പെന്തക്കൊസ്താത്തിരുനാള്‍ (അമ്പതാം തിരുനാള്‍) ദിനപൂജ – 20/5/2018

ഒന്നാംവായന
അപ്പസ്തോലന്‍മാരുടെ പുസ്തകത്തില്‍ നിന്ന് (2:1-11)
(അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു,
വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി)
പന്തക്കുസ്താദിനം സമാഗതമായപ്പോള്‍ അപ്പസ്തോലന്‍മാര്‍ എല്ലാവരും ഒരുമിച്ചുകൂടിയിയിരിക്കുകയായിരുന്നു. കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവര്‍ സമ്മേളിച്ചിരുന്ന വീടു മുഴുവന്‍ നിറഞ്ഞു. അഗ്നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടേയുംമേല്‍ വന്നു നില്‍ക്കുന്നതായി അവര്‍ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവര്‍ വിവിധഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി.
ആകാശത്തിന്‍ കീഴിലുള്ള സകല ജനപദങ്ങളിലും നിന്നു വന്ന ഭക്തരായ യഹൂദര്‍ ജറുസലെമില്‍ ഉണ്ടായിരുന്നു. ആരവം ഉണ്ടായപ്പോള്‍ ജനം ഒരുമിച്ചുകൂടുകയും തങ്ങളോരോരുത്തരുടേയും ഭാഷകളില്‍ അപ്പസ്തോലന്‍മാര്‍ സംസാരിക്കുന്നതുകേട്ട് അദ്ഭുതപ്പെടുകയും ചെയ്തു. അവര്‍ വിസ്മയഭരിതരായി പറഞ്ഞു: ഈ സംസാരിക്കുന്നവരെല്ലാവരും ഗലീലിയരല്ലേ?നാമെല്ലാവരും താന്താങ്ങളുടെ മാതൃഭാഷയില്‍ ശ്രവിക്കുന്നതെങ്ങനെ?പാര്‍ത്തിയാക്കാരും മേദിയാക്കാരും എലാമിയാക്കാരും മെസെപ്പൊട്ടാമിയന്‍ നിവാസികളും യൂദയായിലും കപ്പതോക്കിയായിലും പോന്തസിലും ഏഷ്യയിലും താമസിക്കുന്നവരും ഫീജിയായിലും പാംഫീലിയായിലും ഈജിപ്തിലും കിറേനയുടെ ലിബിയാപ്രദേശങ്ങളിലും നിവസിക്കുന്നവരും റോമായില്‍നിന്നുള്ള സന്ദര്‍ശകരും യഹൂദരും യഹൂദമതം സ്വീകരിച്ചവരും ക്രേത്യരും അറേബ്യരും ആയ നാമെല്ലാം, ദൈവത്തിന്‍റെ അദ്ഭുതപ്രവൃത്തികള്‍ അവര്‍ വിവരിക്കുന്നതു നമ്മുടെ മാതൃഭാഷകളില്‍ കേള്‍ക്കുന്നല്ലോ.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (104:1ab-24ac,29bc 30, 31 +34)
R (v 30) കര്‍ത്താവേ, അങ്ങ് ജീവശ്വാസമയച്ച് ഭൂമുഖം
നവീകരിക്കണമേ.
1. എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക;
എന്‍റെ ദൈവമായ കര്‍ത്താവേ, അങ്ങ് അത്യുന്നതനാണ്;
കര്‍ത്താവേ, അങ്ങയുടെ സൃഷ്ടികള്‍ എത്ര
വൈവിധ്യപൂര്‍ണങ്ങളാണ്!
ഭൂമി അങ്ങയുടെ സൃഷ്ടികളാല്‍ നിറഞ്ഞിരിക്കുന്നു.
R കര്‍ത്താവേ, അങ്ങ്………….
2. അങ്ങ് അവയുടെ ശ്വാസം പിന്‍വലിക്കുമ്പോള്‍ അവ
മരിച്ചു പൂഴിയിലേക്കു മടങ്ങുന്നു.
അങ്ങ് ജീവശ്വാസമയയ്ക്കുമ്പോള്‍ അവ സൃഷ്ടിക്കപ്പെടുന്നു;
അങ്ങു ഭൂമുഖം നവീകരിക്കുന്നു.
R കര്‍ത്താവേ, അങ്ങ്………….
3. കര്‍ത്താവിന്‍റെ മഹത്വം എന്നേക്കു നിലനില്‍ക്കട്ടെ!
കര്‍ത്താവു തന്‍റെ സൃഷ്ടികളില്‍ ആനന്ദിക്കട്ടെ!
എന്‍റെ ഈ ഗാനം അവിടുത്തേക്കു പ്രീതികരമാകട്ടെ!
ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കുന്നു.
R കര്‍ത്താവേ, അങ്ങ്………….
രണ്ടാം വായന
വി.പൗലോസ് അപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്ക്
എഴുതിയ ഒന്നാം ലേഖനത്തില്‍ നിന്ന് (12:3യ -7,12-13)
(നമ്മളെല്ലാവരും ഒരേ ആത്മാവില്‍ ഏക ശരീരമാകാന്‍
ജ്ഞാനസ്നാനമേറ്റു)
സഹോദരരേ, യേശു കര്‍ത്താവാണ് എന്നു പറയാന്‍ പരിശുദ്ധാത്മാവു മുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ലെന്ന് നിങ്ങള്‍ ഗ്രഹിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ദാനങ്ങളില്‍ വൈവിധ്യം ഉണ്ടെങ്കിലും ആത്മാവ് ഒന്നുതന്നെ. ശുശ്രൂഷകളില്‍ വൈവിധ്യം ഉണ്ടെങ്കിലും കര്‍ത്താവ് ഒന്നു തന്നെ. പ്രവൃത്തികളില്‍ വൈവിധ്യം ഉണ്ടെങ്കിലും എല്ലാവര്‍ക്കും എല്ലാറ്റിലും പ്രചോദനം നല്‍കുന്ന ദൈവം ഒന്നു തന്നെ. ഓരോരുത്തരിലും ആത്മാവു വെളിപ്പെടുന്നത് പൊതു നന്‍മയ്ക്കുവേണ്ടിയാണ്. ശരീരം ഒന്നാണെങ്കിലും, അതില്‍ പല അവയവങ്ങള്‍ ഉണ്ട്. അവയവങ്ങള്‍ പലതെങ്കിലും അവയെല്ലാം ചേര്‍ന്ന് ഏകശരീരമായിരിക്കുന്നു. അതുപോലെതന്നെയാണ് ക്രിസ്തുവും നമ്മളെല്ലാവരും ഒരേ ആത്മാവില്‍ ഏകശരീരമാകാന്‍ ജ്ഞാനസ്നാനമേറ്റു. യഹൂദരെന്നോ ഗ്രീക്കുകാരെന്നോ, അടിമകളെന്നോ സ്വതന്ത്രരെന്നോ ഭേദം കൂടാതെ ഒരേ ആത്മാവിനെ പാനം ചെയ്യാന്‍ എല്ലാവര്‍ക്കും സാധിച്ചു.
കര്‍ത്താവിന്‍റെ വചനം
വി.പൗലോസ് അപ്പസ്തോലന്‍ ഗലാത്തിയാക്കാര്‍ക്ക്
എഴുതിയ ലേഖനത്തില്‍ നിന്ന് (5:16 -25)
(ആത്മാവിന്‍റെ ഫലങ്ങള്‍)
സഹോദരരേ,ആത്മാവിന്‍റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്. എന്തെന്നാല്‍, ജഡമോഹങ്ങള്‍ ആത്മാവിന് എതിരാണ്;ആത്മാവിന്‍റെ അഭിലാഷങ്ങള്‍ ജഡത്തിനും എതിരാണ്. അവ പരസ്പരം എതിര്‍ക്കുന്നതു നിമിത്തം ആഗ്രഹിക്കുന്നതു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്കു സാധിക്കാതെ വരുന്നു. ആത്മാവ് നിങ്ങളെ നയിക്കുന്നെങ്കില്‍ നിങ്ങള്‍ നിയമത്തിനു കീഴല്ല. ജഡത്തിന്‍റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്സവം ഇവയും ഈദൃശ്യമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത് ഇപ്പോഴും ആവര്‍ത്തിക്കുന്നു.
എന്നാല്‍, ആത്മാവിന്‍റെ ഫലങ്ങള്‍ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ,നന്‍മ, വിശ്വസ്തത,സൗമ്യത, ആത്മസംയമനം ഇവയാണ്. ഇവയ്ക്കെതിരായി ഒരു നിയമവുമില്ല. യേശുക്രിസ്തുവിനുള്ളവര്‍ തങ്ങളുടെ ജഡത്തെ അതിന്‍റെ വികാരങ്ങളോടും മോഹങ്ങളോടുംകൂടെ ക്രൂശിച്ചിരിക്കുന്നു. നമ്മള്‍ ആത്മാവിലാണ് ജീവിക്കുന്നതെങ്കില്‍ നമുക്കു ആത്മാവില്‍ വ്യാപരിക്കാം.
കര്‍ത്താവിന്‍റെ വചനം.
ടലൂൗലിരല
പരിശുദ്ധാത്മാവേ,എഴുന്നരുളിയാലും,
സ്വര്‍ഗത്തില്‍ നിന്നങ്ങു തൂകുമാറാകണേ
അങ്ങേ പ്രകാശത്തിന്‍ കതിരുകള്‍
പാവങ്ങള്‍ തന്‍ പിതാവേ, വരിക,
വരസംദായകാ, വരിക,
ഹൃദയങ്ങള്‍ തന്‍ മണിദീപമേ, വരിക
അത്യുത്തമനാം ആശ്വാസദായക,
ആത്മാവിന്‍ മധുരതമമാം അതിഥി,
ഇമ്പമേറും ശീതളസങ്കേതമേ.
അദ്ധ്വാനകര്‍മത്തിന്‍ വിശ്രമമാണങ്ങ്
ചൂടേറും വേളയില്‍ ആറ്റും തണലങ്ങ്
കണ്ണുനീര്‍വാര്‍ക്കുമ്പോള്‍ ആശ്വാസവുമങ്ങ്.
പരമധന്യമായുള്ള പ്രകാശമേ,
താവകഭക്തരാമേവരുടെയും
ഹൃദയാന്തരംഗങ്ങള്‍ ചെമ്മേ നിറച്ചാലും.
അങ്ങയുടെ ദിവ്യസഹായമില്ലാതെ
മാനുഷനിലൊന്നുമില്ലതുനിശ്ചയം,
നിര്‍മ്മലമായതും ഒന്നുമില്ലത്രേ.
മലിനമായതു കഴുകിടണമേ,
വരണ്ടുപോയതു നനച്ചിടണമേ,
മുറിപ്പെട്ടതു സുഖപ്പെടുത്തണമേ
കടുപ്പമുള്ളതു വഴക്കിനിര്‍ത്തുക
തണുത്തുപോയതു ചൂടുറ്റതാക്കുക.
വഴുതിപ്പോയതു നേര്‍വഴിയാക്കുക
അങ്ങയുടെ ഈ ഭക്തജനങ്ങള്‍ക്ക്,
അങ്ങയെ ശരണം പ്രാപിച്ചവര്‍ക്ക്,
അങ്ങയുടെ സപ്തദാനങ്ങളേകണേ.
പുണ്യസല്‍ഫലം ഞങ്ങള്‍ക്കു നല്‍കുക
സ്വര്‍ഗകവാടം തുറന്നുതന്നീടുക
നിത്യസൗഭാഗ്യം കല്‍പ്പിച്ചരുളുക
ആമേന്‍, അല്ലേലൂയാ!
അല്ലേലൂയാ!
അല്ലേലൂയാ!പരിശുദ്ധാത്മാവേ, എഴുന്നള്ളുക;വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കുക; അവയില്‍ അങ്ങയുടെ സ്നേഹാഗ്നി ഉജ്ജലിപ്പിക്കുക – അല്ലേലൂയാ!
സുവിശേഷം
വി.യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍ നിന്ന് (20:19-23)
(പിതാവ് എന്നെ അയച്ചതുപോലെ, ഞാനും നിങ്ങളെ അയയ്ക്കുന്നു;
നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍ )
ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യന്‍മാര്‍ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, യേശു വന്ന് അവരുടെ മധ്യേനിന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!ഇപ്രകാരം പറഞ്ഞുകൊണ്ട് അവന്‍ തന്‍റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട് ശിഷ്യന്‍മാര്‍ സന്തോഷിച്ചു. യേശു വീണ്ടും അവരോടു പറഞ്ഞു:നിങ്ങള്‍ക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.ഇതു പറഞ്ഞിട്ട് അവരുടെ മേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും.നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.
കര്‍ത്താവിന്‍റെ സുവിശേഷം.
അല്ലെങ്കില്‍
സുവിശേഷം
വി.യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍ നിന്ന് (15:26-27;16:12-15)
(സത്യാത്മാവ് വരുമ്പോള്‍ നിങ്ങളെ സത്യത്തിന്‍റെ പൂര്‍ണതയിലേക്കു നയിക്കും )
അക്കാലത്ത് യേശു തന്‍റെ ശിഷ്യന്‍മാരോട് അരുളിച്ചെയ്തു:ഞാന്‍ പിതാവിന്‍റെ അടുത്തുനിന്ന് അയയ്ക്കുന്ന സഹായകന്‍, പിതാവില്‍നിന്നു പുറപ്പെടുന്ന ആ സത്യാത്മാവ്, വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ച് സാക്ഷ്യം നല്‍കും. ആരംഭം മുതല്‍ എന്നോടുകൂടെയുള്ളവരായതുകൊണ്ട് നിങ്ങളും സാക്ഷ്യം നല്‍കും.ഇനിയും വളരെ കാര്യങ്ങള്‍ എനിക്കു നിങ്ങളോടു പറയാനുണ്ട്. എന്നാല്‍, അവ ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കു കഴിവില്ല. സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്‍റെ പൂര്‍ണതയിലേക്കു നയിക്കും. അവന്‍ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്;അവന്‍ കേള്‍ക്കുന്നത് മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കും. അവന്‍ എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവന്‍ എന്നെ മഹത്വപ്പെടുത്തും. പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്. അതുകൊണ്ടാണ് എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച് അവന്‍ നിങ്ങളോടു പ്രഖ്യാപിക്കും എന്നു ഞാന്‍ പറഞ്ഞത്.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here