പെസഹാക്കാലം മൂന്നാം ഞായര്‍ – 15/4/2018

ഒന്നാംവായന
അപ്പസ്തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് (3:13-15,17-19)
(ജീവന്‍റെ നാഥനെ നിങ്ങള്‍ വധിച്ചു;ദൈവം അവനെ
മരിച്ചവരില്‍നിന്നുയിര്‍പ്പിച്ചു)
അക്കാലത്ത് പത്രോസ് ജനത്തോടു പറഞ്ഞു:അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം, നമ്മുടെ പിതാക്കന്‍മാരുടെ ദൈവം, തന്‍റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ അവനെ ഏല്‍പിച്ചുകൊടുത്തു. പീലാത്തോസ് അവനെ വിട്ടയയ്ക്കാന്‍ തീരിമാനിച്ചിട്ടും അവന്‍റെ മുമ്പില്‍ വച്ച് നിങ്ങള്‍ അവനെ തള്ളിപ്പറഞ്ഞു. പരിശുദ്ധനും നീതിമാനുമായ അവനെ നിങ്ങള്‍ നിരാകരിച്ചു. പകരം ഒരു കൊലപാതകിയെ വിട്ടു കിട്ടാന്‍ അപേക്ഷിച്ചു. ജീവന്‍റെ നാഥനെ നിങ്ങള്‍ വധിച്ചു. എന്നാല്‍, ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു. അതിനു ഞങ്ങള്‍ സാക്ഷികളാണ്. സഹോദരരേ, നിങ്ങളുടെ നേതാക്കളെപ്പോലെ തന്നെ നിങ്ങളും അജ്ഞതമൂലമാണ് ഇങ്ങനെ പ്രവര്‍ത്തിച്ചതെന്ന് എനിക്കറിയാം. എന്നാല്‍, തന്‍റെ അഭിഷിക്തന്‍ ഇവയെല്ലാം സഹിക്കണമെന്നു പ്രവാചകന്‍മാര്‍വഴി ദൈവം മുന്‍കൂട്ടി അരുളിച്ചെയ്തത് അവിടുന്ന് ഇങ്ങനെ പൂര്‍ത്തിയാക്കി. അതിനാല്‍, നിങ്ങളുടെ പാപങ്ങള്‍ മായിച്ചുകളയാന്‍ പശ്ചാത്തപിച്ച് ദൈവത്തിലേക്കു തിരിയുവിന്‍.
കര്‍ത്താവിന്‍റെ വചനം.
പതിവചനസങ്കീര്‍ത്തനം (4:2-4 ,3,6യ,8 )
R v.6a ) കര്‍ത്താവേ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെമേല്‍
പ്രകാശിപ്പിക്കണമേ(അല്ലെങ്കില്‍ അല്ലേലൂയ)
1.എനിക്കു നീതി നടത്തിത്തരുന്ന ദൈവമേ,
ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!
ഞെരുക്കത്തില്‍ എനിക്ക് അങ്ങ് അഭയമരുളി,
കാരുണ്യപൂര്‍വം എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കണമേ!
R കര്‍ത്താവേ, അങ്ങയുടെ……….
2. കര്‍ത്താവു നീതിമാന്‍മാരെ തനിക്കായി തിരഞ്ഞെടുത്തിരി
ക്കുന്നുവെന്ന് അറിഞ്ഞുകൊള്ളുവിന്‍;
ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്നു കേള്‍ക്കുന്നു.
ഞ കര്‍ത്താവേ, അങ്ങയുടെ……….
3.കര്‍ത്താവേ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെമേല്‍
പ്രകാശിപ്പിക്കണമേ
ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും;
എന്തെന്നാല്‍, കര്‍ത്താവേ, അങ്ങുതന്നെയാണ്
എനിക്കു സുരക്ഷിതത്വം നല്‍കുന്നത്.
R കര്‍ത്താവേ, അങ്ങയുടെ……….
രണ്ടാം വായന
വി.യോഹന്നാന്‍ എഴുതിയ ഒന്നാം ലേഖനത്തില്‍ നിന്ന് (2:1 -5a)
( അവന്‍ നമ്മുടെ മാത്രമല്ല, ലോകം മുഴുവന്‍റെയും
പാപങ്ങള്‍ക്കു പരിഹാരമാണ് )
എന്‍റെ കുഞ്ഞുമക്കളേ,നിങ്ങള്‍ പാപം ചെയ്യാതിരിക്കേണ്ടതിനാണ് ഞാന്‍ ഇവ നിങ്ങള്‍ക്കെഴുതുന്നത്. എന്നാല്‍, ആരെങ്കിലും പാപം ചെയ്യാനിടയായാല്‍ത്തന്നെ പിതാവിന്‍റെ സന്നിധിയില്‍ നമുക്ക് ഒരു മദ്ധ്യസ്ഥനുണ്ട് – നീതിമാനായ യേശിക്രിസ്തു. അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്;നമ്മുടെ മാത്രമല്ല ലോകംമുഴുവന്‍റെയും പാപങ്ങള്‍ക്ക്. നാം അവന്‍റെ കല്‍പനകള്‍ പാലിച്ചാല്‍ അതില്‍നിന്നു നാം അവനെ അറിയുന്നുവെന്നു തീര്‍ച്ചയാക്കാം. ഞാന്‍ അവനെ അറിയുന്നു എന്നു പറയുകയും അവന്‍റെ കല്‍പനകള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നവന്‍ കള്ളം പറയുന്നു; അവനില്‍ സത്യമില്ല. എന്നാല്‍, അവന്‍റെ വചനം പാലിക്കുന്നവനില്‍ സത്യമായും ദൈവസ്നേഹം പൂര്‍ണത പ്രാപിച്ചിരിക്കുന്നു.
കര്‍ത്താവിന്‍റെ വചനം.
അല്ലേലൂയാ!
അല്ലേലൂയാ!(cf.LK.24:32) കര്‍ത്താവേ, ഞങ്ങള്‍ക്കു തിരുവെഴുത്തുകള്‍ വ്യാഖ്യാനിച്ചുതരണമേ. അങ്ങു സംസാരിക്കുമ്പോള്‍ ഞങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കണമേ – അല്ലേലൂയാ
സുവിശേഷം
വി.ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (24:35-48)
(മിശിഹാ പീഡകള്‍ സഹിക്കയും മൂന്നാംദിവസം ഉയിര്‍ത്തെഴുന്നേല്ക്കയും
ചെയ്യുന്നത് അവശ്യം നിറവേറേണ്ടിയിരിക്കുന്നു)
അക്കാലത്ത്, വഴിയില്‍വച്ചു സംഭവിച്ചതും അപ്പം മുറിക്കുമ്പോള്‍ യേശുവിനെ തിരിച്ചറിഞ്ഞതും എമ്മാവൂസില്‍നിന്നു വന്ന ശിഷ്യന്‍മാര്‍ വിവരിച്ചു. അവര്‍ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ യേശു അവരുടെ മധ്യേ പ്രത്യക്ഷനായി അവരോട് അരുളിച്ചെയ്തു:നിങ്ങള്‍ക്കു സമാധാനം!അവര്‍ ഭയന്നു വിറച്ചു. ഭൂതത്തെയാണ് കാണുന്നത് എന്ന് അവര്‍ വിചാരിച്ചു. അവന്‍ അവരോട് ചോദിച്ചു: നിങ്ങള്‍ അസ്വസ്ഥരാകുന്നതെന്തിന്? നിങ്ങളുടെ മനസ്സില്‍ ചോദ്യങ്ങള്‍ ഉയരുന്നതും എന്തിന്?എന്‍റെകൈകളും കാലുകളും കണ്ട് ഇതു ഞാന്‍ തന്നെയാണെന്നു മനസ്സിലാക്കുവിന്‍. എനിക്കുള്ളതുപോലെ മാസംവും അസ്ഥികളും ഭൂതത്തിന് ഇല്ലല്ലോ. എന്നിട്ടും അവര്‍ സന്തോഷാധിക്യത്താല്‍ അവിശ്വസിക്കുകയും അത്ഭുതപ്പെടുകയും ചെയ്തപ്പോള്‍ അവന്‍ അവരോടു ചോദിച്ചു: ഇവിടെ ഭക്ഷിക്കാന്‍ എന്തെങ്കിലുമുണ്ടോ? ഒരു കഷണം വറുത്തമീന്‍ അവര്‍ അവനു കൊടുത്തു. അവന്‍ അതെടുത്ത് അവരുടെ മുമ്പില്‍വച്ചു ഭക്ഷിച്ചു.
അവന്‍ അവരോടു പറഞ്ഞു:മോശയുടെ നിയമത്തിലും പ്രവാചകന്‍മാരിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതല്ലാം പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു എന്നു ഞാന്‍ നിങ്ങളോടുകൂടെ ആയിരുന്നപ്പോള്‍ പറഞ്ഞിട്ടുണ്ടല്ലോ. വിശുദ്ധലിഖിതങ്ങള്‍ ഗ്രഹിക്കാന്‍ തക്കവിധം അവരുടെ മനസ്സ് അവന്‍ തുറന്നു. അവന്‍ പറഞ്ഞു: ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ക്രിസ്തു സഹിക്കുകയും മൂന്നാംദിവസം മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യണം. പാപമോചനത്തിനുള്ള അനുതാപം അവന്‍റെ നാമത്തില്‍ ജറുസലെമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു. നിങ്ങള്‍ ഇവയ്ക്കു സാക്ഷികളാണ്.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here