പെസഹാക്കാലം ആറാം ഞായര്‍ – 6/5/2018

ഒന്നാംവായന
അപ്പസ്തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന്
(10:25-26, 34-34,44-48)
(പരിശുദ്ധാത്മാവിന്‍റെ ദാനം വിജാതീയരുടെമേലും വര്‍ഷിക്കപ്പെട്ടിരിക്കുന്നു)
അക്കാലത്ത്, പത്രോസ് അകത്തു പ്രവേശിച്ചപ്പോള്‍ കൊര്‍ണേലിയൂസ് അവനെ സ്വീകരിച്ച് കാല്‍ക്കല്‍ വീണു നമസ്ക്കരിച്ചു. എഴുന്നേല്‍ക്കുക, ഞാനും ഒരു മനുഷ്യനാണ് എന്നു പറഞ്ഞുകൊണ്ട് പത്രോസ് അവനെ എഴുന്നേല്‍പിച്ചു. പത്രോസ് അവരോടു സംസാരിച്ചു തുടങ്ങി: സത്യമായും ദൈവത്തിനു പക്ഷപാതമില്ലെന്നും അവിടുത്തെ ഭയപ്പെടുകയും നീതിപ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആരും ഏതു ജനതയില്‍പ്പെട്ടവനായാലും, അവിടുത്തേക്കു സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു. പത്രോസ് അതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ കേട്ടുകൊണ്ടിരുന്ന എല്ലാവരുടേയുംമേല്‍ പരിശുദ്ധാത്മാവ് വന്നു. വിജാതീയരുടെമേല്‍പോലും പരിശുദ്ധാത്മാവിന്‍റെ ദാനം വര്‍ഷിക്കപ്പെട്ടതിനാല്‍, പത്രോസിനോടുകൂടെ വന്നിരുന്ന പരിച്ഛേദിതരായ വിശ്വാസികള്‍ വിസ്മയിച്ചു. അവര്‍ അന്യഭാഷകളില്‍ സംസാരിക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും അവര്‍ കേട്ടു. അപ്പോള്‍ പത്രോസ് പറഞ്ഞു: നമ്മെപ്പോലെതന്നെ പരിശുദ്ധാത്മാവിനെ സ്വീകരിച്ച ഇവര്‍ക്കു ജ്ഞാനസ്നാന ജലം നിഷേധിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ?യേശുക്രിസ്തുവിന്‍റെ നാമത്തില്‍ അവര്‍ക്ക് സ്നാനം നല്‍കാന്‍ അവന്‍ കല്‍പിച്ചു. കുറെ ദിവസം തങ്ങളോടുകൂടെ താമസിക്കണമെന്ന് അവര്‍ അവനോട് അഭ്യര്‍ത്ഥിച്ചു.
കര്‍ത്താവിന്‍റെ വചനം.
പ്രതിവചനസങ്കീര്‍ത്തനം (98:1,2-3,4 )
R (v.2b) അവിടുന്നു തന്‍റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി(അല്ലെങ്കില്‍ അല്ലേലൂയ)
1.കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;
അവിടുന്ന് അത്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു;
അവിടുത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.
R അവിടുന്നു……….
2. കര്‍ത്താവു തന്‍റെ വിജയം വിളംബരം ചെയ്തു;
അവിടുന്നു തന്‍റെ നീതി ജനതകളുടെ മുന്‍പില്‍
വെളിപ്പെടുത്തി.
ഇസ്രായേല്‍ഭവനത്തോടുള്ള തന്‍റെ കരുണയും വിശ്വസ്തതയും
അവിടുന്ന് അനുസ്മരിച്ചു;
R അവിടുന്നു……….
3. ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്‍റെ വിജയം
ദര്‍ശിച്ചു.
ഭൂമി മുഴുവന്‍ കര്‍ത്താവിന് ആനന്ദഗീതം ആലപിക്കട്ടെ!
ആഹ്ളാദാരവത്തോടെ അവിടുത്തെ സുതുതിക്കുവിന്‍.
R അവിടുന്നു……….
രണ്ടാം വായന
വി.യോഹന്നാന്‍ എഴുതിയ ഒന്നാം ലേഖനത്തില്‍ നിന്ന് (4:7 -10)
( ദൈവം സ്നേഹമാകുന്നു )
പ്രിയപ്പെട്ടവരേ, നമുക്കു പരസ്പരം സ്നേഹിക്കാം;എന്തെന്നാല്‍, സ്നേഹം ദൈവത്തില്‍നിന്നുള്ളതാണ്. സ്നേഹിക്കുന്ന ഏവനും ദൈവത്തില്‍ നിന്നു ജനിച്ചവനാണ്;അവന്‍ ദൈവത്തെ അറിയുകയും ചെയ്യുന്നു. സ്നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്നേഹമാണ്. തന്‍റെ ഏകപുത്രന്‍ വഴി നാം ജീവിക്കേണ്ടതിനായി ദൈവം അവനെ ലോകത്തിലേക്കയച്ചു. അങ്ങനെ, ദൈവത്തിന്‍റെ സ്നേഹം നമ്മുടെയിടയില്‍ വെളിപ്പെട്ടിരിക്കുന്നു. നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്നു നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം.
കര്‍ത്താവിന്‍റെ വചനം.
അല്ലേലൂയാ!
അല്ലേലൂയാ!(Jn.14:23) എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനം അനുസരിക്കും; അപ്പോള്‍ എന്‍റെ പിതാവ് അവനെ സ്നേഹിക്കയും ഞങ്ങള്‍ വന്ന് അവനോടുകൂടെ വാസമുറപ്പിക്കയും ചെയ്യും എന്നു കര്‍ത്താവ് അരുള്‍ച്ചെയ്യുന്നു – അല്ലേലൂയാ!
സുവിശേഷം
വി.യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍ നിന്ന് (15:9-17)
(സ്നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍
വലിയ സ്നേഹമില്ല)
അക്കാലത്ത്,ഈശോ തന്‍റെ ശിഷ്യന്‍മാരോട് അരുള്‍ച്ചെയ്തു:പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങള്‍ എന്‍റെ സ്നേഹത്തില്‍ നിലനില്‍ക്കുവിന്‍. ഞാന്‍ എന്‍റെ പിതാവിന്‍റെ കല്‍പനകള്‍ പാലിച്ച് അവിടുത്തെ സ്നേഹത്തില്‍ നിലനില്‍ക്കുന്നതുപോലെ, നിങ്ങള്‍ എന്‍റെ കല്പനകള്‍ പാലിച്ചാല്‍ എന്‍റെ സ്നേഹത്തില്‍ നിലനില്‍ക്കും.ഇത് ഞാന്‍ നിങ്ങളോടു പറഞ്ഞത് എന്‍റെ സന്തോഷം നിങ്ങളില്‍ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂര്‍ണമാകാനും വേണ്ടിയാണ്. ഇതാണ് എന്‍റെ കല്‍പന: ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. സ്നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹം ഇല്ല. ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നത് നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്‍റെ സ്നേഹിതരാണ്. ഇനി ഞാന്‍ നിങ്ങളെ ദാസന്‍മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്നേഹിതന്‍മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്‍റെ പിതാവില്‍ നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു. നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്തത്. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തന്‍മൂലം, നിങ്ങള്‍ എന്‍റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും. ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നു: പരസ്പരം സ്നേഹിക്കുവിന്‍.
കര്‍ത്താവിന്‍റെ സുവിശേഷം.

 

LEAVE A REPLY

Please enter your comment!
Please enter your name here