പതിമൂന്നാം വാരം: വെള്ളി – ഒന്നാം വര്‍ഷം , രണ്ടാം വര്‍ഷം

ഒന്നാം വായന
ഉത്പത്തിപ്പുസ്തകത്തില്‍നിന്ന് (23:1-14, 19, 24:1-8,62-67)
(ഇസഹാക്ക് റബേക്കായെ സ്നേഹിച്ചു. അങ്ങനെ അമ്മയുടെ വേര്‍പാടില്‍
ദുഃഖിച്ചിരുന്ന അവന് ആശ്വാസം ലഭിച്ചു)
സാറായുടെ ജീവിതകാലം നൂറ്റിയിരുപത്തേഴു വര്‍ഷമായിരുന്നു. കാനാനിലുള്ള ഹെബ്രോണ്‍ എന്നറിയപ്പെടുന്ന കിരിയാത്ത് അര്‍ബായില്‍വച്ച് അവള്‍ മരിച്ചു. അബ്രാഹം സാറായെപ്പറ്റി വിലപിച്ചു. മരിച്ചവളുടെ അടുക്കല്‍ നിന്നെഴുന്നേറ്റുചെന്ന് അവന്‍ ഹിത്യരോടു പറഞ്ഞു: ഞാന്‍ നിങ്ങളുടെ ഇടയില്‍ വന്നുപാര്‍ക്കുന്ന ഒരു വിദേശിയാണ്. മരിച്ചവളെ സംസ്കരിക്കാന്‍ എനിക്കൊരു ശ്മശാനസ്ഥലം തരുക.
അതിനുശേഷം അബ്രാഹം ഭാര്യ സാറായെ കാനാന്‍ ദേശത്തു മാമ്രേയുടെ കിഴക്ക്, ഹോബ്രോണില്‍ മക്പെലായിലെ വയലിലുള്ള ഗുഹയില്‍ അടക്കി.
അബ്രാഹത്തിനും പ്രായമേറെയായി. കര്‍ത്താവ് എല്ലാ കാര്യങ്ങളിലും അവനെ അനുഗ്രഹിച്ചു. അവന്‍ തന്‍റെ എല്ലാ വസ്തുക്കളുടെയും മേല്‍നോട്ടക്കാരനും തന്‍റെ ഭവനത്തിലെ ഏറ്റവും പ്രായം കൂടിയവനുമായ വേലക്കാരനെ വിളിച്ചുപറഞ്ഞു: നിന്‍റെ കൈ എന്‍റെ തുടയുടെ കീഴെ വയ്ക്കുക. ഞാന്‍ പാര്‍ക്കുന്ന ഈ നാട്ടിലെ കാനാന്യരുടെ പെണ്‍മക്കളില്‍നിന്ന് എന്‍റെ മകനു ഭാര്യയെ തിരഞ്ഞെടുക്കയില്ലെന്ന് ആകാശത്തിന്‍റെയും ഭൂമിയുടെയും ദൈവമായ കര്‍ത്താവിന്‍റെ നാമത്തില്‍ നിന്നെക്കൊണ്ടു ഞാന്‍ സത്യം ചെയ്യിക്കും. എന്‍റെ നാട്ടില്‍ എന്‍റെ ചാര്‍ച്ചക്കാരുടെയടുക്കല്‍പോയി, അവരില്‍നിന്ന് എന്‍റെ മകന്‍ ഇസഹാക്കിനു ഭാര്യയെ കണ്ടുപിടിക്കണം. അപ്പോള്‍ ദാസന്‍ ചോദിച്ചു: ആ സ്ത്രീക്ക് എന്നോടുകൂടെ ഈ നാട്ടിലേക്കു പോരാന്‍ ഇഷ്ടമില്ലെങ്കിലോ? അങ്ങു വിട്ടുപോന്ന നാട്ടിലേക്ക് അങ്ങയുടെ മകനെ ഞാന്‍ കൊണ്ടുപോകണമോ? അബ്രാഹം പറഞ്ഞു: എന്‍റെ മകനെ അങ്ങോട്ടു കൊണ്ടുപോകരുത്. എന്‍റെ പിതാവിന്‍റെ വീട്ടില്‍ നിന്നും ചാര്‍ച്ചക്കാരില്‍നിന്നും എന്നെ പുറത്തുകൊണ്ടുവന്നവനും, എന്നോടു സംസാരിച്ചവനും, നിന്‍റെ സന്തതികള്‍ക്ക് ഈ ഭൂമി ഞാന്‍ തരുമെന്നു വാഗാദാനം ചെയ്തവനുമായ, ആകാശത്തിന്‍റെ ദൈവമായ കര്‍ത്താവ് തന്‍റെ ദൂതനെ നിനക്കു മുമ്പേ അയയ്ക്കും; നീ അവിടെ നിന്ന് എന്‍റെ മകന് ഒരു ഭാര്യയെ കണ്ടെത്തുകയും ചെയ്യും. എന്നാല്‍, ആ സ്ത്രീയ്ക്കു നിന്നോടു കൂടെ പോരാന്‍ ഇഷ്ടമില്ലെങ്കില്‍ എന്‍റെ ഈ ശപഥത്തില്‍നിന്ന് നീ വിമുക്തനാണ്; എന്‍റെ മകനെ അങ്ങോട്ടു തിരികേ കൊണ്ടു പോകരുതെന്നുമാത്രം.
ആയിടയ്ക്ക് ഇസഹാക്ക് ബേര്‍ല്ഹായ്റോയില്‍നിന്നു പോന്ന് നെഗെബില്‍ താമസിക്കുകയായിരുന്നു. ഒരു ദിവസം വൈകുന്നേരം അവന്‍ ചിന്താമഗ്നനായി വയലിലൂടെ നടക്കുകയായിരുന്നു. അവന്‍ തലപൊക്കി നോക്കിയപ്പോള്‍ ഒട്ടകങ്ങള്‍ വരുന്നതു കണ്ടു. റബേക്കായും ശിരസ്സുയര്‍ത്തി നോക്കി. ഇസഹാക്കിനെ കണ്ടപ്പോള്‍ അവള്‍ ഒട്ടകപ്പുറത്തുനിന്നു താഴെയിറങ്ങി. അവള്‍ ഭൃത്യനോടു ചോദിച്ചു: അങ്ങകലെ പാടത്തുകൂടി നമ്മുടെ നേരേ നടന്നുവരുന്ന മനുഷ്യന്‍ ആരാണ്? ഭൃത്യന്‍ പറഞ്ഞു: അവനാണ് എന്‍റെ യജമാനന്‍. ഉടനെ അവള്‍ ശിരോവസ്ത്രം കൊണ്ടു മുഖംമൂടി, നടന്നതെല്ലാം ഭൃത്യന്‍ ഇസഹാക്കിനോടു പറഞ്ഞു. ഇസഹാക്ക് അവളെ തന്‍റെ അമ്മ സാറായുടെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അവന്‍ അവളെ ഭാര്യയായി സ്വീകരിച്ചു. അവന്‍ അവളെ സ്നേഹിച്ചു. അങ്ങനെ അമ്മയുടെ വേര്‍പാടില്‍ ദുംഖിച്ചിരുന്ന അവന് ആശ്വാസം ലഭിച്ചു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(106: 1-2,3-4,5,)
R (v.1a) കര്‍ത്താവിനെ സ്തുതിക്കുവിന്‍! അവിടുന്നു നല്ലവനാണ്(അല്ലെങ്കില്‍: അല്ലേലൂയാ!)
1. കര്‍ത്താവിനെ സ്തുതിക്കുവിന്‍!കര്‍ത്താവിനു നന്ദിപറയുവിന്‍! അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു. കര്‍ത്താവിന്‍റെ അത്ഭുതകൃത്യങ്ങള്‍ ആരു വര്‍ണിക്കും? അവിടുത്തെ അപദാനങ്ങള്‍ ആരു കീര്‍ത്തിക്കും?
R കര്‍ത്താവിനെ സ്തുതിക്കുവിന്‍………….
2. ന്യായം പാലിക്കുകയും നീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍. കര്‍ത്താവേ, അവിടുന്നു ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ! അവിടുന്ന് അവരെ മോചിപ്പിക്കുമ്പോള്‍ എന്നെ സഹായിക്കണമേ!
R കര്‍ത്താവിനെ സ്തുതിക്കുവിന്‍………….
3. അങ്ങയുടെ തിരഞ്ഞെടുക്കപ്പെട്ടവരുടെ ഐശ്വര്യം കാണാന്‍ എനിക്ക് ഇടയാകട്ടെ! അങ്ങയുടെ ജനത്തിന്‍റെ സന്തോഷത്തില്‍ ഞാന്‍ പങ്കുചേരട്ടെ!അങ്ങയുടെ അവകാശത്തോടൊപ്പം ഞാന്‍ അഭിമാനം കൊള്ളട്ടെ!
R കര്‍ത്താവിനെ സ്തുതിക്കുവിന്‍………….
രണ്ടാം വര്‍ഷം
ഒന്നാം വായന
ആമോസ് പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന്
(8:4-6,9-12)
(ഭക്ഷണക്ഷാമമോ ദാഹജലത്തിനുള്ള വറുതിയോ അല്ല, കര്‍ത്താവിന്‍റെ
വചനം ലഭിക്കാത്തതുകൊണ്ടുള്ള ക്ഷാമമായിരിക്കും അത് )
ദരിദ്രരെ ചവിട്ടിമെതിക്കുകയും പാവപ്പെട്ടവരെ നശിപ്പിക്കുകയും ചെയ്യുന്നവരേ, കേള്‍ക്കുവിന്‍. ധാന്യങ്ങള്‍ വിറ്റഴിക്കേണ്ടതിന് അമാവാസി കഴിയുന്നതെപ്പോള്‍, ഗോതമ്പ് വില്‍ക്കേണ്ടതിനും ഏഫാ ചെറുതാക്കുന്നതിനും ഷെക്കല്‍ വലുതാക്കുന്നതിനും കള്ളത്തുലാസുകൊണ്ടു കച്ചവടം ചെയ്യുന്നതിനും ദരിദ്രരെ വെള്ളിക്കും നിരാലംബരെ ഒരു ജോടി ചെരുപ്പിനും വിലയ്ക്കു വാങ്ങേണ്ടതിനും പതിരു വിറ്റഴിക്കേണ്ടതിനും സാബത്തു കഴിയുന്നതെപ്പോള്‍ എന്നു നിങ്ങള്‍ ചോദിക്കുന്നു.
ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്നു മദ്ധ്യാഹ്നത്തില്‍ സൂര്യന്‍ അസ്തമിക്കും. നട്ടുച്ചയ്ക്കു ഞാന്‍ ഭൂമിയെ അന്ധകാരത്തില്‍ ആഴ്ത്തും. നിങ്ങളുടെ ഉത്സവദിനം മരണദിനമായും ഗാനങ്ങള്‍ വിലാപമായും ഞാന്‍ മാറ്റും. സകലരെയും ഞാന്‍ ചാക്കുടുപ്പിക്കും. എല്ലാ ശിരസ്സും കഷണ്ടിയാക്കും. അത് ഏകജാതനെക്കുറിച്ചുള്ള വിലാപംപോലെയാകും. ആ ദിനം അവസാനംവരെ തിക്തമായിരിക്കും. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദേശത്ത് ഞാന്‍ ക്ഷാമം അയയ്ക്കുന്ന നാളുകള്‍ വരുന്നു. ഭക്ഷണക്ഷാമമോ ദാഹജലത്തിനുള്ള വറുതിയോ അല്ല, കര്‍ത്താവിന്‍റെ വചനം ലഭിക്കാത്തതുകൊണ്ടുള്ള ക്ഷാമമായിരിക്കും അത്. അന്ന് അവര്‍ കടല്‍മുതല്‍ കടല്‍വരെയും വടക്കുമുതല്‍ കിഴക്കുവരെയും അലഞ്ഞുനടക്കും. കര്‍ത്താവിന്‍റെ വചനംതേടി അവന്‍ ഉഴലുമെങ്കിലും കണ്ടെത്തുകയില്ല.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(119: 2+10,20+30,40+131)
R (v.മത്താ.4;4) മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്‍റെ നാവില്‍നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നത്.(അല്ലെങ്കില്‍: അല്ലേലൂയാ!)
1. അവിടുത്തെ കല്‍പനകള്‍ പാലിക്കുന്നവര്‍, പൂര്‍ണഹൃദയത്തോടെ അവിടുത്തെ തേടുന്നവര്‍, ഭാഗ്യവാന്‍മാര്‍. പൂര്‍ണഹൃദയത്തോടെ ഞാന്‍ അങ്ങയെ തേടുന്നു; അങ്ങയുടെ കല്‍പന വിട്ടു നടക്കാന്‍ എനിക്ക് ഇടയാകാതിരിക്കട്ടെ!
R മനുഷ്യന്‍ അപ്പംകൊണ്ടു………….
2.അങ്ങയുടെ കല്‍പ്പനകള്‍ക്കു വേണ്ടിയുള്ള അഭിനിവേശം നിരന്തരം എന്നെ ദഹിപ്പിക്കുന്നു. ഞാന്‍ വിശ്വസ്തതയുടെ മാര്‍ഗം തിരഞ്ഞെടുത്തിരിക്കുന്നു; അങ്ങയുടെ ശാസനങ്ങള്‍ എന്‍റെ കണ്‍മുന്‍പില്‍ ഉണ്ട്.
R മനുഷ്യന്‍ അപ്പംകൊണ്ടു………….
3. ഇതാ, അങ്ങയുടെ പ്രമാണങ്ങളെ ഞാന്‍ അഭിലഷിക്കുന്നു; അങ്ങയുടെ നീതിയാല്‍ എന്നില്‍ പുതുജീവന്‍ പകരണമേ! അങ്ങയുടെ പ്രമാണങ്ങളോടുള്ള അഭിവാഞ്ഛ നിമിത്തം ഞാന്‍ വായ് തുറന്നു കിതയ്ക്കുന്നു.
R മനുഷ്യന്‍ അപ്പംകൊണ്ടു………….

അല്ലേലൂയാ!
അല്ലേലൂയാ!(മത്താ.11:28) കര്‍ത്താവ് അരുളിച്ചെയ്യുന്നു: അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം.അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് (9:9-13)
(ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം)
അക്കാലത്ത്, യാത്രാമദ്ധ്യേ, മത്തായി എന്നൊരാള്‍ ചുങ്കസ്ഥലത്ത് ഇരിക്കുന്നത് യേശു കണ്ടു. യേശു അവനോട് പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു. യേശു അവന്‍റെ ഭവനത്തില്‍ ഭക്ഷണത്തിനിരുന്നപ്പോള്‍ അനേകം ചുങ്കക്കാരും പാപികളും വന്ന്, അവനോടും ശിഷ്യന്‍മാരോടും കൂടെ ഭക്ഷണത്തിനിരുന്നു. ഫരിസേയര്‍ ഇതു കണ്ട് ശിഷ്യന്‍മാരോടു ചോദിച്ചു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതെന്തുകൊണ്ട്? ഇതുകേട്ട് അവന്‍ പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്‍റെ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത് നീതിമാന്‍മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here