പ്രശസ്തിയെ കുറിച്ചല്ല, മറിച്ച് തന്റെ അരികിലേക്ക് വരുന്ന ജനങ്ങളെ കുറിച്ചാണ് ക്രിസ്തു ചിന്തിച്ചത്: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: തനിക്ക് ലഭിക്കുന്ന പ്രശസ്തിയെ കുറിച്ചല്ല, മറിച്ച് തന്റെ അരികിലേക്ക് വരുന്ന ജനങ്ങളെ കുറിച്ചാണ് ക്രിസ്തു ചിന്തിച്ചതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തയില്‍ വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനിടെ നടത്തിയ പ്രസംഗത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. പ്രശസ്തിയുടെ പ്രവണതയല്ല ക്രിസ്തുവിനെ നയിച്ചിരുന്നതെന്നും, മനുഷ്യരെയാണ് അവിടുന്ന് തിരഞ്ഞിരുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

“ക്രിസ്തുവിനെ മനുഷ്യര്‍ തിരഞ്ഞിരുന്നു. അവര്‍ തങ്ങളുടെ സൂക്ഷ്മമായ ദൃഷ്ടി യേശുവിലേക്ക് പതിപ്പിച്ചിരുന്നു. യേശുവും മനുഷ്യരെ കുറിച്ച് ചിന്തിക്കുകയും, അവര്‍ക്കായി കരുതുകയും ചെയ്തു. യഹൂദ റബ്ബിമാര്‍ പേരെടുക്കുന്നത് അവര്‍ക്ക് എത്രത്തോളം പ്രശസ്തി ലഭിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. എന്നാല്‍ ക്രിസ്തു എല്ലായ്‌പ്പോഴും പ്രശസ്തിയില്‍ നിന്നും അകലുകയും മനുഷ്യരോട് അടുക്കുകയും ചെയ്തു”.

“ക്രിസ്തുവിന് ചുറ്റും എല്ലായ്‌പ്പോഴും വലിയൊരു ജനസമൂഹം ഉണ്ടായിരുന്നതായി സുവിശേഷ ഭാഗങ്ങളില്‍ പരാമര്‍ശിക്കുന്നു. യേശു, ജനത്തെ അന്വേഷിക്കുകയായിരുന്നു. ജനക്കൂട്ടമാകട്ടെ, യേശുവിനെയും. ക്രിസ്തു ആള്‍ക്കൂട്ടത്തിലെ ഓരോ വ്യക്തിയേയും തിരിച്ചറിഞ്ഞിരുന്നു. അവരുടെ ഹൃദയങ്ങളിലേക്ക് അവിടുന്ന് നോക്കി. തിക്കിനും തിരക്കിനുമിടയില്‍ അവിടുത്തെ വസ്ത്രത്തില്‍ തൊട്ട സ്ത്രീയെ പോലും അവിടുന്ന് തിരിച്ചറിഞ്ഞു”. പാപ്പ വിശദീകരിച്ചു.

വലിയവരിലും, ചെറിയവരിലും ഒരുപോലെ തന്റെ ദൃഷ്ടി പതിപ്പിച്ചിരുന്ന ക്രിസ്തു വ്യക്തിപരമായി അവരുടെ പ്രശ്‌നങ്ങളും, സന്തോഷങ്ങളും മനസിലാക്കിയിരുന്നതായും പാപ്പ പറഞ്ഞു. ക്രിസ്തുവിനെ നോക്കി വിശ്വാസത്തോടെ മുന്നോട്ടു പോകുവാനും, രക്തസ്രാവക്കാരിയായ സ്ത്രീ ചെയ്തതു പോലെ ആരെയും ഭയപ്പെടാതെ അവിടുത്തെ സ്പര്‍ശിക്കുവാനും നമുക്കും സാധിക്കണമെന്നു പരിശുദ്ധ പിതാവ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

“നമുക്ക് ആരെയും ഭയപ്പെടാതെ, ജീവിതത്തിന്റെ വഴികളില്‍ ക്രിസ്തുവിനെ മാത്രം നോക്കി മുന്നോട്ടു പോകാം. അവിടുത്തെ മാത്രം നോക്കി മുന്നോട്ടു പോകുന്നവര്‍ക്ക് വലിയ സന്തോഷമാണ് ലഭിക്കുക. നമ്മള്‍ യേശുവിനെ നോക്കുമ്പോള്‍ തന്നെ അവിടുന്നു നമ്മേയും നോക്കുന്നു. ജായ്റോസിന്റെ മകളെ മരണത്തില്‍ നിന്നും ഉയിര്‍പ്പിച്ചപ്പോഴും, 12 വര്‍ഷത്തോളം ബുദ്ധിമുട്ടിലൂടെ കടന്നു പോയ രക്തസ്രാവക്കാരിയുടെ രോഗം സുഖപ്പെടുത്തിയപ്പോഴും ചുറ്റും നിന്നവര്‍ അതിശയിച്ചു. നമ്മുക്ക് ചുറ്റും അതിശയിക്കുന്ന രീതിയില്‍ ക്രിസ്തു നമ്മുടെ ജീവിതങ്ങളിലും ഇടപെടല്‍ നടത്തും”. മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here