പീഡാനുഭവ ഞായര്‍:കുരുത്തോലത്തിരുനാള്‍ – 25/3/2018

കുരുത്തോലപ്രദക്ഷിണം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍നിന്ന് (11:1-10)
(കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍)
യേശുവും ശിഷ്യന്‍മാരും ജറുസലെമിനെ സമീപിക്കുകയായിരുന്നു. ഒലിവുമലയ്ക്കു സമീപമുള്ള ബേത്ഫഗെ, ബധാനിയാ എന്നീ സ്ഥലങ്ങള്‍ക്കടുത്തെത്തിയപ്പോള്‍ യേശു രണ്ടു ശിഷ്യന്‍മാരെ അയച്ചുകൊണ്ടു പറഞ്ഞു:എതിരേ കാണുന്ന ഗ്രാമത്തിലേക്കു ചെല്ലുവിന്‍. അതില്‍ പ്രവേശിക്കുമ്പോള്‍ത്തന്നെ, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും. അതിനെ അഴിച്ചുകൊണ്ടുവരുവിന്‍. നിങ്ങളെന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്തെന്ന് ആരെങ്കിലും ചോദിച്ചാല്‍, കര്‍ത്താവിന് അതിനെക്കൊണ്ട് ആവശ്യമുണ്ട്;ഉടനെ തിരിച്ചയക്കുന്നതാണ് എന്നു പറയുക. അവര്‍പോയി, തെരുവില്‍ ഒരു പടിവാതില്‍ക്കല്‍ ഒരു കഴുതക്കുട്ടിയെ കെട്ടിയിട്ടിരിക്കുന്നതു കണ്ടു. അവര്‍ അതിനെ അഴിക്കുമ്പോള്‍ അവിടെ നിന്നിരുന്നവര്‍ അവരോടു ചോദിച്ചു:നിങ്ങളെന്തിനാണ് കഴുതക്കുട്ടിയെ അഴിക്കുന്നത്?യേശു പറഞ്ഞതുപോലെ ശിഷ്യന്‍മാര്‍ മറുപടി പറഞ്ഞു. അതിനെ കൊണ്ടുപോകാന്‍ അവര്‍ അനുവദിച്ചു. അവര്‍ കഴുതക്കുട്ടിയെ യേശുവിന്‍റെ അടുത്തുകൊണ്ടുവന്ന്, അതിന്‍റെ പുറത്ത് തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ചു. അവന്‍ കയറിയിരുന്നു. വളരെപ്പേര്‍ തെരുവീഥിയില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ചു. മറ്റുള്ളവര്‍ വയലില്‍നിന്ന് പച്ചിലക്കൊമ്പുകള്‍ മുറിച്ചു നിരത്തി. അവന്‍റെ മുമ്പിലും പിമ്പിലും നടന്നിരുന്നവര്‍ വിളിച്ചു പറഞ്ഞു: ഹോസാന!കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! നമ്മുടെ പിതാവായ ദാവീദിന്‍റെ സമാഗതമാകുന്ന രാജ്യം അനുഗഹീതം!ഉന്നതങ്ങളില്‍ ഹോസാന!
കര്‍ത്താവിന്‍റെ വചനം.
അല്ലെങ്കില്‍
വി.യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍നിന്ന് (12:12-16)
അടുത്തദിവസം. തിരുനാളിനു വന്നുകൂടിയ ഒരു വലിയ ജനക്കൂട്ടം യേശു ജറുസലെമിലേക്കു വരുന്നെന്നു കേട്ട്, ഈന്തപ്പനയുടെ കൈകള്‍ എടുത്തുകൊണ്ട് അവനെ എതിരേല്‍ക്കാന്‍ പുറപ്പെട്ടു. അവര്‍ വിളിച്ചു പറഞ്ഞു:ഹോസാന!കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവനും ഇസ്രായേലിന്‍റെ രാജാവുമായവന്‍ വാഴ്ത്തപ്പെട്ടവന്‍. യേശു ഒരു കഴുതക്കുട്ടിയെക്കണ്ട് അതിന്‍റെ പുറത്ത് കയറിയിരുന്നു. സീയോന്‍പുത്രീ, ഭയപ്പെടേണ്ടാ;ഇതാ, നിന്‍റെ രാജാവ് കഴുതക്കുട്ടിയുടെ പുറത്ത് എഴുന്നള്ളുന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു. അവന്‍റെ ശിഷ്യന്‍മാര്‍ക്ക് ആദ്യം ഇതു മനസ്സിലായില്ല. എന്നാല്‍, യേശു മഹത്വം പ്രാപിച്ചപ്പോള്‍ അവനെപ്പറ്റി ഇക്കാര്യങ്ങള്‍ എഴുതപ്പെട്ടിരുന്നുവെന്നും അവനുവേണ്ടി ഇവയെല്ലാം ചെയ്തുവെന്നും അവര്‍ അനുസ്മരിച്ചു.
ദിവ്യബലി
ഒന്നാംവായന
ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന് (50:4-7)
(എന്നെ തല്ലുന്നവരില്‍ നിന്ന് എന്‍റെ മുഖം ഞാന്‍ മറച്ചില്ല.ഞാന്‍ ലജ്ജിതനാകയില്ലെന്ന് എനിക്ക് അറിയാം – ദൈവദാസന്‍റെ മൂന്നാം പാട്ട്)
പരിക്ഷീണന് ആശ്വാസം നല്‍കുന്ന വാക്ക് ദൈവമായ കര്‍ത്താവ് എന്നെ ശിഷ്യനെയെന്ന പോലെ അഭ്യസിപ്പിച്ചു. പ്രഭാതം തോറും അവിടുന്ന് എന്‍റെ കാതുകളെ ശിഷ്യനെയെന്നപോലെ ഉണര്‍ത്തുന്നു. ദൈവമായ കര്‍ത്താവ് എന്‍റെ കാതുകള്‍ തുറന്നു. ഞാന്‍ എതിര്‍ക്കുകയോ പിന്‍മാറുകയോ ചെയ്തില്ല. അടിച്ചവര്‍ക്ക് പുറവും താടിമീശ പറിച്ചവര്‍ക്കു കവിളുകളും ഞാന്‍ കാണിച്ചുകൊടുത്തു. നിന്ദയില്‍ നിന്നും തുപ്പലില്‍നിന്നും ഞാന്‍ മുഖം തിരിച്ചില്ല. ദൈവമായ കര്‍ത്താവ് എന്നെ സഹായിക്കുന്നതിനാല്‍ ഞാന്‍ പതറുകയില്ല.ഞാന്‍ എന്‍റെ മുഖം ശിലാതുല്യമാക്കി. എനിക്കു ലജ്ജിക്കേണ്ടി വരുകയില്ലെന്നു ഞാനറിയുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (22:7-38,16-17,18-19,22-23)
R v 1 a) എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു!
1. കാണുന്നവരെല്ലാം എന്നെ അവഹേളിക്കുന്നു;
അവര്‍ കൊഞ്ഞനം കാട്ടുകയും പരിഹസിച്ചു തലയാട്ടുകയും
ചെയ്യുന്നു:
അവന്‍ കര്‍ത്താവില്‍ ആശ്രയിച്ചല്ലോ; അവിടുന്ന് അവനെ
രക്ഷിക്കട്ടെ;
അവിടുന്ന് അവനെ സ്വതന്ത്രനാക്കട്ടെ;
R എന്‍റെ ദൈവമേ……………
2. നായ്ക്കള്‍ എന്‍റെ ചുറ്റും കൂടിയിരിക്കുന്നു;
അധര്‍മികളുടെ സംഘം എന്നെ വളഞ്ഞിരിക്കുന്നു;
അവര്‍ എന്‍റെ കൈകാലുകള്‍ കുത്തിത്തുളച്ചു;
എന്‍റെ അസ്ഥികള്‍ എനിക്ക് എണ്ണാവുന്ന വിധത്തിലായി.
R എന്‍റെ ദൈവമേ……………
3. അവര്‍ എന്‍റെ വസ്ത്രങ്ങള്‍ പങ്കിട്ടെടുക്കുന്നു;
എന്‍റെ അങ്കിക്കായി അവര്‍ നറുക്കിടുന്നു.
കര്‍ത്താവേ, അങ്ങ് അകന്നിരിക്കരുതേ!
എനിക്കു തുണയായവനേ, എന്‍റെ സഹായത്തിനു വേഗം
വരണമേ!
R എന്‍റെ ദൈവമേ……………
4. ഞാന്‍ അവിടുത്തെ നാമം എന്‍റെ സഹോദരനോട്
പ്രഘോഷിക്കും,
സഭാമദ്ധ്യത്തില്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും.
കര്‍ത്താവിന്‍റെ ഭക്തരേ, അവിടുത്തെ സ്തുതിക്കുവിന്‍;
യാക്കോബിന്‍റെ സന്തതികളേ, അവിടുത്തെ
മഹത്വപ്പെടുത്തുവിന്‍.
ഞ എന്‍റെ ദൈവമേ……………
രണ്ടാം വായന
വി.പൗലോസ് അപ്പസ്തോലന്‍ ഫിലിപ്പിയര്‍ക്ക്
എഴുതിയ ലേഖനത്തില്‍ നിന്ന് (2:6 -11)
(തന്നെത്തന്നെ ശൂന്യമാക്കി; ആകയാല്‍ ദൈവം അവിടുത്തെ
അത്യധികം ഉയര്‍ത്തി )
ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും കര്‍ത്താവായ യേശു ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണം വരെ – അതേ കുരിശുമരണംവരെ – അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത്. യേശുവിന്‍റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്‍റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്.
കര്‍ത്താവിന്‍റെ വചനം.
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം
(Phil.2:89)ക്രിസ്തു മരണം വരെ – അതേ കുരിശുമരണം വരെ- അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി, എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു.
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍ നിന്ന് (14:1-15:47)
( കര്‍ത്താവായ ഈശോമിശിഹായുടെ പീഡാനുഭവം)
പെസഹായ്ക്കും പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാളിനും രണ്ടുദിവസമേ ഉണ്ടായിരുന്നുള്ളു. യേശുവിനെ ചതിവില്‍ പിടികൂടി വധിക്കേണ്ടത് എങ്ങനെയെന്ന് പ്രാധാന പുരോഹിതന്‍മാരും നിയമജ്ഞരും ആലോചിച്ചുകൊണ്ടിരുന്നു. അവര്‍ പറഞ്ഞു:തിരുനാളില്‍ വേണ്ട; ജനങ്ങള്‍ ബഹളമുണ്ടാക്കും.
അവന്‍ ബഥാനിയായില്‍ കുഷ്ഠരോഗിയായ ശിമയോന്‍റെ വീട്ടില്‍ ഭക്ഷണത്തിനിരിക്കവേ, ഒരു വെണ്‍കല്‍ഭരണി നിറയെ വിലയേറിയ ശുദ്ധ നാര്‍ദീന്‍ സുഗന്ധതൈലവുമായി ഒരു സ്ത്രീ അവിടെ വന്നു. അവള്‍ ഭരണി തുറന്ന് അത് അവന്‍റെ ശിരസ്സില്‍ ഒഴിച്ചു. അവിടെയുണ്ടായിരുന്ന ചിലര്‍ അമര്‍ഷത്തോടെ പരസ്പരം പറഞ്ഞു: ഈ തൈലം പാഴാക്കിക്കളഞ്ഞത് എന്തിന്? ഇതു മുന്നൂറിലധികം ദനാറയ്ക്കു വിറ്റ് ദരിദ്രര്‍ക്കു കൊടുക്കാമായിരുന്നല്ലോ. അവര്‍ അവളെ കുറ്റപ്പെടുത്തി. യേശു പറഞ്ഞു: ഇവളെ സ്വൈര്യമായി വിടുക,എന്തിന് ഇവളെ വിഷമിപ്പിക്കുന്നു?ഇവള്‍ എനിക്കുവേണ്ടി ഒരു നല്ല കാര്യം ചെയ്തിരിക്കുന്നു. ദരിദ്രര്‍ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്. എപ്പോള്‍ വേണമെങ്കിലും അവര്‍ക്കു നന്‍മചെയ്യാന്‍ സാധിക്കും. ഞാനാകട്ടെ, എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല. ഇവള്‍ക്കു സാധിക്കുന്നത് ഇവള്‍ ചെയ്തു. എന്‍റെ സംസ്കാരത്തിനു വേണ്ടി ഇവള്‍ എന്‍റെ ശരീരം മുന്‍കൂട്ടി തൈലം പൂശുകയാണ് ചെയ്തത്. ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു: ലോകത്തിലെവിടെയെല്ലാം സുവിശേഷം പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം ഇവള്‍ ചെയ്ത കാര്യവും ഇവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും.
പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസ് സ്ക്കറിയോത്താ യേശുവിനെ ഒറ്റിക്കൊടുക്കാന്‍വേണ്ടി പ്രധാനപുരോഹിതന്‍മാരുടെ അടുത്തു ചെന്നു. അവര്‍ ഇതറിഞ്ഞു സന്തോഷിച്ച്, അവനു പണം കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു. അവനെ എങ്ങനെ ഒറ്റിക്കൊടുക്കാമെന്നു വിചാരിച്ച് അവന്‍ അവസരം പാര്‍ത്തിരുന്നു.
പെസഹാബലി അര്‍പ്പിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഒന്നാം ദിവസം, ശിഷ്യന്‍മാര്‍ യേശുവിനോടു ചോദിച്ചു: നിനക്കു ഞങ്ങള്‍ എവിടെ പെസഹാ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?അവന്‍ രണ്ടു ശിഷ്യന്‍മാരെ അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ നഗരത്തിലേക്കുചെല്ലുക. ഒരുകുടം വെള്ളം ചുമന്നുകൊണ്ട് ഒരുവന്‍ നിങ്ങള്‍ക്കെതിരെ വരും. അവരെ അനുഗമിക്കുക. അവന്‍ എവിടെ ചെന്നു കയറുന്നുവോ അവിടുത്തെ ഗൃഹനാഥനോടു പറയുക: ഗുരു ചോദിക്കുന്നു, ഞാന്‍ എന്‍റെ ശിഷ്യന്‍മാരുമൊത്തു പെസഹാ ഭക്ഷിക്കുന്നതിന് എന്‍റെ വിരുന്നുശാല എവിടെയാണ്?സജ്ജീകൃതമായ ഒരു വലിയ മാളികമുറി അവര്‍ കാണിച്ചുതരും. അവിടെ നമുക്കുവേണ്ടി ഒരുക്കുക. ശിഷ്യന്‍മാര്‍ പുറപ്പെട്ട് നഗരത്തിലെത്തി, അവന്‍ പറഞ്ഞിരുന്നതുപോലെ കണ്ടു. അവര്‍ പെസഹാ ഒരുക്കി. സന്ധ്യയായപ്പോള്‍ അവന്‍ പന്ത്രണ്ടുപേരുമൊരുമിച്ചു വന്നു. അവര്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ യേശു പറഞ്ഞു: ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു:എന്നോടൊപ്പം ഭക്ഷണം കഴിക്കുന്ന നിങ്ങളിലൊരുവന്‍ എന്നെ ഒറ്റിക്കൊടുക്കും. അവര്‍ ദുഃഖിതരായി. അതു ഞാനല്ലല്ലോ എന്ന് ഓരോരുത്തരും അവനോടു ചോദിക്കാന്‍ തുടങ്ങി. അവന്‍ പറഞ്ഞു:പന്ത്രണ്ടുപേരില്‍ എന്നോടൊപ്പം പാത്രത്തില്‍ കൈമുക്കുന്നവന്‍ തന്നെ. മനുഷ്യപുത്രന്‍ തന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെ പോകുന്നു. എന്നാല്‍, മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവനു ദുരിതം!ജനിക്കാതിരുന്നെങ്കില്‍ അവനു നന്നായിരുന്നു.
അവര്‍ ഭക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു അപ്പമെടുത്ത്, ആശിര്‍വദിച്ച്, മുറിച്ച്, അവര്‍ക്കു നല്‍കിക്കൊണ്ട് അരുളിച്ചെയ്തു: അതു സ്വീകരിക്കുവിന്‍; ഇത് എന്‍റെ ശരീരമാണ്. അനന്തരം, പാനപാത്രം എടുത്ത് , കൃതജ്ഞതാസ്തോത്രം ചെയ്ത് അവര്‍ക്കു നല്‍കി, എല്ലാവരും അതില്‍ നിന്ന് പാനംചെയ്തു. അവന്‍ അവരോട് അരുളിച്ചെയ്തു:ഇത് അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്‍റെ രക്തമാണ്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ദൈവരാജ്യത്തില്‍ ഞാന്‍ ഇതു നവമായി പാനം ചെയ്യുന്ന ദിവസം വരെ മുന്തിരിയുടെ ഫലത്തില്‍നിന്ന് ഇനി ഞാന്‍ കുടിക്കുകയില്ല. സ്തോത്രഗീതം ആലപിച്ചതിനുശേഷം അവര്‍ ഒലിവുമലയിലേക്കു പോയി.
യേശു അവരോടു പറഞ്ഞു: നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇടര്‍ച്ചയുണ്ടാകും. ഞാന്‍ ഇടയനെ അടിക്കും; ആടുകള്‍ ചിതറിപ്പോകും എന്ന് എഴുതപ്പെട്ടിരിക്കുന്നു. ഞാന്‍ ഉയിര്‍പ്പിക്കപ്പെട്ടതിനുശേഷം നിങ്ങള്‍ക്കു മുമ്പേ ഗലീലിയിലേക്കു പോകും. പത്രോസ് പറഞ്ഞു: എല്ലാവരും ഇടറിയാലും ഞാന്‍ ഇടറുകയില്ല. യേശു അവനോടു പറഞ്ഞു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ഇന്ന്, ഈ രാത്രിയില്‍ത്തന്നെ, കോഴി രണ്ടു പ്രാവശ്യം കൂവുന്നതിനുമുമ്പ് നീ എന്നെ മൂന്നു പ്രാവശ്യം നിഷേധിച്ചു പറയും. അവന്‍ തറപ്പിച്ചു പറഞ്ഞു: നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാന്‍ നിന്നെ നിഷേധിക്കുകയില്ല. അങ്ങനെതന്നെ എല്ലാവരും പറഞ്ഞു.
അവര്‍ ഗത്സെമനി എന്നു വിളിക്കപ്പെടുന്ന സ്ഥലത്തെത്തി. അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ ഇവിടെ ഇരിക്കുവിന്‍. അവന്‍ പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂടെക്കൊണ്ടുപോയി, പര്യാകുലനാകാനും തുടങ്ങി. അവന്‍ അവരോടു പറഞ്ഞു: എന്‍റെ ആത്മാവ് മരണത്തോളം ദുഃഖിതമായിരിക്കുന്നു. നിങ്ങള്‍ ഇവിടെ ഉണര്‍ന്നിരിക്കുവിന്‍. അവന്‍ അല്‍പദൂരം മുന്നോട്ടുചെന്ന് , നിലത്തു വീണ്, സാധ്യമെങ്കില്‍ ആ മണിക്കൂര്‍ തന്നെ കടന്നുപോകട്ടെ എന്നു പ്രാര്‍ത്ഥിച്ചു അവന്‍ പറഞ്ഞു: ആബ്ബാ, പിതാവേ, എല്ലാം അങ്ങേക്കു സാധ്യമാണ്. ഈ പാനപാത്രം എന്നില്‍ നിന്നു മാറ്റിത്തരണമേ!എന്നാല്‍ എന്‍റെ ഹിതമല്ല അങ്ങയുടെ ഹിതം മാത്രം. അനന്തരം അവന്‍ വന്ന്, അവര്‍ ഉറങ്ങുന്നതു കണ്ട്, പത്രോസിനോടു ചോദിച്ചു:ശിമയോനേ, നീ ഉറങ്ങുന്നുവോ? ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിനക്കു കഴിഞ്ഞില്ലേ? പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍. ആത്മാവ് സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്. അവന്‍ വീണ്ടും പോയി. അതേ വചനം പറഞ്ഞു പ്രാര്‍ത്ഥിച്ചു. തിരിച്ചു വന്നപ്പോള്‍ അവര്‍ ഉറങ്ങുന്നതാണ് കണ്ടത്. അവരുടെ കണ്ണുകള്‍ നിദ്രാഭാരമുള്ളവയായിരുന്നു. അവനോട് എന്തു മറുപടി പറയണമെന്ന് അവര്‍ക്ക് അറിഞ്ഞുകൂടായിരുന്നു. അവന്‍ മൂന്നാമതും വന്ന് അവരോടു പറഞ്ഞു: ഇനിയും നിങ്ങള്‍ ഉറങ്ങി വിശ്രമിക്കുന്നുവോ? മതി. സമയമായിരിക്കുന്നു. ഇതാ, മനുഷ്യപുത്രന്‍ പാപികളുടെ കൈകളില്‍ ഏല്‍പിക്കപ്പെടുന്നു. എഴുന്നേല്‍ക്കുവിന്‍; നമുക്കു പോകാം. ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന്‍ അടുത്തെത്തിയിരിക്കുന്നു.
അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ, പന്ത്രണ്ടു പേരില്‍ ഒരുവനായ യൂദാസ് അവിടെയെത്തി. അവനോടുകൂടെ പ്രധാന പുരോഹിതന്‍മാരുടെയും നിയമജ്ഞരുടെയും ജനപ്രമാണികളുടെയും അടുത്തുനിന്നു വാളും വടിയുമായി ഒരു ജനക്കൂട്ടവും വന്നിരുന്നു. ഒറ്റുകാരന്‍ അവര്‍ക്ക് ഒരടയാളം നല്‍കിയിരുന്നു; ഞാന്‍ ആരെ ചുംബിക്കുന്നുവോ അവന്‍ തന്നെ. അവനെ പിടിച്ച് സുരക്ഷിതമായി കൊണ്ടുപെയ്ക്കൊള്ളുക. അവന്‍ യേശുവിനെ സമീപിച്ച്, ഗുരോ!എന്നു വിളിച്ചുകൊണ്ട് അവനെ ഗാഢമായി ചുംബിച്ചു. അപ്പോള്‍ അവര്‍ അവനെ പിടിച്ചു ബന്ധിച്ചു. സമീപത്തു നിന്നിരുന്ന ഒരുവന്‍ വാള്‍ ഊരി പ്രധാന പുരോഹിതന്‍റെ സേവകനെ വെട്ടി അവന്‍റെ ചെവി ഛേദിച്ചുകളഞ്ഞു. യേശു അവരോടു പറഞ്ഞു; കവര്‍ച്ചക്കാരനെതിരെ എന്നതുപോലെ, വാളും വടിയുമായി എന്നെ ബന്ധിക്കാന്‍ നിങ്ങള്‍ വന്നിരിക്കുന്നുവോ? ഞാന്‍ ദിവസവും ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ട് നിങ്ങളോടുകൂടെ ഉണ്ടായിരുന്നു; നിങ്ങള്‍ എന്നെ പിടിച്ചില്ല. എന്നാല്‍, വിശുദ്ധലിഖിതങ്ങള്‍ പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു. അപ്പോള്‍, ശിഷ്യന്‍മാരെല്ലാവരും അവനെ വിട്ട് ഓടിപ്പോയി. എന്നാല്‍, ഒരു യുവാവ് അവനെ അനുഗമിച്ചു. അവന്‍ ഒരു പുതപ്പു മാത്രമേ തന്‍റെ ശരീരത്തില്‍ ചുറ്റിയിരുന്നുള്ളു. അവര്‍ അവനെ പിടിച്ചു. അവന്‍ പുതപ്പുപേക്ഷിച്ച് നഗ്നനായി ഓടിപ്പോയി.
അവര്‍ യേശുവിനെ പ്രധാനപുരോഹിതന്‍റെ അടുത്തേക്കു കൊണ്ടുപോയി. എല്ലാ പുരോഹിതപ്രമുഖന്‍മാരും ജനപ്രമാണികളും നിയമജ്ഞരും ഒരുമിച്ചുകൂടി. പത്രോസ് പ്രധാന പുരോഹിതന്‍റെ മുറ്റം വരെ അവനെ അല്‍പം അകലെയായി അനുഗമിച്ചു. പിന്നീട്, അവന്‍ പരിചാരകരോടൊപ്പം തീ കാഞ്ഞുകൊണ്ടിരുന്നു. പുരോഹിതപ്രമുഖന്‍മാരും ന്യായാധിപസംഘം മുഴുവനും യേശുവിനെ വധിക്കുന്നതിന് അവനെതിരെ സാക്ഷ്യം അന്വേഷിച്ചു. പക്ഷേ, അവര്‍ കണ്ടെത്തിയില്ല. പലരും അവനെതിരെ കള്ളസാക്ഷ്യം പറഞ്ഞെങ്കിലും അവ തമ്മില്‍ പൊരുത്തപ്പെട്ടില്ല. ചിലര്‍ എഴുന്നേറ്റ് അവനെതിരെ ഇപ്രകാരം കള്ളസാക്ഷ്യം പറഞ്ഞു: കൈകൊണ്ടു പണിത ഈ ദേവാലയം ഞാന്‍ നശിപ്പിക്കുകയും കൈകൊണ്ട് പണിയാത്ത മറ്റൊന്ന് മൂന്നു ദിവസംകൊണ്ടു നിര്‍മിക്കുകയും ചെയ്യും എന്ന് ഇവന്‍ പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. ഇക്കാര്യത്തിലും അവരുടെ സാക്ഷ്യങ്ങള്‍ പൊരുത്തപ്പെട്ടില്ല. പ്രധാന പുരോഹിതന്‍ മധ്യത്തില്‍ എഴുന്നേറ്റു നിന്ന് യേശുവിനോടു ചോദിച്ചു: ഇവര്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തുന്നതിന് നിനക്ക് മറുപടിയൊന്നും പറയാനില്ലേ?അവന്‍ നിശ്ശബ്ദനായിരുന്നു: മറുപടിയൊന്നും പറഞ്ഞില്ല. പ്രധാനപുരോഹിതന്‍ വീണ്ടും ചോദിച്ചു: നീയാണോ വാഴ്ത്തപ്പെട്ടവന്‍റെ പുത്രനായ ക്രിസ്തു? യേശു പറഞ്ഞു:ഞാന്‍തന്നെ. മനുഷ്യപുത്രന്‍ ശക്തിയുടെ വലത്തുഭാഗഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വാനമേഘങ്ങളില്‍ വരുന്നതും നിങ്ങള്‍ കാണും. അപ്പോള്‍ പ്രധാനപുരോഹിതന്‍ വസ്ത്രം വലിച്ചുകീറിക്കൊണ്ടു പറഞ്ഞു: ഇനി സാക്ഷികളെക്കൊണ്ട് നമുക്ക് എന്താവശ്യം? ദൈവദൂഷണം നിങ്ങള്‍ കേട്ടുവല്ലോ? നിങ്ങള്‍ക്ക് എന്തു തോന്നുന്നു? അവന്‍ മരണത്തിന് അര്‍ഹനാണെന്ന് അവരെല്ലാവരും വിധിച്ചു. ചിലര്‍ അവനെ തുപ്പാനും അവന്‍റെ മുഖം മൂടിക്കെട്ടി മുഷ്ടികൊണ്ട് ഇടിക്കാനും, നീ പ്രവചിക്കുക എന്ന് അവനോടു പറയാനും തുടങ്ങി. ഭൃത്യന്‍മാര്‍ അവന്‍റെ ചെകിട്ടത്തടിച്ചു.
പത്രോസ് താഴെ മുറ്റത്തിരിക്കുമ്പോള്‍ ,പ്രധാനപുരോഹിതന്‍റെ പരിചാരികമാരില്‍ ഒരുവള്‍ വന്ന്, അവന്‍ തീ കാഞ്ഞുകൊണ്ടിരിക്കുന്നതു കണ്ട് അവനെ നോക്കിപ്പറഞ്ഞു: നീയും നസറായനായ യേശുവിന്‍റെ കൂടെയായിരുന്നല്ലോ. അവനാകട്ടെ, നീ പറയുന്നതെന്തെന്നു ഞാന്‍ അറിയുന്നില്ല; എനിക്കു മനസ്സിലാകുന്നുമില്ല എന്നു നിഷേധിച്ചു പറഞ്ഞു. പിന്നെ, അവന്‍ പുറത്ത് പടിവാതില്‍ക്കലേക്കു പോയി. ആ പരിചാരിക അവനെ പിന്നെയും കണ്ടപ്പോള്‍, അടുത്തുനിന്നവരോടു പറഞ്ഞു: ഇവന്‍ അവരില്‍ ഒരുവനാണ്. അവന്‍ വീണ്ടും അതു നിഷേധിച്ചു. അല്‍പം കഴിഞ്ഞപ്പോള്‍, അടുത്തു നിന്നവര്‍ പത്രോസിനോടു പറഞ്ഞു: നിശ്ചയമായും നീ അവരില്‍ ഒരുവനാണ്. നീയും ഗലീലിയാക്കാരനാണല്ലോ. നിങ്ങള്‍ പറയുന്ന ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്നു പറഞ്ഞ് അവന്‍ ശപിക്കാനും ആണയിടുവാനും തുടങ്ങി. ഉടന്‍തന്നെ കോഴി രണ്ടാം പ്രാവശ്യം കൂവി. കോഴി രണ്ടുപ്രാവശ്യം കൂവുന്നതിനുമുമ്പ് നീ മൂന്നുപ്രാവശ്യം എന്നെ നിഷേധിക്കുമെന്ന് യേശു പറഞ്ഞ വാക്ക് അപ്പോള്‍ പത്രോസ് ഓര്‍മിച്ചു. അവന്‍ ഉള്ളുരുകിക്കരഞ്ഞു.
(അതിരാവിലെതന്നെ, പുരോഹിതപ്രമുഖന്‍മാര്‍ ജനപ്രമാണികളോടും നിയമജ്ഞരോടും ന്യായാധിപസംഘം മുഴുവനോടും ചേര്‍ന്ന് ആലോചന നടത്തി. അവര്‍ യേശുവിനെ ബന്ധിച്ചു കൊണ്ടുപോയി പീലാത്തോസിനെ ഏല്‍പിച്ചു. പീലാത്തോസ് അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ? അവന്‍ മറുപടി പറഞ്ഞു: നീ തന്നെ പറയുന്നു. പുരോഹിതപ്രമുഖന്‍മാര്‍ അവനില്‍ പലകുറ്റങ്ങളും ആരോപിച്ചു. പീലാത്തോസ് വീണ്ടും ചോദിച്ചു: നിനക്കു മറുപടിയൊന്നും പറയാനില്ലേ? നോക്കൂ!എത്ര കുറ്റങ്ങളാണ് അവര്‍ നിന്‍റെ മേല്‍ ആരോപിക്കുന്നത്!എന്നാല്‍, യേശു മറുപടി ഒന്നും പറഞ്ഞില്ല. തന്‍മൂലം പീലാത്തോസ് വിസ്മയിച്ചു.
ജനം ആവശ്യപ്പെടുന്ന ഒരു തടവുകാരനെ അവന്‍ തിരുനാളില്‍ മോചിപ്പിക്കുക പതിവായിരുന്നു. വിപ്ലവത്തിനിടയില്‍ കൊലപാതകം നടത്തിയ ബറാബ്ബാസ് എന്നൊരുവന്‍ വിപ്ലവകാരികളോടൊപ്പം തടങ്കലില്‍ ഉണ്ടായിരുന്നു. ജനക്കൂട്ടം പീലാത്തോസിന്‍റെ അടുത്തു ചെന്ന് പതിവുള്ള ആനുകൂല്യത്തിന് അപേക്ഷിച്ചു. അവന്‍ പറഞ്ഞു: യഹൂദരുടെ രാജാവിനെ ഞാന്‍ മോചിപ്പിച്ചുതരണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? എന്തെന്നാല്‍, അസൂയ നിമിത്തമാണു പുരോഹിതപ്രമുഖന്‍മാര്‍ അവനെ ഏല്‍പിച്ചുതന്നതെന്ന് അവന് അറിയാമായിരുന്നു. എന്നാല്‍, ബറാബ്ബാസിനെയാണു വിട്ടുതരേണ്ടെതെന്ന് ആവശ്യപ്പെടാന്‍ പുരോഹിതപ്രമുഖന്‍മാര്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു. പീലാത്തോസ് വീണ്ടും അവരോടു ചോദിച്ചു: യഹൂദരുടെ രാജാവെന്നു നിങ്ങള്‍ വിളിക്കുന്നവനെ ഞാന്‍ എന്തു ചെയ്യണം? അവര്‍ വിളിച്ചു പറഞ്ഞു: അവനെ ക്രൂശിക്കുക!പീലാത്തോസ് ചോദിച്ചു: അവന്‍ എന്തു തിന്‍മ പ്രവര്‍ത്തിച്ചു? അവര്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: അവനെ ക്രൂശിക്കുക!അപ്പോള്‍, പീലാത്തോസ് ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താന്‍ തീരുമാനിച്ചുകൊണ്ട്, ബറാബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ചതിനുശേഷം ക്രൂശിക്കാന്‍ ഏല്‍പിച്ചുകൊടുക്കുകയും ചെയ്തു.
അനന്തരം പടയാളികള്‍ യേശുവിനെ കൊട്ടാരത്തിനുള്ളില്‍ പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അവര്‍ സൈന്യവിഭാഗത്തെ മുഴുവന്‍ അണിനിരത്തി. അവര്‍ അവനെ ചെമപ്പുവസ്ത്രം ധരിപ്പിക്കുകയും ഒരു മുള്‍ക്കിരീടം മെടഞ്ഞ് അണിയിക്കുകയും ചെയ്തു. യഹൂദരുടെ രാജാവേ, സ്വസ്തി!എന്ന് അവര്‍ അവനെ അഭിവാദനം ചെയ്യാന്‍ തുടങ്ങി. പിന്നീട് ഞാങ്ങണകൊണ്ട് അവന്‍റെ ശിരസ്സില്‍ അടിക്കുകയും അവന്‍റെമേല്‍ തുപ്പുകയും മുട്ടുകുത്തി അവനെ പ്രണമിക്കുകയും ചെയ്തു. അവനെ പരിഹസിച്ചശേഷം ചെമപ്പുവസ്ത്രം അഴിച്ചുമാറ്റി. അവന്‍റെ വസ്ത്രം വീണ്ടും ധരിപ്പിച്ചു. പിന്നീട് അവര്‍ അവനെ കുരിശില്‍ തറയ്ക്കാന്‍ കൊണ്ടുപോയി.
അലക്സാണ്ടറിന്‍റെയും റൂഫസിന്‍റെയും പിതാവായ കിരേനാക്കാരന്‍ ശിമയോന്‍ നാട്ടിന്‍പുറത്തുനിന്നു വന്ന്, അതിലേ കടന്നുപോവുകയായിരുന്നു. യേശുവിന്‍റെ കുരിശു ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു. തലയോടിടം എന്നര്‍ഥമുള്ള ഗോല്‍ഗോഥായില്‍ അവര്‍ അവനെ കൊണ്ടുവന്നു. മീറ കലര്‍ത്തിയ വീഞ്ഞ് അവര്‍ അവനു കൊടുത്തു. അവന്‍ അതു കിടിച്ചില്ല. പിന്നീട്, അവര്‍ അവന്‍റെ വസ്ത്രങ്ങള്‍ ഭാഗിച്ച് ഓരോരുത്തരും എടുക്കേണ്ട വീതത്തിനു കുറിയിട്ടു. അവര്‍ അവനെ കുരിശില്‍ തറച്ചപ്പോള്‍ മൂന്നാം മണിക്കൂറായിരുന്നു. യഹൂദരുടെ രാജാവ് എന്ന് അവന്‍റെ പേരില്‍ ഒരു കുറ്റപത്രവും എഴുതിവച്ചിരുന്നു. അവനോടുകൂടെ രണ്ടു കവര്‍ച്ചക്കാരെയും അവര്‍ കുരിശില്‍ തറച്ചു. ഒരുവനെ അവന്‍റെ വലത്തുവശത്തും അപരനെ ഇടത്തുവശത്തും. അതിലെ കടന്നുപോയവര്‍ തലകുലുക്കികൊണ്ട് അവനെ ദുഷിച്ചു പറഞ്ഞു: ദേവാലയം നശിപ്പിച്ച്, മൂന്നു ദിവസം കൊണ്ടു വീണ്ടും പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്കുക;കുരിശില്‍ നിന്ന് ഇറങ്ങിവരുക. അതുപോലതന്നെ, പുരോഹിതപ്രമുഖന്‍മാരും നിയമജ്ഞരും പരിഹാസപൂര്‍വം പരസ്പരം പറഞ്ഞു. ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു. തന്നെത്തന്നെ രക്ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല. ഞങ്ങള്‍ കണ്ടു വിശ്വസിക്കുന്നതിനുവേണ്ടി ഇസ്രായേലിന്‍റെ രാജാവായ ക്രിസ്തു ഇപ്പോള്‍ കുരിശില്‍നിന്ന് ഇറങ്ങിവരട്ടെ. അവനോടൊപ്പം ക്രൂശിക്കപ്പെട്ടവരും അവനെ പരിഹസിച്ചു.
ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍ വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു. ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു: എലോയ്, എലോയ്, ലാമാ സബക്ക്ത്താനി? അതായത്, എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്?അടുത്തു നിന്നിരുന്ന ചിലര്‍ അതുകേട്ടു പറഞ്ഞു: ഇതാ, അവന്‍ ഏലിയായെ വിളിക്കുന്നു. ഒരുവന്‍ ഓടിവന്ന്, നീര്‍പ്പഞ്ഞി വിനാഗിരിയില്‍ മുക്കി, ഒരു ഞാങ്ങണമേല്‍ ചുറ്റി, അവനു കുടിക്കാന്‍ കൊടുത്തുകൊണ്ടു പറഞ്ഞു: ആകട്ടെ, അവനെ താഴെ ഇറക്കാന്‍ ഏലിയാ വരുമോ എന്ന് നമുക്കു കാണാം. യേശു ഉച്ചത്തില്‍ നിലവിളിച്ച് ജീവന്‍ വെടിഞ്ഞു. അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകളില്‍ നിന്ന് താഴെ വരെ രണ്ടായി കീറി. അവന് അഭിമുഖമായി നിന്നിരുന്ന ശതാധിപന്‍, അവന്‍ ഇപ്രകാരം മരിച്ചതു കണ്ടു പറഞ്ഞു: സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു.)ഇതെല്ലാം കണ്ടുകൊണ്ട് ദൂരെ കുറെ സ്ത്രീകളും നിന്നിരുന്നു. മഗ്ദലേന മറിയവും യോസേയുടേയും ചെറിയ യാക്കോബിന്‍റെയും അമ്മയായ മറിയവും സലോമിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. യേശു ഗലീലിയിലായിരുന്നപ്പോള്‍ അവനെ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തവരാണ് ഇവര്‍. കൂടാതെ, അവനോടുകൂടെ ജറുസലേമിലേക്കു വന്ന മറ്റനവധി സ്ത്രീകളും അവിടെ ഉണ്ടായിരുന്നു.
അന്ന് സാബത്തിനു തൊട്ടുമുമ്പുള്ള ഒരുക്ക ദിവസമായിരുന്നു. അതിനാല്‍, വൈകുന്നേരമായപ്പോള്‍ അരിമത്തെയാക്കാരനായ ജോസഫ് ധൈര്യപൂര്‍വം പീലാത്തോസിനെ സമീപിച്ചു. അവന്‍ ആലോചനാസംഘത്തിലെ ബഹുമാന്യനായ ഒരംഗവും ദൈവരാജ്യം പ്രതീക്ഷിച്ചിരുന്നവനുമായിരുന്നു. അവര്‍ പീലാത്തോസിന്‍റെ അടുത്തെത്തി യേശുവിന്‍റെ ശരീരം ചോദിച്ചു. അവന്‍ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തോസ് വിസ്മയിച്ചു. അവന്‍ ശതാധിപനെ വിളിച്ച്, അവന്‍ ഇതിനകം മരിച്ചുകഴിഞ്ഞോ എന്ന് അന്വേഷിച്ചു. ശതാധിപനില്‍നിന്നു വിവരമറിഞ്ഞതിനുശേഷം അവന്‍ മൃതദേഹം ജോസഫിനു വിട്ടുകൊടുത്തു. ജോസഫ് ഒരു തുണി വാങ്ങി അവനെ താഴെയിറക്കി, അതില്‍ പൊതിഞ്ഞു പാറയില്‍ വെട്ടിയൊരുക്കിയ കല്ലറയില്‍ അവനെ സംസ്കരിക്കുകയും കല്ലറയുടെ വാതില്‍ക്കല്‍ ഒരു കല്ല് ഉരുട്ടിവയ്ക്കുകയും ചെയ്തു. അവനെ സംസ്കരിച്ച സ്ഥലം മഗ്ദലേനമറിയവും യോസേയുടെ അമ്മയായ മറിയവും കണ്ടു.
(ബ്രായ്ക്കറ്റില്‍ ഉള്ളത് ഹ്രസ്വരൂപം)

 

LEAVE A REPLY

Please enter your comment!
Please enter your name here