പരിശുദ്ധ അമ്മയുടെ ജീവിതവിശുദ്ധിയും സഹനവും കുടുംബങ്ങളിൽ പ്രാവർത്തികമാക്കുക: മാർ സ്രാമ്പിക്കൽ

മാഞ്ചസ്റ്റർ: പരിശുദ്ധ അമ്മയുടെ ജീവിതവിശുദ്ധിയും സഹനവും കുടുംബങ്ങളിൽ പ്രാവർത്തികമാക്കുവാനും ജപമാലയുടെ ശക്‌തിയിൽ കുടുംബങ്ങളെ ബലവത്താക്കി മാറ്റുവാനും മാർ ജോസഫ് ശ്രാമ്പിക്കൽ വിശ്വാസികളെ ആഹ്വാനം ചെയ്തു. മാഞ്ചസ്റ്ററിൽ ഇടവക ദിനവും സൺഡേ സ്കൂൾ വാർഷികവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാർ ജോസഫ് ശ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ദിവ്യ ബലിയോടെ ആരംഭിച്ച പരിപാടികൾ രാത്രി കലാസന്ധ്യയോടെയാണ് സമാപിച്ചത്.
മാഞ്ചസ്റ്ററിലെ സെന്റ് ഹിൽഡാസ് ദേവാലയത്തിൽ ഞാറാഴ്ച്ച ഉച്ചക്ക് ഒന്നിന് ജപമാലയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്നു നടന്ന ആഘോഷമായ ദിവ്യബലിയിൽ മാർ ജോസഫ് ശ്രാമ്പിക്കൽ മുഖ്യ കാർമികത്വം വഹിച്ചു. റവ.ഡോ.ലോനപ്പൻ അരങ്ങാശേരി, ഫാ. ക്രിസ് മാത്യൂസ്, ഫാ.മൈക്കിൾ മുറെ, ഫാ.ഫാൻസ്വ പത്തിൽ തുടങ്ങിയവർ സഹ കാർമികരായി. ദിവ്യബലി മധ്യേ മാർ ജോസഫ് ശ്രാമ്പിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.
തുടർന്ന് സെയിൽ കമ്യൂണിറ്റി ഹാളിൽ നടന്ന പൊതുസമ്മേളനം മാർ ജോസഫ് ശ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. ഷ്രൂഷ്ബറി രൂപത വികാരി ജനറൽ ഫാ.മൈക്കിൾ ഗാനൻ, വിഥിൻഷോ എംപി മൈക്ക് കെയിൻ, ഫാ.ക്രിസ് മാത്യൂസ്, ഫാ.മൈക്കിൾ മുറെ, ഫാ.ഫാൻസ്വ പത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി റിൻസി സജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്നു വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ചടങ്ങിൽ റിട്ടയർ ചെയ്യുന്ന വിഥിൻഷോ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.മൈക്കിൾ മുറേക്ക് മാഞ്ചസ്റ്റർ മലയാളികളുടെ സ്നേഹോപഹാരം മാർ ശ്രാമ്പിക്കൽ സമ്മാനിച്ചു. അഞ്ചു വർഷത്തിലധികമായി സൺഡേ സ്കൂളിൽ സേവനം ചെയ്യുന്ന ടീച്ചേഴ്സിനും കലാ കായിക മത്സരങ്ങളിലും പഠനത്തിലും ഉന്നത വിജയം നേടിയ കുട്ടികൾക്കും വിവാഹ ജീവിതത്തിൽ 25 വർഷം പൂത്തിയാക്കിയ തോമസ് –മോളി ദമ്പതികൾക്കും കമ്യുണിറ്റിക്ക് വേണ്ടി മികച്ച സേവനം കാഴ്ചവച്ച നോയൽ ജോർജ്, മിന്റോ ആന്റണി എന്നിവർക്കും മാർ ശ്രാമ്പിക്കൽ ഉപഹാരങ്ങൾ സമ്മാനിച്ചു. സൺഡേ സ്കൂൾ ഹെഡ്ടീച്ചർ ബോബി അഗസ്റ്റിൻ പ്രസംഗിച്ചു. തുടർന്ന് മുതിർന്നവരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാടികൾ സമാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here