പതിനേഴാം വാരം: വ്യാഴം – ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – 3/8/3017

ഒന്നാം വായന
പുറപ്പാടിന്‍റെ പുസ്തകത്തില്‍നിന്ന് (40:16-21, 34-38)
(മേഘം അതിനെ ആവരണം ചെയ്തിരുന്നു. കര്‍ത്താവിന്‍റെ മഹത്വം
കൂടാരത്തില്‍ നിറഞ്ഞുനിന്നിരുന്നു)
അക്കാലത്ത്, കര്‍ത്താവു മോശയോടു കല്‍പിച്ചതെല്ലാം അവന്‍ അനുഷ്ഠിച്ചു. രണ്ടാംവര്‍ഷം ഒന്നാംമാസം ഒന്നാം ദിവസം കൂടാരം സ്ഥാപിക്കപ്പെട്ടു. മോശ കൂടാരമുയര്‍ത്തി; അതിന്‍റെ പാദകുടങ്ങളുറപ്പിച്ചു; പലകകള്‍ പിടിപ്പിച്ചു; അഴികള്‍ നിരത്തി, തൂണുകള്‍ നാട്ടി, കര്‍ത്താവു കല്‍പിച്ചതുപോലെ, മോശ കൂടാരത്തിന്‍റെ വിതാനം ഒരുക്കി, വിരികള്‍ നിരത്തി. അവന്‍ ഉടമ്പടിപ്പത്രികയെടുത്തു പേടകത്തില്‍ വച്ചു. തണ്ടുകള്‍ പേടകത്തോടു ഘടിപ്പിച്ചു. പേടകത്തിനുമീതേ കൃപാസനം സ്ഥാപിക്കുകയും ചെയ്തു. കര്‍ത്താവു കല്പിച്ചതുപോലെ, മോശ സാക്ഷ്യപേടകം കൂടാരത്തിനുള്ളിലേക്കു കൊണ്ടുവന്നു. അതു തിരശ്ശീല കൊണ്ടു മറച്ചു.
അപ്പോള്‍ ഒരു മേഘം സമാഗമകൂടാരത്തെ ആവരണം ചെയ്തു. കര്‍ത്താവിന്‍റെ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നു. മോശയ്ക്കു സമാഗമകൂടാരത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല; കാരണം, മേഘം അതിനെ ആവരണം ചെയ്തിരുന്നു. കര്‍ത്താവിന്‍റെ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നിരുന്നു.
മേഘം കൂടാരത്തില്‍നിന്ന് ഉയരുമ്പോഴാണ് ഇസായേല്‍ജനം യാത്രപുറപ്പെട്ടിരുന്നത്. മേഘം ഉയര്‍ന്നില്ലെങ്കില്‍, അതുയരുന്ന ദിവസംവരെ അവര്‍ പുറപ്പെട്ടിരുന്നില്ല. കര്‍ത്താവിന്‍റെ മേഘം പകല്‍സമയത്ത് കൂടാരത്തിനു മുകളില്‍ നിലകൊണ്ടിരുന്നു; രാത്രിസമയത്ത് മേഘത്തില്‍ അഗ്നി ജ്വലിച്ചിരുന്നു. ഇസ്രായേല്‍ ജനം യാത്രയുടെ ഓരോ ഘട്ടത്തിലും ഇതു ദര്‍ശിച്ചു.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(84:2,3,4,10)
R (v.1) സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയുടെ വാസസ്ഥലം എത്ര മനോഹരം!
1. എന്‍റെ ആത്മാവു കര്‍ത്താവിന്‍റെ അങ്കണത്തിലെത്താന്‍ വാഞ്ചിച്ചു തളരുന്നു: എന്‍റെ മനസ്സും ശരീരവും ജീവിക്കുന്നവനായ ദൈവത്തിന് ആനന്ദഗാനമാലപിക്കുന്നു.
R സൈന്യങ്ങളുടെ കര്‍ത്താവേ…………
2. എന്‍റെ രാജാവും ദൈവവുമായ സൈന്യങ്ങളുടെ കര്‍ത്താവേ, കുരികില്‍പ്പക്ഷി ഒരു സങ്കേതവും മീവല്‍പ്പക്ഷി കുഞ്ഞിന് ഒരു കൂടും അങ്ങയുടെ ബലിപീഠത്തിങ്കല്‍ കണ്ടെത്തുന്നുവല്ലോ.
R സൈന്യങ്ങളുടെ കര്‍ത്താവേ…………
3. എന്നേക്കും അങ്ങയെ സ്തുതിച്ചുകൊണ്ട് അങ്ങയുടെ ഭവനത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍. അങ്ങയില്‍ ശക്തി കണ്ടെത്തിയവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു.
R സൈന്യങ്ങളുടെ കര്‍ത്താവേ…………
4. അന്യസ്ഥലത്ത് ആയിരം ദിവസത്തെക്കാള്‍ അങ്ങയുടെ അങ്കണത്തില്‍ ഒരു ദിവസം ആയിരിക്കുന്നതു കൂടുതല്‍ അഭികാമ്യമാണ്; ദുഷ്ടതയുടെ കൂടാരങ്ങളില്‍ വാഴുന്നതിനെക്കാള്‍, എന്‍റെ ദൈവത്തിന്‍റെ ആലയത്തില്‍ വാതില്‍കാവല്‍ക്കാരനാകാനാണു ഞാന്‍ ആഗ്രഹിക്കുന്നത്.
R സൈന്യങ്ങളുടെ കര്‍ത്താവേ…………
രണ്ടാം വര്‍ഷം
ഒന്നാം വായന
ജറെമിയാസ് പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (18:1-6)
(കുശവന്‍റെ കൈയിലെ കളിമണ്ണുപോലെയാണ് എന്‍റെ കൈയില്‍ നിങ്ങള്‍)
കര്‍ത്താവ് ജറെമിയായോട് അരുളിച്ചെയ്തു: നീ എഴുന്നേറ്റു കുശവന്‍റെ വീട്ടിലേക്കു ചെല്ലുക. അവിടെവച്ചു ഞാന്‍ നിന്നോടു സംസാരിക്കും. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ അവന്‍ ചക്രത്തിന്‍മേല്‍ പണി ചെയ്യുകയായിരുന്നു. കുശവന്‍ കളിമണ്ണുകൊണ്ട് ഉണ്ടാക്കിക്കൊണ്ടിരുന്ന പാത്രം ചിലപ്പോള്‍ ശരിയാകാതെ പോകും. അപ്പോള്‍ അവന്‍ അതുകൊണ്ടു വീണ്ടും തനിക്കിഷ്ടമുള്ള രൂപത്തില്‍ മെനയും. അപ്പോള്‍ കര്‍ത്താവ് എന്നോടരുളിച്ചെയ്തു: ഇസ്രായേല്‍ ഭവനമേ, ഈ കുശവന്‍ ചെയ്യുന്നതുപോലെ എനിക്കു നിങ്ങളോടു ചെയ്യരുതോ എന്നു കര്‍ത്താവു ചോദിക്കുന്നു. ഇസ്രായേല്‍ ഭവനമേ കുശവന്‍റെ കൈയിലെ കളിമണ്ണുപോലെയാണ് എന്‍റെ കൈയില്‍ നിങ്ങള്‍.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(146:2, 3-4,5-6)
R (v.5a) യാക്കോബിന്‍റെ ദൈവം തുണയായിട്ടുള്ളവന്‍, ഭാഗ്യവാന്‍.(അല്ലെങ്കില്‍: അല്ലേലൂയാ!)
1. ആയുഷ്കാലമത്രയും ഞാന്‍ കര്‍ത്താവിനെ സ്തുതിക്കും; ജീവിതകാലം മുഴുവന്‍ ഞാന്‍ എന്‍റെ ദൈവത്തിനു കീര്‍ത്തനം പാടും.
R യാക്കോബിന്‍റെ ദൈവം………..
2. രാജാക്കന്‍മാരില്‍, സഹായിക്കാന്‍ കഴിവില്ലാത്ത മനുഷ്യപുത്രനില്‍, ആശ്രയംവയ്ക്കരുത്. അവന്‍ മണ്ണിലേക്കു മടങ്ങുന്നു; അന്ന് അവന്‍റെ പദ്ധതികള്‍ മണ്ണടിയുന്നു.
R യാക്കോബിന്‍റെ ദൈവം………..
3. യാക്കോബിന്‍റെ ദൈവം തുണയായിട്ടുള്ളവന്‍, തന്‍റെ ദൈവമായ കര്‍ത്താവില്‍ പ്രത്യാശ വയ്ക്കുന്നവന്‍, ഭാഗ്യവാന്‍. അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്.; അവിടുന്ന് എന്നേക്കും വിശ്വസ്തതനാണ്.
R യാക്കോബിന്‍റെ ദൈവം………..
അല്ലേലൂയാ!
അല്ലേലൂയാ!(cf.അപ്പ.16: 14b ) കര്‍ത്താവേ, അങ്ങേ പുത്രന്‍റെ വചനങ്ങള്‍ സ്വീകരിക്കാന്‍ ഞങ്ങളുടെ ഹൃദയം തുറക്കണമേ- അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (13:47-53)
(നല്ല മത്സ്യങ്ങള്‍ പാത്രത്തില്‍ ശേഖരിക്കുകയും ചീത്ത മത്സ്യങ്ങള്‍
പുറത്തേക്ക് എറിയുകയും ചെയ്തു)
അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുളിച്ചെയ്തു: സ്വര്‍ഗരാജ്യം, എല്ലാത്തരം മത്സ്യങ്ങളെയും ശേഖരിക്കാന്‍ കടലില്‍ എറിയപ്പെട്ട വലയ്ക്കു തുല്യം. വല നിറഞ്ഞപ്പോള്‍ അവര്‍ അതു കരയ്ക്കു വലിച്ചു കയറ്റി. അവര്‍ അവിടെയിരുന്ന്, നല്ല മത്സ്യങ്ങള്‍ പാത്രത്തില്‍ ശേഖരിക്കുകയും ചീത്ത മത്സ്യങ്ങള്‍ പുറത്തേക്ക് എറിയുകയും ചെയ്തു. യുഗാന്തത്തിലും ഇതുപോലെ സംഭവിക്കും. ദൈവദൂതന്‍മാര്‍ ദുഷ്ടന്‍മാരെ നീതിമാന്‍മാരില്‍നിന്നു വേര്‍തിരിക്കുകയും അഗ്നികുണ്‍ഡത്തിലേക്കെറിയുകയും ചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. നിങ്ങള്‍ ഇതെല്ലാം ഗ്രഹിച്ചുവോ? അവന്‍ ചോദിച്ചു. ഉവ്വ്, അവര്‍ ഉത്തരം പറഞ്ഞു.
അവന്‍ തുടര്‍ന്നു: സ്വര്‍ഗരാജ്യത്തിന്‍റെ ശിഷ്യനായിത്തീര്‍ന്ന ഓരോ നിയമജ്ഞനും, തന്‍റെ നിക്ഷേപത്തില്‍നിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥനു തുല്യന്‍. യേശു ഈ ഉപമകള്‍ അവസാനിപ്പിച്ചശേഷം അവിടെനിന്നു പുറപ്പെട്ട്, സ്വദേശത്തുവന്ന്, അവരുടെ സിനഗോഗില്‍ പഠിപ്പിച്ചു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here