പെസഹാക്കാലം നാലാം വാരം: ശനി – 28 /4 2018

ഒന്നാം വായന
അപ്പസ്തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് (13:44-52) (ഇതാ, ഞങ്ങള്‍ വിജാതീയരുടെ അടുക്കലേക്കു തിരിയുന്നു)
സാബത്തില്‍ ദൈവവചനം ശ്രവിക്കാന്‍ നഗരവാസികള്‍ എല്ലാവരുംതന്നെ സമ്മേളിച്ചു. ജനക്കൂട്ടത്തെ കണ്ടപ്പോള്‍ യഹൂദര്‍ അസൂയപൂണ്ട് പൗലോസ് പറഞ്ഞ കാര്യങ്ങളെ എതിര്‍ക്കുകയും അവനെ ദുഷിക്കുകയും ചെയ്തു. പൗലോസും ബാര്‍ണബാസും ധൈര്യപൂര്‍വ്വം ഇങ്ങനെ പറഞ്ഞു: ദൈവവചനം ആദ്യം നിങ്ങളോടു പ്രസംഗിക്കുക ആവശ്യമായിരുന്നു. എന്നാല്‍, നിങ്ങള്‍ അതു തള്ളിക്കളയുന്നതുകൊണ്ടും നിത്യജീവനു നിങ്ങളെത്തന്നെ അയോഗ്യരാക്കിത്തീര്‍ത്തിരിക്കുന്നതുകൊണ്ടും ഇതാ, ഞങ്ങള്‍ വിജാതീയരുടെ അടുക്കലേക്കു തിരിയുന്നു. കാരണം, കര്‍ത്താവു ഞങ്ങളോട് ഇങ്ങനെ കല്‍പിച്ചിരിക്കുന്നു: ഭൂമിയുടെ അതിര്‍ത്തികള്‍വരെ രക്ഷ വ്യാപിപ്പിക്കുന്നതിന് വിജാതീയര്‍ക്ക് ഒരു ദീപമായി നിന്നെ ഞാന്‍ സ്ഥാപിച്ചിരിക്കുന്നു.
ഈ വാക്കുകള്‍ കേട്ടപ്പോള്‍ സന്തോഷഭരിതരായി കര്‍ത്താവിന്‍റെ വചനത്തെ പ്രകീര്‍ത്തിച്ചു. നിത്യജീവനു നിയോഗം ലഭിച്ചവരെല്ലാം വിശ്വസിക്കുകയും ചെയ്തു. കര്‍ത്താവിന്‍റെ വചനം ആ നാട്ടിലെല്ലാം വ്യാപിച്ചു. എന്നാല്‍, യഹൂദന്‍മാര്‍ ബഹുമാന്യരായ ഭക്തസ്ത്രീകളെയും നഗരത്തിലെ പ്രമാണികളെയും പ്രേരിപ്പിച്ച് പൗലോസിനും ബാര്‍ണബാസിനുമെതിരായി പീഡനം ഇളക്കിവിടുകയും അവരെ ആ നാട്ടില്‍നിന്ന് പുറത്താക്കുകയും ചെയ്തു. അവര്‍ തങ്ങളുടെ പാദങ്ങളിലെ പൊടി അവര്‍ക്കെതിരായി തട്ടിക്കളഞ്ഞിട്ട് ഇക്കോണിയത്തിലേക്കു പോയി. ശിഷ്യന്‍മാര്‍ ആനന്ദത്താലും പരിശുദ്ധാത്മാവിനാലും നിറഞ്ഞവരായി.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (98:1,-2-3ab,3cd4)
R v.3c) ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്‍റെ വിജയം ദര്‍ശിച്ചു. (അല്ലെങ്കില്‍: അല്ലേലൂയാ!)
1. കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; അവിടുന്ന് അത്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു; അവിടുത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.
R ഭൂമിയുടെ അതിര്‍ത്തികള്‍ …………
2. കര്‍ത്താവു തന്‍റെ വിജയം വിളംബരം ചെയ്തു; അവിടുന്നു തന്‍റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി. ഇസ്രായേല്‍ഭവനത്തോടുള്ള തന്‍റെ കരുണയും വിശ്വസ്തതയും അവിടുന്ന് അനുസ്മരിച്ചു.
R ഭൂമിയുടെ അതിര്‍ത്തികള്‍ …………
3. ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്‍റെ വിജയം ദര്‍ശിച്ചു. ഭൂമി മുഴുവന്‍ കര്‍ത്താവിന് ആനന്ദഗീതം ആലപിക്കട്ടെ! ആഹ്ളാദാരവത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍.
R ഭൂമിയുടെ അതിര്‍ത്തികള്‍ …………
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ.8:31b-32) കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്‍റെ ശിഷ്യരാണ്. നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.- അല്ലേലൂയാ!
സുവിശേഷം
വി. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍നിന്ന് (14:7-14)
(എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു)
അക്കാലത്ത്, യേശു തന്‍റെ ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്‍റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോള്‍ മുതല്‍ നിങ്ങള്‍ അവനെ അറിയുന്നു. നിങ്ങള്‍ അവനെ കാണുകയും ചെയ്തിരിക്കുന്നു. പീലിപ്പോസ് പറഞ്ഞു: കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക. ഞങ്ങള്‍ക്ക് അതുമതി. യേശു പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ? ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവ് തന്‍റെ പ്രവൃത്തികള്‍ ചെയ്യുകയാണ്. ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്‍റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയെക്കാള്‍ വലിയവയും അവന്‍ ചെയ്യും. നിങ്ങള്‍ എന്‍റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനില്‍ മഹത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. എന്‍റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here