ബുദ്ധമത ഭൂരിപക്ഷ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ കടുത്ത മതമര്‍ദ്ദനത്തിനിരയാവുന്നതായി റിപ്പോര്‍ട്ട്

ബാങ്കോക്ക്: ഏഷ്യയിലെ ബുദ്ധമത ഭൂരിപക്ഷ രാജ്യങ്ങളില്‍ ക്രൈസ്തവരടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന അടിച്ചമര്‍ത്തലുകള്‍ ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ലെ-എസ്പ്രെസ്സോ മാഗസിനിലെ ഇറ്റാലിയന്‍ ലേഖകനായ സാന്‍ഡ്രോ മഗിസ്റ്റ്റെരാണ് ഇക്കാര്യം ചൂണ്ടികാണിച്ച് രംഗത്തെത്തിയിരിക്കുന്നത്. ക്രിസ്ത്യാനികള്‍ക്കും, മുസ്ലീംങ്ങളുമായ മതന്യൂനപക്ഷങ്ങള്‍ക്ക് ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടി വരുന്നുവെന്നും റോഹിംഗ്യന്‍ മുസ്ലീംങ്ങള്‍ നേരിടുന്ന ക്രൂരതകള്‍ ഇതിനൊരു ഉദാഹരണം മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മതപീഡനത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പണ്‍ഡോര്‍ യു‌എസ്‌എ സംഘടന തയ്യാറാക്കിയ പട്ടികയില്‍ 23-മതാണ് 90 ശതമാനത്തോളം ബുദ്ധമത വിശ്വാസികളുള്ള മ്യാന്‍മര്‍. മ്യാന്‍മറിലെ ജനസംഖ്യയുടെ 8.5 ശതമാനത്തോളം മാത്രമാണ് ക്രിസ്ത്യാനികള്‍. ബുദ്ധമതത്തിലൂന്നിയ ദേശീയത അടുത്തകാലത്തായി മ്യാന്‍മറില്‍ ശക്തിയാര്‍ജിച്ചിരിക്കുകയാണ്. ക്രിസ്തുമതത്തിന്റെ വ്യാപനത്തേയും, മിശ്രവിവാഹത്തേയും തടയുവാനുള്ള നിയമനിര്‍മ്മാണത്തിനായി ബുദ്ധിസ്റ്റ് ദേശീയവാദികള്‍ ഗവണ്‍മെന്റിനെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

ബുദ്ധമത രാജ്യങ്ങളായ വിയറ്റ്‌നാം, ലാവോസ്, ഭൂട്ടാന്‍, ശ്രീലങ്ക എന്നിവിടങ്ങളിലും സ്ഥിതിഗതികള്‍ ഒട്ടുംതന്നെ വ്യത്യസ്തമല്ല. ക്രിസ്ത്യാനികളുടെ അറസ്റ്റുകളും, പീഡനങ്ങളും, സ്വത്തുപിടിച്ചടക്കലുകളും വിയറ്റ്നാമില്‍ വലിയതോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലാവോസില്‍ ബുദ്ധമതക്കാരല്ലാത്തവരെ അന്യഗ്രഹ ജീവികളെപ്പോലെയാണ് കരുതിവരുന്നതെന്ന്‍ റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. ബുദ്ധിസ്റ്റ് ആചാരങ്ങളില്‍ പങ്കെടുക്കാന്‍ മടികാണിക്കുന്ന ക്രിസ്ത്യാനികളെ വിദേശികളായി കാണുകയും, അറസ്റ്റിന് വിധേയരാക്കുകയും ചെയ്യുന്നു.

ഭൂട്ടാനില്‍ ക്രൈസ്തവര്‍ മതപരമായ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചുവരുന്നത് പലപ്പോഴും രഹസ്യമായാണ്. ശ്രീലങ്കയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ക്രിസ്ത്യാനികളെ ആക്രമിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രചാരണങ്ങള്‍ രാജ്യത്തു നടക്കുന്നുണ്ട്. ബുദ്ധിസ്റ്റ് സന്യാസിമാരും സര്‍ക്കാരും രാജ്യത്തെ ക്രിസ്ത്യാനികളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്ലീംങ്ങള്‍ നേരിടുന്ന ക്രൂരതയെ അടുത്തിടെ ഫ്രാന്‍സിസ് പാപ്പാ ശക്തമായി അപലപിച്ചിരിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here