പെസഹാക്കാലം രണ്ടാം ഞായര്‍ – 8/4/2018

ഒന്നാംവായന
അപ്പസ്തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് (4:32-35)
(ഏകമനസ്സോടും ഏക ഹൃദയത്തോടുംകൂടെ വ്യാപരിച്ചു)
വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമെന്ന് അവകാശപ്പെട്ടില്ല.എല്ലാം പൊതുസ്വത്തായിരുന്നു അപ്പസ്തോലന്‍മാര്‍, കര്‍ത്താവായ യേശുവിന്‍റെ പുനരുത്ഥാനത്തിനു വലിയ ശക്തിയോടെ സാക്ഷ്യം നല്‍കി. അവരെല്ലാവരുടേയുംമേല്‍ കൃപാവരം സമൃദ്ധമായി ഉണ്ടായിരുന്നു. അവരുടെയിടയില്‍ ദാരിദ്ര്യമുനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല. കാരണം, പറമ്പും വീടും സ്വന്തമായുണ്ടയിരുന്നവയെല്ലാം അവയത്രയും വിറ്റു കിട്ടിയ തുക അപ്പസ്തോലന്‍മാരുടെ കാല്‍ക്കലര്‍പ്പിച്ചു. അത് ഓരോരുത്തര്‍ക്കും ആവശ്യമനുസരിച്ച് വിതരണം ചെയ്യപ്പെട്ടു.
കര്‍ത്താവിന്‍റെ വചനം.
പ്രതിവചനസങ്കീര്‍ത്തനം (118:2-4 ,15B,16A-18,22-24 )
R (v 1) കര്‍ത്താവിന് കൃതജ്ഞത അര്‍പ്പിക്കുവിന്‍;
അവിടുന്നു നല്ലവനാണ്;അവിടുത്തെ കാരുണ്യം എന്നേക്കും
നിലനില്‍ക്കുന്നു.
1.അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് ഇസ്രായേല്‍
പറയട്ടെ!
അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് അഹറോന്‍റെ
ഭവനം പറയട്ടെ!
അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് കര്‍ത്താവിന്‍റെ
ഭക്തന്‍മാര്‍ പറയട്ടെ!
R കര്‍ത്താവിനു കൃതജ്ഞത……………
2. കര്‍ത്താവിന്‍റെ വതത്തുകൈ കരുത്തു പ്രകടമാക്കി.
കര്‍ത്താവിന്‍റെ വലത്തുകൈ മഹത്വമാര്‍ജ്ജിച്ചിരിക്കുന്നു;
കര്‍ത്താവിന്‍റെ വതത്തുകൈ കരുത്തു പ്രകടമാക്കി.
ഞാന്‍ മരിക്കുകയില്ല, ജീവിക്കും;
ഞാന്‍ കര്‍ത്താവിന്‍റെ പ്രവൃത്തികള്‍ പ്രഘോഷിക്കും.
കര്‍ത്താവ് എന്നെ കഠിനമായി ശിക്ഷിച്ചു;
എന്നാല്‍, അവിടുന്ന് എന്നെ മരണത്തിനേല്‍പിച്ചില്ല.
R കര്‍ത്താവിനു കൃതജ്ഞത……………
3. പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു.
ഇതു കര്‍ത്താവിന്‍റെ പ്രവൃത്തിയാണ്;
ഇതു നമ്മുടെ ദൃഷ്ടിയില്‍ വിസ്മയാവഹമായിരിക്കുന്നു.
കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്;
ഇന്നു സന്തോഷിച്ചുല്ലസിക്കാം.
R കര്‍ത്താവിനു കൃതജ്ഞത……………
രണ്ടാം വായന
വി.യോഹന്നാന്‍ എഴുതിയ ഒന്നാം ലേഖനത്തില്‍ നിന്ന് (5:1 -6)
( ദൈവത്തില്‍ നിന്നു ജനിച്ചവന്‍ ലോകത്തെ ജയിക്കുന്നു )
സഹോദരരേ,യേശുവാണു ക്രിസ്തുവെന്നു വിശ്വസിക്കുന്ന ഏവനും ദൈവത്തിന്‍റെ പുത്രനാണ്. പിതാവിനെ സ്നേഹിക്കുന്നവന്‍ അവന്‍റെ പുത്രനെയും സ്നേഹിക്കുന്നു. നമ്മള്‍ ദൈവത്തെ സ്നേഹിക്കുകയും അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും ചെയ്യുമ്പോള്‍ ദൈവത്തിന്‍റെ മക്കളെ സ്നേഹിക്കുന്നു എന്നു നാമറിയുന്നു. ദൈവത്തെ സ്നേഹിക്കുകയെന്നാല്‍, അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയെന്ന് അര്‍ത്ഥം. അവിടുത്തെ കല്‍പനകള്‍ ഭാരമുള്ളവയല്ല. എന്തെന്നാല്‍, ദൈവത്തില്‍നിന്നു ജനിച്ച ഏവനും ലോകത്തെ കീഴടക്കുന്നു. ലോകത്തിന്‍മേലുള്ള വിജയം ഇതാണ് – നമ്മുടെ വിശ്വാസം. യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണു ലോകത്തെ ജയിക്കുന്നത്?ജലത്താലും രക്തത്താലും വന്നവന്‍ ഇവനാണ്- യേശുക്രിസ്തു. ജലത്താല്‍ മാത്രമല്ല, ജലത്താലും രക്തത്താലുമാണ് അവന്‍ വന്നത്. ആത്മാവാണ് സാക്ഷ്യം നല്‍കുന്നത്. ആത്മാവ് സത്യമാണ്.
കര്‍ത്താവിന്‍റെ വചനം.
അല്ലേലൂയാ!
അല്ലേലൂയാ!(jn.20:29) തോമ്മാ, നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍ – അല്ലേലൂയാ!
സുവിശേഷം
വി.യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍ നിന്ന് (20:19-31)
(എട്ടു ദിവസങ്ങള്‍ക്കുശേഷം യേശു വന്നു)
ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യന്‍മാര്‍ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, യേശു വന്ന് അവരുടെ മധ്യേനിന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! ഇപ്രകാരം പറഞ്ഞുകൊണ്ട് അവന്‍ തന്‍റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട് ശിഷ്യന്‍മാര്‍ സന്തോഷിച്ചു.യേശു വീണ്ടും അവരോടു പറഞ്ഞു;നിങ്ങള്‍ക്കു സമാധാനം!പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു. ഇതു പറഞ്ഞിട്ട് അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു:നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.
പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമസ് യേശു വന്നപ്പോള്‍ അവരോടുകൂടെ ഉണ്ടായിരുന്നില്ല. അതുകൊണ്ടു മറ്റു ശിഷ്യന്‍മാര്‍ അവനോടു പറഞ്ഞു:ഞങ്ങള്‍ കര്‍ത്താവിനെകണ്ടു. എന്നാല്‍, അവന്‍ പറഞ്ഞു:അവന്‍റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്‍റെ വിരല്‍ ഇടുകയും അവന്‍റെ പാര്‍ശ്വത്തില്‍ എന്‍റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല. എട്ടുദിവസങ്ങള്‍ക്കുശേഷം വീണ്ടും അവന്‍റെ ശിഷ്യന്‍മാര്‍ വീട്ടില്‍ ആയിരുന്നപ്പോള്‍ തോമസും അ്വരോടുകൂടെയുണ്ടായിരുന്നു. വാതിലുകള്‍ അടച്ചിരുന്നു. യേശു വന്ന് അവരുടെ മധ്യത്തില്‍ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!അവന്‍ തോമസിനോടു പറഞ്ഞു: നിന്‍റെ വിരല്‍ ഇവിടെ കൊണ്ടുവരുക;എന്‍റെ കൈകള്‍ കാണുക; നിന്‍റെ കൈ നീട്ടി എന്‍റെ പാര്‍ശ്വത്തില്‍ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. തോമസ് പറഞ്ഞു: എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ!യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.
ഈ ഗ്രന്ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷ്യരുടെ സാന്നിദ്ധ്യത്തില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്, യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അവന്‍റെ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ്.
കര്‍ത്താവിന്‍റെ വചനം.

LEAVE A REPLY

Please enter your comment!
Please enter your name here