഇതിലേറ്റവും അത്ഭുതകരമായി അനുഭവപ്പെട്ടത്‌ ബൈബിള്‍ ഞാന്‍ തുറന്നപ്പോള്‍ ലഭിച്ച വചനഭാഗം റീഗന്‍ അന്നു തുറന്നപ്പോള്‍ കിട്ടിയതു തന്നെ ആയിരുന്നു എന്നതാണ്‌.” ഇത് പറഞ്ഞതിന് ശേഷം 2 ദിനാവൃത്താന്തം 7:14 മൈക്ക് പെന്‍സ് ആവര്‍ത്തിക്കുകയായിരിന്നു.

എന്തു വിലകൊടുത്തും ഭൂണഹത്യക്കായി സര്‍ക്കാര്‍ ധനവിനിയോഗം നിരോധിക്കുമെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. അമേരിക്കയെ വീണ്ടും മഹനീയമാക്കാന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിനും തനിക്കും എല്ലാവരുടേയും സര്‍വ്വവിധ പിന്‍തുണക്കുമൊപ്പം പ്രാര്‍ത്ഥനകള്‍ ആവശ്യമുണ്ടന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here