പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണേ

വിവിധ വഴികളിലൂടെയാണ് ദൈവം തന്‍റെ പക്കലേയ്ക്ക് മനുഷ്യനെ വിളിക്കുന്നതും വിശുദ്ധീകരിച്ചെടുക്കുന്നതും.അവിശ്വാസിയായ ഭാര്യ ഭര്‍ത്താവ് മുഖേനയും, അവിശ്വാസിയായ ഭര്‍ത്താവ് ഭാര്യ മുഖേനയും വിശുദ്ധീകരിക്കപ്പെടുമ്പോള്‍ മക്കള്‍ മാതാപിതാക്കള്‍ മുഖേനയും, മാതാപിതാക്കള്‍ മക്കള്‍ മുഖേനയും വിശുദ്ധീകരിക്കപ്പെടും.
“ഇസഹാക്ക് തന്‍റെ വന്ധ്യയായ ഭാര്യയ്ക്കുവേണ്ടി കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചു. കര്‍ത്താവ് അവന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുകയും റബെക്ക ഗര്‍ഭിണിയാവുകയും ചെയ്തു. ദൈവഹിതം തിരിച്ചറിയലാണ് പ്രാര്‍ത്ഥന. തന്‍റെ ഉദരത്തില്‍ കിടന്ന കുഞ്ഞുങ്ങള്‍ മല്ലിട്ടപ്പോള്‍ അമ്മയായ റബെക്ക കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചു”(ഉല്‍.25:23)
അവള്‍ കര്‍ത്താവിന്‍റെ തിരുമനസ്സറിയാന്‍ പ്രാര്‍ത്ഥിച്ചു. ദൈവം അവളുടെ പ്രാര്‍ത്ഥനയ്ക്കുത്തരം കൊടുത്തു എന്നു തന്നെയല്ല വരാനിരിക്കുന്ന മക്കളുടെ വംശത്തെക്കുറിച്ചും കര്‍ത്താവ് വെളിപ്പെടുത്തി. ഓരോ മാതാപിതാക്കളും മക്കളെക്കുറിച്ചുള്ള ദൈവീകപദ്ധതി വെളിപ്പെട്ട് കിട്ടാന്‍ പ്രാര്‍ത്ഥിക്കണം.സ്നേഹിതന്‍ സ്നേഹിതര്‍ക്കുവേണ്ടിയും, മിത്രം ശത്രുവിനുവേണ്ടിയും പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം ഐശ്വര്യം പ്രദാനം ചെയ്യും. “ജോബ് തന്‍റെ സ്നേഹിതന്‍മാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അവനുണ്ടായിരുന്ന ഐശ്വര്യം കര്‍ത്താവ് തിരികെ കൊടുത്തു. അവിടുന്ന് അത് ഇരട്ടിയായി കൊടുത്തു”(ജോബ്.42:10)
ദൈവഹിതം തിരിച്ചറിയലും അംഗീകരിക്കലുമാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥന. യേശു തന്‍റെ ശിഷ്യന്മാര്‍ക്കുവേണ്ടിയും, നമുക്കുവേണ്ടിയും പിതാവിനോട് പ്രാര്‍ത്ഥിക്കുന്നുണ്ട്. “അവര്‍ക്കു വേണ്ടി മാത്രമല്ല, അവരുടെ വചനം മൂലം എന്നില്‍ വിശ്വസിക്കുന്നവര്‍ക്കു വേണ്ടി കൂടിയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്” (യോഹ.17:20)
വിശുദ്ധാത്മാക്കള്‍ പോലും എത്രയോ കണ്ണീരോടും വിലാപത്തോടുമുള്ള പ്രാര്‍ത്ഥനാരൂപിയോടെയാണ് തങ്ങള്‍ക്കു വേണ്ടിയും മറ്റുള്ളവര്‍ക്കു വേണ്ടിയും ദൈവകരുണയുടെ സിംഹാസനത്തെ സമീപിച്ചിരുന്നത്.
പാപം ചെയ്ത ഇസ്രായേല്‍ ജനത്തിന് വേണ്ടി അവരെ നയിച്ച മോശ കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുന്നത് ശ്രദ്ധേയമാണ്.”മോശ കര്‍ത്താവിന്‍റെയടുക്കല്‍ തിരിച്ചുചെന്ന് പറഞ്ഞു. ഈ ജനം ഒരു വലിയ പാപം ചെയ്തുപോയി. അവര്‍ തങ്ങള്‍ക്കായി സ്വര്‍ണ്ണം കൊണ്ട് ദേവന്മാരെ നിര്‍മ്മിച്ചു. അവിടുന്ന് കനിഞ്ഞ് അവരുടെ പാപം ക്ഷമിക്കണം. അല്ലെങ്കില്‍ അവിടുന്ന് എഴുതിയിട്ടുള്ള പുസ്തകത്തില്‍ നിന്ന് എന്‍റെ പേര് മായിച്ചുകളഞ്ഞാലും”(പുറ.32:30-32) പ്രാര്‍ത്ഥനയുടെ സ്പര്‍ശനത്തിന് ദൈവത്തിന്‍റെ കരം ഉത്തരം നല്‍കും.”ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും”(മത്താ.7:7)
പ്രാര്‍ത്ഥനയുടെ ശക്തിയാല്‍ സകലവും സാദ്ധ്യം.

LEAVE A REPLY

Please enter your comment!
Please enter your name here