പതിനെട്ടാം വാരം: വെള്ളി ഒന്നാം വര്‍ഷം – 11/8/17

ഒന്നാം വായന
നിയമാവര്‍ത്തന പുസ്തകത്തില്‍നിന്ന് (4:32-40)
(ദൈവം നിങ്ങളുടെ പിതാക്കന്മാരെ സ്നേഹിച്ചതുകൊണ്ട്
അവര്‍ക്കുശേഷം അവരുടെ സന്താനങ്ങളെ തിരഞ്ഞെടുത്തു)
അക്കാലത്ത്, മോശ ജനങ്ങളോടു പറഞ്ഞു: കഴിഞ്ഞ കാലത്തെപ്പറ്റി, ആകാശത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ചോദിക്കുക; ഇതുപോലൊന്നു കേട്ടിട്ടുണ്ടോ? ഏതെങ്കിലും ജനത എന്നെങ്കിലും അഗ്നിയുടെ മധ്യത്തില്‍നിന്നു സംസാരിക്കുന്ന ദൈവത്തിന്‍റെ ശബ്ദം നിങ്ങള്‍ കേട്ടതുപോലെ കേള്‍ക്കുകയും പിന്നെ ജീവിച്ചിരിക്കുകയും ചെയ്തിട്ടുണ്ടോ? നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഈജിപ്തില്‍വച്ച് നിങ്ങള്‍ കാണ്‍കെ നിങ്ങള്‍ക്കുവേണ്ടി ചെയ്തതുപോലെ മഹാമാരികള്‍, അടയാളങ്ങള്‍, അദ്ഭുതങ്ങള്‍, യുദ്ധങ്ങള്‍, കരബലം, ശക്തിപ്രകടനം, ഭയാനകപ്രവൃത്തികള്‍ എന്നിവയാല്‍ തനിക്കായി ഒരു ജനതയെ മറ്റൊരു ജനതയുടെ മധ്യത്തില്‍നിന്നു തിരഞ്ഞെടുക്കാന്‍ ഏതെങ്കിലും ദൈവം എന്നെങ്കിലും ഉദ്യമിച്ചിട്ടുണ്ടോ? കര്‍ത്താവാണു ദൈവമെന്നും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും നിങ്ങള്‍ അറിയാന്‍വേണ്ടിയാണ് ഇവയെല്ലാം നിങ്ങളുടെ മുന്‍പില്‍ കാണിച്ചത്. നിങ്ങളെ പഠിപ്പിക്കാന്‍ ആകാശത്തു നിന്ന് തന്‍റെ സ്വരം നിങ്ങളെ കേള്‍പ്പിച്ചു. ഭൂമിയില്‍ തന്‍റെ മഹത്തായ അഗ്നി കാണിച്ചു. അഗ്നിയുടെ മധ്യത്തില്‍നിന്ന് അവിടുത്തെ വാക്കുകള്‍ നിങ്ങള്‍ കേട്ടു. അവിടുന്നു നിങ്ങളുടെ പിതാക്കന്‍മാരെ സ്നേഹിച്ചതുകൊണ്ട് അവര്‍ക്കുശേഷം അവരുടെ സന്താനങ്ങളെ തിരഞ്ഞെടുത്തു; അവിടുന്നു തന്‍റെ മഹാശക്തിയും സാന്നിധ്യവും പ്രകടമാക്കിക്കൊണ്ട് നിങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവരുകയും ചെയ്തു. നിങ്ങളെക്കാള്‍ വലിയവരും ശക്തരുമായ ജനതകളെ നിങ്ങളുടെ മുന്‍പില്‍നിന്നു നീക്കിക്കളയാനും നിങ്ങളെ കൊണ്ടുവന്ന് ഇന്നത്തേതുപോലെ അവരുടെ ദേശം നിങ്ങള്‍ക്ക് അവകാശമായിത്തരാനും വേണ്ടിയായിരുന്നു അത്. മുകളില്‍ സ്വര്‍ഗത്തിലും താഴെ ഭൂമിയിലും കര്‍ത്താവല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഗ്രഹിച്ച് അതു ഹൃദയത്തില്‍ ഉറപ്പിക്കുവിന്‍. ആകയാല്‍, നിങ്ങള്‍ക്കും നിങ്ങളുടെ സന്തതികള്‍ക്കും നന്‍മയുണ്ടാകാനും ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു ശാശ്വതമായിത്തരുന്ന ദേശത്തു ദീര്‍ഘകാലം വസിക്കാനും വേണ്ടി കര്‍ത്താവിന്‍റെ ചട്ടങ്ങളും പ്രമാണങ്ങളും പാലിക്കുവിന്‍ എന്നു ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നു.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(77:11-12, 13-14, 15+20)
R (v.11) ഞാന്‍ കര്‍ത്താവിന്‍റെ പ്രവൃത്തികള്‍ ഓര്‍മിക്കും.
1. ഞാന്‍ കര്‍ത്താവിന്‍റെ പ്രവൃത്തികള്‍ ഓര്‍മിക്കും; പണ്ട് അങ്ങു ചെയ്ത അദ്ഭുതങ്ങള്‍ ഞാന്‍ അനുസ്മരിക്കും. ഞാന്‍ അങ്ങയുടെ സകല പ്രവൃത്തികളെയുംപറ്റി ധ്യാനിക്കും; അങ്ങയുടെ അദ്ഭുതകരമായ പ്രവൃത്തികളെപ്പറ്റി ചിന്തിക്കും.
ഞ ഞാന്‍ കര്‍ത്താവിന്‍റെ…………
2. ദൈവമേ, അങ്ങയുടെ മാര്‍ഗം പരിശുദ്ധമാണ്; നമ്മുടെ ദൈവത്തെപ്പോലെ ഉന്നതനായി ആരുണ്ട്? അങ്ങാണ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവം.
R ഞാന്‍ കര്‍ത്താവിന്‍റെ…………
3. അവിടുത്തെ കരം അവിടുത്തെ ജനത്തെ, യാക്കോബിന്‍റെയും ജോസഫിന്‍റെയും സന്തതികളെ, രക്ഷിച്ചു. മോശയുടെയും അഹറോന്‍റെയും നേതൃത്വത്തില്‍ അങ്ങയുടെ ജനത്തെ ഒരു ആട്ടിന്‍കൂട്ടത്തെയെന്നപോലെ അങ്ങു നയിച്ചു.
R ഞാന്‍ കര്‍ത്താവിന്‍റെ…………
രണ്ടാം വര്‍ഷം
ഒന്നാം വായന
നാഹും പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (1:15, 2:2, 3: 1-3, 6-7)
(രക്തപങ്കിലമായ നഗരത്തിന് ഹാ കഷ്ടം!)
സദ്വാര്‍ത്ത കൊണ്ടുവരുന്നവന്‍റെ, സമാധാനം പ്രഘോഷിക്കുന്നവന്‍റെ പാദങ്ങള്‍ അതാ, മലമുകളില്‍! യൂദാ, നീ നിന്‍റെ ഉത്സവങ്ങള്‍ ആചരിക്കുകയും നേര്‍ച്ചകള്‍ നിറവേറ്റുകയും ചെയ്യുക. എന്തെന്നാല്‍, ഇനി ഒരിക്കലും ദുഷ്ടന്‍ നിനക്കെതിരേ വരുകയില്ല; അവന്‍ നിശ്ശേഷം നശിപ്പിക്കപ്പെട്ടിരിക്കുന്നു. കര്‍ത്താവ് യാക്കോബിന്‍റെ പ്രതാപം പുനഃസ്ഥാപിക്കുന്നു; ഇസ്രായേലിന്‍റെ പ്രതാപം പോലെ തന്നെ. കവര്‍ച്ചക്കാര്‍ അത് അപഹരിച്ച് അവരുടെ ശാഖകളെ നശിപ്പിച്ചു. രക്തപങ്കിലമായ നഗരത്തിന് ഹാ കഷ്ടം! വ്യാജവും കൊള്ളയും കൊണ്ട് അതു നിറഞ്ഞിരിക്കുന്നു. അവിടെനിന്ന് കവര്‍ച്ച ഒഴിയുകയില്ല. ചമ്മട്ടിയുടെ ശബ്ദം, ചക്രങ്ങളുടെ ഇരമ്പല്‍, കുതിരകളുടെ കുളമ്പടി, രഥങ്ങളുടെ മുഴക്കം, കുതിക്കുന്ന കുതിരപ്പടയാളികള്‍, ജ്വലിക്കുന്ന വാള്‍, തിളങ്ങുന്ന കുന്തം, നിഹതന്‍മാരുടെ വ്യൂഹങ്ങള്‍, ശവശരീരങ്ങളുടെ കൂമ്പാരം, എണ്ണമറ്റ മൃതദേഹങ്ങള്‍ – അവര്‍ അവയെ ചവിട്ടി കടന്നുപോകുന്നു. ഞാന്‍ നിന്‍റെമേല്‍ ചെളി വാരിയെറിയും. ഞാന്‍ നിന്നോടു വെറുപ്പോടെ പെരുമാറുകയും നിന്നെ നിന്ദാവിഷയമാക്കുകയും ചെയ്യും. നിന്നെ കാണുന്ന എല്ലാവരും നിന്നെ വിട്ടകന്ന് ഇപ്രകാരം പറയും; നിനെവേ ശൂന്യമായിരിക്കുന്നു. അവളെച്ചൊല്ലി ആരു വിലപിക്കും? അവള്‍ക്കുവേണ്ടി ഞാന്‍ എവിടെനിന്ന് ആശ്വാസകരെ കണ്ടുപിടിക്കും?
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(നിയ.32:35cd + 36ab, 39,41 )
R (v.39c) മുറിവേല്‍പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ.
1. അവരുടെ വിനാശകാലം ആസന്നമായി, അവരുടെമേല്‍ പതിക്കാനിരിക്കുന്ന നാശം അതിവേഗം അടുത്തുവരുന്നു. കര്‍ത്താവു തന്‍റെ ജനത്തിനു വേണ്ടി നീതി നടത്തും; തന്‍റെ ദാസരോടു കരുണ കാണിക്കും.
ഞ മുറിവേല്‍പിക്കുന്നതും…………
2. ഇതാ, ഞാനാണ്, ഞാന്‍ മാത്രമാണ് ദൈവം; ഞാനല്ലാതെ വേറെ ദൈവമില്ല; കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാന്‍; മുറിവേല്‍പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ; എന്‍റെ കൈയില്‍നിന്നു രക്ഷപ്പെടുത്തുക ആര്‍ക്കും സാധ്യമല്ല.
R മുറിവേല്‍പിക്കുന്നതും…………
3. തിളങ്ങുന്ന വാളിനു ഞാന്‍ മൂര്‍ച്ച കൂട്ടും; വിധിത്തീര്‍പ്പു കൈയിലെടുക്കും; എന്‍റെ ശത്രുക്കളോടു ഞാന്‍ പക വീട്ടും; എന്നെ വെറുക്കുന്നവരോടു പകരം ചോദിക്കും.
R മുറിവേല്‍പിക്കുന്നതും…………
അല്ലേലൂയാ!
അല്ലേലൂയാ!(മത്താ.5:10) നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ് – അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (16:24-28)
(ഒരുവന്‍ സ്വന്തം ആത്മാവിനുപകരമായി എന്തു കൊടുക്കും?)
അക്കാലത്ത്, യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്‍റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവന്‍ രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; എന്നാല്‍, ആരെങ്കിലും എനിക്കുവേണ്ടി സ്വജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതു കണ്ടെത്തും. ഒരുവന്‍ ലോകംമുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്മാവിനുപകരമായി എന്തു കൊടുക്കും? മനുഷ്യപുത്രന്‍ സ്വപിതാവിന്‍റെ മഹത്വത്തില്‍ തന്‍റെ ദൂതന്‍മാരോടൊത്തു വരാനിരിക്കുന്നു. അപ്പോള്‍ അവന്‍ ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ചു പ്രതിഫലം നല്‍കും. മനുഷ്യപുത്രന്‍ തന്‍റെ രാജ്യത്തില്‍ വരുന്നതു ദര്‍ശിക്കുന്നതിനു മുമ്പ് ഇവിടെ നില്‍ക്കുന്നവരില്‍ ചിലര്‍ മരിക്കുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

 

LEAVE A REPLY

Please enter your comment!
Please enter your name here