പതിമൂന്നാം വാരം: ബുധന്‍- ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം

ഒന്നാം വായന
ഉത്പത്തിപ്പുസ്തകത്തില്‍നിന്ന് (21:5,8-20)
(ദാസിയുടെ മകന്‍ എന്‍റെ മകന്‍ ഇസഹാക്കിനോടൊപ്പം
അവകാശിയാകാന്‍ പാടില്ല)
അബ്രാഹത്തിന് നൂറു വയസ്സുള്ളപ്പോഴാണ് ഇസഹാക്ക് ജനിച്ചത്. കുഞ്ഞു വളര്‍ന്നു മുലകുടി മാറി. അന്ന് അബ്രാഹം വലിയൊരു വിരുന്നു നടത്തി.
ഈജിപ്തുകാരിയായ ഹാഗാറില്‍ അബ്രാഹത്തിനു ജനിച്ച മകന്‍, തന്‍റെ മകനായ ഇസഹാക്കനോടുകൂടെ കളിക്കുന്നതു സാറാ കണ്ടു. അവള്‍ അബ്രാഹത്തോടു പറഞ്ഞു: ആ അടിമപ്പെണ്ണിനെയും അവളുടെ മകനെയും ഇറക്കി വിടുക. അവളുടെ മകന്‍ എന്‍റെ മകന്‍ ഇസഹാക്കിനോടൊപ്പം അവകാശിയാകാന്‍ പാടില്ല. തന്‍മൂലം മകനെയോര്‍ത്ത് അബ്രാഹം വളരെ അസ്വസ്ഥനായി. എന്നാല്‍, ദൈവം അബ്രാഹത്തോട് അരുളിച്ചെയ്തു: കുട്ടിയെക്കുറിച്ചും നിന്‍റെ അടിമപ്പെണ്ണിനെക്കുറിച്ചും നീ ക്ലേശിക്കേണ്ട. സാറാ പറയുന്നതുപോലെ ചെയ്യുക. കാരണം, ഇസഹാക്കിലൂടെയാണു നിന്‍റെ സന്തതികള്‍ അറിയപ്പെടുക. അടിമപ്പെണ്ണില്‍ ജനിച്ച മകനെയും ഞാനൊരു ജനതയാക്കും. അവനും നിന്‍റെ മകനാണല്ലോ.
അബ്രാഹം അതിരാവിലെ എഴുന്നേറ്റ് കുറെ അപ്പവും ഒരു തുകല്‍ സഞ്ചിയില്‍ വെള്ളവുമെടുത്ത് ഹാഗാറിന്‍റെ തോളില്‍ വച്ചുകൊടുത്തു. മകനെയും ഏല്‍പിച്ചിട്ട് അവളെ പറഞ്ഞയച്ചു. അവള്‍ അവിടെ നിന്നുപോയി ബേര്‍ഷെബ മരുപ്രദേശത്ത് അലഞ്ഞുനടന്നു. തുകല്‍സഞ്ചിയിലെ വെള്ളം തീര്‍ന്നപ്പോള്‍ അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ കിടത്തി. കുഞ്ഞു മരിക്കുന്നത് എനിക്കു കാണാന്‍ വയ്യാ എന്നുപറഞ്ഞ് അവള്‍ കുറെ അകലെ, ഒരു അമ്പെയ്ത്ത് ദൂരെച്ചെന്ന് എതിര്‍വശത്തേക്കു തിരിഞ്ഞിരുന്നു. കുട്ടി ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടു. സ്വര്‍ഗത്തില്‍നിന്ന് ദൈവത്തിന്‍റെ ദൂതന്‍ അവളെ വിളിച്ചു പറഞ്ഞു: ഹാഗാര്‍, നീ വിഷമിക്കേണ്ട; ഭയപ്പെടുകയും വേണ്ടാ. കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടിരിക്കുന്നു. എഴുന്നേറ്റു കുട്ടിയെ കൈയിലെടുക്കുക. അവനില്‍ നിന്ന് ഞാന്‍ വലിയൊരു ജനതയെ പുറപ്പെടുവിക്കും. ദൈവം അവളുടെ കണ്ണുതുറന്നു. അവള്‍ ഒരു കിണര്‍ കണ്ടു. അവള്‍ ചെന്ന് തുകല്‍ സഞ്ചി നിറച്ച്, കുട്ടിക്കു കുടിക്കാന്‍ കൊടുത്തു. ദൈവം ആ കുട്ടിയോടുകൂടെയുണ്ടായിരുന്നു. അവന്‍ മരുഭൂമിയില്‍ പാര്‍ത്തു. അവന്‍ വളര്‍ന്നു സമര്‍ഥനായൊരു വില്ലാളിയായിത്തീര്‍ന്നു.
പ്രതിവചനസങ്കീര്‍ത്തനം (34:6-7, 9-10, 11-12)
R (v.6a) എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു.
1. ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു; എല്ലാ കഷ്ടതകളിലുംനിന്ന് അവനെ രക്ഷിക്കുകയും ചെയ്തു. കര്‍ത്താവിന്‍റെ ദൂതന്‍ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു.
R എളിയവന്‍ നിലവിളിച്ചു…………….
2. കര്‍ത്താവിന്‍റെ വിശുദ്ധരേ, അവിടുത്തെ ഭയപ്പെടുവിന്‍; അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല. സിംഹക്കുട്ടികള്‍ ഇരകിട്ടാതെ വിശന്നുവലഞ്ഞേക്കാം; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല.
R എളിയവന്‍ നിലവിളിച്ചു…………….
3. മക്കളേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍, ദൈവഭക്തി ഞാന്‍ നിങ്ങളെ പരിശീലിപ്പിക്കാം. ജീവിതം ആഗ്രഹിക്കുകയും സന്തുഷ്ടമായ ദീര്‍ഘായുസ്സ് അഭിലഷിക്കുകയും ചെയ്യുന്നുവോ?
R എളിയവന്‍ നിലവിളിച്ചു…………….
രണ്ടാം വര്‍ഷം
ഒന്നാം വായന
ആമോസ് പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന്
(5:14-15, 21-24)
(നിങ്ങളുടെ ഗാനങ്ങളുടെ ശബ്ദം എനിക്കു കേള്‍ക്കണ്ടാ,
നീതി ജലം പോലെ ഒഴുകട്ടെ)
ഇസ്രായേല്‍ ഗോത്രത്തോട് കര്‍ത്താവ് അരുളിച്ചെയ്യുന്നു: തിന്‍മയല്ല, നന്‍മ അന്വേഷിക്കുവിന്‍; നിങ്ങള്‍ ജീവിക്കും. നിങ്ങള്‍ പറയുന്നതുപോലെ, അപ്പോള്‍ സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. തിന്‍മയെ വെറുക്കുവിന്‍, നന്‍മയെ സ്നേഹിക്കുവിന്‍. നഗരകവാടത്തില്‍ നീതി സ്ഥാപിക്കുവിന്‍. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് ജോസഫിന്‍റെ സന്തതികളില്‍ അവശേഷിക്കുന്നവരോടു കരുണ കാട്ടാന്‍ കനിഞ്ഞേക്കും.
നിങ്ങളുടെ ഉത്സവങ്ങളോട് എനിക്കു വെറുപ്പാണ്, അവജ്ഞയാണ്. നിങ്ങളുടെ മഹാസമ്മേളനങ്ങളില്‍ എനിക്കു പ്രസാദമില്ല. നിങ്ങള്‍ ദഹനബലികളും ധാന്യബലികളും അര്‍പ്പിച്ചാലും ഞാന്‍ സ്വീകരിക്കുകയില്ല. സമാധാനബലിയായി നിങ്ങള്‍ അര്‍പ്പിക്കുന്ന കൊഴുത്ത മൃഗങ്ങളെ ഞാന്‍ നോക്കുയില്ല. നിങ്ങളുടെ ഗാനങ്ങളുടെ ശബ്ദം എനിക്കു കേള്‍ക്കേണ്ടാ. നിങ്ങളുടെ വീണാനാദം ഞാന്‍ ശ്രദ്ധിക്കുകയില്ല. നീതി ജലം പോലെ ഒഴുകട്ടെ; സത്യം ഒരിക്കലും വറ്റാത്ത നീര്‍ച്ചാലുപോലെയും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(50:7,8-9, 10-11,12-13)
R (v.23b) നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്‍റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.
1. എന്‍റെ ജനമേ, കേള്‍ക്കുവിന്‍, ഞാന്‍ ഇതാ, സംസാരിക്കുന്നു; ഇസ്രായേലേ, ഞാന്‍ നിനക്കെതിരേ സാക്ഷ്യം നല്‍കും; ഞാനാണു ദൈവം, നിന്‍റെ ദൈവം.
R നേരായ മാര്‍ഗത്തില്‍…………..
2. നിന്‍റെ ബലികളെക്കുറിച്ചു ഞാന്‍ നിന്നെ ശാസിക്കുന്നില്ല; നിന്‍റെ ദഹനബലികള്‍ നിരന്തരം എന്‍റെ മുന്‍പിലുണ്ട്. നിന്‍റെ വീട്ടില്‍നിന്നു കാളയെയോ നിന്‍റെ ആട്ടിന്‍പറ്റത്തില്‍ നിന്നു മുട്ടാടിനെയോ ഞാന്‍ സ്വീകരിക്കുകയില്ല.
R നേരായ മാര്‍ഗത്തില്‍…………..
3. വനത്തിലെ സര്‍വമൃഗങ്ങളും കുന്നുകളിലെ ആയിരക്കണക്കിനു കന്നുകാലികളും എന്‍റേതാണ്. ആകാശത്തിലെ പറവകളെ ഞാന്‍ അറിയുന്നു; വയലില്‍ ചരിക്കുന്നവയെല്ലാം എന്‍റേതാണ്.
R നേരായ മാര്‍ഗത്തില്‍…………..
4. എനിക്കു വിശന്നാല്‍ ഞാന്‍ നിന്നോടു പറയുകയില്ല; ലോകവും അതിലുള്ള സമസ്തവും എന്‍റേതാണ്. ഞാന്‍ കാളകളുടെ മാംസം തിന്നുമോ? ആടുകളുടെ രക്തം കുടിക്കുമോ?
R നേരായ മാര്‍ഗത്തില്‍…………..
അല്ലേലൂയാ!
അല്ലേലൂയാ!(യാക്കോ.1:18) തന്‍റെ സൃഷ്ടികളില്‍ ആദ്യഫലമാകേണ്ടതിന് സത്യത്തിന്‍റെ വചനത്താല്‍ നമുക്കു ജന്‍മം നല്‍കാന്‍ അവിടുന്നു തിരുമനസ്സായി.അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് (8:28-34)
(സമയത്തിനുമുമ്പ് ഞങ്ങളെ പീഡിപ്പിക്കാന്‍ നീ ഇവിടെ
വന്നിരിക്കുകയാണോ?)
അക്കാലത്ത്, യേശു മറുകരെ, ഗദറായരുടെ ദേശത്തെത്തിയപ്പോള്‍, ശവക്കല്ലറകളില്‍നിന്ന് ഇറങ്ങിവന്ന രണ്ടു പിശാചുബാധിതര്‍ അവനെ കണ്ടുമുട്ടി. ആര്‍ക്കും ആ വഴി സഞ്ചരിക്കാന്‍ സാധിക്കാത്തവിധം അവര്‍ അപകടകാരികളായിരുന്നു. അവര്‍ അട്ടഹസിച്ചു പറഞ്ഞു: ദൈവപുത്രാ, നീ എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? സമയത്തിനുമുമ്പ് ഞങ്ങളെ പീഡിപ്പിക്കാന്‍ നീ ഇവിടെ വന്നിരിക്കുകയാണോ? അവരില്‍ നിന്ന് അല്‍പം അകലെ വലിയൊരു പന്നിക്കൂട്ടം മേയുന്നുണ്ടായിരുന്നു. പിശാചുക്കള്‍ അവനോട് അപേക്ഷിച്ചു: നീ ഞങ്ങളെ പുറത്താക്കുന്നെങ്കില്‍ ആ പന്നിക്കൂട്ടത്തിലേക്കയയ്ക്കണമേ! അവന്‍ പറഞ്ഞു: പെയ്ക്കൊള്ളുവിന്‍. അവ പുറത്തു വന്നു പന്നികളില്‍ പ്രവേശിച്ചു. പന്നിക്കൂട്ടം മുഴുവന്‍ കിഴുക്കാംതൂക്കായ നിരത്തിലൂടെ പാഞ്ഞു ചെന്ന് കടലില്‍ മുങ്ങിച്ചത്തു. പന്നി മേയ്ക്കുന്നവര്‍ ഭയപ്പെട്ടോടി. പട്ടണത്തിലെത്തി, എല്ലാക്കാര്യങ്ങളും, പിശാചുബാധിതര്‍ക്കു സംഭവിച്ചതും അറിയിച്ചു. അപ്പോള്‍, പട്ടണം മുഴുവന്‍ യേശുവിനെ കാണാന്‍ പുറപ്പെട്ടുവന്നു. അവര്‍ അവനെ കണ്ടപ്പോള്‍ തങ്ങളുടെ അതിര്‍ത്തി വിട്ടുപോകണമെന്ന് അപേക്ഷിച്ചു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here