പത്തൊന്‍പതാം വാരം: വ്യാഴം- ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (17/8/17)

ഒന്നാം വായന
ജോഷ്വയുടെ പുസ്തകത്തില്‍നിന്ന് (3:17-11, 13-17)
(കര്‍ത്താവിന്‍റെ വാഗ്ദാനപേടകം നിങ്ങള്‍ക്കുമുമ്പേ ജോര്‍ദാനിലേക്ക്
പോകുന്നത് കണ്ടാലും)
അക്കാലത്ത്, കര്‍ത്താവ് ജോഷ്വയോടു പറഞ്ഞു: ഞാന്‍ മോശയോടുകൂടെയെന്നപോലെ നിന്നോടുകൂടെയുണ്ടെന്ന് അവര്‍ അറിയുന്നതിന് ഇന്നു നിന്നെ ഞാന്‍ ഇസ്രായേല്‍ ജനത്തിന്‍റെ മുമ്പാകെ ഉന്നതനാക്കാന്‍ പോകുന്നു. ജോര്‍ദാനിലെ വെള്ളത്തിനരികിലെത്തുമ്പോള്‍ അവിടെ നിശ്ചലരായി നില്‍ക്കണമെന്ന് വാഗ്ദാനപേടകം വഹിക്കുന്ന പുരോഹിതന്‍മാരോടു നീ കല്‍പിക്കണം.
ജോഷ്വ ഇസ്രായേല്യരോടു പറഞ്ഞു: നിങ്ങള്‍ അടുത്തുവന്നു ദൈവമായ കര്‍ത്താവിന്‍റെ വാക്കു കേള്‍ക്കുവിന്‍. അവന്‍ തുടര്‍ന്നു: ജീവിക്കുന്ന ദൈവം നിങ്ങളുടെ ഇടയില്‍ ഉണ്ടെന്നും കാനാന്യര്‍, ഹിത്യര്‍, ഹിവ്യര്‍, പെരീസ്യര്‍, ഗിര്‍ഗാഷ്യര്‍, അമോര്യര്‍, ജബൂസ്യര്‍ എന്നിവരെ നിങ്ങളുടെ മുമ്പില്‍നിന്ന് അവിടുന്നു തുരത്തുമെന്നും ഇതിനാല്‍ നിങ്ങള്‍ അറിയണം. ഭൂമി മുഴുവന്‍റെയും നാഥനായ കര്‍ത്താവിന്‍റെ വാഗ്ദാനപേടകം നിങ്ങള്‍ക്കു മുമ്പേ ജോര്‍ദാനിലേക്കു പോകുന്നതു കണ്ടാലും. ഭൂമി മുഴുവന്‍റെയും നാഥനായ കര്‍ത്താവിന്‍റെ പേടകം വഹിക്കുന്ന പുരോഹിതന്‍മാരുടെ ഉള്ളങ്കാല്‍ ജോര്‍ദാനിലെ ജലത്തെ സ്പര്‍ശിക്കുമ്പോള്‍ വെള്ളത്തിന്‍റെ ഒഴുക്കു നിലയ്ക്കുകയും മുകളില്‍നിന്നു വരുന്ന വെള്ളം ചിറപോലെകെട്ടിനില്‍ക്കുകയും ചെയ്യും.
തങ്ങള്‍ക്കുമുമ്പേ വാഗ്ദാനപേടകം വഹിച്ചുകൊണ്ടു പോകുന്ന പുരോഹിതന്‍മാരുടെകൂടെ ജനം ജോര്‍ദാന്‍നദി കടക്കുന്നതിനു കൂടാരങ്ങളില്‍നിന്നു പുറപ്പെട്ടു. വാഗ്ദാനപേടകം വഹിച്ചിരുന്നവര്‍ ജോര്‍ദാന്‍ നദീതീരത്തെത്തി. പേടകം വഹിച്ചിരുന്ന പുരോഹിതന്‍മാരുടെ പാദങ്ങള്‍ ജലത്തെ സ്പര്‍ശിച്ചു – കൊയ്ത്തുകാലം മുഴുവന്‍ ജോര്‍ദാന്‍ കരകവിഞ്ഞൊഴുകുക പതിവാണ് – വെള്ളത്തിന്‍റെ ഒഴുക്കു നിലച്ചു. സാരെഥാനു സമീപമുള്ള ആദം പട്ടണത്തിനരികെ അതു ചിറപോലെ പൊങ്ങി. അരാബാ ഉപ്പുകടലിലേക്ക് ഒഴുകിയ വെള്ളം നിശ്ശേഷം വാര്‍ന്നുപോയി. ജനം ജറീക്കോയ്ക്കു നേരേ മറുകര കടന്നു. ഇസ്രായേല്‍ജനം വരണ്ട നിലത്തുകൂടെ നദി കടന്നപ്പോള്‍ കര്‍ത്താവിന്‍റെ വാഗ്ദാനപേടകം വഹിച്ചുകൊണ്ട് പുരോഹിതന്‍മാര്‍ ജോര്‍ദാന്‍റെ മധ്യത്തില്‍ വരണ്ട നിലത്തുനിന്നു. സര്‍വരും ജോര്‍ദാന്‍ കടക്കുന്നതുവരെ അവര്‍ അവിടെ നിന്നു.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(113:1-2,3-4,5-6)
R അല്ലേലൂയാ!
1. കര്‍ത്താവിനെ സ്തുതിക്കുവിന്‍! കര്‍ത്താവിന്‍റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിന്‍! കര്‍ത്താവിന്‍റെ നാമത്തെ സ്തുതിക്കുവിന്‍!കര്‍ത്താവിന്‍റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!
R അല്ലേലൂയാ!
2. ഉദയം മുതല്‍ അസ്തമയംവരെ കര്‍ത്താവിന്‍റെ നാമം വാഴ്ത്തപ്പെടട്ടെ! കര്‍ത്താവു സകല ജനതകളുടെയുംമേല്‍ വാഴുന്നു; അവിടുത്തെ മഹത്വം ആകാശത്തിനുമീതേ ഉയര്‍ന്നിരിക്കുന്നു.
R അല്ലേലൂയാ!
3. നമ്മുടെ ദൈവമായ കര്‍ത്താവിനു തുല്യനായി ആരുണ്ട്? അവിടുന്ന് ഉന്നതത്തില്‍ ഉപവിഷ്നായിരിക്കുന്നു. അവിടുന്നു കുനിഞ്ഞ് ആകാശത്തെയും ഭൂമിയെയും നോക്കുന്നു.
R അല്ലേലൂയാ!
രണ്ടാം വര്‍ഷം
ഒന്നാം വായന
എസെക്കിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (12:1-12)
(പകല്‍സമയം അവര്‍ കാണ്‍കെത്തന്നെ പുറപ്പെടുക)
കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ധിക്കാരികളുടെ ഭവനത്തിലാണ് നീ വസിക്കുന്നത്. അവര്‍ കണ്ണുണ്ടായിട്ടും കാണുന്നില്ല; ചെവിയുണ്ടായിട്ടും കേള്‍ക്കുന്നില്ല, എന്തെന്നാല്‍ അവര്‍ ധിക്കാരികളുടെ ഭവനമാണ്. മനുഷ്യപുത്രാ, പ്രവാസത്തിനുവേണ്ട ഭാണ്‍ഡം തയ്യാറാക്കി, പകല്‍സമയം അവര്‍ കാണ്‍കെത്തന്നെ പുറപ്പെടുക. പ്രവാസിയെപ്പോലെ സ്വന്തം സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് അവര്‍ നോക്കിനില്‍ക്കെത്തന്നെ നീ പോകണം. ധിക്കാരികളുടെ ഭവനമാണെങ്കിലും ഒരു പക്ഷേ അവര്‍ കാര്യം മനസ്സിലാക്കിയേക്കും. നിന്‍റെ ഭാണ്‍ഡം പ്രവാസത്തിനുള്ള ഭാണ്‍ഡമെന്നപോലെ പകല്‍സമയം അവര്‍ കാണ്‍കേ നീ പുറത്തേക്കു കൊണ്ടുവരണം. പ്രവാസത്തിനു പോകുന്നവരെപ്പോലെ നീ സായംകാലത്ത് അവര്‍ നോക്കി നില്‍ക്കേ പുറപ്പെടണം. അവര്‍ കാണ്‍കേ ഭിത്തിയില്‍ ഒരു ദ്വാരമുണ്ടാക്കി അതിലൂടെ കടന്നുപോകണം. അവര്‍ നോക്കിനില്‍ക്കെത്തന്നെ നീ ഭാണ്‍ഡം തോളിലേറ്റി ഇരുട്ടത്തു പുറത്തുകടക്കുക. നിലം കാണാതിരിക്കാന്‍ നീ മുഖം മൂടിയിരിക്കണം, എന്തെന്നാല്‍ നിന്നെ ഞാന്‍ ഇസ്രായേല്‍ ഭവനത്തിന് ഒരടയാളമാക്കിയിരിക്കുന്നു.
എന്നോടു കല്‍പിച്ചതുപോലെ ഞാന്‍ ചെയ്തു. പ്രവാസത്തിനുള്ള ഭാണ്‍ഡമെന്നപോലെ എന്‍റെ ഭാണ്ഡം പകല്‍സമയത്ത് ഞാന്‍ പുറത്തു കൊണ്ടുവന്നു. സായംകാലത്ത് എന്‍റെ കൈകൊണ്ടുതന്നെ ഭിത്തിതുരന്ന് ഭാണ്‍ഡം തോളിലേറ്റി അവര്‍ കാണ്‍കെത്തന്നെ ഇരുട്ടത്തു ഞാന്‍ പുറപ്പെട്ടു.
പ്രഭാതത്തില്‍ കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനം, ധിക്കാരികളുടെ ആ ഭവനം, നീ എന്താണീചെയ്യുന്നതെന്നു ചേദിച്ചില്ലേ? നീ അവരോടു പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈ അരുളപ്പാട് ജറുസലെമിലെ രാജാവിനെയും അവിടെയുള്ള ഇസ്രായേല്‍ഭവനം മുഴുവനെയും കുറിച്ചുള്ളതാണ്. നീ അവര്‍ക്ക് ഒരടയാളമാണ്; നീ ഈ ചെയ്തതുപോലെ അവര്‍ക്കും സംഭവിക്കും. പ്രവാസത്തിനും അടിമത്തത്തിനും അവര്‍ വിധേയരാകും എന്ന് അവരോടും പറയുക. അവരുടെ രാജാവ് തന്‍റെ ഭാണ്‍ഡം തോളിലേറ്റി ഇരുട്ടത്ത് പുറപ്പെടും. അവന്‍ ഭിത്തി തുറന്ന് അതിലൂടെ കടന്നുപോകും. നിലം കാണാതിരിക്കാന്‍ അവന്‍ മുഖം മറച്ചിരിക്കും.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(78:56-57,58-59,61-62)
R (v.7b) കര്‍ത്താവിന്‍റെ പ്രവൃത്തികള്‍ വിസ്മരിക്കരുത്.
1. ഇസ്രായേല്‍ക്കാര്‍ അത്യുന്നതനായ ദൈവത്തെ പരീക്ഷിക്കുകയും അവിടുത്തോടു മത്സരിക്കുകയും ചെയ്തു. അവര്‍ അവിടുത്തെ കല്‍പനകള്‍ അനുസരിച്ചില്ല. തങ്ങളുടെ പിതാക്കന്‍മാരെപ്പോലെ അവര്‍ ദൈവത്തില്‍നിന്ന് അകന്ന് അവിശ്വസ്തമായി പെരുമാറി; ഞാണ്‍ അയഞ്ഞ വില്ലുപോലെ വഴുതിമാറി.
R കര്‍ത്താവിന്‍റെ പ്രവൃത്തികള്‍…………
2. അവര്‍ തങ്ങളുടെ പൂജാഗിരികളാല്‍ അവിടുത്തെ പ്രകോപിപ്പിച്ചു; തങ്ങളുടെ വിഗ്രഹങ്ങളാല്‍ അവിടുത്തെ അസൂയാലുവാക്കി. ദൈവം ഇതുകേട്ടു ക്രുദ്ധനായി; അവിടുന്ന് ഇസ്രായേലിന് പരിപൂര്‍ണമായി പരിത്യജിച്ചു.
R കര്‍ത്താവിന്‍റെ പ്രവൃത്തികള്‍…………
3. അവിടുന്നു തന്‍റെ ശക്തിയെ അടിമത്തത്തിനും മഹത്വത്തെ ശത്രുവിന്‍റെ കരത്തിനും ഏല്‍പിച്ചുകൊടുത്തു. അവിടുന്നു തന്‍റെ ജനത്തെ വാളിനു വിട്ടുകൊടുത്തു; തന്‍റെ അവകാശത്തിന്‍മേല്‍ ക്രോധം ചൊരിഞ്ഞു:
R കര്‍ത്താവിന്‍റെ പ്രവൃത്തികള്‍…………
അല്ലേലൂയാ!
അല്ലേലൂയാ!(സങ്കീ.119:135) ഈ ദാസന്‍റെമേല്‍ അങ്ങയുടെ പ്രകാശം പതിയട്ടെ, അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ! അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (18:21-35, 19:1)
(ഏഴെന്നല്ല, ഏഴ് എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടുപറയുന്നു)
അക്കാലത്ത്, പത്രോസ് മുന്നോട്ടു വന്ന് യേശുവിനോടു ചോദിച്ചു: കര്‍ത്താവേ, എന്നോടു തെറ്റു ചെയ്യുന്ന എന്‍റെ സഹോദരനോടു ഞാന്‍ എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴ് പ്രാവശ്യമോ? യേശു അരുളിച്ചെയ്തു: ഏഴെന്നല്ല. ഏഴ് എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു.
സ്വര്‍ഗരാജ്യം, തന്‍റെ സേവകന്‍മാരുടെ കണക്കു തീര്‍ക്കാന്‍ ആഗ്രഹിച്ച ഒരു രാജാവിനു സദൃശം. കണക്കു തീര്‍ക്കാനാരംഭിച്ചപ്പോള്‍, പതിനായിരം താലന്ത് കടപ്പെട്ടിരുന്ന ഒരുവനെ അവര്‍ അവന്‍റെ മുമ്പില്‍ കൊണ്ടുവന്നു. അവന് അതു വീട്ടാന്‍ നിര്‍വാഹമില്ലാതിരുന്നതുകൊണ്ട് അവനെയും ഭാര്യയെയും മക്കളെയും അവന്‍റെ സമസ്തവസ്തുക്കളെയും വിറ്റു കടം വീട്ടാന്‍ യജമാനന്‍ കല്പിച്ചു. അപ്പോള്‍ സേവകന്‍ വീണു നമസ്ക്കരിച്ചുകൊണ്ടു പറഞ്ഞു: പ്രഭോ, എന്നോടു ക്ഷമിക്കണമേ! ഞാന്‍ എല്ലാം തന്നുവീട്ടിക്കൊള്ളാം. ആ സേവകന്‍റെ യജമാനന്‍ മനസ്സലിഞ്ഞ് അവനെ വിട്ടയയ്ക്കുകയും കടം ഇളച്ചുകൊടുക്കുകയും ചെയ്തു.
അവന്‍ പുറത്തിറങ്ങിയപ്പോള്‍, തനിക്കു നൂറു ദനാറ നല്‍കാനുണ്ടായിരുന്ന തന്‍റെ സഹസേവതരിലൊരുവനെ കണ്ടുമുട്ടി. അവന്‍റെ കഴുത്തു പിടിച്ചു ഞെരിച്ചുകൊണ്ട് അവന്‍ പറഞ്ഞു: എനിക്കു തരാനുള്ളതു തന്നുതീര്‍ക്കുക. അപ്പോള്‍ ആ സഹസേവകന്‍ അവനോട് വീണപേക്ഷിച്ചു: എന്നോടു ക്ഷമിക്കണമേ! ഞാന്‍ തന്നു വീട്ടിക്കൊള്ളാം. എന്നാല്‍, അവന്‍ സമ്മതിച്ചില്ല. കടം വീട്ടുന്നതുവരെ സഹസേവകനെ അവന്‍ കാരാഗൃഹത്തിലിട്ടു.
സംഭവിച്ചതറിഞ്ഞ് മറ്റു സേവകന്‍മാര്‍ വളരെ സങ്കടപ്പെട്ടു. അവര്‍ ചെന്ന് നടന്നതെല്ലാം യജമാനനെ അറിയിച്ചു. യജമാനന്‍ അവനെ വിളിച്ചു പറഞ്ഞു: ദുഷ്ടനായ സേവകാ, നീ എന്നോടു കേണപേക്ഷിച്ചതുകൊണ്ടു നിന്‍റെ കടമെല്ലാം ഞാന്‍ ഇളച്ചുതന്നു. ഞാന്‍ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിന്‍റെ സഹസേവകനോടു കരുണ കാണിക്കേണ്ടതായിരുന്നില്ലേ? യജമാനന്‍ കോപിച്ച് കടം മുഴുവന്‍ വീട്ടുന്നതുവരെ അവനെ കാരാഗൃഹാധികൃതര്‍ക്ക് ഏല്‍പിച്ചുകൊടുത്തു. നിങ്ങള്‍ സഹോദരനോടു ഹൃദയപൂര്‍വ്വം ക്ഷമിക്കുന്നില്ലൊങ്കില്‍ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെതന്നെ പ്രവര്‍ത്തിക്കും. ഈ വാക്കുകള്‍ അവസാനിപ്പിച്ചശേഷം, യേശു ഗലീലി വിട്ട് ജോര്‍ദാന്‍ അക്കരെ യൂദയായുടെ അതിര്‍ത്തിയിലെത്തി.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here