പന്ത്രണ്ടാം വാരം: വെള്ളി ഒന്നാം വര്‍ഷം

ഒന്നാം വായന
ഉത്പത്തിപ്പുസ്തകത്തില്‍നിന്ന് (17:1,9-10,15-22)
(നിങ്ങള്‍ പരിഛേദനം ചെയ്യണം. സാറാ നിനക്ക് ഒരു പുത്രനെ പ്രസവിക്കും)
അബ്രാമിനു തൊണ്ണുറ്റൊന്‍പതു വയസ്സായപ്പോള്‍ കര്‍ത്താവു പ്രത്യക്ഷപ്പെട്ട് അവനോടരുളിച്ചെയ്തു: സര്‍വശക്തനായ ദൈവമാണ് ഞാന്‍; എന്‍റെ മുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായി വര്‍ത്തിക്കുക. നീയും നിന്‍റെ സന്താനങ്ങളും തലമുറതോറും എന്‍റെ ഉടമ്പടി പാലിക്കണം. നിങ്ങള്‍ പാലിക്കേണ്ട ഉടമ്പടി ഇതാണ്: നിങ്ങളില്‍ പുരുഷന്‍മാരെല്ലാവരും പരിഛേദനം ചെയ്യണം.
ദൈവം അബ്രാഹത്തോട് തുടര്‍ന്ന് അരുളിച്ചെയ്തു: നിന്‍റെ ഭാര്യ സാറായിയെ ഇനിമേല്‍ സാറായി എന്നല്ല വിളിക്കേണ്ടത്. അവളുടെ പേര് സാറാ എന്നായിരിക്കും. ഞാന്‍ അവളെ അനുഗ്രഹിക്കും. അവളില്‍നിന്നു ഞാന്‍ നിനക്ക് ഒരു പുത്രനെ തരും. അവളെ ഞാന്‍ അനുഗ്രഹിക്കും; അവള്‍ ജനതകളുടെ മാതാവാകും. അവളില്‍നിന്നു ജനതകളുടെ രാജാക്കന്‍മാര്‍ ഉദ്ഭവിക്കും. അപ്പോള്‍ അബ്രാഹം കമിഴ്ന്നു വീണു ചിരിച്ചുകൊണ്ട് ആത്മഗതം ചെയ്തു: നൂറു വയസ്സു തികഞ്ഞവനു കുഞ്ഞുജനിക്കുമോ? തൊണ്ണൂറെത്തിയ സാറാ ഇനി പ്രസവിക്കുമോ? അബ്രാഹം ദൈവത്തോടു പറഞ്ഞു: ഇസ്മായേല്‍ അങ്ങയുടെ തിരുമുമ്പില്‍ ജീവിച്ചിരുന്നാല്‍ മതി. ദൈവം അരുളിച്ചെയ്തു: നിന്‍റെ ഭാര്യ സാറാ തന്നെ നിനക്കൊരു പുത്രനെ പ്രസവിക്കും. നീ അവനെ ഇസഹാക്ക് എന്നു വിളിക്കണം. അവനുമായും അവന്‍റെ സന്തതികളുമായും ഞാന്‍ നിത്യമായ ഒരു ഉടമ്പടി സ്ഥാപിക്കും. ഇസ്മായേലിനുവേണ്ടിയുള്ള നിന്‍റെ പ്രാര്‍ത്ഥനയും ഞാന്‍ ചെവിക്കൊണ്ടിരിക്കുന്നു. ഞാന്‍ അവനെ അനുഗ്രഹിച്ചിരിക്കുന്നു. ഞാനവനെ സന്താനപുഷ്ടിയുള്ളവനാക്കി, അവന്‍റെ സന്തതികളെ വര്‍ധിപ്പിക്കും. അവന്‍ പന്ത്രണ്ടു രാജാക്കന്‍മാര്‍ക്കു പിതാവായിരിക്കും. അവനില്‍നിന്നു ഞാനൊരു വലിയ ജനതയെ പുറപ്പെടുവിക്കും. എന്നാല്‍, സാറായില്‍നിന്ന് അടുത്തവര്‍ഷം ഈ സമയത്ത് നിനക്കു ജനിക്കാന്‍പോകുന്ന ഇസഹാക്കുമായിട്ടാണ് എന്‍റെ ഉടമ്പടി ഞാന്‍ സ്ഥാപിക്കുക. അബ്രാഹത്തോടു സംസാരിച്ചു കഴിഞ്ഞു ദൈവം അവനെ വിട്ടുപോയി.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(128: 1-2,3,4-5)
R (v.12b) കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ ഭാഗ്യവാന്‍.
1. കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍. നിന്‍റെ അധ്വാനഫലം നീ അനുഭവിക്കും; നീ സന്തുഷ്ടനായിരിക്കും; നിനക്കു നന്‍മ വരും.
R കര്‍ത്താവിനെ ഭയപ്പെടുന്നവന്‍…………..
2. നിന്‍റെ ഭാര്യ ഭവനത്തില്‍ ഫലസമൃദ്ധമായ മുന്തിരിപോലെയായിരിക്കും; നിന്‍റെ മക്കള്‍ നിന്‍റെ മേശയ്ക്കുചുറ്റും ഒലിവു തൈകള്‍പോലെയും.
R കര്‍ത്താവിനെ ഭയപ്പെടുന്നവന്‍…………..
3. കര്‍ത്താവിന്‍റെ ഭക്തന്‍ ഇപ്രകാരം അനുഗൃഹീതനാകും. കര്‍ത്താവു സീയോനില്‍നിന്നു നിന്നം അനുഗ്രഹിക്കട്ടെ! നിന്‍റെ ആയുഷ്കാലമത്രയും നീ ജറുസലെമിന്‍റെ ഐശ്വര്യം കാണും.
R കര്‍ത്താവിനെ ഭയപ്പെടുന്നവന്‍…………..
രണ്ടാം വര്‍ഷം
ഒന്നാം വായന
രാജാക്കന്‍മാരുടെ രണ്ടാം പുസ്തകത്തില്‍നിന്ന്
(25:1-12)
(യൂദാ നാടുകടത്തപ്പെട്ടു)
സെദെക്കിയായുടെ ഒന്‍പതാം ഭരണവര്‍ഷം പത്താം മാസം പത്താം ദിവസം ബാബിലോണ്‍ രാജാവായ നബുക്കദ്നേസര്‍ സകല സൈന്യങ്ങളോടു കൂടെ വന്ന് ജറുസലെമിനെ ആക്രമിച്ച്, ചുറ്റും ഉപരോധമേര്‍പ്പെടുത്തി. സെദെക്കിയായുടെ പതിനൊന്നാം ഭരണവര്‍ഷംവരെ നഗരം ഉപരോധിക്കപ്പെട്ടുകിടന്നു. നാലാം മാസം ഒന്‍പതാം ദിവസം നഗരത്തില്‍ ക്ഷാമം വളരെ രൂക്ഷമായി. ജനത്തിന് ഭക്ഷിക്കാനൊന്നുമുണ്ടായിരുന്നില്ല. കല്‍ദായര്‍ നഗരം വളഞ്ഞിരുന്നെങ്കിലും കോട്ടയില്‍ പിളര്‍പ്പുണ്ടാക്കി, രാജാവും പടയാളികളും രാജകീയോദ്യാനത്തിനടുത്തുള്ള രണ്ടു ചുമരുകള്‍ക്കിടയിലുള്ള വാതിലിലൂടെ രാത്രി പാലായനം ചെയ്തു. അരാബായെ ലക്ഷ്യമാക്കിയാണ് അവര്‍ പോയത്. എന്നാല്‍, കല്‍ദായ സൈന്യം രാജാവിനെ അനുധാവനം ചെയ്ത് ജറീക്കോ സമതലത്തില്‍ വച്ചു മറികടന്നു. അപ്പോള്‍ അവന്‍റെ പടയാളികള്‍ ചിതറിപ്പോയി. കല്‍ദായര്‍ രാജാവിനെ പിടിച്ച് റിബ്ലായില്‍ ബാബിലോണ്‍ രാജാവിന്‍റെ അടുത്തു കൊണ്ടുവന്നു. അവന്‍ സെദെക്കിയായുടെമേല്‍ വിധി പ്രസ്താവിച്ചു. പുത്രന്‍മാരെ അവന്‍റെ കണ്‍മുന്‍പില്‍ വച്ചു നിഗ്രഹിച്ചു. അവനെ, കണ്ണുകള്‍ ചൂഴ്ന്നെടുത്തതിനു ശേഷം, ചങ്ങലകൊണ്ടു ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി.
ബാബിലോണ്‍ രാജാവായ നബുക്കദ്നേസറിന്‍റെ പത്തൊന്‍പതാം ഭരണവര്‍ഷം അഞ്ചാംമാസം ഏഴാംദിവസം അവന്‍റെ അംഗരക്ഷകന്‍മാരുടെ നായകനായ ദാസന്‍ നബുസരദാന്‍ ജറുസലെമില്‍ വന്നു. അവിടെ കര്‍ത്താവിന്‍റെ ആലയവും രാജകൊട്ടാരവും ജറുസലെമിലെ വീടുകളും അഗ്നിക്കിരയാക്കി; മാളികകള്‍ കത്തിചാമ്പലായി. അവനോടുകൂടെ ഉണ്ടായിരുന്ന കല്‍ദായ സൈന്യം ജറുസലേമിനു ചുറ്റുമുള്ള കോട്ട തകര്‍ത്തു. നഗരത്തില്‍ അവശേഷിച്ചിരുന്ന ജനത്തെയും ബാബിലോണ്‍ രാജാവിനോടു കൂറു പ്രഖ്യാപിച്ചവരെയും, അവശേഷിച്ചിരുന്ന കരകൗശലക്കാരെയും നബുസരദാന്‍ തന്നോടു കൂടെക്കൊണ്ടുപോയി. അതി ദരിദ്രരായചിലരെ ഉഴവുകാരായും മുന്തിരിത്തോട്ടപ്പണിക്കാരായും അവിടെത്തന്നെ നിയോഗിച്ചു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(137: 1-2, 3-4,5-6)
R (v.6a) ജറുസലെമിനെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, എന്‍റെ നാവ് അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ!
1. ബാബിലോണ്‍ നദികളുടെ തീരത്തിരുന്നു സീയോനെയോര്‍ത്തു ഞങ്ങള്‍ കരഞ്ഞു. അവിടെയുള്ള അലരിവൃക്ഷങ്ങളില്‍ ഞങ്ങളുടെ കിന്നരം തൂക്കിയിട്ടു.
R ജറുസലെമിനെ ഞാന്‍…………..
2. ഞങ്ങളെ തടവിലാക്കിയവര്‍ അവിടെവച്ചു പാട്ടുപാടാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു; ഞങ്ങളുടെ മര്‍ദകര്‍ സീയോനെക്കുറിച്ചുള്ള ഗീതങ്ങള്‍ ആലപിച്ച് തങ്ങളെ രസിപ്പിക്കാന്‍ ഞങ്ങളോടു പറഞ്ഞു.
R ജറുസലെമിനെ ഞാന്‍…………..
3. വിദേശത്തു ഞങ്ങള്‍ എങ്ങനെ കര്‍ത്താവിന്‍റെ ഗാനം ആലപിക്കും? ജറുസലെമേ, നിന്നെ ഞാന്‍ മറക്കുന്നെങ്കില്‍, എന്‍റെ വലത്തുകൈ എന്നെ മറക്കട്ടെ!
R ജറുസലെമിനെ ഞാന്‍…………..
4. നിന്നെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, ജറുസലെമിനെ എന്‍റെ ഏറ്റവും വലിയ സന്തോഷത്തെക്കാള്‍ വിലമതിക്കുന്നില്ലെങ്കില്‍, എന്‍റെ നാവ് അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ!
R ജറുസലെമിനെ ഞാന്‍…………..
അല്ലേലൂയാ!
അല്ലേലൂയാ!(മത്താ.8:17) ക്രിസ്തു നമ്മുടെ ബലഹീനതകള്‍ ഏറ്റെടുക്കുകയും രോഗങ്ങള്‍ വഹിക്കുകയും ചെയ്തു.അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് (8:1-4)
(അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും )
അക്കാലത്ത്, യേശു മലയില്‍ നിന്ന് ഇറങ്ങിവന്നപ്പോള്‍ വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. അപ്പോള്‍ ഒരു കുഷ്ഠരോഗി അടുത്തുവന്ന് താണുവണങ്ങിപ്പറഞ്ഞു: കര്‍ത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും. യേശു കൈനീട്ടി അവനെ സ്പര്‍ശിച്ചുകൊണ്ട്, അരുളിച്ചെയ്തു: എനിക്കു മനസ്സുണ്ട്, നിനക്കു ശുദ്ധിവരട്ടെ. തത്ക്ഷണം കുഷ്ഠം മാറി അവനു ശുദ്ധിവന്നു. യേശു അവനോടു പറഞ്ഞു: നീ ഇത് ആരോടും പറയരുത്. പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുക്കുകയും മോശ കല്‍പിച്ചിട്ടുള്ള കാഴ്ച ജനത്തിന്‍റെ സാക്ഷ്യത്തിനായി സമര്‍പ്പിക്കുകയും ചെയ്യുക.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here