പെസഹാക്കാലം ആറാം വാരം – ശനി (23/05/2020)

ഒന്നാം വായന
അപ്പസ്തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന്  (18:23-28)
(അപ്പോളോസ് വിശുദ്ധഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ക്രിസ്തു
യേശു തന്നെയാണെന്ന് തെളിയിച്ചു)
അന്ത്യോക്യായില്‍ കുറെക്കാലം; ചെലവഴിച്ചതിനുശേഷം പൗലോസ് യാത്രപുറപ്പെട്ട് ഗലാത്തിയാ, ഫ്രീജിയാ എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് എല്ലാ ശിഷ്യര്‍ക്കും ശക്തി പകര്‍ന്നുകൊണ്ടിരുന്നു. ആയിടയ്ക്ക് അപ്പോളോസ് എന്നുപേരുള്ള അലക്സാണ്‍ഡ്രിയാക്കാരനായ ഒരു യഹൂദന്‍ എഫേസോസില്‍ വന്നു. അവന്‍ വാഗ്മിയും വിശുദ്ധലിഖിതങ്ങളില്‍ അവഗ്രാഹം നേടിയവനുമായിരുന്നു. കര്‍ത്താവിന്‍റെ മാര്‍ഗത്തെക്കുറിച്ച് അവന് ഉപദേശവും ലഭിച്ചിരുന്നു. അവനു യോഹന്നാന്‍റെ ജ്ഞാനസ്നാനത്തെക്കുറിച്ചു മാത്രമേ അറിവുണ്ടായിരുന്നുള്ളു. എങ്കിലും, യേശുവിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ആത്മാവില്‍ ഉണര്‍വോടെ , തെറ്റുകൂടാതെ പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. അവന്‍ സിനഗോഗിലും ധൈര്യപൂര്‍വം പ്രസംഗിക്കാന്‍ തുടങ്ങി. പ്രിഷില്ലയും അക്വീലായും അവന്‍റെ പ്രസംഗം കേട്ടു. അവര്‍ അവനെ കൂട്ടിക്കൊണ്ടുപോയി ദൈവത്തിന്‍റെ മാര്‍ഗം കൂടുതല്‍ വ്യക്തമായി പറഞ്ഞുകൊടുത്തു. അവന്‍ അക്കായിയായിലേക്കു പോകാന്‍  ആഗ്രഹിച്ചു. സഹോദരര്‍ അവനെ പ്രോത്സാഹിപ്പിക്കുകയും വനെ സ്വീകരിക്കുന്നതിന് ശിഷ്യര്‍ക്ക് എഴുതുകയും ചെയ്തു. അവിടെ എത്തിച്ചേര്‍ന്നതിനുശേഷം, കൃപാവരംമൂലം വിശ്വാസം സ്വീകരിച്ചവരെ അവന്‍ വളരെയധികം സഹായിച്ചു. എന്തെന്നാല്‍, അവന്‍ പൊതുസ്ഥലങ്ങളില്‍വച്ച് വിശുദ്ധഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ക്രിസ്തു യേശുതന്നെയാണെന്ന് തെളിയിക്കുകയും യഹൂദന്‍മാരെ വാക്കുമുട്ടിക്കുകയും ചെയ്തിരുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (47:1-2,7-8,9)
R (v.7) ദൈവം ഭൂമി മുഴുവന്‍റെയും രാജാവാണ്. (അല്ലെങ്കില്‍: അല്ലേലൂയാ!)
1. ജനതകളേ, കരഘോഷം മുഴക്കുവിന്‍. ദൈവത്തിന്‍റെ മുന്‍പില്‍ ആഹ്ളാദാരവം മുഴക്കുവിന്‍. അത്യുന്നതനായ കര്‍ത്താവു ഭീതിദനാണ്; അവിടുന്നു ഭൂമി മുഴുവന്‍റെയും രാജാവാണ്.
R ദൈവം ഭൂമി മുഴുവന്‍റെയും…………
2. ദൈവം ഭൂമി മുഴുവന്‍റെയും രാജാവാണ്; സങ്കീര്‍ത്തനംകൊണ്ട് അവിടുത്തെ സ്തുതിക്കുവിന്‍. ദൈവം ജനതകളുടെമേല്‍ വാളുന്നു, അവിടുന്നു തന്‍റെ പരിശുദ്ധസിംഹാസനത്തിലിരിക്കുന്നു.
R ദൈവം ഭൂമി മുഴുവന്‍റെയും…………
3. അബ്രാഹത്തിന്‍റെ ദൈവത്തിന്‍റെ ജനത്തെപ്പോലെ, ജനതകളുടെ പ്രഭുക്കന്‍മാര്‍ ഒരുമിച്ചുകൂടുന്നു; ഭൂമിയുടെ രക്ഷാകവചങ്ങള്‍ ദൈവത്തിന് അധീനമാണ്; അവിടുന്നു മഹോന്നതനാണ്.
R ദൈവം ഭൂമി മുഴുവന്‍റെയും…………
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ.16:28) ഞാന്‍ പിതാവില്‍നിന്നു പുറപ്പെട്ടു ലോകത്തിലേക്കു വന്നു. ഇപ്പോള്‍ വീണ്ടും ലോകംവിട്ട് പിതാവിന്‍റെ അടുത്തേക്കു പോകുന്നു.  – അല്ലേലൂയാ!
സുവിശേഷം
വി. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍നിന്ന്  (16:20-23-28)
(പിതാവുതന്നെ നിങ്ങളെ സ്നേഹിക്കുന്നു. എന്തെന്നാല്‍ നിങ്ങള്‍ എന്നെ
സ്നേഹിക്കുകയും ഞാന്‍ ദാവത്തില്‍നിന്നു വന്നുവെന്നു വിശ്വസിക്കുകയും
ചെയ്തിരിക്കുന്നു)
അക്കാലത്ത്, യേശു തന്‍റെ ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്‍റെ നാമത്തിന്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും. ഇതുവരെ നിങ്ങള്‍ എന്‍റെ നാമത്തില്‍ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അതുമൂലം നിങ്ങളുടെ സന്തോഷം പൂര്‍ണമാവുകയും ചെയ്യും. ഉപമകള്‍ വഴിയാണ് ഇതെല്ലാം ഞാന്‍ നിങ്ങളോടു പറഞ്ഞത്. ഉപമകള്‍ വഴിയല്ലാതെ ഞാന്‍ നിങ്ങളോടു സംസാരിക്കുന്ന സമയം വരുന്നു. അപ്പോള്‍ പിതാവിനെപ്പറ്റി സ്പഷ്ടമായി ഞാന്‍ നിങ്ങളെ അറിയിക്കും. അന്ന് നിങ്ങള്‍ എന്‍റെ നാമത്തില്‍ ചോദിക്കും; ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പിതാവിനോടു പ്രാര്‍ത്ഥിക്കാം എന്നു പറയുന്നില്ല. കാരണം, പിതാവുതന്നെ നിങ്ങളെ സ്നേഹിക്കുന്നു. എന്തെന്നാല്‍ നിങ്ങള്‍ എന്നെ സ്നേഹിക്കുകയും ഞാന്‍ ദൈവത്തില്‍നിന്നു വന്നുവെന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ പിതാവില്‍നിന്നു പുറപ്പെട്ടു ലോകത്തിലേക്കു വന്നു. ഇപ്പോള്‍ വീണ്ടും ലോകംവിട്ട് പിതാവിന്‍റെ അടുത്തേക്കു പോകുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here