പെസഹാക്കാലം ഏഴാം വാരം: വെള്ളി – 18 /5/ 2018

ഒന്നാം വായന
അപ്പസ്തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് (25:13-21)
(മരിച്ചുപോയെങ്കിലും ജീവിച്ചിരിക്കുന്നുവെന്നു പൗലോസ് സമര്‍ത്ഥിക്കുന്ന ഒരുയേശു
വിനെക്കുറിച്ചു മാത്രമേ അവര്‍ക്ക് അവനുമായി അഭിപ്രായഭിന്നത ഉണ്ടായിരുന്നുള്ളു)
അക്കാലത്ത്, അഗ്രിപ്പാരാജാവും ബര്‍നിക്കെയും ഫേസ്തൂസിനെ അഭിവാദനം ചെയ്യാന്‍ കേസറിയായില്‍ എത്തി. അവര്‍ അവിടെ വളരെ ദിവസങ്ങള്‍ താമസിച്ചു. ഫേസ്തൂസ് പൗലോസിന്‍റെ കാര്യം രാജാവിനെ ധരിപ്പിച്ചുകൊണ്ട് പറഞ്ഞു: ഫെലിക്സ് തടവുകാരനായി വിട്ടിട്ടുപോയ ഒരു മനുഷ്യന്‍ ഇവിടെയുണ്ട്. ഞാന്‍ ജറുസലെമിലായിരുന്നപ്പോള്‍ പുരോഹിതപ്രമുഖന്‍മാരും യഹൂദപ്രമാണികളും അവനെതിരായി വിധി പ്രസ്താവിക്കാന്‍ അപേക്ഷിച്ചുകൊണ്ട് അവനെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നെ ധരിപ്പിച്ചു. വാദിയെ മുഖാഭിമുഖം കണ്ട്, തന്‍റെമേല്‍ ആരോപിതമായ കുറ്റങ്ങളെക്കുറിച്ചു സമാധാനം ബോധിപ്പിക്കാന്‍ പ്രതിക്ക് അവസരം നല്‍കാതെ, അവനെ ഏല്‍പിച്ചുകൊടുക്കുക റോമാക്കാരുടെ പതിവല്ല എന്നു ഞാന്‍ മറുപടി പറഞ്ഞു. അവര്‍ ഇവിടെ ഒരുമിച്ചുകൂടിയപ്പോള്‍, ഒട്ടും താമസം വരുത്താതെ അടുത്തദിവസം തന്നെ ഞാന്‍ ന്യായാസനത്തില്‍ ഇരുന്ന് ആ മനുഷ്യനെ കൊണ്ടുവരാന്‍ കല്പിച്ചു. വാദികള്‍ കുറ്റാരോപണം ആരംഭിച്ചപ്പോള്‍, സങ്കല്പിച്ച തരത്തിലുള്ള ഒരു തിന്മയും അവന്‍റെമേല്‍ ചുമത്തിക്കണ്ടില്ല. എന്നാല്‍, തങ്ങളുടെതന്നെ ചില അന്ധവിശ്വാസങ്ങളെക്കുറിച്ചും മരിച്ചുപോയെങ്കിലും ജീവിച്ചിരിക്കുന്നുവെന്നു പൗലോസ് സമര്‍ത്ഥിക്കുന്ന ഒരു യേശുവിനെക്കുറിച്ചും മാത്രമേ അവര്‍ക്ക് അവനുമായി അഭിപ്രായഭിന്നത ഉണ്ടായിരുന്നുള്ളു. എന്തു തീരുമാനമെടുക്കണമെന്നു നിശ്ചയമില്ലാതെ വന്നപ്പോള്‍ ജറുസലെമിലേക്കു പോകാനും അവിടെവച്ച് ഇവയെപ്പറ്റി വിചാരണ ചെയ്യപ്പെടാനും സമ്മതമാണോ എന്നു ഞാന്‍ അവനോടു ചോദിച്ചു. എന്നാല്‍, ചക്രവര്‍ത്തിയുടെ തീരുമാനം ഉണ്ടാകുന്നതുവരെ തനിക്കു സംരക്ഷണം നല്‍കണമെന്നു പൗലോസ് അപേക്ഷിച്ചതിനാല്‍, സീസറിന്‍റെ അടുത്തേക്ക് അയയ്ക്കുന്നതുവരെ അവനെ തടവില്‍ വയ്ക്കാന്‍ ഞാന്‍ ആജ്ഞാപിച്ചു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (103:1-2,11-12,19-20ab)
R (v.19a) കര്‍ത്താവു തന്‍റെ സിംഹാസനം സ്വര്‍ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു. (അല്ലെങ്കില്‍: അല്ലേലൂയാ!)
1. എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക! എന്‍റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക. എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്.
R കര്‍ത്താവു തന്‍റെ …………
2. ഭൂമിക്കുമേല്‍ ഉയര്‍ന്നിരിക്കുന്ന ആകാശത്തോളം ഉന്നതമാണു തന്‍റെ ഭക്തരോട് അവിടുന്നു കാണിക്കുന്ന കാരുണ്യം. കിഴക്കും പടിഞ്ഞാറും തമ്മില്‍ ഉള്ളത്ര അകലത്തില്‍ നമ്മുടെ പാപങ്ങളെ അവിടുന്നു നമ്മില്‍നിന്ന് അകറ്റിനിര്‍ത്തി.
R കര്‍ത്താവു തന്‍റെ …………
3. കര്‍ത്താവു തന്‍റെ സിംഹാസനം സ്വര്‍ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു; എല്ലാവരും അവിടുത്തെ രാജകീയ അധികാരത്തിന്‍ കീഴിലാണ്. കര്‍ത്താവിന്‍റെ വചനം ശ്രവിക്കുകയും അവിടുത്തെ ആജ്ഞ അനുസരിക്കുകയും ചെയ്യുന്ന ശക്തരായ ദൂതരേ, അവിടുത്തെ വാഴ്ത്തുവിന്‍.
R കര്‍ത്താവു തന്‍റെ …………
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ.14:26) പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും. – അല്ലേലൂയാ!
സുവിശേഷം
വി. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍നിന്ന് (21:15-19)
(്എന്‍റെ ആടുകളെ മേയിക്കുക; എന്‍റെ കുഞ്ഞാടുകളെ മേയിക്കുക)
അക്കാലത്ത്, പ്രാതല്‍ കഴിഞ്ഞപ്പോള്‍ യേശു ശിമയോന്‍ പത്രോസിനോടു ചോദിച്ചു: യോഹന്നാന്‍റെ പുത്രനായ ശിമയോനെ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. യേശു അവനോടു പറഞ്ഞു: എന്‍റെ ആടുകളെ മേയിക്കുക. രണ്ടാം പ്രാവശ്യവും അവന്‍ ചോദിച്ചു: യോഹന്നാന്‍റെ പുത്രനായ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ. അവന്‍ പറഞ്ഞു: എന്‍റെ കുഞ്ഞാടുകളെ മേയിക്കുക. അവന്‍ മൂന്നാം പ്രാവശ്യവും അവനോടു ചോദിച്ചു: യോഹന്നാന്‍റെ പുത്രനായ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ? തന്നോടു മൂന്നാം പ്രാവശ്യവും നീ എന്നെ സ്നേഹിക്കുന്നുവോ എന്ന് അവന്‍ ചോദിച്ചതുകൊണ്ട് പത്രോസ് ദുഃഖിതനായി. അവന്‍ പറഞ്ഞു: കര്‍ത്താവേ, നീ എല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്നും നീ അറിയുന്നു. യേശു പറഞ്ഞു: എന്‍റെ കുഞ്ഞാടുകളെ മേയിക്കുക. സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു. ചെറുപ്പമായിരുന്നപ്പോള്‍ നീ സ്വയം അരമുറുക്കുകയും ഇഷ്ടമുള്ളിടത്തേക്കു പോവുകയും ചെയ്തിരുന്നു. എന്നാല്‍, പ്രായമാകുമ്പോള്‍ നീ നിന്‍റെ കൈകള്‍ നീട്ടുകയും മറ്റൊരുവന്‍ നിന്‍റെ അര മുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്കു നിന്നെ കൊണ്ടുപോവുകയും ചെയ്യും. ഇത് അവന്‍ പറഞ്ഞത്, ഏതുവിധത്തിലുള്ള മരണത്താല്‍ പത്രോസ് ദൈവത്തെ മഹത്വപ്പെടുത്തും എന്നു സൂചിപ്പിക്കാനാണ്. അതിനുശേഷം യേശു അവനോട് എന്നെ അനുഗമിക്കുക എന്നുപറഞ്ഞു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here