പതിനേഴാം വാരം: ബുധന്‍ ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം – 2/8/2017

ഒന്നാം വായന
പുറപ്പാടിന്‍റെ പുസ്തകത്തില്‍നിന്ന് (34:29-35)
(മോശയുടെ മുഖം അത്യധികം പ്രകാശമാനമായിരുന്നതിനാല്‍
ഇസ്രായേല്‍ജനം അവനെ സമീപിക്കാന്‍ ഭയപ്പെട്ടു)
അക്കാലത്ത്, രണ്ടു സാക്ഷ്യഫലകങ്ങളും വഹിച്ചുകൊണ്ട് മോശ സീനായ്മലയില്‍നിന്നു താഴേക്കു വന്നു. ദൈവവുമായി സംസാരിച്ചതിനാല്‍ തന്‍റെ മുഖം തേജോമയമായി എന്ന കാര്യം അവന്‍ അറിഞ്ഞില്ല. അഹറോനും ഇസ്രായേല്‍ ജനവും മോശയുടെ മുഖം പ്രശോഭിക്കുന്നതു കണ്ടു. അവനെ സമീപിക്കാന്‍ അവര്‍ ഭയപ്പെട്ടു. മോശ അവരെ വിളിച്ചു. അഹറോനും സമൂഹനേതാക്കന്‍മാരും അടുത്തുചെന്നു. മോശ അവരോടു സംസാരിച്ചു. അനന്തരം, ജനം അടുത്തുചെന്നു. സീനായ്മലയില്‍വച്ചു കര്‍ത്താവു തന്നോടു സംസാരിച്ചതെല്ലാം അവന്‍ അവര്‍ക്കു കല്‍പനായി നല്‍കി. സംസാരിച്ചു തീര്‍ന്നപ്പോള്‍ മോശ ഒരു മൂടുപടംകൊണ്ടു മുഖം മറച്ചു. അവന്‍ കര്‍ത്താവിനോടു സംസാരിക്കാന്‍ തിരുമുന്‍പില്‍ ചെല്ലുമ്പോഴോ, അവിടെനിന്നു പുറത്തുവരുന്നതുവരെയോ മൂടുപടം ധരിച്ചിരുന്നില്ല. അവന്‍ പുറത്തുവന്ന് അവിടുന്ന് തന്നോടു കല്‍പിച്ചവയെല്ലാം ഇസ്രായേല്‍ ജനത്തോടു പറഞ്ഞിരുന്നു. ഇസ്രായേല്‍ജനം മോശയുടെ മുഖം കണ്ടു; മോശയുടെ മുഖം പ്രകാശിച്ചിരുന്നു. കര്‍ത്താവിനോടു സംസാരിക്കാന്‍ അകത്തു പ്രവേശിക്കുന്നതുവരെ മോശ മുഖം മറച്ചിരുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(99:6,7,5,9)
R (v.9c) നമ്മുടെ ദൈവമായ കര്‍ത്താവു പരിശുദ്ധനാണ്.
1. മോശയും അഹറോനും അവിടുത്തെ പുരോഹിതന്‍മാരില്‍പെട്ടവരാണ്; അവിടുത്തെ നാമം വിളിച്ചപേക്ഷിച്ചവരില്‍ സാമുവേലും ഉള്‍പ്പെടുന്നു; അവര്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു അവിടുന്ന് അവര്‍ക്ക് ഉത്തരമരുളി.
R നമ്മുടെ ദൈവമായ………..
2. മേഘസ്തംഭത്തില്‍നിന്ന് അവിടുന്ന് അവരോടു സംസാരിച്ചു; അവര്‍ അവിടുത്തെ കല്‍പനകളും ചട്ടങ്ങളും അനുസരിച്ചു.
R നമ്മുടെ ദൈവമായ………..
3. നമ്മുടെ ദൈവമായ കര്‍ത്താവിനെ പുകഴ്ത്തുവിന്‍; അവിടുത്തെ പാദപീഠത്തിങ്കല്‍ പ്രണമിക്കുവിന്‍; അവിടുന്നു പരിശുദ്ധനാണ്.
R നമ്മുടെ ദൈവമായ………..
4. ദൈവമായ കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍! അവിടുത്തെ വിശുദ്ധ പര്‍വതത്തില്‍ ആരാധന അര്‍പ്പിക്കുവിന്‍; നമ്മുടെ ദൈവമായ കര്‍ത്താവു പരിശുദ്ധനാണ്.
R നമ്മുടെ ദൈവമായ………..
രണ്ടാം വര്‍ഷം
ഒന്നാം വായന
ജറെമിയാസ് പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (15:10,16-21)
(എന്താണ് എന്‍റെ വേദന മാറാത്തത്? നീ തിരിച്ചു വന്നാല്‍ എന്‍റെ
സന്നിധിയില്‍ നിന്നെ പുനഃസ്ഥാപിക്കാം)
എന്‍റെ അമ്മേ, എനിക്കു ദുരിതം! നാട്ടിലെങ്ങും കലഹത്തിനും കലാപത്തിനും കാരണക്കാരനാകാന്‍ എന്നെ നീ പ്രസവിച്ചതെന്തിന്? ഞാന്‍ കടംകൊടുത്തില്ല, വാങ്ങിയിട്ടുമില്ല, എന്നിട്ടും എല്ലാവരും എന്നെ ശപിക്കുന്നു.
അങ്ങയുടെ വചനങ്ങള്‍ കണ്ടെത്തിയപ്പോള്‍ ഞാന്‍ അവ ഭക്ഷിച്ചു; അവ എനിക്ക് ആനന്ദാമൃതമായി; എന്‍റെ ഹൃദയത്തിനു സന്തോഷവും. എന്തെന്നാല്‍, സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞാന്‍ അങ്ങയുടെ നാമമാണല്ലോ വഹിക്കുന്നത്. ഉല്ലാസജീവിതം നയിക്കുന്നവരോടു ഞാന്‍ സഹവസിക്കുകയോ അവരോടൊത്തു സന്തോഷിക്കുകയോ ചെയ്തില്ല. അങ്ങയുടെ കരം എന്‍റെ മേലുണ്ടായിരുന്നതുകൊണ്ട് ഞാന്‍ ഏകാകിയായി കഴിഞ്ഞു. അമര്‍ഷംകൊണ്ട് അങ്ങ് എന്നെ നിറച്ചിരുന്നു. എന്താണ് എന്‍റെ വേദന മാറാത്തത്? എന്‍റെ മുറിവ് ഉണങ്ങാന്‍ കൂട്ടാക്കാതെ വീങ്ങുന്നത് എന്തുകൊണ്ട്? ഇടയ്ക്കിടെ വെള്ളം വറ്റിപ്പോകുന്ന അരുവിയെപ്പോലെ അവിടുന്ന് എന്നെവഞ്ചിക്കുമോ?
കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ തിരിച്ചുവന്നാല്‍ എന്‍റെ സന്നിധിയില്‍ നിന്നെ പുനഃസ്ഥാപിക്കാം. വിലകെട്ടവ പറയാതെ സദ്വചനങ്ങള്‍ മാത്രം സംസാരിച്ചാല്‍ നീ എന്‍റെ നാവുപോലെയാകും. അവര്‍ നിന്‍റെ അടുക്കലേക്കുവരും, നീ അവരുടെ അടുക്കലേക്കു മടങ്ങിപ്പോകയില്ല. ഈ ജനത്തിനു മുന്‍പില്‍ ഒരു പിത്തളക്കോട്ടയായി നിന്നെ ഞാന്‍ ഉയര്‍ത്തും. അവര്‍ നിന്നോടു യുദ്ധം ചെയ്യും; അവര്‍ വിജയിക്കുകയില്ല. എന്തെന്നാല്‍, നിന്നെ രക്ഷിക്കാനും മോചിപ്പിക്കാനുമായി ഞാന്‍ നിന്നോടുകൂടെയുണ്ട് – കര്‍ത്താവ് അരുളിച്ചെയ്യുന്നു. ദുഷ്ടന്‍റെ കൈയില്‍നിന്നു നിന്നെ ഞാന്‍ വിടുവിക്കും: അക്രമികളുടെ പിടിയില്‍നിന്നു നിന്നെ ഞാന്‍ വീണ്ടെടുക്കും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(59:1-2,3-4a,9-10,16)
R (v.16b) കര്‍ത്താവേ, എന്‍റെ കഷ്ടതയുടെ കാലത്ത് അങ്ങ് എന്‍റെ കോട്ടയും അഭയവുമായിരുന്നു.
1. എന്‍റെ ദൈവമേ, ശത്രുക്കളുടെ കൈയില്‍നിന്ന് എന്നെ മോചിപ്പിക്കണമേ! എന്നെ എതിര്‍ക്കുന്നവനില്‍നിന്ന് എന്നെ രക്ഷിക്കണമേ! ദുഷ്കര്‍മികളില്‍നിന്ന് എന്നെ രക്ഷിക്കണമേ! ദുഷ്കര്‍മികളില്‍നിന്ന് എന്നെ കാത്തുകൊള്ളണമേ!
R കര്‍ത്താവേ. എന്‍റെ…………
2. അതാ, അവര്‍ എന്‍റെ ജീവനുവേണ്ടി പതിയിരിക്കുന്നു; ക്രൂരര്‍ എനിക്കെതിരായി സംഘം ചേരുന്നു; കര്‍ത്താവേ, ഇത് എന്‍റെ അതിക്രമമോ പാപമോ നിമിത്തമല്ല. എന്‍റെ തെറ്റുകള്‍കൊണ്ടല്ല, അവര്‍ ഓടിയടുക്കുന്നത്.
R കര്‍ത്താവേ. എന്‍റെ…………
3. എന്‍റെ ബലമായവനേ, ഞാന്‍ അങ്ങേക്കു സ്തുതി പാടും; ദൈവമേ, അങ്ങ് എനിക്കു കോട്ടയാണ്. എന്‍റെ ദൈവം കനിഞ്ഞ് എന്നെ സന്ദര്‍ശിക്കും; എന്‍റെ ശത്രുക്കളുടെ പരാജയം കാണാന്‍ അവിടുന്ന് എനിക്കിടയാക്കും.
R കര്‍ത്താവേ. എന്‍റെ…………
4. ഞാന്‍ അങ്ങയുടെ ശക്തി പാടിപ്പുകഴ്ത്തും; പ്രഭാതത്തില്‍ ഞാന്‍ അങ്ങയുടെ കാരുണ്യം ഉച്ചത്തില്‍ പ്രകീര്‍ത്തിക്കും; എന്‍റെ കഷ്ടതയുടെ കാലത്ത് അങ്ങ് എന്‍റെ കോട്ടയും അഭയവുമായിരുന്നു.
R കര്‍ത്താവേ. എന്‍റെ…………
അല്ലേലൂയാ!
അല്ലേലൂയാ!(യോഹ.15:15b) കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളെ സ്നേഹിതന്‍മാരെന്നു വിളിച്ചു. എന്തെന്നാല്‍. എന്‍റെ പിതാവല്‍നിന്നു കേട്ടതെല്ലാം നിങ്ങളെ അറിയിച്ചു. അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (13:44-46)
(അയാള്‍ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുന്നു)
അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുളിച്ചെയ്തു: സ്വര്‍ഗരാജ്യം വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവന്‍ അതു മറച്ചുവയ്ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുകയും ചെയ്യുന്നു. വീണ്ടും, സ്വര്‍ഗരാജ്യം നല്ല രത്നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം. അവന്‍ വിലയേറിയ ഒരു രത്നം കണ്ടെത്തുമ്പോള്‍ പോയി, തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here