പിറവിത്തിരുനാളിന്‍റെ എട്ടാം ദിവസം ജനുവരി 1 പ.ക.മറിയത്തിന്‍റെ ദേവമാതൃത്വ തിരുനാള്‍

 

ഒന്നാംവായന
സംഖ്യയുടെ പുസ്തകത്തില്‍നിന്ന് (6:22-27)
(ഇസ്രായേല്‍ മക്കള്‍ക്കുവേണ്ടി അവര്‍ എന്‍റെ നാമം വിളിച്ചപേക്ഷിക്കട്ടെ.
ഞാന്‍ അവരെ അനുഗ്രഹിക്കും)
കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു;അഹറോനോടും പുത്രന്മാരോടും പറയുക, നിങ്ങള്‍ ഇങ്ങനെ പറഞ്ഞ് ഇസ്രായേല്‍ജനത്തെ അനുഗ്രഹിക്കണം. കര്‍ത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. അവിടുന്നു നിന്നില്‍ പ്രസാദിക്കുകയും നിന്നോടു കരുണ കാണിക്കുകയും ചെയ്യട്ടെ. കര്‍ത്താവു കരുണയോടെ കടാക്ഷിച്ചു നിനക്കു സമാധാനം നല്‍കട്ടെ. ഇപ്രകാരം അവര്‍ ഇസ്രായേല്‍ മക്കളുടെമേല്‍ എന്‍റെ നാമം ഉറപ്പിക്കട്ടെ. അപ്പോള്‍ ഞാന്‍ അവരെ അനുഗ്രഹിക്കും.
കര്‍ത്താവിന്‍റെ വചനം.
പ്രതിവചനസങ്കീര്‍ത്തനം (67:1b- 2.3-4,5+7)
R (v .1 a)ദൈവം നമ്മോടു കൃപകാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ!
1. അവിടുന്ന് തന്‍റെ പ്രീതി നമ്മുടെമേല്‍ ചൊരിയുമാറാകട്ടെ!അങ്ങയുടെ വഴി ഭൂമിയിലും അങ്ങയുടെ രക്ഷാകര ശക്തി
സകല ജനതകളുടെയിടയിലും
അറിയപ്പെടേണ്ടതിനുതന്നെ.
R ദൈവം നമ്മോടു…………….
2. ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ!
എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!
ജനതകളെല്ലാം ആഹ്ളാദിക്കുകയും ആനന്ദഗാനം
ആലപിക്കുകയും ചെയ്യട്ടെ!
അങ്ങു ജനതകളെ നീതിപൂര്‍വം വിധിക്കുകയും
ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു.
R ദൈവം നമ്മോടു…………….
3. ദൈവമേ,ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ!
എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!
അവിടുന്നു നമ്മെ അനുഗ്രഹിച്ചു.
ഭൂമി മുഴുവന്‍ അവിടുത്തെ ഭയപ്പെടട്ടെ!
R ദൈവം നമ്മോടു…………….
രണ്ടാം വായന
വി.പൗലോസ്അപ്പസ്തോലന്‍ ഗലാത്തിയാക്കാര്‍ക്ക്
എഴുതിയ ലേഖനത്തില്‍ നിന്ന് (4:4-7)
(ദൈവം സ്ത്രീയില്‍നിന്നു ജനിച്ച തന്‍റെ പുത്രനെ അയച്ചു)
സഹോദരരേ, കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്‍റെ പുത്രനെ അയച്ചു. അവന്‍ സ്ത്രീയില്‍നിന്നു ജാതനായി; നിയമത്തിന് അധീനനായി ജനിച്ചു. അങ്ങനെ, നമ്മെ പുത്രന്‍മാരായി ദത്തെടുക്കേണ്ടതിന് അവന്‍ നിയമത്തിന് അധീനനായിക്കഴിഞ്ഞവരെ വിമുക്തരാക്കി. നിങ്ങള്‍ മക്കളായതുകൊണ്ട് ആബ്ബാ!-പിതാവേ!എന്നു വിളിക്കുന്ന തന്‍റെ പുത്രന്‍റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു. ആകയാല്‍, നീ ഇനിമേല്‍ ദാസനല്ല, പിന്നെയോ പുത്രനാണ്;പുത്രനെങ്കില്‍ ദൈവഹിതമനുസരിച്ച് അവകാശിയുമാണ്.
കര്‍ത്താവിന്‍റെ വചനം.
അല്ലേലൂയാ !
അല്ലേലൂയാ!(Heb.1: 12 )പൂര്‍വകാലങ്ങളില്‍ പ്രവാചകന്മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധരീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചിട്ടുണ്ട്;എന്നാല്‍,ഈ അവസാനനാളുകളില്‍ തന്‍റെ പുത്രന്‍വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു – അല്ലേലൂയാ!
സുവിശേഷം
വി.ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (2: 16-21)
(മറിയത്തേയും യൗസേപ്പിനേയും ശിശുവിനേയും അവര്‍ കണ്ടു.
എട്ടു ദിവസം കഴിഞ്ഞ് ശിശുവിന് യേശു എന്ന പേര്‍ നല്കപ്പെട്ടു)
അക്കാലത്ത് ആട്ടിയയന്‍മാര്‍ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു. അനന്തരം, ശിശുവിനെക്കുറിച്ച് തങ്ങളോടു പറയപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരെ അവര്‍ അറിയിച്ചു. അതു കേട്ടവരെല്ലാം ഇടയന്‍മാര്‍ തങ്ങളോടു പറഞ്ഞ സംഗതികളെക്കുറിച്ച് അദ്ഭുതപ്പെട്ടു. മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു. തങ്ങളോടു പറയപ്പെട്ടതുപോലെ കാണുകയും കേള്‍ക്കുകയും ചെയ്ത സകല കാര്യങ്ങളെയുംകുറിച്ച് ദൈവത്തെ മഹത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്തുകൊണ്ട് ആ ഇടയന്‍മാര്‍ തിരിച്ചുപോയി.
ശിശുവിന്‍റെ പരിച്ഛേദനത്തിനുള്ള എട്ടാംദിവസം ആയപ്പോള്‍, അവന്‍ ഗര്‍ഭത്തില്‍ ഉരുവാകുന്നതിനുമുമ്പ്, ദൂതന്‍ നിര്‍ദ്ദേശിച്ചിരുന്ന, യേശു, എന്ന പേര് അവന് നല്‍കി.
ദൈവവചനമാണു നാം കേട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here