പെസഹാകാലം അഞ്ചാം വാരം : ശനി (16/05/20)

ഒന്നാം വായന
അപ്പസ്തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് (16:1-10)
(മക്കെദോനിയായിലേക്കു വന്ന് ഞങ്ങളെ സഹായിക്കുക )
അക്കാലത്ത്, ദെര്‍ബേ, ലിസ്ത്രാ എന്നീ സ്ഥലങ്ങളില്‍ പൗലോസ് എത്തിച്ചേര്‍ന്നു. ലിസ്ത്രായില്‍ തിമോത്തേയോസ് എന്നു പേരുള്ള ഒരു ശിഷ്യനുണ്ടായിരുന്നു – വിശ്വാസിനിയായ ഒരു യഹൂദസ്ത്രീയുടെ മകന്‍. എന്നാല്‍, അവന്‍റെ പിതാവ് ഗ്രീക്കുകാരനായിരുന്നു. ലിസ്ത്രാ, ഇക്കോണിയം എന്നിവിടങ്ങളിലെ സഹോദരര്‍ക്ക് അവനെപ്പറ്റി നല്ല മതിപ്പുണ്ടായിരുന്നു. അവനെ തന്‍റെകൂടെ കൊണ്ടുപോകാന്‍ പൗലോസ് തീരുമാനിച്ചു. ആ സ്ഥലങ്ങളിലുള്ള യഹൂദരെ പരിഗണിച്ച് പൗലോസ് അവനു പരിച്ഛേദനകര്‍മ്മം നടത്തി. എന്തെന്നാല്‍, അവന്‍റെ പിതാവ് ഗ്രീക്കുകാരനാണെന്ന് അവരെല്ലാവരും അറിഞ്ഞിരുന്നു. ജറുസലെമില്‍വച്ച് അപ്പസ്തോലന്‍മാരും ശ്രേഷ്ഠന്‍മാരും എടുത്ത തീരുമാനങ്ങള്‍ അനുസരിക്കണമെന്ന് അവര്‍ നഗരങ്ങളിലൂടെ ചുറ്റി സഞ്ചരിക്കവേ അവിടെയുള്ളവരെ അറിയിച്ചു. തന്‍മൂലം സഭകള്‍ വിശ്വാസത്തില്‍ ശക്തിപ്പെടുകയും അവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയും ചെയ്തു.
ഏഷ്യയില്‍ വചനം പ്രസംഗിക്കുന്നതില്‍നിന്ന് പരിശുദ്ധാത്മാവ് അവരെ പിന്തിരിപ്പിച്ചതുകൊണ്ട് അവര്‍ ഫ്രീജിയാ, ഗലാത്തിയാ എന്നിവിടങ്ങളിലൂടെ യാത്ര ചെയ്തു. മീസിയായ്ക്ക് അടുത്തു വന്നപ്പോള്‍ ബിഥീനിയായിലേക്കു പോകാന്‍ അവര്‍ ആഗ്രഹിച്ചു. എങ്കിലും യേശുവിന്‍റെ ആത്മാവ് അതിനനുവദിച്ചില്ല. തന്‍മൂലം, മീസിയാ പിന്നിട്ട് അവര്‍ ത്രോവാസിലേക്കു പോയി. രാത്രിയില്‍ പൗലോസിന് ഒരു ദര്‍ശനമുണ്ടായി. മക്കെദോനിയാക്കാരനായ ഒരുവന്‍ അവന്‍റെ മുമ്പില്‍നിന്ന് ഇപ്രകാരം അഭ്യര്‍ത്ഥിച്ചു. മക്കെദോനിയായിലേക്കു വന്ന് ഞങ്ങളെ സഹായിക്കുക. മക്കെദോനിയാക്കാരെ സുവിശേഷമറിയിക്കാന്‍ ദൈവം ഞങ്ങളെ വിളിച്ചിരിക്കയാണെന്ന് അറിഞ്ഞ് അവന് ദര്‍ശനമുണ്ടായ ഉടനെ ഞങ്ങള്‍ അങ്ങോട്ടു പോകാന്‍ ഉദ്യമിച്ചു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (100:1-2,3,5)
ഞ (്.1മ) ഭൂമി മുഴുവന്‍ കര്‍ത്താവിന്‍റെ മുന്‍പില്‍ ആനന്ദഗീതം ഉതിര്‍ക്കട്ടെ. (അല്ലെങ്കില്‍: അല്ലേലൂയാ!)
1. ഭൂമി മുഴുവന്‍ കര്‍ത്താവിന്‍റെ മുന്‍പില്‍ ആനന്ദഗീതം ഉതിര്‍ക്കട്ടെ. സന്തോഷത്തോടെ കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവിന്‍; ഗാനാലാപത്തോടെ അവിടുത്തെ സന്നിധിയില്‍ വരുവിന്‍.
ഞ ഭൂമി മുഴുവന്‍ …………
2. കര്‍ത്താവു ദൈവമാണെന്ന് അറിയുവിന്‍; അവിടുന്നാണു നമ്മെ സൃഷ്ടിച്ചത്; നമ്മള്‍ അവിടുത്തേതാണ്; നാം അവിടുത്തെ ജനവും അവിടുന്നു മേയ്ക്കുന്ന അജഗണവുമാകുന്നു.
ഞ ഭൂമി മുഴുവന്‍ …………
3. കര്‍ത്താവു നല്ലവനാണ്. അവിടുത്തെ കാരുണ്യം ശാശ്വതമാണ്; അവിടുത്തെ വിശ്വസ്തത തലമുറകളോളം നിലനില്‍ക്കും.
ഞ ഭൂമി മുഴുവന്‍ …………
അല്ലേലൂയാ!
അല്ലേലൂയാ! (കൊളോ.3:1) ക്രിസ്തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍. – അല്ലേലൂയാ!
സുവിശേഷം
വി. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍നിന്ന്  (15:18-21)
(ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തെരഞ്ഞെടുത്തതുകൊണ്ട്,
ലോകം നിങ്ങളെ ദ്വേഷിക്കുന്നു)
അക്കാലത്ത്, യേശു തന്‍റെ ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്‍റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്‍റേതല്ലാത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു. ദാസന്‍ യജമാനനേക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം ഓര്‍മിക്കുവിന്‍. അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും. അവര്‍ എന്‍റെ വചനം പാലിച്ചുവെങ്കില്‍ നിങ്ങളുടേതും പാലിക്കും. എന്നാല്‍, എന്‍റെ നാമം മൂലം അവര്‍ ഇതെല്ലാം നിങ്ങളോടു ചെയ്യും. കാരണം, എന്നെ അയച്ചവനെ അവര്‍ അറിയുന്നില്ല.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here