പെസഹാക്കാലം ഏഴാം വാരം: ശനി – 19/5/2018

ഒന്നാം വായന
അപ്പസ്തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന്
(28:16-20, 30-31)
(പൗലോസ് റോമായില്‍ ദൈവരാജ്യത്തെപ്പറ്റി പ്രസംഗിച്ചു)
ഞങ്ങള്‍ റോമാ പട്ടണത്തില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ ഒരു പടയാളിയുടെ കാവലോടെ ഇഷ്ടമുള്ളിടത്തു താമസിക്കാന്‍ പൗലോസിന് അനുവാദം ലഭിച്ചു. മൂന്നു ദിവസം കഴിഞ്ഞശേഷം സ്ഥലത്തെ യഹൂദനേതാക്കന്‍മാരെ അവന്‍ വിളിച്ചുകൂട്ടി. അവര്‍ സമ്മേളിച്ചപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: സഹോദരരേ, ജനത്തിനോ നമ്മുടെ പിതാക്കന്‍മാരുടെ ആചാരങ്ങള്‍ക്കോ എതിരായി ഞാന്‍ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. എങ്കിലും, ഞാന്‍ ജറുസലെമില്‍വച്ചു തടവുകാരനായി റോമാക്കാരുടെ കൈകളില്‍ ഏല്‍പിക്കപ്പെട്ടു. അവര്‍ വിചാരണ ചെയ്തപ്പോള്‍ വധശിക്ഷയര്‍ഹിക്കുന്നതൊന്നും എന്നില്‍ കാണാഞ്ഞതുകൊണ്ട് എന്നെ മോചിപ്പിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍, യഹൂദര്‍ എതിര്‍ത്തു. തന്‍മൂലം, എന്‍റെ ജനങ്ങള്‍ക്കെതിരായി എനിക്ക് ഒരാരോപണവുമില്ലെങ്കിലും, സീസറിന്‍റെ മുമ്പാകെ ഉപരിവിചാരണയ്ക്ക് അപേക്ഷിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. ഇക്കാരണത്താല്‍ത്തന്നെയാണ് നിങ്ങളെ കണ്ടു സംസാരിക്കാന്‍ ഞാന്‍ നിങ്ങളെ വിളിച്ചുകൂട്ടിയത്. എന്തെന്നാല്‍, ഇസ്രായേലിന്‍റെ പ്രത്യാശയെപ്രതിയാണ് ഞാന്‍ ഈ ചങ്ങലകളാല്‍ ബന്ധിതനായിരിക്കുന്നത്.
അവന്‍ സ്വന്തം ചെലവില്‍ ഒരു വീടു വാടകയ്ക്കെടുത്തു രണ്ടു വര്‍ഷം മുഴുവന്‍ അവിടെ താമസിച്ചു. തന്നെ സമീപിച്ച എല്ലാവരെയും അവന്‍ സ്വാഗതം ചെയ്തിരുന്നു. അവന്‍ ദൈവരാജ്യം പ്രസംഗിക്കുകയും കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു നിര്‍ബാധം ധൈര്യപൂര്‍വം പഠിപ്പിക്കുകയും ചെയ്തു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (11:4,5+7)
R( v.7b) കര്‍ത്താവേ, പരമാര്‍ഥഹൃദയര്‍ അവിടുത്തെ മുഖം ദര്‍ശിക്കും. (അല്ലെങ്കില്‍: അല്ലേലൂയാ!)
1. കര്‍ത്താവു തന്‍റെ വിശുദ്ധ മന്ദിരത്തിലുണ്ട്; അവിടുത്തെ സിംഹാസനം സ്വര്‍ഗത്തിലാണ്. അവിടുത്തെ കണ്ണുകള്‍ മനുഷ്യമക്കളെ കാണുന്നു, അവിടുന്ന് അവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.
R കര്‍ത്താവേ, പരമാര്‍ഥഹൃദയര്‍ …………
2. കര്‍ത്താവു നീതിമാനെയും ദുഷ്ടനെയും പരിശോധിക്കുന്നു; അക്രമം ഇഷ്ടപ്പെടുന്നവനെ അവിടുന്നു വെറുക്കുന്നു. കര്‍ത്താവു നീതിമാനാണ്; അവിടുന്നു നീതിയുക്തമായ പ്രവൃത്തികള്‍ ഇഷ്ടപ്പെടുന്നു; പരമാര്‍ത്ഥഹൃദയര്‍ അവിടുത്തെ മുഖം ദര്‍ശിക്കും.
R കര്‍ത്താവേ, പരമാര്‍ഥഹൃദയര്‍ …………
അല്ലേലൂയാ!
അല്ലേലൂയാ! (cf.യോഹ.16:7+13) കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളുടെ അടുക്കലേക്ക് സത്യാത്മാവിനെ അയയ്ക്കും; അവന്‍ നിങ്ങളെ സത്യത്തിന്‍റെ പൂര്‍ണ്ണതയിലേക്ക് നയിക്കും. – അല്ലേലൂയാ!
സുവിശേഷം
വി. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍നിന്ന് (21:20-25)
(ഈ ശിഷ്യന്‍തന്നെയാണ് ഈ കാര്യങ്ങള്‍ക്കു സാക്ഷ്യം നല്‍കുന്നതും ഇവ
എഴുതിയതും. അവന്‍റെ സാക്ഷ്യം സത്യമാണെന്നു ഞങ്ങള്‍ക്കറിയാം)
അക്കാലത്ത്, പത്രോസ് തിരിഞ്ഞുനോക്കിയപ്പോള്‍ യേശു സ്നേഹിച്ചിരുന്ന ശിഷ്യന്‍ പിന്നാലെ വരുന്നതു കണ്ടു. ഇവനാണ് അത്താഴസമയത്ത് യേശുവിന്‍റെ വക്ഷസ്സില്‍ ചാരിക്കിടന്നുകൊണ്ട്, കര്‍ത്താവേ, ആരാണു നിന്നെ ഒറ്റിക്കൊടുക്കുവാന്‍ പോകുന്നത് എന്നു ചോദിച്ചത്. അവനെ കണ്ടപ്പോള്‍ പത്രോസ് യേശുവിനോടു ചോദിച്ചു: കര്‍ത്താവേ, ഇവന്‍റെ കാര്യം എന്ത്? യേശു പറഞ്ഞു: ഞാന്‍ വരുന്നതുവരെ ഇവന്‍ ജീവിച്ചിരിക്കണമെന്നാണ് എന്‍റെ ഹിതമെങ്കില്‍ നിനക്കെനത്? നീ എന്നെ അനുഗമിക്കുക. ആ ശിഷ്യന്‍ മരിക്കുകയില്ല എന്ന ഒരു സംസാരം സഹോദരുടെയിടയില്‍ പരന്നു. എന്നാല്‍, അവന്‍ മരിക്കുകയില്ല എന്നല്ല യേശു പറഞ്ഞത്; പ്രത്യുത, ഞാന്‍ വരുന്നതുവരെ അവന്‍ ജീവിച്ചിരിക്കണമെന്നാണ് എന്‍റെ ഹിതമെങ്കില്‍ നിനക്കെന്ത് എന്നാണ്.
ഈ ശിഷ്യന്‍തന്നെയാണ് ഈ കാര്യങ്ങള്‍ക്കു സാക്ഷ്യം നല്‍കുന്നതും ഇവ എഴുതിയതും. അവന്‍റെ സാക്ഷ്യം സത്യമാണെന്നു ഞങ്ങള്‍ക്കറിയാം. യേശു ചെയ്ത മറ്റു പല കാര്യങ്ങളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കില്‍, ആ ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോകത്തിനുതന്നെ സാധിക്കാതെവരുമെന്നാണ് എനിക്കു തോന്നുന്നത്.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here