പെസഹാക്കാലം മൂന്നാം വാരം: തിങ്കള്‍ – 16/4/2018

ഒന്നാം വായന
അപ്പസ്തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് (6:8-15) (അവന്‍റെ സംസാരത്തില്‍ വെളിപ്പെട്ട ജ്ഞാനത്തോടും ആത്മാവിനോടും
എതിര്‍ത്തുനില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല)
അക്കാലത്ത്, സ്തേഫാനോസ് കൃപാവരവും ശക്തിയുംകൊണ്ടു നിറഞ്ഞ് പല അദ്ഭുതങ്ങളും വലിയ അടയാളങ്ങളും ജനമദ്ധ്യത്തില്‍ പ്രവര്‍ത്തിച്ചു. കുറേനേക്കാരും അലക്സാണ്‍ഡ്രിയാക്കാരും കിലിക്യായിലും ഏഷ്യയിലുംനിന്നുള്ളവരും ഉള്‍പ്പെട്ടിരുന്നതും, സ്വതന്ത്രന്‍മാരുടെ സിനഗോഗ് എന്നറിയപ്പെട്ടിരുന്നതുമായ സംഘത്തിലെ അംഗങ്ങള്‍ എഴുന്നേറ്റ് സ്തേഫാനോസിനോട് വാദപ്രതിവാദത്തിലേര്‍പ്പെട്ടു. എന്നാല്‍, അവന്‍റെ സംസാരത്തില്‍ വെളിപ്പെട്ട ജ്ഞാനത്തോടും ആത്മാവിനോടും എതിര്‍ത്തുനില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതുകൊണ്ട്, അവര്‍ രഹസ്യമായി പ്രേരിപ്പിച്ചതനുസരിച്ച് ജനങ്ങളില്‍ ചിലര്‍ പറഞ്ഞു: അവന്‍ മോശയ്ക്കും ദൈവത്തിനും എതിരായി ദൂഷണം പറയുന്നതു ഞങ്ങള്‍ കേട്ടു. അവര്‍ ജനങ്ങളെയും ജനപ്രമാണികളെയും നിയമജ്ഞരെയും ഇളക്കുകയും അവനെ ബന്ധിച്ച് ന്യായാധിപസംഘത്തിന്‍റെ മുമ്പില്‍ കൊണ്ടുവരുകയും ചെയ്തു. കള്ളസാക്ഷികള്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു: ഇവന്‍ ഈ വിശുദ്ധ സ്ഥലത്തിനും നിയമത്തിനും എതിരായി സംസാരിക്കുന്നതില്‍നിന്ന് ഒരിക്കലും വിരമിക്കുന്നില്ല. നസറായനായ യേശു ഈ സ്ഥലം നശിപ്പിക്കുകയും മോശ നമുക്കു നല്‍കിയിട്ടുള്ള ആചാരങ്ങള്‍ മാറ്റുകയും ചെയ്യുമെന്ന് ഇവന്‍ പ്രസ്താവിക്കുന്നതു ഞങ്ങള്‍ കേട്ടു. സംഘത്തിലുണ്ടായിരുന്നവര്‍ അവന്‍റെ നേരേ സൂക്ഷിച്ചുനോക്കി. അവന്‍റെ മുഖം ഒരു ദൈവദൂതന്‍റെ മുഖംപോലെ കാണപ്പെട്ടു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(119:23-24,26-27,29-30)
R (v.1a) അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍, ഭാഗ്യവാന്‍മാര്‍. (അല്ലെങ്കില്‍: അല്ലേലൂയാ!)
1. രാജാക്കന്‍മാര്‍ ഒത്തുചേര്‍ന്ന് എനിക്കെതിരേ ഗൂഢാലോചന നടത്തുന്നു; എന്നാല്‍, ഈ ദാസന്‍ അങ്ങയുടെ ചട്ടങ്ങളെപ്പറ്റി ധ്യാനിക്കും. അവിടുത്തെ കല്‍പനകളാണ് എന്‍റെ ആനന്ദം; അവയാണ് എനിക്ക് ഉപദേശം നല്‍കുന്നത്.
R അപങ്കിലമായ മാര്‍ഗത്തില്‍ …………
2. എന്‍റെ അവസ്ഥ ഞാന്‍ വിവരിച്ചപ്പോള്‍, അങ്ങ് എനിക്കുത്തരമരുളി; അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ പ്രമാണങ്ങള്‍ നിര്‍ദേശിക്കുന്ന വഴി എനിക്കു കാണിച്ചുതരണമേ! ഞാന്‍ അങ്ങയുടെ അദ്ഭുതകൃത്യങ്ങളെപ്പറ്റി ധ്യാനിക്കും.
R അപങ്കിലമായ മാര്‍ഗത്തില്‍ …………
3. തെറ്റായ മാര്‍ഗങ്ങളെ എന്നില്‍നിന്ന് അകറ്റണമേ! കാരുണ്യപൂര്‍വം അങ്ങയുടെ നിയമം എന്നെ പഠിപ്പിക്കണമേ! ഞാന്‍ വിശ്വസ്തതയുടെ മാര്‍ഗം തിരഞ്ഞെടുത്തിരിക്കുന്നു; അങ്ങയുടെ ശാസനങ്ങള്‍ എന്‍റെ കണ്‍മുന്‍പില്‍ ഉണ്ട്.
R അപങ്കിലമായ മാര്‍ഗത്തില്‍ …………
അല്ലേലൂയാ!
അല്ലേലൂയാ! (മത്താ.4:4b ) മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്‍റെ നാവില്‍നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്. – അല്ലേലൂയാ!
സുവിശേഷം
വി. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍നിന്ന് (6:22-29)
(നശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന
നിത്യജീവന്‍റെ അനശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുവിന്‍)
അക്കാലത്ത്, അവിടെ ഒരു വള്ളം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും ശിഷ്യന്‍മാരോടുകൂടി യേശു അതില്‍ കയറിയിരുന്നില്ല എന്നും ശിഷ്യന്‍മാര്‍ തനിയെ ആണു പോയതെന്നും കടലിന്‍റെ മറുകരെ നിന്ന ആളുകള്‍ പിറ്റെദിവസം മനസ്സിലാക്കി. കര്‍ത്താവ് കൃതജ്ഞതാസ്തോത്രം ചെയ്തു നല്‍കിയ അപ്പം ജനങ്ങള്‍ ഭക്ഷിച്ച ആ സ്ഥലത്തിനടുത്തേയ്ക്കു തിബേരിയാസില്‍ നിന്നു മറ്റു വള്ളങ്ങള്‍ വന്നു. യേശുവോ ശിഷ്യന്‍മാരോ അവിടെയില്ലെന്നു കണ്ടപ്പോള്‍ ജനക്കൂട്ടം വള്ളങ്ങളില്‍ കയറി യേശുവിനെത്തിരക്കി കഫര്‍ണാമിലെത്തി.
യേശുവിനെ കടലിന്‍റെ മറുകരയില്‍ കണ്ടെത്തിയപ്പോള്‍ അവര്‍ ചോദിച്ചു: റബ്ബീ, അങ്ങ് എപ്പോള്‍ ഇവിടെയെത്തി? യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം ഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണ് നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്. നശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്‍റെ അനശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്‍റെമേല്‍ അംഗീകാരമുദ്ര വച്ചിരിക്കുന്നു. അപ്പോള്‍ അവര്‍ ചോദിച്ചു: ദൈവഹിതമനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാകാന്‍ ഞങ്ങള്‍ എന്തു ചെയ്യണം? യേശു മറുപടി പറഞ്ഞു: ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി – അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുക.
കര്‍ത്താവിന്‍റെ സുവിശേഷം

LEAVE A REPLY

Please enter your comment!
Please enter your name here