പതിമൂന്നാം വാരം: ശനി ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം

ഒന്നാം വായന
ഉത്പത്തിപ്പുസ്തകത്തില്‍നിന്ന് (27:1-5,15-29)
(യാക്കോബ് സഹോദരനെ ചതിക്കുകയും അയാള്‍ക്കുള്ള അനുഗ്രഹം
തട്ടിയെടുക്കുയും ചെയ്തു)
ഇസഹാക്കിനു പ്രായമായി. കണ്ണിനു കാഴ്ച കുറഞ്ഞു. അവന്‍ മൂത്തമകന്‍ ഏസാവിനെ വിളിച്ചു: എന്‍റെ മകനേ! ഇതാ ഞാന്‍, അവന്‍ വിളി കേട്ടു. ഇസഹാക്ക് പറഞ്ഞു: എനിക്കു വയസ്സായി. എന്നാണു ഞാന്‍ മരിക്കുകയെന്ന് അറിഞ്ഞുകൂടാ. നിന്‍റെ ആയുധങ്ങളായ അമ്പും വില്ലുമെടുത്തു വയലില്‍ പോയി വേട്ടയാടി കുറെ കാട്ടിറച്ചി കൊണ്ടുവരിക. എനിക്കിഷ്ടപ്പെട്ട രീതിയില്‍ രുചികരമായി പാകംചെയ്ത് എന്‍റെ മുന്‍പില്‍ വിളമ്പുക. അതു ഭക്ഷിച്ചിട്ട് നിന്നെ ഞാന്‍ മരിക്കും മുന്‍പേ അനുഗ്രഹിക്കട്ടെ. ഇസഹാക്ക് ഏസാവിനോടു പറയുന്നതു റബേക്കാ കേള്‍ക്കുന്നുണ്ടായിരുന്നു. ഏസാവ് കാട്ടിറച്ചി തേടി വയലിലേക്കു പോയി.
അവള്‍ മൂത്തമകന്‍ ഏസാവിന്‍റേതായി, തന്‍റെ പക്കല്‍ വീട്ടിലിരുന്ന ഏറ്റവും വിലപ്പെട്ട വസ്ത്രങ്ങളെടുത്ത് ഇളയ മകന്‍ യാക്കോബിനെ ധരിപ്പിച്ചു; ആട്ടിന്‍ തോലുകൊണ്ട് അവന്‍റെ കൈകളും കഴുത്തിലെ മിനുസമുള്ള ഭാഗവുംമൂടി. പാകം ചെയ്ത രുചികരമായ മാംസവുംഅപ്പവുംഅവള്‍ യാക്കോബിന്‍റെ കൈയില്‍ കൊടുത്തു. യാക്കോബ് പിതാവിന്‍റെയടുക്കല്‍ച്ചെന്ന് വിളിച്ചു: എന്‍റെ പിതാവേ!ഇതാ ഞാന്‍, അവന്‍ വിളികേട്ടു. നീയാരാണ് മകനേ എന്ന് അവന്‍ ചോദിച്ചു. യാക്കോബ് മറുപടി പറഞ്ഞു: അങ്ങയുടെ കടിഞ്ഞൂല്‍പുത്രന്‍ ഏസാവാണു ഞാന്‍. അങ്ങ് ആവശ്യപ്പെട്ടതുപോലെ ഞാന്‍ ചെയ്തിരിക്കുന്നു. എഴുന്നേറ്റ് എന്‍റെ നായാട്ടിറച്ചി ഭക്ഷിച്ച് എന്നെ അനുഗ്രഹിച്ചാലും. എന്നാല്‍, ഇസഹാക്ക് ചോദിച്ചു: എന്‍റെ മകനേ, നിനക്ക് ഇത് ഇത്രവേഗം എങ്ങനെ കിട്ടി? യാക്കോബു പറഞ്ഞു: അങ്ങയുടെ ദൈവമായ കര്‍ത്താവ് ഇതിനെ എന്‍റെ മുന്‍പില്‍ കൊണ്ടുവന്നു. അപ്പോള്‍ ഇസഹാക്ക് യാക്കോബിനോടു പറഞ്ഞു: അടുത്തുവരിക മകനേ, ഞാന്‍ നിന്നെ തൊട്ടുനോക്കി നീ എന്‍റെ മകന്‍ ഏസാവു തന്നെയോ എന്നറിയട്ടെ. യാക്കോബ് പിതാവായ ഇസഹാക്കിന്‍റെയടുത്തു ചെന്നു. അവനെ തടവിനോക്കിയിട്ട് ഇസഹാക്കു പറഞ്ഞു: സ്വരം യാക്കോബിന്‍റേതാണ്, എന്നാല്‍, കൈകള്‍ ഏസാവിന്‍റേതും. ഇസഹാക്ക് അവനെ തിരിച്ചറിഞ്ഞില്ല. കാരണം, അവന്‍റെ കൈകള്‍ സഹോദരനായ ഏസാവിന്‍റെ കൈകള്‍പോലെ രോമം നിറഞ്ഞതായിരുന്നു. ഇസഹാക്ക് അവനെ അനുഗ്രഹിച്ചു.
അവന്‍ ചോദിച്ചു: സത്യമായും നീ എന്‍റെ മകന്‍ ഏസാവു തന്നെയാണോ? അതേ, എന്ന് അവന്‍ മറുപടി പറഞ്ഞു. ഇസഹാക്കു പറഞ്ഞു: എന്‍റെ മകനേ, നിന്‍റെ നായാട്ടിറച്ചി കൊണ്ടുവരുക. അതു തിന്നിട്ട് ഞാന്‍ നിന്നെ അനുഗ്രഹിക്കട്ടെ. ഇസഹാക്ക് അതു ഭക്ഷിക്കുകയും അവന്‍ കൊണ്ടുവന്ന വീഞ്ഞു കുടിക്കുകയും ചെയ്തു. ഇസഹാക്ക് അവനോടു പറഞ്ഞു: നീ അടുത്തുവന്ന് എന്നെ ചുംബിക്കുക. അവന്‍ ചുംബിച്ചപ്പോള്‍ ഇസഹാക്ക് അവന്‍റെ ഉടുപ്പു മണത്തു നോക്കി, അവനെ അനുഗ്രഹിച്ചു. കര്‍ത്താവു കനിഞ്ഞ് അനുഗ്രഹിച്ച വയലിന്‍റെ മണമാണ് എന്‍റെ മകന്‍റേതെന്ന് അവന്‍ പറഞ്ഞു. ആകാശത്തിന്‍റെ മഞ്ഞും ഭൂമിയുടെ ഫലപുഷ്ഠിയും ദൈവം നിനക്കു നല്‍കട്ടെ! ധാന്യവും വീഞ്ഞും സമൃദ്ധമാവട്ടെ! ജനതകള്‍ നിനക്കു സേവ ചെയ്യട്ടെ! രാജ്യങ്ങള്‍ നിന്‍റെ മുമ്പില്‍ തലകുനിക്കട്ടെ! നിന്‍റെ സഹോദരര്‍ക്കു നീ നാഥനായിരിക്കുക!നിന്‍റെ അമ്മയുടെ പുത്രന്‍മാര്‍ നിന്‍റെ മുന്‍പില്‍ തല കുനിക്കട്ടെ! നിന്നെ ശപിക്കുന്നവന്‍ ശപ്തനും അനുഗ്രഹിക്കുന്നവന്‍ അനുഗൃഹീതനുമാകട്ടെ!
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(135:2,3-4,5-6)
R (v.3a) കര്‍ത്താവിനെ സ്തുതിക്കുവിന്‍! അവിടുന്നു നല്ലവനാണ്(അല്ലെങ്കില്‍: അല്ലേലൂയാ!)
1. കര്‍ത്താവിന്‍റെ ആലയത്തില്‍ ശുശ്രൂഷ ചെയ്യുന്നവരേ, ദൈവത്തിന്‍റെ ഭവനാങ്കണത്തില്‍ നില്‍ക്കുന്നവരേ, അവിടുത്തെ സ്തുതിക്കുവിന്‍.
R കര്‍ത്താവിനെ സ്തുതിക്കുവിന്‍………….
2. കര്‍ത്താവിനെ സ്തുതിക്കുവിന്‍, അവിടുന്നു നല്ലവനാണ്; അവിടുത്തെ നാമം പ്രകീര്‍ത്തിക്കുവിന്‍, അവിടുന്നു കാരുണ്യവാനാണ്. കര്‍ത്താവു യാക്കോബിനെ തനിക്കായി, ഇസ്രായേലിനെ തന്‍റെ അവകാശമായി, തിരഞ്ഞെടുത്തു.
R കര്‍ത്താവിനെ സ്തുതിക്കുവിന്‍………….
3. കര്‍ത്താവു വലിയവനാണെന്നും സകല ദേവന്‍മാരെയുംകാള്‍ ഉന്നതനാണെന്നും ഞാന്‍ അറിയുന്നു. ആകാശത്തിലും ഭൂമിയിലും ആഴിയിലും അഗാധങ്ങളിലും കര്‍ത്താവു തനിക്ക് ഇഷ്ടമുള്ളതു പ്രവര്‍ത്തിക്കുന്നു.
R കര്‍ത്താവിനെ സ്തുതിക്കുവിന്‍………….
രണ്ടാം വര്‍ഷം
ഒന്നാം വായന
ആമോസ് പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന്
(9:11-15)
(എന്‍റെ ജനമായ ഇസ്രായേലിന്‍റെ ഐശ്യര്യം ഞാന്‍ പുനഃസ്ഥാപിക്കും.
തകര്‍ന്ന നഗരങ്ങള്‍ പുനരുദ്ധരിച്ച് അവര്‍ അതില്‍ വസിക്കും )
കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദിന്‍റെ വീണുപോയ കൂടാരത്തെ ഞാന്‍ ഉയര്‍ത്തും. കേടുപാടുകള്‍ തീര്‍ത്ത് വീണ്ടും അതിനെ പഴയകാലത്തെന്നപോലെ പണിതുയര്‍ത്തും. അപ്പോള്‍, ഏദോമില്‍ അവശേഷിക്കുന്നവരെയും എന്‍റെ നാമത്തില്‍ അറിയപ്പെട്ടിരുന്ന ജനതകളെയും അവര്‍ കൈവശമാക്കും. ഇതു ചെയ്യുന്ന കര്‍ത്താവാണ് അരുളിച്ചെയ്യുന്നത്. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആ ദിനങ്ങള്‍ ആസന്നമായി. അന്ന് ഉഴവുകാരന്‍ കൊയ്ത്തുകാരനെയും മുന്തിരി മെതിക്കുന്നവന്‍ വിതക്കാരനെയും പിന്നിലാക്കും. പര്‍വതങ്ങള്‍ പുതുവീഞ്ഞു പൊഴിക്കും. മലകളില്‍ അതു കവിഞ്ഞൊഴുകും. എന്‍റെ ജനമായ ഇസ്രായേലിന്‍റെ ഐശ്യര്യം ഞാന്‍ പുനഃസ്ഥാപിക്കും. തകര്‍ന്ന നഗരങ്ങള്‍ പുനരുദ്ധരിച്ച് അവര്‍ അതില്‍ വസിക്കും. മുന്തിരിത്തോപ്പുകള്‍ നട്ടുപിടിപ്പിച്ച്, അവര്‍ വീഞ്ഞു കുടിക്കും. അവര്‍ തോട്ടങ്ങളുണ്ടാക്കി, ഫലം ആസ്വദിക്കും. അവര്‍ക്കു നല്‍കിയ ദേശത്ത് ഞാന്‍ അവരെ നട്ടുവളര്‍ത്തും; ആരും അവരെ പിഴുതെറിയുകയില്ല – ദൈവമായ കര്‍ത്താവാണ് അരുളിച്ചെയ്യുന്നത്.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(85:8,10-11, 12-13)
R (v.8) കര്‍ത്താവായ ദൈവം തന്‍റെ ജനത്തിനു സമാധാനം അരുളും.
1. കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും; അവിടുന്നു തന്‍റെ ജനത്തിനു സമാധാനം അരുളും; ഹൃദയപൂര്‍വ്വം തന്നിലേക്കു തിരിയുന്ന തന്‍റെ വിശുദ്ധര്‍ക്കുതന്നെ.
R കര്‍ത്താവായ ദൈവം………….
2. കാരുണ്യവും വിശ്വസ്തതയും തമ്മില്‍ ആശ്ലേഷിക്കും; നീതിയും സമാധാനവും പരസ്പരം ചുംബിക്കും.ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കും; ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കും.
R കര്‍ത്താവായ ദൈവം………….
3. കര്‍ത്താവു നന്‍മ പ്രദാനം ചെയ്യും; നമ്മുടെ ദേശം സമൃദ്ധമായി വിളവു നല്‍കും. നീതി അവിടുത്തെ മുന്‍പില്‍ നടന്ന് അവിടുത്തേക്കു വഴിയൊരുക്കും.
R കര്‍ത്താവായ ദൈവം………….
അല്ലേലൂയാ!
അല്ലേലൂയാ!(മത്താ.11:28) കര്‍ത്താവ് അരുളിച്ചെയ്യുന്നു: അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം.അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് (9:14-17)
(മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്കു ദുഃഖമാചരിക്കാനാവുമോ)
അക്കാലത്ത്, യോഹന്നാന്‍റെ ശിഷ്യന്‍മാര്‍ യേശുവിന്‍റെ അടുത്തുവന്നു ചോദിച്ചു: ഞങ്ങളും ഫരിസേയരും ഉപവസിക്കുകയും നിന്‍റെ ശിഷ്യന്‍മാര്‍ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? അവന്‍ അവരോടു പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്കു ദുഃഖമാചരിക്കാനാവുമോ? മണവാളന്‍ അവരില്‍നിന്ന് അകറ്റപ്പെടുന്ന ദിവസങ്ങള്‍ വരും; അപ്പോള്‍ അവര്‍ ഉപവസിക്കും. ആരും പഴയ വസ്ത്രത്തില്‍ പുതിയ തുണിക്കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെ ചെയ്താല്‍ തയ്ച്ചുചേര്‍ത്ത തുണിക്കഷണം വസ്ത്രത്തില്‍നിന്നു കീറിപ്പോരുകയും കീറല്‍ വലുതാവുകയും ചെയ്യും. ആരും പുതിയ വീഞ്ഞ് പഴയ തോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്താല്‍ തോല്‍ക്കുടങ്ങള്‍ പൊട്ടി, വീഞ്ഞ് ഒഴുകിപ്പോവുകയും കുടങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യും. അതിനാല്‍, പുതിയവീഞ്ഞ് പുതിയ തോല്‍ക്കുടങ്ങളിലാണ് ഒഴിച്ചുവയ്ക്കുക. അപ്പോള്‍ രണ്ടും ഭദ്രമായിരിക്കും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here