പ്രീ യുവജന സിനഡ് വത്തിക്കാനില്‍ ആരംഭിച്ചു

വത്തിക്കാന്‍ സിറ്റി: ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ബിഷപ്പുമാരുടെ സിനഡിനു മുന്നോടിയായുള്ള പ്രീ യുവജന സിനഡിന് വത്തിക്കാനില്‍ ആരംഭം. പൊന്തിഫിക്കല്‍ മരിയ മറ്റെര്‍ എക്ലേസിയ ഇന്‍റര്‍നാഷ്ണല്‍ കോളേജില്‍ നടക്കുന്ന സമ്മേളനം, ഫ്രാൻസിസ് പാപ്പയുടെ പ്രഭാഷണത്തോടെയാണ് ആരംഭിച്ചത്. യുവജനങ്ങള്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ ഭയം കൂടാതെ പങ്കുവെക്കണമെന്നും പരസ്പരം എല്ലാവരെയും കേള്‍ക്കുവാന്‍ എല്ലാ യുവജനങ്ങളും തയാറാകണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. 24 വരെ യുവജന സിനഡ് തുടരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്നൂറോളം യുവജനങ്ങളാണ് സിനഡില്‍ പങ്കെടുത്തു തങ്ങളുടെ ആശയങ്ങളും പ്രശ്നങ്ങളും പ്രതീക്ഷകളും പങ്കുവെക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിസംഘത്തില്‍ ഹൈന്ദവ- സിക്ക് മതവിഭാഗത്തില്‍ നിന്നുള്ളവരുമുണ്ട്. നാല് മലയാളികളും സിനഡില്‍ പങ്കെടുക്കുന്നുണ്ട്. യുവജനസമ്മേളനം അവസാനിക്കുന്ന മാര്‍ച്ച് 24നു പിറ്റേന്ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ഓശാന ഞായര്‍ ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നവര്‍ക്ക് അവസരമുണ്ട്. ഒക്ടോബറില്‍ നടക്കുന്ന മെത്രാന്‍മാരുടെ ആഗോള സിനഡിന്റെ മുഖ്യവിഷയങ്ങളില്‍ ഒന്നാണ് യുവജനങ്ങള്‍. ഈ സാഹചര്യത്തില്‍ പ്രീ സിനഡ് കൂടുതല്‍ നിരീക്ഷണങ്ങള്‍ക്ക് സഹായകമാകുമെന്നാണ് സഭാനേതൃത്വം പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here