പത്രോസിന്റെ സിംഹാസനത്തില്‍ അഞ്ചുവര്‍ഷം പിന്നിട്ട് ‘പാവങ്ങളുടെ പാപ്പ’

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവനായി വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ഫ്രാന്‍സിസ്‌ പാപ്പാ അവരോധിതനായിട്ട് ഇന്നലെ(13/03/2018) അഞ്ചു വര്‍ഷം തികഞ്ഞു. പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ചു തന്റെ ചിന്തകള്‍ പങ്കുവെക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള നേതാക്കളില്‍ ഒരാള്‍ കൂടിയാണ്. മാര്‍പാപ്പയുടെ യഥാര്‍ത്ഥ നാമം ജോര്‍ജ് മരിയോ ബെര്‍ഗോളിയോ എന്നതാണ്. 2013 ഫെബ്രുവരി 11 നാണ് ബനഡിക്ട് പതിനാറാമൻ സ്‌ഥാനത്യാഗം പ്രഖ്യാപിച്ചത്. തുടർന്ന് 2013 മാർച്ചിൽ നടന്ന കോൺക്ലേവില്‍ സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ കര്‍ദ്ദിനാള്‍ ജോര്‍ജി മരിയോ ബെര്‍ഗോളിയോയെ തിരഞ്ഞെടുക്കുകയായിരിന്നു. പത്രോസിന്റെ സിംഹാസനത്തില്‍ ഫ്രാന്‍സിസ് എന്ന നാമം അദ്ദേഹം സ്വീകരിച്ചു.

വത്തിക്കാനിലെ അപ്പസ്‌ത്തോലിക കൊട്ടാരമാണ് മാര്‍പാപ്പമാരുടെ ഔദ്യോഗിക വസതി. എന്നാല്‍ അവിടെ നിന്നും മാറി സാന്താ മാര്‍ത്തയിലെ രണ്ടു മുറികള്‍ ചേര്‍ന്ന കെട്ടിടത്തിലാണ് പത്രോസിന്റെ പിന്‍ഗാമി ഇന്ന്‍ ജീവിക്കുന്നത്. എളിമ, ലാളിത്യം എന്നീ വാക്കുകള്‍ കാലം പഴക്കം ചെന്നവയല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ജീവിത മാതൃകയിലൂടെ തന്നെയാണ് നമുക്ക് കാണിച്ചു തരുന്നത്. വിശ്വാസികളും അവിശ്വാസികളും ഇതര മതസ്ഥരും ഒരുപോലെ ഉറ്റുനോക്കുന്ന ആഗോള സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്തെ വലിയ നവീകരണത്തിലേക്ക് നയിക്കുവാന്‍ കാരണമാകുമെന്ന് പ്രത്യാശിക്കാം. മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്ക് വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here