പ്രാർത്ഥിച്ചു മടുത്തവർക്ക് ഒരു പ്രത്യാശാഗീതം

കർത്താവിന്റെ ആത്മാവ് എസെക്കിയേൽ പ്രവാചകന്റെ മേൽ വന്നു. ആത്മാവ് പ്രവാചകനെ നയിച്ച് മനുഷ്യന്റെ അസ്ഥികൾകൊണ്ടു നിറഞ്ഞ ഒരു താഴ്‌വരയിൽ കൊണ്ടുചെന്നു നിറുത്തി. അനന്തരം കർത്താവ് പ്രവാചകനെ അതിനു ചുറ്റും നടത്തി. ആരും അടുത്തു ചെന്നു നോക്കാൻ ഇഷ്ടപ്പെടാത്ത ഒരു കാഴ്ച! കർത്താവ് എസെക്കിയേലിനോടു ചോദിച്ചു. മനുഷ്യപുത്രാ ഈ അസ്ഥികൾക്ക് ഇനി ജീവിക്കാനാവുമോ? എസെക്കിയേൽ ആകെ വിഷമവൃത്തത്തിലായി. എന്തുത്തരമാണ് പറയേണ്ടത് കർത്താവിനോട്? അവൻ പറഞ്ഞു ”ദൈവമായ കർത്താവേ അങ്ങേക്കറിയാമല്ലോ?” അവിടുന്ന് വീണ്ടും പ്രവാചകനോട് പറഞ്ഞു. ”ഈ ഉണങ്ങിവരണ്ട അസ്ഥികളോട് നീ പ്രവചിക്കുക. വരണ്ട അസ്ഥികളേ കർത്താവിന്റെ വചനം കേൾക്കുവിൻ എന്നു പറയുക. ദൈവമായ കർത്താവ് ഈ അസ്ഥികളോട് അരുളിച്ചെയ്യുന്നു എന്നു പറയുക.

അനന്തരം അസ്ഥികളോട് പ്രവചിക്കേണ്ട കാര്യങ്ങൾ ദൈവമായ കർത്താവ് എസെക്കിയേൽ പ്രവാചകന് പറഞ്ഞുകൊടുത്തു. അത് ഇപ്രകാരമാണ്. ”ഇതാ ഞാൻ നിങ്ങളിൽ പ്രാണൻ നിവേശിപ്പിക്കും. നിങ്ങൾജീവിക്കും. ഞാൻ നിങ്ങളുടെമേൽ ഞരമ്പുകൾ വച്ചുപിടിപ്പിക്കുകയും മാംസം വളർത്തുകയും ചർമ്മം പൊതിയുകയും നിങ്ങളിൽ പ്രാണൻ നിവേശിപ്പിക്കുകയും ചെയ്യും. നിങ്ങൾ ജീവൻ പ്രാപിക്കും. ഞാനാണ് കർത്താവ് എന്ന് അപ്പോൾ നിങ്ങൾ അറിയും.” (എസെ. 37: 5-6) കർത്താവ് കല്പിച്ചതുപോലെ എസെക്കിയേൽ പ്രവാചകൻ ആ ഉണങ്ങിവരണ്ട അസ്ഥികളോട് പ്രവചിച്ചു. പ്രവചനം തീർന്നതും ഒരു അത്ഭുതം അവിടെ സംഭവിക്കുകയാണുണ്ടായത്. പ്രവചിച്ചുകൊണ്ടിരുന്നപ്പോൾ ഒരു കിരുകിരാ ശബ്ദം ഉണ്ടായി. വേർപെട്ടുപോയ അസ്ഥികൾ തമ്മിൽ ചേർന്നു. മാത്രമല്ല ഞരമ്പും മാംസവും അവയുടെ മേൽ വന്നു നിറഞ്ഞു. ചർമ്മം അതിന്മേൽ പൊതിഞ്ഞു. എന്നാൽ അവയ്ക്ക് ജീവനുണ്ടായിരുന്നില്ല.

കർത്താവ് വീണ്ടും പ്രവാചകനോട് കല്പിച്ചു. മനുഷ്യപുത്രാ, നീ ജീവശ്വാസത്തോട് ഇപ്രകാരം പ്രവചിക്കുക. ”ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു. ജീവശ്വാസമേ നീ നാലു വായുക്കളിൽനിന്നും വന്ന് ഈ നിഹിതൻമാരുടെമേൽ വീശുക. അവർക്കു ജീവനുണ്ടാകട്ടെ.” (എസെ. 37: 9) കർത്താവ് കല്പിച്ചതുപോലെ പ്രവാചകൻ പ്രവചിച്ചു. അപ്പോൾ ജീവശ്വാസം അവരിൽ വന്നു നിറഞ്ഞു. അവർ ജീവൻ പ്രാപിച്ചു. ഒരു വലിയസൈന്യംപോലെ അവർ എഴുന്നേറ്റുനിന്നു.

പ്രത്യാശ നഷ്ടപ്പെട്ട ഇസ്രായേൽ

അതിനുശേഷം കർത്താവ് പ്രവാചകനോട് അരുളിച്ചെയ്തു. ”മനുഷ്യപുത്രാ ഈ അസ്ഥികൾ ഇസ്രായേൽ ഭവനം മുഴുവനുമാണ്. ഞങ്ങളുടെ അസ്ഥികൾ വരണ്ടിരിക്കുന്നു. പ്രതീക്ഷ നശിച്ചിരിക്കുന്നു. ഞങ്ങൾ തീർത്തും പരിത്യക്തരായിരിക്കുന്നു എന്ന് അവർ പറയുന്നു. ആകയാൽ അവരോട് പ്രവചിക്കുക, ”ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു. എന്റെ ജനമേ ഞാൻ കല്ലറകൾ തുറന്ന് നിങ്ങളെ ഉയർത്തും. ഇസ്രായേൽദേശത്തേക്ക് ഞാൻ നിങ്ങളെ തിരികെ കൊണ്ടുവരും. അപ്പോൾ ഞാനാണ് കർത്താവ് എന്നു നിങ്ങൾ അറിയും. എന്റെ ആത്മാവിനെ ഞാൻ നിങ്ങളിൽ നിവേശിപ്പിക്കും. നിങ്ങൾ ജീവിക്കും. ഞാൻ നിങ്ങളെ നിങ്ങളുടെ സ്വന്തദേശത്ത് വസിപ്പിക്കും. കർത്താവായ ഞാനാണ് ഇതു പറഞ്ഞതെന്നും പ്രവർത്തിച്ചതെന്നും അപ്പോൾ നിങ്ങൾ അറിയും.” (എസെ. 37: 11-14)

മരണത്തിനപ്പുറത്തേക്കും കടന്നുചെന്ന് താൻ സ്‌നേഹിക്കുന്നവർക്ക് ഉയിർപ്പു നല്കി അവരെ രക്ഷിക്കുകയും പ്രവാസഭൂമിയിൽ അടിമവേല ചെയ്ത് ജീവിച്ചിരുന്ന അവരെ സ്‌നേഹം ചൊരിഞ്ഞ് സ്വന്തദേശത്തേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്യുന്ന ഒരു നല്ല ദൈവത്തെയാണ് എസെക്കിയേൽപ്രവാചകന്റെ പുസ്തകം 37-ാം അധ്യായത്തിൽ നമുക്കു കാണാൻ കഴിയുക. അവരുടെ പ്രവൃത്തികളും വാക്കുകളും ദൈവതിരുഹിതത്തിന് അനുയോജ്യമായതിനാലല്ല ദൈവം ഇപ്രകാരം അവരോട് കരുണ കാണിക്കുന്നത്. പിന്നെയോ അവർ എത്തിച്ചേർന്ന പ്രവാസഭൂമിയിൽ അവർ അശുദ്ധമാക്കിയ പരിശുദ്ധനായ ദൈവത്തിന്റെ പരിശുദ്ധനാമത്തെപ്രതിയാണ് അവിടുന്ന് പ്രവർത്തിക്കാൻ പോകുന്നത് എന്ന് അവിടുന്ന് പറയുന്നു. ”ഇസ്രായേൽജനമേ നിങ്ങളെപ്രതിയല്ല. നിങ്ങൾ എത്തിച്ചേർന്ന ജനതകളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയ എന്റെ പരിശുദ്ധ നാമത്തെപ്രതിയാണ് ഞാൻ പ്രവർത്തിക്കാൻ പോകുന്നത്- ജനതകളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയ എന്റെ ശ്രേഷ്ഠനാമത്തിന്റെ പരിശുദ്ധി ഞാൻ തെളിയിക്കും. നിങ്ങളുടെ മുമ്പിൽ വച്ച് നിങ്ങളിലൂടെ എന്റെ പരിശുദ്ധി ഞാൻ വെളിപ്പെടുത്തുമ്പോൾ ഞാനാണ് കർത്താവ് എന്നു ജനതകൾ അറിയും” (എസെ. 36:22-23)

കർത്താവിന്റെ പരിശുദ്ധനാമത്തെക്കുറിച്ചുള്ള വ്യഗ്രതയാൽ സ്വന്തജനത്തെ ശുദ്ധജലം തളിച്ചും അവർക്ക് പുതിയ ഒരു ഹൃദയവും പുതുചൈതന്യവും നല്കിയും വീണ്ടും ദൈവമക്കൾക്കു ചേർന്ന വിശുദ്ധിയിലേക്കും ജീവിതത്തിലേക്കും പിടിച്ചുയർത്തുന്ന കർത്താവ് മാനസാന്തരത്തിനു തയാറായി സ്വന്തം പാപങ്ങളെ ഓർത്ത് അനുതപിക്കുകയും കണ്ണുനീരൊഴുക്കുകയും ചെയ്യുന്ന സ്വന്തജനത്തിനുവേണ്ടി എന്തുതന്നെ ചെയ്യുകയില്ല.

മരണത്തിനപ്പുറത്തും പ്രവർത്തിക്കുന്നവൻ

ഞാനെത്ര നാളായി പ്രാർത്ഥിക്കുന്നു. എന്തുകൊണ്ടോ എന്റെ ദൈവം എന്റെ പ്രാർത്ഥന കേൾക്കുന്നില്ല. എന്റെ ഭർത്താവിന്റെ മാനസാന്തരത്തിനുവേണ്ടി, നൊന്തുപെറ്റ മകന്റെ തിരിച്ചുവരവിനുവേണ്ടി, താൻ അംഗമായിട്ടുള്ള സന്യാസസഭയിലെ സഹോദരങ്ങളുടെ വിശുദ്ധീകരണത്തിനായി ഞാൻ എത്ര നാളായി പ്രാർത്ഥിക്കുന്നു. എന്തേ എന്റെ ദൈവം എനിക്കുമാത്രം ഇതുവരെ ഉത്തരം തരാത്തത്?

പ്രിയപ്പെട്ടവരേ, കർത്താവിന് നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കാൻ ഒരു സമയമുണ്ട്. അതൊരുപക്ഷേ ഇന്നോ നാളെയോ മാസങ്ങൾക്കപ്പുറമോ വർഷങ്ങൾക്കു ശേഷമോ അതുമല്ലെങ്കിൽ നമ്മുടെ മരണത്തിനപ്പുറമോ ഒക്കെ ആകാം. ഒരിക്കൽ ഒരു അമ്മച്ചി ഇപ്രകാരം പറയുന്നതു കേൾക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ”എന്റെ മോളേ വർഷങ്ങൾ എത്രയായെന്നോ എന്റെ രണ്ട് ആൺമക്കളുടെ മാനസാന്തരത്തിനുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഇതുവരെയും അവർ കർത്താവിന്റെ അടുത്തേക്ക് തിരികെ വന്നിട്ടില്ല. നിരീശ്വരവാദികളായ അവർ ദൈവത്തെ തള്ളിപ്പറയുന്നതിന്റെ കനം കൂടിയിട്ടുള്ളതല്ലാതെകുറഞ്ഞിട്ടില്ല. എങ്കിലും എനിക്ക് നിരാശയില്ല. ദൈവം എന്റെ പ്രാർത്ഥന കേൾക്കുന്നുണ്ടെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. അവിടുന്ന് തക്കസമയത്ത് കടന്നുവന്ന് എന്റെ മക്കളെ രക്ഷിക്കുമെന്ന് എനിക്ക് നല്ല വിശ്വാസമാ… ഞാൻ മരിക്കുന്നതിനു മുൻപ് അവർ മടങ്ങിവന്നു കാണണമെന്നത് എന്റെ വലിയ ആഗ്രഹമാ…. ദൈവമത് സാധിച്ചുതരും. ഇനിയുമൊരുപക്ഷേ എന്റെ മരണത്തിനു മുൻപ് അങ്ങനെയൊരു ഭാഗ്യം എനിക്കു തന്നില്ലെങ്കിലും എനിക്ക് നിരാശയില്ല. എന്റെ മരണത്തിനപ്പുറത്തും ഈശോക്ക് പ്രവർത്തിക്കുവാൻ കഴിയുമല്ലോ.” പ്രിയപ്പെട്ടവരേ എത്ര ഉത്തമമായ വിശ്വാസം!

പ്രാർത്ഥിച്ചു മടുത്തുവോ?

ഇതു വായിക്കുന്ന എന്റെ സഹോദരങ്ങളേ നിങ്ങളിലാരെങ്കിലും പ്രാർത്ഥിച്ച് പ്രാർത്ഥിച്ച് മടുത്തവരാണോ? നിങ്ങൾ ഉദ്ദേശിച്ച സമയത്ത് ഉത്തരം കിട്ടിയില്ല എന്ന കാരണത്താൽ പ്രാർത്ഥന നിറുത്തിവച്ചവരാണോ? ഈ അമ്മച്ചിയുടെ വിശ്വാസത്തിലേക്ക് ഒന്ന് എത്തിനോക്കാൻ തയാറായാൽ നമ്മുടെ നിരാശകൾ നീങ്ങിപ്പോകും. നിശ്ചയമായും ദൈവം നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കും. ഒരുപക്ഷേ അത് നമ്മൾ വിചാരിക്കുന്ന വിധത്തിലും സമയത്തും ഒന്നും ആകണമെന്നില്ല. കർത്താവ് അരുളിച്ചെയ്ത വചനം നമുക്ക് ശ്രവിക്കാം. ”എന്റെ ചിന്തകൾ നിങ്ങളുടേതുപോലെയല്ല. നിങ്ങളുടെ വഴികൾ എന്റേതുപോലെയുമല്ല. ആകാശംഭൂമിയെക്കാൾ ഉയർന്നുനില്ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാൾ ഉന്നതമത്രേ!” (ഏശ. 55:8-9)

എസെക്കിയേൽ പ്രവാചകനുണ്ടായ ദർശനത്തെത്തന്നെ നമുക്കൊന്നു വിശകലനം ചെയ്തുനോക്കാം. മരണത്തിനപ്പുറത്തേക്കു കടന്നുചെന്ന് ഉണങ്ങിവരണ്ട അസ്ഥികളോട് വചനം പ്രഘോഷിച്ച് അവരെ വീണ്ടും ജീവിപ്പിച്ച കർത്താവിന് മരണത്തിനുമുൻപേ അവരെ വചനം നല്കി ജീവിപ്പിക്കാൻ കഴിയുമായിരുന്നില്ലേ? ഏതാണെളുപ്പം മരണത്തിനു മുൻപ് ഒരാളെ രക്ഷിക്കുന്നതോ മരണത്തിനുശേഷം ഒരാളെ രക്ഷിക്കുന്നതോ? തീർച്ചയായും ആദ്യത്തേതുതന്നെ. പക്ഷേ ഇസ്രായേൽഭവനത്തിലെ മക്കൾ മരിച്ച് മണ്ണടിഞ്ഞ് അവരുടെ അസ്ഥികൾ വേർപെട്ട് വരണ്ടുണങ്ങിത്തീരുവോളം കർത്താവ് കാത്തിരിക്കുന്നു. വരണ്ട അസ്ഥികളോടാണ് പ്രവാചകനെക്കൊണ്ട് അവിടുന്ന് വചനം പറയിപ്പിക്കുന്നത്. ആ അസ്ഥികളെയാണ് അവിടുന്ന് ജീവനിലേക്കും പുനരുത്ഥാനത്തിലേക്കും നയിക്കുന്നത്.

ഇങ്ങനെയൊരു ദർശനം എസെക്കിയേൽ പ്രവാചകനു നല്കാൻ ഒരു കാരണമുണ്ട്. എത്ര പ്രതീക്ഷയറ്റഅവസ്ഥയിൽപ്പോലും ദൈവത്തിൽ ശരണപ്പെടുന്നവന് പ്രത്യാശക്ക് വകയുണ്ട് എന്ന് ഇസ്രായേൽജനത്തോടുമാത്രമല്ല ഈ വചനം വായിക്കുന്ന സകലരോടും പറയാൻവേണ്ടിയിട്ടാണ് ദൈവമായ കർത്താവ് ഇങ്ങനെയൊരു ദർശനം നല്കിയതും അത് വിശു ദ്ധ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതും. കർത്താവ് ഈ അത്ഭുതദർശനം കൊടുക്കുന്ന നാളുകളിൽ പ്രവാസഭൂമിയിലായിരുന്ന് അവിടുത്തെ കാഠിന്യങ്ങളേറ്റ് പ്രത്യാശ നഷ്ടപ്പെട്ട ജനം ഇപ്രകാരം പറയുന്നു. ”ഞങ്ങളുടെ അസ്ഥികൾ വരണ്ടിരിക്കുന്നു. പ്രതീക്ഷ നശിച്ചിരിക്കുന്നു. ഞങ്ങൾ തീർത്തും പരിത്യക്തരായിരിക്കുന്നു” (എസെ. 37:11) ഈ രീതിയിൽ വിലപിക്കുന്നവരോട് കർത്താവ് തന്റെ പ്രത്യാശയുടെ വചനം പ്രസംഗിക്കുവാൻ പ്രവാചകനെ അയക്കുന്നു. അവിടുന്ന് പറയുന്നു. ”എന്റെ ജനമേ കല്ലറകൾ തുറന്ന് നിങ്ങളെ ഞാൻ ഉയർത്തും” (എസെ. 37:12)

പ്രിയ സോദരരേ പ്രവാസഭൂമിയിൽ അടിമത്തത്തിന്റെ ചങ്ങല പേറി വരണ്ടുണങ്ങി പ്രത്യാശയറ്റ ഇസ്രായേൽജനത്തെ വലിയ പ്രത്യാശയുടെ തീരത്തേക്ക് നയിക്കുന്ന ദൈവം അതേ പ്രത്യാശയിലേക്ക് നമ്മുടെ ജീവിതത്തെയും നയിക്കാൻ ആഗ്രഹിക്കുന്നു. ഇതെല്ലാം നന്നായി ജീവിക്കുന്നവർക്കുവേണ്ടിയുള്ള സന്ദേശങ്ങളല്ലേ. പാപിയായ ഞാൻ പ്രാർത്ഥിച്ചാൽ ദൈവം കേൾക്കുമോ? ഒരുപക്ഷേ എന്റെ യോഗ്യതക്കുറവായിരിക്കും എന്റെ പ്രാർത്ഥനകൾ സ്വീകരിക്കപ്പെടാതിരിക്കാനുള്ള കാരണം എന്ന് ചിന്തിക്കുന്നവരാണോ നിങ്ങൾ?

പൂർണ്ണമായ യോഗ്യതയോടെ ആർക്ക് ദൈവസന്നിധിയിൽ പ്രാർത്ഥിക്കാൻ കഴിയും? എസെക്കിയേലിന്റെ പുസ്തകം 36, 37 അധ്യായങ്ങളിൽ ജനത്തോട് ദൈവം കരുണ കാണിക്കുന്നത് അവരുടെ യോഗ്യതയെപ്രതിയല്ല പിന്നെയോ ജനതകളുടെ ഇടയിൽ അവർ അശുദ്ധമാക്കിയ അവിടുത്തെ വിശുദ്ധനാമത്തെപ്രതിയും മാറ്റമില്ലാത്ത അവിടുത്തെ വിശ്വസ്തതയെപ്രതിയും ആണ്. അങ്ങനെയെങ്കിൽ എനിക്കും ദൈവത്തോട് പ്രാർത്ഥിക്കാനും അവിടുത്തെ വിളിച്ചപേക്ഷിക്കാനും ഉള്ള അർഹതയില്ലേ? തീർച്ചയായും ഉണ്ട്. അവിടുന്ന് കേൾക്കുകതന്നെ ചെയ്യും. അവിടുത്തെ സമയത്ത് അവിടുന്ന് ഉത്തരം നല്കുകതന്നെ ചെയ്യും. അതിനാൽ നിങ്ങളിപ്പോൾ എവിടെയാണോ അവിടെയിരുന്ന് കർത്താവായ യേശുവിനെ വിളിച്ച് അപേക്ഷിക്കുക. നിങ്ങൾ പാപിയാണെന്ന കുറ്റബോധം നിങ്ങളെ അകറ്റുന്നുണ്ടെങ്കിൽ പാപവിമോചകനായ യേശുവിനോട് നിങ്ങളുടെ പാപങ്ങൾ ഏറ്റുപറയുക. ”നിങ്ങൾ പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ അവൻ വിശ്വസ്തനും നീതിമാനുമാകയാൽ നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും എല്ലാ അനീതികളിലുംനിന്ന് നിങ്ങളെ മോചിപ്പിക്കുകയും ചെയ്യും” (1 യോഹ. 1:9) എന്ന അവിടുത്തെ വചനത്തിൽ വിശ്വസിക്കുക. നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ മറകൂടാതെ നിങ്ങളുടെ ഹൃദയഗതങ്ങളും പാപങ്ങളും അവിടുത്തെ സന്നിധിയിൽ ചൊരിയുക. ആഴിയെക്കാൾ അഗാധമായ അവിടുത്തെ വിശുദ്ധ സ്‌നേഹം നിങ്ങളുടെ പാപങ്ങളെ തന്റെ തിരുരക്തത്താൽ കഴുകി വെടിപ്പാക്കുകയും ആഴമായ ഹൃദയസമാധാനത്തിലേക്ക് നിങ്ങളുടെ ജീവിതങ്ങളെ നയിക്കുകയും ചെയ്യും. ”ഞാൻ വന്നിരിക്കുന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേക്ക് ക്ഷണിക്കാനാണ്.” (ലൂക്കാ 5:32) എന്ന വചനം നമ്മൾ പാപാവസ്ഥയിലാണെങ്കിൽപ്പോലും നിറഞ്ഞ പ്രത്യാശ നമ്മിലുണർത്തട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here