ഫെബ്രുവരി 2 – കര്‍ത്താവിന്‍റെ സമര്‍പ്പണത്തിരുനാള്‍

ഒന്നാംവായന
മലാക്കി പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന് (3:1-4)
(നിങ്ങള്‍ അന്വേഷിക്കുന്ന കര്‍ത്താവ് ഉടനെ തന്‍റെ ആലയത്തിലേക്കു വരും)
കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നു: ഇതാ, എനിക്കുമുന്‍പേ വഴിയൊരുക്കാന്‍ ഞാന്‍ എന്‍റെ ദൂതനെ അയയ്ക്കുന്നു. നിങ്ങള്‍ തേടുന്ന കര്‍ത്താവ് ഉടന്‍തന്നെ തന്‍റെ ആലയത്തിലേക്കു വരും. നിനക്കു പ്രിയങ്കരനായ, ഉടമ്പടിയുടെ ദൂതന്‍ ഇതാ വരുന്നു- സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. എന്നാല്‍, അവിടുത്തെ വരവിന്‍റെ ദിനത്തെ അതിജീവിക്കാന്‍ ആര്‍ക്കുകഴിയും?അവിടുന്ന് പ്രത്യക്ഷനാകുമ്പോള്‍ അവിടുത്തെ മുന്‍പില്‍ നില്‍ക്കാന്‍ ആര്‍ക്കു കഴിയും?ഉലയിലെ അഗ്നിപോലെയും അലക്കുകാരന്‍റെ കാരംപോലെയുമാണ് അവിടുന്ന്. വെള്ളി ഉലയില്‍ ശുദ്ധീകരിക്കുന്നവനെപ്പോലെ അവിടുന്ന് ഉപവിഷ്ടനാകും. ലേവിപുത്രന്‍മാര്‍ യുക്തമായ ബലികള്‍ കര്‍ത്താവിന് അര്‍പ്പിക്കുന്നതിനുവേണ്ടി അവിടുന്ന് അവരെ സ്വര്‍ണവും വെള്ളിയും എന്നപോലെ ശുദ്ധീകരിക്കും. അപ്പോള്‍ യൂദായുടെയും ജറുസലെമിന്‍റെയും ബലി പഴയകാലത്തെന്നപോലെ കര്‍ത്താവിന് പ്രീതികരമാകും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (24:7,8,9,10)
R (v .8) ആരാണ് ഈ മഹത്വത്തിന്‍റെ രാജാവ്?
പ്രബലനായ കര്‍ത്താവു തന്നെ
1. കവാടങ്ങളേ, ശിരസ്സുയര്‍ത്തുവിന്‍;
പുരാതന കവാടങ്ങളേ, ഉയര്‍ന്നു നില്‍ക്കുവിന്‍,
മഹത്വത്തിന്‍റെ രാജാവ് പ്രവേശിക്കട്ടെ!
R ആരാണ് ഈ…………..
2. ആരാണ് ഈ മഹത്വത്തിന്‍റെ രാജാവ്?
പ്രബലനും ശക്തനുമായ കര്‍ത്താവ്,
യുദ്ധവീരനായ കര്‍ത്താവുതന്നെ.
R ആരാണ് ഈ…………..
3. കവാടങ്ങളേ, ശിരസുയര്‍ത്തുവിന്‍;
പുരാതന കവാടങ്ങളേ, ഉയര്‍ന്നു നില്‍ക്കുവിന്‍,
മഹത്വത്തിന്‍റെ രാജാവു പ്രവേശിക്കട്ടെ!
R ആരാണ് ഈ…………..
4. ആരാണ് ഈ മഹത്വത്തിന്‍റെ രാജാവ്?
സൈന്യങ്ങളുടെ കര്‍ത്താവു തന്നെ;
അവിടുന്നാണു മഹത്വത്തിന്‍റെ രാജാവ്.
R ആരാണ് ഈ…………..
രണ്ടാം വായന
ഹെബ്രായര്‍ക്ക് എഴുതിയ ലേഖനത്തില്‍ നിന്ന് (2:14 18)
(സകലത്തിലും അവന്‍ തന്‍റെ സഹോദരനോടു
സദൃശനാകേണ്ടിയിരിക്കുന്നു)
മക്കള്‍ ഒരേ മാംസത്തിലും രക്തത്തിലും ഭാഗഭാക്കുകളാവുന്നതുപോലെ യേശുവും അവയില്‍ ഭാഗഭാക്കായി. അത് മരണത്തിന്‍മേല്‍ അധികാരമുള്ള പിശാചിനെ തന്‍റെ മരണത്താല്‍ നശിപ്പിച്ച് മരണഭയത്തോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിയുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ്. എന്തെന്നാല്‍, അവന്‍ സ്വന്തമായി എടുത്തത് ദൈവദൂതന്‍മാരെയല്ല, അബ്രാഹത്തിന്‍റെ സന്തതിയെയാണ്. ജനങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരംചെയ്യുന്നതിനുവേണ്ടി ദൈവികകാര്യങ്ങളില്‍ വിശ്വസ്തനും കരുണയുള്ളവനുമായ പ്രധാനപുരോഹിതനാകാന്‍ അവന്‍ എല്ലാ കാര്യങ്ങളിലും തന്‍റെ സഹോദരനോടു സദൃശനാകേണ്ടിയിരിക്കുന്നു. അവന്‍ പീഡ സഹിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്തതുകൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കാന്‍ അവനു സാധിക്കുമല്ലോ.
കര്‍ത്താവിന്‍റെ വചനം
അല്ലേലൂയാ!
അല്ലേലൂയാ!(LK. 2: 32)അത് വിജാതീയര്‍ക്ക് വെളിപാടിന്‍റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്‍റെ മഹിമയും ആണ്- അല്ലേലൂയാ!
സുവിശേഷം
വി.ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (2:22-40)
(എന്‍റെ കണ്ണുകള്‍കൊണ്ടുതന്നെ ഞാന്‍ രക്ഷയെ കണ്ടുകഴിഞ്ഞു)
(മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി. കടിഞ്ഞൂല്‍പുത്രന്‍മാരൊക്കെയും കര്‍ത്താവിന്‍റെ പരിശുദ്ധന്‍ എന്നു വിളിക്കപ്പെടണം എന്നും, ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ബലി അര്‍പ്പിക്കണം എന്നും കര്‍ത്താവിന്‍റെ നിയമത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചാണ് അവര്‍ അങ്ങനെ ചെയ്തത്.
ജറുസലെമില്‍ ശിമയോന്‍ എന്നൊരുവന്‍ ജീവിച്ചിരുന്നു. അവന്‍ നീതിമാനും ദൈവഭക്തനും ഇസ്രായേലിന്‍റെ ആശ്വാസം പ്രതീക്ഷിച്ചവനും ആയിരുന്നു. പരിശുദ്ധാത്മാവ് അവന്‍റെമേല്‍ ഉണ്ടായിരുന്നു. കര്‍ത്താവിന്‍റെ അഭിഷിക്തനെ കാണുന്നതുവരെ മരിക്കുകയില്ല എന്ന് പരിശുദ്ധാത്മാവ് അവന് വെളിപ്പെടുത്തിയിരുന്നു. പരിശുദ്ധാത്മാവിന്‍റെ പ്രേരണയാല്‍ അവന്‍ ദേവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്ഠാനങ്ങള്‍ക്കായി ശിശുവായ യേശുവിനെ മാതാപിതാക്കന്‍മാര്‍ ദേവാലയത്തില്‍ കൊണ്ടുചെന്നു. ശിമയോന്‍ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു. കര്‍ത്താവേ, അവിടുത്തെ വാഗ്ദാനമനുസരിച്ച് ഇപ്പോള്‍ ഈ ദാസനെ സമാധാനത്തില്‍ വിട്ടയയ്ക്കണമേ!എന്തെന്നാല്‍, സകലജനതകള്‍ക്കുംവേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്‍റെ കണ്ണുകള്‍ കണ്ടു കഴിഞ്ഞു. അത് വിജാതീയര്‍ക്കു വെളിപാടിന്‍റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്‍റെ മഹിമയും ആണ്.)അവനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട് അവന്‍റെ പിതാവും മാതാവും അദ്ഭുതപ്പെട്ടു. ശിമയോന്‍ അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്‍റെ അമ്മയായ മറിയത്തോടു പറഞ്ഞു:ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും.നിന്‍റെ ഹൃദയത്തിലൂടെ ഒരുവാള്‍ തുളച്ചുകയറുകയും ചെയ്യും.
ഫനുവേലിന്‍റെ പുത്രിയും ആഷേര്‍ വംശജയുമായ അന്നാ എന്നൊരു പ്രവാചികയും അവിടെയുണ്ടായിരുന്നു. ഇവള്‍ കന്യകാപ്രായം മുതല്‍ ഏഴു വര്‍ഷം ഭര്‍ത്താവിനോടൊത്തു ജീവിച്ചു. എണ്‍പത്തിനാലു വയസ്സായ ഈ വിധവ ദേവാലയം വിട്ടുപോകാതെ രാപകല്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാര്‍ത്ഥനയിലും കഴിയുകയായിരുന്നു. അവള്‍ അപ്പോള്‍തന്നെ മുമ്പോട്ടുവന്ന് ദൈവത്തെ സ്തുതിക്കുകയും ജറുസലെമില്‍ രക്ഷ പ്രതീക്ഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.
കര്‍ത്താവിന്‍റെ നിയമപ്രകാരം എല്ലാം നിവര്‍ത്തിച്ചശേഷം അവര്‍ സ്വനഗരമായ ഗലീലിയിലെ നസറത്തിലേക്കു മടങ്ങി. ശിശു വളര്‍ന്നു. ജ്ഞാനം നിറഞ്ഞു ശക്തനായി;ദൈവത്തിന്‍റെ കൃപ അവന്‍റെമേല്‍ ഉണ്ടായിരുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.
(ബ്രായ്ക്കറ്റില്‍ ഉള്ളത് ഹ്രസ്വരൂപം)

LEAVE A REPLY

Please enter your comment!
Please enter your name here