പെസഹാക്കാലം അഞ്ചാം വാരം: ചൊവ്വ – 1/5/2018

ഒന്നാം വായന
അപ്പസ്തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് (14:19-28) (ഞങ്ങള്‍ മുഖാന്തരം ദൈവം എന്തെല്ലാം പ്രവര്‍ത്തിച്ചുവെന്നും വിജാതീയര്‍ക്കു
വിശ്വാസത്തിന്‍റെ വാതില്‍ അവിടുന്ന് എങ്ങനെ തുറന്നുകൊടുത്തുവെന്നും
അവര്‍ വിശദീകരിച്ചു)
അക്കാലത്ത്, അന്ത്യോക്യായില്‍നിന്നും ഇക്കോണിയത്തില്‍ നിന്നും അവിടെയെത്തിയ യഹൂദന്‍മാര്‍ ജനങ്ങളെ പ്രേരിപ്പിച്ച് പൗലോസിനെ കല്ലെറിയിച്ചു. മരിച്ചുപോയെന്നു വിചാരിച്ച് അവര്‍ അവനെ നഗരത്തിനു പുറത്തേക്കു വലിച്ചുകൊണ്ടുപോയി. എന്നാല്‍, ശിഷ്യന്‍മാര്‍ അവനു ചുറ്റും കൂടിയപ്പോള്‍ അവന്‍ എഴുന്നേറ്റു പട്ടണത്തില്‍ പ്രവേശിച്ചു. അടുത്തദിവസം ബാര്‍ണബാസുമൊത്ത് അവന്‍ ദെര്‍ബോയിലേക്കു പോയി. ആ നഗരത്തിലും അവര്‍ സുവിശേഷം പ്രസംഗിച്ച് പലരെയും ശിഷ്യരാക്കി. അനന്തരം അവര്‍ ലിസ്ത്രായിലേക്കും ഇക്കോണിയത്തിലേക്കും അന്ത്യോക്യായിലേക്കും തിരിച്ചുചെന്നു. വിശ്വാസത്തില്‍ നിലനില്‍ക്കണമെന്നും നിരവധി പീഡനങ്ങളിലൂടെ ദൈവരാജ്യത്തില്‍ പ്രവേശിക്കണമെന്നും ഉപദേശിച്ചുകൊണ്ട് ശിഷ്യരുടെ മനസ്സിനെ അവര്‍ ശക്തിപ്പെടുത്തി. അവര്‍ സഭകള്‍തോറും ശ്രേഷ്ഠന്‍മാരെ നിയമിച്ച് പ്രാര്‍ത്ഥനയോടും ഉപവാസത്തോടുംകൂടെ, അവരെ തങ്ങള്‍ വിശ്വസിച്ച കര്‍ത്താവിനു സമര്‍പ്പിച്ചു.
പിന്നീട് അവര്‍ പിസീദിയായിലൂടെ കടന്ന് പാംഫീലിയായില്‍ എത്തി. പെര്‍ഗായില്‍ വചനം പ്രസംഗിച്ചതിനുശേഷം അവര്‍ അത്താലിയായിലേക്കു പോയി. അവിടെ നിന്ന് അന്ത്യോക്യായിലേക്ക് കപ്പല്‍ കയറി. തങ്ങള്‍ നിര്‍വഹിച്ച ദൗത്യത്തിന് ആവശ്യമായിരുന്ന ദൈവകൃപയ്ക്ക് അവര്‍ ഭരമേല്‍പിക്കപ്പെട്ടത് അവിടെവച്ചാണല്ലോ. അവര്‍ അവിടെ എത്തിയപ്പോള്‍ സഭയെ വിളിച്ചുകൂട്ടി തങ്ങള്‍ മുഖാന്തരം ദൈവം എന്തെല്ലാം പ്രവര്‍ത്തിച്ചുവെന്നും വിജാതീയര്‍ക്കു വിശ്വാസത്തിന്‍റെ വാതില്‍ അവിടുന്ന് എങ്ങനെ തുറന്നുകൊടുത്തുവെന്നും വിശദീകരിച്ചു. പിന്നീട്, കുറെക്കാലത്തേക്ക് അവര്‍ ശിഷ്യരോടുകൂടെ അവിടെ താമസിച്ചു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (145:10-11,12-13ab,21)
R (v.10) കര്‍ത്താവേ, അങ്ങയുടെ വിശുദ്ധര്‍ അങ്ങയെ വാഴ്ത്തും. അവിടുത്തെ രാജ്യത്തിന്‍റെ മഹത്വത്തെപ്പറ്റി അവര്‍ സംസാരിക്കും. (അല്ലെങ്കില്‍: അല്ലേലൂയാ!)
1. കര്‍ത്താവേ, അവിടുത്തെ എല്ലാ സൃഷ്ടികളും അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കും; അങ്ങയുടെ വിശുദ്ധര്‍ അങ്ങയെ വാഴ്ത്തും. അവിടുത്തെ രാജ്യത്തിന്‍റെ മഹത്വത്തെപ്പറ്റി അവര്‍ സംസാരിക്കും; അവിടുത്തെ ശക്തിയെ അവര്‍ വര്‍ണിക്കും.
R കര്‍ത്താവേ, അങ്ങയുടെ …………
2. അവിടുത്തെ ശക്തമായ പ്രവൃത്തികളും അവിടുത്തെ രാജ്യത്തിന്‍റെ മഹത്വപൂര്‍ണമായ പ്രതാപവും മനഷ്യമക്കളെ അവര്‍ അറിയിക്കും. അവിടുത്തെ രാജത്വം ശാശ്വതമാണ്; അവിടുത്തെ ആധിപത്യം തലമുറകളോളം നിലനില്‍ക്കുന്നു.
R കര്‍ത്താവേ, അങ്ങയുടെ …………
3. എന്‍റെ വായ് കര്‍ത്താവിന്‍റെ സ്തുതികള്‍ പാടും; എല്ലാ ജീവജാലങ്ങളും അവിടുത്തെ വിശുദ്ധനാമത്തെ എന്നേക്കും വാഴ്ത്തട്ടെ!
R കര്‍ത്താവേ, അങ്ങയുടെ …………
അല്ലേലൂയാ!
അല്ലേലൂയാ! (cf.ലൂക്കാ.24:46,26) ക്രിസ്തു സഹിക്കുകയും മൂന്നാം ദിവസം മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത് അവിടുത്തെ മഹത്വത്തിലേക്ക് പ്രവേശിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. – അല്ലേലൂയാ!
സുവിശേഷം
വി. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍നിന്ന്
(14:27-31a)
(എന്‍റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു)
അക്കാലത്ത്, യേശു തന്‍റെ ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്‍റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ. ഞാന്‍ പോകുന്നെന്നും വീണ്ടും നിങ്ങളുടെ അടുത്തേക്കു വരുമെന്നും ഞാന്‍ പറഞ്ഞതു നിങ്ങള്‍ കേട്ടല്ലോ. നിങ്ങള്‍ എന്നെ സ്നേഹിച്ചിരുന്നുവെങ്കില്‍, പിതാവിന്‍റെയടുത്തേക്കു ഞാന്‍ പോകുന്നതില്‍ നിങ്ങള്‍ സന്തോഷിക്കുമായിരുന്നു. എന്തെന്നാല്‍, പിതാവ് എന്നെക്കാള്‍ വലിയവനാണ്. അതു സംഭവിക്കുമ്പോള്‍ നിങ്ങള്‍ വിശ്വസിക്കേണ്ടതിന്, സംഭവിക്കുന്നതിനു മുമ്പുതന്നെ നിങ്ങളോടു ഞാന്‍ പറഞ്ഞിരിക്കുന്നു. നിങ്ങളോട് ഇനിയും ഞാന്‍ അധികം സംസാരിക്കുകയില്ല. കാരണം, ഈ ലോകത്തിന്‍റെ അധികാരി വരുന്നു. എങ്കിലും അവന് എന്‍റെമേല്‍ അധികാരമില്ല. എന്നാല്‍, ഞാന്‍ പിതാവിനെ സ്നേഹിക്കുന്നുവെന്നും അവിടുന്ന് എന്നോടു കല്‍പിച്ചതുപോലെ ഞാന്‍ പ്രവര്‍ത്തിക്കുന്നുവെന്നും ലോകം അറിയണം.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here