പെസഹാക്കാലം നാലാം വാരം: ചൊവ്വ – 24/4/2018

ഒന്നാം വായന
അപ്പസ്തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് (11:1926)

(അവര്‍ ഗ്രീക്കുകാരോടും കര്‍ത്താവായ യേശുവിനെക്കുറിച്ച് പ്രസംഗിച്ചു)
അക്കാലത്ത്, സ്തേഫാനോസിനെ സംബന്ധിച്ചുണ്ടായ പീഡനംനിമിത്തം ചിതറിക്കപ്പെട്ടവര്‍ ഫിനീഷ്യാ, സൈപ്രസ്, അന്ത്യോക്യാ എന്നീ പ്രദേശങ്ങള്‍ വരെ സഞ്ചരിച്ചു. യഹൂദരോടല്ലാതെ മറ്റാരോടും അവര്‍ വചനം പ്രസംഗിച്ചിരുന്നില്ല. അക്കൂട്ടത്തില്‍ സൈപ്രസില്‍നിന്നും കിറേനയില്‍നിന്നുമുള്ള ചിലര്‍ ഉണ്ടായിരുന്നു. അവര്‍ അന്ത്യോക്യായില്‍ വന്നപ്പോള്‍ ഗ്രീക്കുകാരോടും കര്‍ത്താവായ യേശുവിനെക്കുറിച്ച് പ്രസംഗിച്ചു. കര്‍ത്താവിന്‍റെ കരം അവരോടുകൂടെയുണ്ടായിരുന്നു. വിശ്വസിച്ച വളരെപ്പേര്‍ കര്‍ത്താവിലേക്കു തിരിഞ്ഞു.
ഈ വാര്‍ത്ത ജറുസലെമിലെ സഭയിലെത്തി. അവര്‍ ബാര്‍ണബാസിനെ അന്ത്യോക്യായിലേക്കയച്ചു. അവന്‍ ചെന്ന് ദൈവത്തിന്‍റെ കൃപാവരം ദര്‍ശിച്ചു സന്തുഷ്ടനാവുകയും കര്‍ത്താവിനോടു വിശ്വസ്തതയുള്ളവരായി ദൃഢനിശ്ചയത്തോടെ നിലകൊള്ളാന്‍ അവരെ ഉപദേശിക്കുകയും ചെയ്തു. കാരണം, അവന്‍ പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞ ഒരു നല്ല മനുഷ്യനായിരുന്നു. നിരവധിയാളുകള്‍ കര്‍ത്താവിന്‍റെ അനുയായികളായിത്തീര്‍ന്നു. സാവൂളിനെ അന്വേഷിച്ച് ബാര്‍ണബാസ് താര്‍സോസിലേക്കു പോയി. അവനെ കണ്ടുമുട്ടിയപ്പോള്‍ അന്ത്യോക്യായിലേക്കു കൂട്ടിക്കൊണ്ടു പോന്നു. ഒരു വര്‍ഷം മുഴുവന്‍ അവര്‍ അവിടത്തെ സഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും വളരെപ്പേരെ പഠിപ്പിക്കുകയും ചെയ്തു. അന്ത്യോക്യായില്‍ വച്ചാണ് ശിഷ്യന്‍മാര്‍ ആദ്യമായി ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെട്ടത്.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (87:1-3,4-5,6-7)
R (v.117:1a) ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍. (അല്ലെങ്കില്‍: അല്ലേലൂയാ!)
1. അവിടുന്നു വിശുദ്ധഗിരിയില്‍ തന്‍റെ നഗരം സ്ഥാപിച്ചു. യാക്കോബിന്‍റെ എല്ലാ വാസസ്ഥലങ്ങളെയുംകാള്‍ സീയോന്‍റെ കവാടങ്ങളെ കര്‍ത്താവു സ്നേഹിക്കുന്നു. ദൈവത്തിന്‍റെ നഗരമേ, നിന്നെപ്പറ്റി മഹത്തായ കാര്യങ്ങള്‍ പറയപ്പെടുന്നു.
R ജനതകളേ, കര്‍ത്താവിനെ …………
2. എന്നെ അംഗീകരിക്കുന്നവരുടെ കൂട്ടത്തില്‍ റാഹാബും ബാബിലോണും ഉള്‍പ്പെടുന്നു, ഫിലിസ്ത്യയിലും ടയിറിലും എത്യോപ്യയിലും വസിക്കുന്നവരെക്കുറിച്ച് അവര്‍ ഇവിടെ ജനിച്ചതാണെന്നു പറയുന്നു. സകലരും അവിടെ ജനിച്ചതാണ് എന്നു സീയോനെക്കുറിച്ചു പറയും; അത്യുന്നതന്‍ തന്നെയാണ് അവളെ സ്ഥാപിച്ചത്.
R ജനതകളേ, കര്‍ത്താവിനെ …………
3. കര്‍ത്താവു ജനതകളുടെ കണക്കെടുക്കുമ്പോള്‍ ഇവന്‍ അവിടെ ജനിച്ചു എന്നു രേഖപ്പെടുത്തും, എന്‍റെ ഉറവകള്‍ നിന്നിലാണ് എന്നു ഗായകരും നര്‍ത്തകരും ഒന്നുപോലെ പാടും.
R ജനതകളേ, കര്‍ത്താവിനെ …………
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ.10:27) കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റെ ആടുകള്‍ എന്‍റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. – അല്ലേലൂയാ!
സുവിശേഷം
വി. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍നിന്ന് (10:22-30)
(ഞാനും പിതാവും ഒന്നാണ്)
ജറുസലെമില്‍ പ്രതിഷ്ഠയുടെ തിരുനാളായിരുന്നു. അത് ശീതകാലമായിരുന്നു. യേശു ദൈവാലയത്തില്‍ സോളമന്‍റെ മണ്ഡപത്തില്‍ നടക്കുമ്പോള്‍ യഹൂദര്‍ അവന്‍റെ ചുറ്റും കൂടി ചോദിച്ചു: നീ ഞങ്ങളെ എത്രനാള്‍ ഇങ്ങനെ സന്ദിഗ്ദാവസ്ഥയില്‍ നിര്‍ത്തും? നീ ക്രിസ്തുവാണെങ്കില്‍ വ്യക്തമായി ഞങ്ങളോടു പറയുക. യേശു പ്രതിവചിച്ചു: ഞാന്‍ നിങ്ങളോടു പറഞ്ഞു: എന്നിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്‍റെ പിതാവിന്‍റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്ഷ്യം നല്‍കുന്നു. എന്നാല്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ല; കാരണം, നിങ്ങള്‍ എന്‍റെ ആടുകളില്‍പ്പെടുന്നവരല്ല. എന്‍റെ ആടുകള്‍ എന്‍റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. ഞാന്‍ അവയ്ക്കു നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്‍റെ അടുക്കല്‍നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല. അവയെ എനിക്കു നല്‍കിയ എന്‍റെ പിതാവ് എല്ലാവരെയുംകാള്‍ വലിയവനാണ്. പിതാവിന്‍റെ കൈയില്‍നിന്ന് അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഞാനും പിതാവും ഒന്നാണ്.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here