പതിമൂന്നാം വാരം: തിങ്കള്‍ ഒന്നാം വര്‍ഷം , രണ്ടാം വര്‍ഷം

ഒന്നാം വായന
ഉത്പത്തിപ്പുസ്തകത്തില്‍നിന്ന് (18:16-33)
(ദുഷ്ടന്‍മാരോടൊപ്പം നീതിമാന്‍മാരേയും അങ്ങു നശിപ്പിക്കുമോ?)
അക്കാലത്ത്, അബ്രാഹത്തെ സന്ദര്‍ശിച്ച മൂന്നുപേര്ഡ അവിടെ നിന്നെഴുന്നേറ്റു സോദോമിനു നേരോ തിരിച്ചു. വഴിയിലെത്തുന്നതുവരെ അബ്രാഹം അവരെ അനുയാത്ര ചെയ്തു. കര്‍ത്താവ് ആലോചിച്ചു: അബ്രാഹം മഹത്തും ശക്തവുമായ ഒരു ജനതയായിത്തീരുമെന്നും ഭൂമിയിലെ ജനപദങ്ങളെല്ലാം അവനിലൂടെ അനുഗ്രഹിക്കപ്പെടുമെന്നും അറിഞ്ഞിരിക്കേ, ഞാന്‍ ചെയ്യാന്‍ പോകുന്ന കാര്യം അവനില്‍ നിന്നു മറച്ചുവയ്ക്കണമോ? ഞാന്‍ അവനെ തിരഞ്ഞെടുത്തിരിക്കുന്നത്, നീതിയും ന്യായവും പ്രവര്‍ത്തിച്ച കര്‍ത്താവിന്‍റെ വഴിയിലൂടെ നടക്കാന്‍ തന്‍റെ മക്കളോടും പിന്‍മുറക്കാരോടും അവന്‍ കല്‍പിക്കുന്നതിനും അങ്ങനെ കര്‍ത്താവ് അവനോടു ചെയ്ത വാഗ്ദാനം പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണ്. കര്‍ത്താവു പറഞ്ഞു: സോദോമിനും ഗൊമോറായ്ക്കുമെതിരെയുള്ള മുറവിളി വളരെ വലുതാണ്. അവരുടെ പാപം ഗുരുതരവുമാണ്. അതിനാല്‍, അവരുടെ പ്രവൃത്തികള്‍ എന്‍റെ സന്നിധിയിലെത്തിയിട്ടുള്ള വിലാപങ്ങളെ സാധുകരിക്കുന്നോ ഇല്ലയോ എന്നറിയാന്‍ ഞാന്‍ അവിടംവരെ പോകുകയാണ്. അവര്‍ അവിടെനിന്നു .സോദോമിനുനേരേ നടന്നു. അബ്രാഹം അപ്പോഴും കര്‍ത്താവിന്‍റെ മുമ്പില്‍ത്തന്നെ നിന്നു.
അബ്രാഹം അവിടുത്തെ സമീപിച്ചു ചോദിച്ചു: ദുഷ്ടന്‍മാരോടൊപ്പം നീതിമാന്‍മാരെയും അങ്ങു നശിപ്പിക്കുമോ? നഗരത്തില്‍ അന്‍പതു നീതിമാന്‍മാരുണ്ടെങ്കില്‍ അങ്ങ് അതിനെ നശിപ്പിച്ചു കളയുമോ? അവരെപ്രതി ആ സ്ഥലത്തെ ശിക്ഷയില്‍ നിന്നൊഴിവാക്കില്ലേ? ദുഷ്ടന്‍മാരോടൊപ്പം നീതിമാന്‍മാരെയും സംഹരിക്കുക – അത് അങ്ങില്‍ നിന്ന് ഉണ്ടാകാതിരിക്കട്ടെ. ദുഷ്ടന്‍മാരുടെ ഗതിതന്നെ നീതിമാന്‍മാര്‍ക്കും സംഭവിക്കാതിരിക്കട്ടെ. ഭൂമി മുഴുവന്‍റെയും വിധികര്‍ത്താവു നീതിപ്രവര്‍ത്തിക്കാതിരിക്കുമോ? കര്‍ത്താവ് അരുളിച്ചെയ്തു: സോദോം നഗരത്തില്‍ അമ്പതു നീതിമാന്‍മാരെ ഞാന്‍ കണ്ടെത്തുന്നപക്ഷം അവരെപ്രതി ഞാന്‍ ആ സ്ഥലത്തോടു മുഴുവന്‍ ക്ഷമിക്കും. അബ്രാഹം വീണ്ടും പറഞ്ഞു: പൊടിയും ചാരവുമായ ഞാന്‍ കര്‍ത്താവിനോടു സംസാരിക്കുവാന്‍ തുനിഞ്ഞല്ലോ. നീതിമാന്‍മാര്‍ അമ്പതിന് അഞ്ച് കുറവാണെന്നു വന്നാലോ? അഞ്ചുപേര്‍ കുറഞ്ഞാല്‍ നഗരത്തെ മുഴുവന്‍ അങ്ങു നശിപ്പിക്കുമോ? അവിടുന്നു പറഞ്ഞു: നാല്‍പ്പത്തഞ്ചുപേരെ കണ്ടെത്തിയാല്‍ ഞാനതിനെ നശിപ്പിക്കകയില്ല. അവന്‍ വാണ്ടും ചോദിച്ചു: നാല്‍പ്പതു പേരെയുള്ളുവെങ്കിലോ? അവിടുന്നു പ്രതിവചിച്ചു: ആ നാല്‍പ്പതുപേരേ പ്രതി നഗരം ഞാന്‍ നശിപ്പിക്കുകയില്ല. അവന്‍ പറഞ്ഞു: ഞാന്‍ വീണ്ടും സംസാരിക്കുന്നതുകൊണ്ടു കര്‍ത്താവു കോപിക്കരുതേ!ഒരു പക്ഷേ, മുപ്പതുപേരേയുള്ളുവെങ്കിലോ? അവിടുന്ന് അരുളിച്ചെയ്തു: മുപ്പതുപേരേ കണ്ടെത്തുന്നെങ്കില്‍ ഞാനതു നശിപ്പിക്കുകയില്ല. അവന്‍ പറഞ്ഞു: കര്‍ത്താവിനോടു സംസാരിക്കാന്‍ ഞാന്‍ തുനിഞ്ഞല്ലോ. ഇരുപതു പേരേയുള്ളുവെങ്കിലോ? അവിടുന്ന് അരുളിച്ചെയ്തു: ഇരുപതുപേരേ പ്രതി ഞാനതു നശിപ്പിക്കുകയില്ല. അവന്‍ പറഞ്ഞു: കര്‍ത്താവേ, കോപിക്കരുതേ! ഒരുതവണകൂടി മാത്രം ഞാന്‍ സംസാരിക്കട്ടെ. പത്തുപ്രേ അവിടെയുള്ളുവെങ്കിലോ? അവിടുന്ന് അരുളിച്ചെയ്തു: ആ പത്തു പേരേ പ്രതി ഞാന്‍ അതു നശിപ്പിക്കുകയില്ല. അബ്രാഹത്തോടു സംസാരിച്ചു കഴിഞ്ഞപ്പോള്‍ കര്‍ത്താവ് അവിടെനിന്നുപോയി. അബ്രാഹവും സ്വന്തം സ്ഥലത്തേക്കു മടങ്ങി.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(103: 1-2, 3-4, 8-9,10)
R (v.8a) കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.
1. എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!എന്‍റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക. എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്.
R കര്‍ത്താവ് ആര്‍ദ്രഹൃദയനും…………..
2. അവിടുന്നു നിന്‍റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു; നിന്‍റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു. അവിടുന്നു നിന്‍റെ ജീവനെ പാതാളത്തില്‍ നിന്നു രക്ഷിക്കുന്നു; അവിടുന്നു സ്നേഹവും കരുണയുെകൊണ്ടു നിന്നെ കിരീടമണിയിക്കുന്നു.
R കര്‍ത്താവ് ആര്‍ദ്രഹൃദയനും…………..
3. കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്; ക്ഷമാശീലനും സ്നേഹനിധിയും ആണ്. അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല; അവിടുത്തെ കോപം എന്നേക്കും നിലനില്‍ക്കുകയില്ല.
R കര്‍ത്താവ് ആര്‍ദ്രഹൃദയനും…………..
4. നമ്മുടെ പാപങ്ങള്‍ക്കൊത്ത് അവിടുന്നു നമ്മെ ശിക്ഷിക്കുന്നില്ല; നമ്മുടെ അകൃത്യങ്ങള്‍ക്കൊത്തു നമ്മോടു പകരംചെയ്യുന്നില്ല.
R കര്‍ത്താവ് ആര്‍ദ്രഹൃദയനും…………..

രണ്ടാം വര്‍ഷം

ഒന്നാം വായന
ആമോസ് പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന്
(2:6-10,13-16)
(പാവപ്പെട്ടവരുടെ തല അവര്‍ പൂഴിയില്‍ ചവിട്ടിമെതിക്കുന്നു)
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ ആവര്‍ത്തിച്ചു ചെയ്ത അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. അവര്‍ നീതിമാന്‍മാരെ വെള്ളിക്കു വില്‍ക്കുന്നു; ഒരു ജോടി ചെരുപ്പിനു സാധുക്കളെയും, പാവപ്പെട്ടവരുടെ തല അവര്‍ പൂഴിയില്‍ ചവിട്ടിമെതിക്കുന്നു. ദരിദ്രരെ വഴിയില്‍നിന്നു തള്ളിമാറ്റുന്നു. അപ്പനും മകനും ഒരേ യുവതിയെ പ്രാപിക്കുന്നു. അങ്ങനെ അവര്‍ എന്‍റെ വിശുദ്ധനാമത്തിനു കളങ്കം വരുത്തുന്നു. പണയം കിട്ടിയ വസ്ത്രം വിരിച്ച ഓരോ ബലിപീഠത്തിനും അരികില്‍ അവര്‍ ശയിക്കുന്നു. പിഴയായി ഈടാക്കിയ മദ്യം അവര്‍ തങ്ങളുടെ ദേവന്‍റെ ആലയത്തില്‍ വച്ചു പാനം ചെയ്യുന്നു. ദേവദാരുപോലെ ഉയരവും കരുവേലകം പോലെ കരുത്തും ഉണ്ടായിരുന്ന അമോര്യരെ ഞാന്‍ അവരുടെ മുന്‍പില്‍വച്ചു തകര്‍ത്തു. മുകളില്‍ അവരുടെ ഫലവും താഴേ അവരുടെ വേരുകളും ഞാന്‍ നശിപ്പിച്ചു. ഈജിപ്തു ദേശത്തുനിന്നു നിങ്ങളെ മോചിപ്പിച്ച്, മരുഭൂമിയിലൂടെ നാല്‍പ്പതു വര്‍ഷം നയിച്ച്, അമോര്യരുടെ ഭൂമി ഞാന്‍ നിങ്ങള്‍ക്കു സ്വന്തമായി നല്‍കി.
കറ്റകള്‍ നിറഞ്ഞ വണ്ടി കീഴോട്ടമരുന്നതുപോലെ ഞാന്‍ നിങ്ങളെ മണ്ണിനോടു ചേര്‍ത്തു ഞെരിക്കും. ഓടുന്നവനെ അവന്‍റെ ശീഘ്രത രക്ഷിക്കുകയില്ല. ശക്തന്‍മാരുടെ ശക്തി നിലനില്‍ക്കുകയില്ല. കരുത്തനു ജീവന്‍ രക്ഷിക്കാനാവില്ല. വില്ലാളികള്‍ ചെറുത്തു നില്‍ക്കുകയില്ല. ശീഘ്രഗാമികള്‍ ഓടി രക്ഷപെടുകയില്ല. അശ്വാരൂഢന് ജീവന്‍ രക്ഷിക്കാനാവില്ല. കരുത്തരില്‍ ചങ്കൂറ്റമുള്ളവര്‍ പോലും അന്നു നഗ്നരായി പലായനം ചെയ്യും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(50: 16bc -17, 18-19,20-21,22-23)
R (v.22a) ദൈവത്തെ മറക്കുന്നവരേ, ഓര്‍മയിലിരിക്കട്ടെ.
1. എന്‍റെ നിയമങ്ങള്‍ ഉരുവിടാനോ എന്‍റെ ഉടമ്പടിയെക്കുറിച്ച് ഉരിയാടാനോ നിനക്കെന്തു കാര്യം? നീ ശിക്ഷണത്തെ വെറുക്കുന്നു; എന്‍റെ വചനത്തെ നീ അവഗണിക്കുന്നു.
R ദൈവത്തെ മറക്കുന്നവരേ…………..
2. കള്ളനെ കണ്ടാല്‍ നീ അവനോടു കൂട്ടുചേരും. വ്യഭിചാരികളോടു നീ ചങ്ങാത്തംകൂടുന്നു. നിന്‍റെ വായ് നീ തിന്‍മയ്ക്കു തുറന്നിട്ടിരിക്കുന്നു. നിന്‍റെ നാവു വഞ്ചനയ്ക്കു രൂപം നല്‍കുന്നു.
R ദൈവത്തെ മറക്കുന്നവരേ…………..
3. നീ നിന്‍റെ സഹോദരനെതിരായി സംസാരിച്ചുകൊണ്ടിരിക്കുന്നു. സ്വന്തം സഹോദരനെതിരെ നീ അപവാദം പരത്തുന്നു. നീ ഇതെല്ലാം ചെയ്തിട്ടും ഞാന്‍ മൗനം ദീക്ഷിച്ചു; നിന്നെപ്പോലെയാണു ഞാനും എന്നു നീ കരുതി; എന്നാല്‍ ഇപ്പോള്‍ ഞാന്‍ നിന്നെ ശാസിക്കുന്നു; നിന്‍റെ മുന്‍പില്‍ ഞാന്‍ കുറ്റങ്ങള്‍ നിരത്തിവയ്ക്കുന്നു.
R ദൈവത്തെ മറക്കുന്നവരേ…………..
4. ദൈവത്തെ മറക്കുന്നവരേ, ഓര്‍മയിലിരിക്കട്ടെ!അല്ലെങ്കില്‍, ഞാന്‍ നിങ്ങളെ ചീന്തിക്കളയും; രക്ഷിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല. ബലിയായി കൃതജ്ഞത അര്‍പ്പിക്കുന്നവന്‍ എന്നെ ബഹുമാനിക്കുന്നു; നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്‍റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.
R ദൈവത്തെ മറക്കുന്നവരേ…………..
അല്ലേലൂയാ!
അല്ലേലൂയാ!(സങ്കീ.95:8ab) ഇന്ന് നിങ്ങള്‍ ഹൃദയം കഠിനമാക്കാതെ കര്‍ത്താവിന്‍റെ വചനം ശ്രവിക്കുവിന്‍.അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് (8:18-22)
(നീ എന്നെ അനുഗമിക്കുക )
അക്കാലത്ത്, തന്‍റെ ചുറ്റും പുരുഷാരം കൂടുന്നതു കണ്ടപ്പോള്‍ മറുകരയ്ക്കു പോകാന്‍ യേശു കല്‍പിച്ചു. ഒരു നിയമജ്ഞന്‍ അവനെ സമീപിച്ചു പറഞ്ഞു: ഗുരോ, നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ അനുഗമിക്കും. യേശു പറഞ്ഞു: കുറുനരികള്‍ക്കു മാളങ്ങളും ആകാശപ്പറവകള്‍ക്കു കൂടുകളുമുണ്ട്; എന്നാല്‍, മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ല. ശിഷ്യന്‍മാരില്‍ മറ്റൊരുവന്‍ അവരോടു പറഞ്ഞു: കര്‍ത്താവേ, പോയി എന്‍റെ പിതാവിനെ സംസ്ക്കരിച്ചിട്ടുവരാന്‍ എന്നെ അനുവദിക്കണമേ. യേശു പറഞ്ഞു: നീ എന്നെ അനുഗമിക്കുക; മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here