പതിനെട്ടാം വാരം: വ്യാഴം ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – 10/8/2017

ഒന്നാം വായന
സംഖ്യയുടെ പുസ്തകത്തില്‍നിന്ന് (20:1-13)
(ജീവനുള്ള ജലത്തിന്‍റെ ഉറവയായ അങ്ങ്
ജലം അവര്‍ക്കുവേണ്ടി പുറപ്പെടുവിക്കണമേ)
അക്കാലത്ത്, ഇസ്രായേല്‍ജനം ഒന്നാം മാസത്തില്‍ സിന്‍ മരൂഭൂമിയിലെത്തി; അവര്‍ കാദെഷില്‍ താമസിച്ചു. അവിടെവച്ചു മിരിയാം മരിച്ചു. അവളെ അവിടെ സംസ്കരിച്ചു.
അവിടെ ജനത്തിനു വെള്ളം ലഭിച്ചില്ല; അവര്‍ മോശയ്ക്കും അഹറോനുമെതിരെ ഒരുമിച്ചുകൂടി. ജനം മോശയോട് എതിര്‍ത്തുപറഞ്ഞു: ഞങ്ങളുടെ സഹോദരങ്ങള്‍ കര്‍ത്താവിന്‍റെ മുമ്പില്‍ മരിച്ചുവീണപ്പോള്‍ ഞങ്ങളും മരിച്ചിരുന്നെങ്കില്‍! ഞങ്ങളും ഞങ്ങളുടെ കന്നുകാലികളും ഇവിടെക്കിടന്നു ചാകാന്‍വേണ്ടി നിങ്ങള്‍ കര്‍ത്താവിന്‍റെ സമൂഹത്തെ ഈ മരുഭൂമിയിലേക്ക് എന്തിനു കൊണ്ടുവന്നു? ഈ ദുഷിച്ച സ്ഥലത്തേക്കു നയിക്കാന്‍ ഈജിപ്തില്‍നിന്നു ഞങ്ങളെകൊണ്ടുവന്നതെന്തിന്? ഇതു ധാന്യമോ അത്തിപ്പഴമോ മുന്തിരിയോ മാതളപ്പഴമോ കിട്ടുന്ന സ്ഥലമല്ല; കുടിക്കാന്‍ വെള്ളംപോലുമില്ല. അപ്പോള്‍ മോശയും അഹറോനും സമൂഹത്തില്‍നിന്നു സമാഗമകൂടാര വാതില്‍ക്കല്‍ ചെന്ന് സാഷ്ടാംഗം വീണു. കര്‍ത്താവിന്‍റെ മഹത്വം അവര്‍ക്കു വെളിപ്പെട്ടു. കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: നിന്‍റെ വടി കൈയിലെടുക്കുക; നീയും നിന്‍റെ സഹോദരന്‍ അഹറോനും കൂടി സമൂഹത്തെ വിഴിച്ചുകൂട്ടി വെള്ളം പുറപ്പെടുവിക്കാന്‍ അവരുടെ മുമ്പില്‍വച്ചു പാറയോട് ആജ്ഞാപിക്കുക; പാറയില്‍നിന്നു വെള്ളം പുറപ്പെടുവിച്ചു ജനത്തിനും മൃഗങ്ങള്‍ക്കും കുടിക്കാന്‍ കൊടുക്കുക. കല്‍പനയനുസരിച്ചു മോശ കര്‍ത്താവിന്‍റെ മുമ്പില്‍നിന്നു വടിയെടുത്തു.
മോശയും അഹറോനുംകൂടി പാറയ്ക്കുമുമ്പില്‍ ജനങ്ങളെ ഒന്നിച്ചുകൂട്ടി. മോശ പറഞ്ഞു: ധിക്കാരികളേ, കേള്‍ക്കുവിന്‍; നിങ്ങള്‍ക്കുവേണ്ടി ഈ പാറയില്‍നിന്നു ഞങ്ങള്‍ വെള്ളം പുറപ്പെടുവിക്കണമോ? മോശ കൈയുയര്‍ത്തി പാറയില്‍ രണ്ടു പ്രാവശ്യം വടികൊണ്ടടിച്ചു. ധാരാളം ജലം പ്രവഹിച്ചു; മനുഷ്യരും മൃഗങ്ങളും അതില്‍നിന്നു കുടിച്ചു. കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു: ഇസ്രായേലില്‍ എന്‍റെ വിശുദ്ധി വെളിപ്പെടുത്തക്കവിധം ദൃഢമായി നിങ്ങള്‍ എന്നില്‍ വിശ്വസിക്കാതിരുന്നതുകൊണ്ടു ഞാന്‍ ഈ ജനത്തിനു കൊടുക്കുന്ന ദേശത്ത് ഇവരെ എത്തിക്കുന്നതു നിങ്ങളായിരിക്കുകയില്ല. ഇതാണ് മെരീബായിലെ ജലം. ഇവിടെവച്ചാണ് ഇസ്രായേല്യര്‍ കര്‍ത്താവിനോടു മത്സരിക്കുകയും അവിടുന്നു തന്‍റെ പരിശുദ്ധിയെ അവര്‍ക്കു വെളിപ്പെടുത്തുകയും ചെയ്തത്.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(95:1-2,6-7,8-9)
R (v.7d+8b) നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.
1. വരുവിന്‍, നമുക്കു കര്‍ത്താവിനു സ്തോത്രമാലപിക്കാം; നമ്മുടെ ശിലയെ സന്തോഷപൂര്‍വ്വം പാടിപ്പുകഴ്ത്താം. കൃതജ്ഞതാസ്തോത്രത്തോടെ അവിടുത്തെ സന്നിധിയില്‍ ചെല്ലാം. ആനന്ദത്തോടെ സ്തുതിഗീതങ്ങള്‍ ആലപിക്കാം.
R നിങ്ങള്‍ ഇന്ന് അവിടുത്തെ………..
2. വരുവിന്‍, നമുക്കു കുമ്പിട്ട് ആരാധിക്കാം; നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്‍റെ മുന്‍പില്‍ മുട്ടുകുത്താം. എന്തെന്നാല്‍, അവിടുന്നാണു നമ്മുടെ ദൈവം. നാം അവിടുന്നു മേയ്ക്കുന്ന ജനവും; അവിടുന്നു പാലിക്കുന്ന അജഗണം.
R നിങ്ങള്‍ ഇന്ന് അവിടുത്തെ………..
3. മെരീബായില്‍, മരുഭൂമിയിലെ മാസ്സായില്‍, ചെയ്തതുപോലെ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്. അന്നു നിങ്ങളുടെ പിതാക്കന്‍മാര്‍ എന്നെ പരീക്ഷിച്ചു; എന്‍റെ പ്രവൃത്തി കണ്ടിട്ടും അവര്‍ എന്നെ പരീക്ഷിച്ചു.
R നിങ്ങള്‍ ഇന്ന് അവിടുത്തെ………..
രണ്ടാം വര്‍ഷം
ഒന്നാം വായന
ജറെമിയാസ് പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (31:31-34)
(ഞാന്‍ ഒരു പുതിയ ഉടമ്പടി ചെയ്യും;
അവരുടെ പാപം ഞാന്‍ ഇനി ഓര്‍മ്മിക്കയില്ല.)
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ഗോത്രത്തോടും യൂദാഗോത്രത്തോടും ഞാന്‍ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന ദിവസം ഇതാ, വരുന്നു. ഞാന്‍ അവരെ കൈയ്ക്കുപിടിച്ച് ഈജിപ്തില്‍നിന്നു കൊണ്ടുവന്ന നാളില്‍ അവരുടെ പിതാക്കന്‍മാരോടു ചെയ്ത ഉടമ്പടിപോലെ ആയിരിക്കുകയില്ല അത്. ഞാന്‍ അവരുടെ കര്‍ത്താവായിരുന്നിട്ടും എന്‍റെ ഉടമ്പടി അവര്‍ ലംഘിച്ചു. കര്‍ത്താവ് അരുളിച്ചെയ്യുന്നു; ആ ദിവസം വരുമ്പോള്‍ ഞാന്‍ ഇസ്രായേലുമായി ചെയ്യുന്ന ഉടമ്പടി ഇതായിരിക്കും: ഞാന്‍ എന്‍റെ നിയമം അവരുടെ ഉള്ളില്‍ നിക്ഷേപിക്കും; അവരുടെ ഹൃദയത്തില്‍ എഴുതും. ഞാന്‍ അവരുടെ ദൈവവും അവര്‍ എന്‍റെ ജനവും ആയിരിക്കും. കര്‍ത്താവിനെ അറിയുക എന്ന് ഇനി ആരും സഹോദരനേയോ അയല്‍ക്കാരനെയോ പഠിപ്പിക്കേണ്ടി വരുകയില്ല. അവര്‍ വലിപ്പചെറുപ്പമെന്നിയേ എല്ലാവരും എന്നെ അറിയും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവരുടെ അകൃത്യത്തിനു ഞാന്‍ മാപ്പു നല്‍കും; അവരുടെ പാപം മനസ്സില്‍ വയ്ക്കുകയില്ല.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(51:110-11,12-13,16-17)
R (v.10) ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ!
1. ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്ഷേപിക്കണമേ! അങ്ങയുടെ സന്നിധിയില്‍നിന്ന് എന്നെ തള്ളിക്കളയരുതേ! അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍നിന്ന് എടുത്തുകളയരുതേ!
R ദൈവമേ, നിര്‍മലമായ…………
2. അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ! ഒരുക്കമുള്ള ഹദയം നല്‍കി എന്നെ താങ്ങണമേ! അപ്പോള്‍ അതിക്രമികളെ ഞാന്‍ അങ്ങയുടെ വഴി പഠിപ്പിക്കും; പാപികള്‍ അങ്ങയിലേക്കു തിരിച്ചുവരും.
R ദൈവമേ, നിര്‍മലമായ…………
3. ബലികളില്‍ അങ്ങു പ്രസാദിക്കുന്നില്ല; ഞാന്‍ ദഹനബലി അര്‍പ്പിച്ചാല്‍ അങ്ങു സന്തുഷ്ടനാവുകയില്ല. ഉരുകിയ മനസ്സാണു ദൈവത്തിനു സ്വീകാര്യമായ ബലി; ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങു നിരസിക്കുകയില്ല.
R ദൈവമേ, നിര്‍മലമായ…………
അല്ലേലൂയാ!
അല്ലേലൂയാ!(മത്താ.16:18-19a) നീ പത്രോസാണ്; ഈ പാറമേല്‍ എന്‍റെ സഭ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും – അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (16:13-23)
(നീ പത്രോസാണ്, സ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍
ഞാന്‍ നിനക്കു തരും)
അക്കാലത്ത്, യേശു കേസറിയാഫിലിപ്പി പ്രദേശത്ത് എത്തിയപ്പോള്‍ ശിഷ്യന്‍മാരോടു ചോദിച്ചു: മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്? അവര്‍ പറഞ്ഞു: ചിലര്‍ സ്നാപകയോഹന്നാന്‍ എന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ ജറെമിയാ അല്ലെങ്കില്‍ പ്രവാചകന്‍മാരിലൊരുവന്‍ എന്നും പറയുന്നു. അവന്‍ അവരോടു ചോദിച്ചു: എന്നാല്‍, ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ്. യേശു അവനോട് അരുളിച്ചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എന്‍റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്. ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല.സ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും. അനന്തരം അവന്‍, താന്‍ ക്രിസ്തുവാണെന്ന് ആരോടു പറയരുതെന്നു ശിഷ്യന്‍മാരോടു കല്‍പിച്ചു.
അപ്പോള്‍ മുതല്‍ യേശു, തനിക്കു ജറുസലേമിലേക്കു പോകേണ്ടിയിരിക്കുന്നുവെന്നും ശ്രേഷ്ഠന്‍മാരില്‍നിന്നും പ്രധാനപുരോഹിതന്‍മാരില്‍നിന്നും നിയമജ്ഞരില്‍നിന്നും വളരെയേറെ സഹിക്കേണ്ടിവരുമെന്നും താന്‍ വധിക്കപ്പെടുമെന്നും എന്നാല്‍ മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുമെന്നും ശിഷ്യന്‍മാരെ അറിയിച്ചുതുടങ്ങി. പത്രോസ് അവനെ മാറ്റിനിറുത്തി തടസ്സം പറയാന്‍ തുടങ്ങി. ദൈവം കനിയട്ടെ! കര്‍ത്താവേ, ഇതൊരിക്കലും നിനക്കു സംഭവിക്കാതിരിക്കട്ടെ. യേശു തിരിഞ്ഞ് പത്രോസിനോടു പറഞ്ഞു: സാത്താനേ, എന്‍റെ മുമ്പില്‍ നിന്നുപോകു. നീ എനിക്കു പ്രതിബന്ധമാണ്. നിന്‍റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here