പെസഹാക്കാലം ആറാം വാരം: ബുധന്‍ – 9/5/2018

ഒന്നാം വായന
അപ്പസ്തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന്
(17:15,22-18:1)
(നിങ്ങള്‍ ആരാധിക്കുന്ന ആ അജ്ഞാതനെക്കുറിച്ചു തന്നെയാണ് ഞാന്‍
നിങ്ങളോടു പ്രസംഗിക്കുന്നത്)
അക്കാലത്ത്, പൗലോസിന്‍റെ കൂടെപ്പോയിരുന്നവര്‍ അവനെ ആഥന്‍സില്‍ കൊണ്ടുചെന്നാക്കി. സീലാസും തിമോത്തേയോസും കഴിയുന്നതുംവേഗം തന്‍റെ അടുക്കല്‍ എത്തിച്ചേരണമെന്ന അവന്‍റെ നിര്‍ദേശവുമായി അവര്‍ തിരിച്ചുപോന്നു.
അരെയോപ്പാഗസിന്‍റെ മദ്ധ്യത്തില്‍ നിന്നുകൊണ്ട് പൗലോസ് ഇപ്രകാരം പ്രസംഗിച്ചു: ആഥന്‍സ് നിവാസികളേ, എല്ലാവിധത്തിലും മതനിഷ്ഠയുള്ളവരാണ് നിങ്ങള്‍ എന്നു ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ ഇതിലെ കടന്നുപോയപ്പോള്‍ നിങ്ങളുടെ ആരാധനാവസ്തുക്കളെ നിരീക്ഷിച്ചു. അജ്ഞാതദേവന് എന്ന് എഴുതിയിട്ടുള്ള ഒരു ബലിപീഠം ഞാന്‍ കണ്ടു. നിങ്ങള്‍ ആരാധിക്കുന്ന ആ അജ്ഞാതനെക്കുറിച്ചു തന്നെയാണ് ഞാന്‍ നിങ്ങളോടു പ്രസംഗിക്കുന്നത്. പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചവനും സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യനിര്‍മിതമായ ആലയങ്ങളിലല്ല വസിക്കുന്നത്. അവിടുത്തേക്ക് എന്തെങ്കിലും ആവശ്യമുണ്ടായിട്ടല്ല മനുഷ്യകരങ്ങളില്‍നിന്ന് അവിടുന്നു ശുശ്രൂഷ സ്വീകരിക്കുന്നത്. കാരണം, അവിടുന്നുതന്നെയാണ് എല്ലാവര്‍ക്കും ജീവനും ശ്വാസവും മറ്റു സകലതും പ്രദാനംചെയ്യുന്നത്. ഭൂമുഖം മുഴുവന്‍ വ്യാപിച്ചു വസിക്കാന്‍വേണ്ടി അവിടുന്ന് ഒരുവനില്‍നിന്ന് എല്ലാ ജനപദങ്ങളെയും സൃഷ്ടിച്ചു: അവര്‍ക്കു വിഭിന്നകാലങ്ങളും വാസഭൂമികളും നിശ്ചയിച്ചുകൊടുത്തു. ഇത് അവര്‍ ദൈവത്തെ അന്വേഷിക്കുന്നതിനും ഒരുപക്ഷേ, അനുഭവത്തിലൂടെ അവിടുത്തെ കണ്ടെത്തുന്നതിനും വേണ്ടിയാണ്. എങ്കിലും, അവിടുന്ന് നമ്മിലാരിലും നിന്ന് അകെലയല്ല. എന്തെന്നാല്‍, അവിടുന്നില്‍ നാം ജീവിക്കുന്നു; ചരിക്കുന്നു; നിലനില്‍ക്കുന്നു. നാം അവിടുത്തെ സന്താനങ്ങളാണ് എന്ന് നിങ്ങളുടെതന്നെ ചില കവികള്‍ പറഞ്ഞിട്ടുണ്ടല്ലോ. നാം ദൈവത്തിന്‍റെ സന്താനങ്ങളാകയാല്‍ മനുഷ്യന്‍റെ ഭാവനയും ശില്‍പവിദ്യയും ചേര്‍ന്ന് സ്വര്‍ണത്തിലും വെള്ളിയിലും കല്ലിലും കൊത്തിയെടുക്കുന്ന പ്രതിമപോലെയാണ് ദൈവരൂപമെന്ന് വിചാരിക്കരുത്. അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല. എന്നാല്‍, ഇപ്പോള്‍ എല്ലായിടത്തുമുള്ള സകല ജനങ്ങളും പശ്ചാത്തപിക്കണമെന്ന് അവിടുന്ന് ആജ്ഞാപിക്കുന്നു. എന്തെന്നാല്‍, താന്‍ നിയോഗിച്ചിരിക്കുന്ന ഒരു മനുഷ്യന്‍ വഴി ലോകത്തെ മുഴുവന്‍ നീതിയോടെ വിധിക്കാന്‍ അവിടുന്ന് ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചുകൊണ്ട് അവിടുന്ന് ഇതിന് ഉറപ്പു നല്‍കിയിട്ടുമുണ്ട്.
മരിച്ചവരുടെ പുനരുത്ഥാനത്തെപ്പറ്റി കേട്ടപ്പോള്‍ ചിലര്‍ അവനെ പരിഹസിച്ചു. എന്നാല്‍, ചിലര്‍ പറഞ്ഞു: ഇവയെക്കുറിച്ച് നിന്നില്‍നിന്നു ഞങ്ങള്‍ പിന്നീടൊരിക്കല്‍ കേട്ടുകൊള്ളാം. അങ്ങനെ പൗലോസ് അവരുടെയിടയില്‍നിന്നു പോയി. എന്നാല്‍, കുറെയാളുകള്‍ അവനോടു ചേര്‍ന്ന് വിശ്വാസം സ്വീകരിച്ചു. അരയോപ്പാഗസുകാരന്‍ ഡയനീഷ്യസും ദമാറിസ് എന്നുപേരുള്ള സ്ത്രീയും മറ്റുചിലരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇതിനുശേഷം പൗലോസ് ആഥന്‍സ് വിട്ടു കോറിന്തോസില്‍ എത്തി.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (148:1-2,11-13,14)
R (v) ആകാശവും ഭൂമിയും കര്‍ത്താവിനെ സ്തുതിക്കട്ടെ. (അല്ലെങ്കില്‍: അല്ലേലൂയാ!)
1. ആകാശത്തുനിന്നു കര്‍ത്താവിനെ സ്തുതിക്കുവിന്‍. ഉന്നതങ്ങളില്‍ അവിടുത്തെ സ്തുതിക്കുവിന്‍. കര്‍ത്താവിന്‍റെ ദൂതന്‍മാരേ, അവിടുത്തെ സ്തുതിക്കുവിന്‍; കര്‍ത്താവിന്‍റെ സൈന്യങ്ങളെ, അവിടുത്തെ സ്തുതിക്കുവിന്‍.
R ആകാശവും ഭൂമിയും …………
2. ഭൂമിയിലെ രാജാക്കന്‍മാരും ജനതകളും പ്രഭുക്കന്‍മാരും ഭരണാധികാരികളും, യുവാക്കളും കന്യകമാരും വൃദ്ധരും ശിശുക്കളും, കര്‍ത്താവിന്‍റെ നാമത്തെ സ്തുതിക്കട്ടെ! അവിടുത്തെ നാമം മാത്രമാണു സമുന്നതം; അവിടുത്തെ മഹത്വം ഭൂമിയെയും ആകാശത്തെയുംകാള്‍ ഉന്നതമാണ്.
R ആകാശവും ഭൂമിയും …………
3. അവിടുന്നു തന്‍റെ ജനത്തിനുവേണ്ടി ഒരു കൊമ്പ് ഉയര്‍ത്തിയിരിക്കുന്നു; തന്നോടു ചേര്‍ന്നുനില്‍ക്കുന്ന ഇസ്രായേല്‍ ജനത്തിന്‍റെ മഹത്വംതന്നെ. കര്‍ത്താവിനെ സ്തുതിക്കുവിന്‍.
R ആകാശവും ഭൂമിയും …………
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ.14:16) ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്ക് തരുകയും ചെയ്യും. – അല്ലേലൂയാ!
സുവിശേഷം
വി. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍നിന്ന് (16:12-15)
(സത്യാത്മാവ് വരുമ്പോള്‍ നിങ്ങളെ സത്യത്തിന്‍റെ പൂര്‍ണതയിലേക്കു നയിക്കും)
അക്കാലത്ത്, യേശു തന്‍റെ ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ഇനിയും വളരെ കാര്യങ്ങള്‍ എനിക്കു നിങ്ങളോടു പറയാനുണ്ട്. എന്നാല്‍, അവ ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കു കഴിവില്ല. സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്‍റെ പൂര്‍ണതയിലേക്കു നയിക്കും. അവന്‍ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്; അവന്‍ കേള്‍ക്കുന്നതു മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കും. അവന്‍ എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവന്‍ എന്നെ മഹത്വപ്പെടുത്തും. പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്. അതുകൊണ്ടാണ് എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച് അവന്‍ നിങ്ങളോടു പ്രഖ്യാപിക്കും എന്നു ഞാന്‍ പറഞ്ഞത്.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here