പതിനാലാം വാരം: വ്യാഴം – ഒന്നാം വര്‍ഷം , രണ്ടാം വര്‍ഷം

ഒന്നാം വായന
ഉത്പത്തിപ്പുസ്തകത്തില്‍നിന്ന് (44:18-21, 23b-29, 45: 1-5)
(ജീവന്‍ നിലനിര്‍ത്താന്‍വേണ്ടി ദൈവമാണ് എന്നെ നിങ്ങള്‍ക്കു മുന്‍പേ
ഇങ്ങോട്ടയച്ചത്)
അക്കാലത്ത്, യൂദാ ജോസഫിന്‍റെ അടുത്തുചെന്നു പറഞ്ഞു: എന്‍റെ യജമാനനേ, ഒരു വാക്കുകൂടി പറഞ്ഞുകൊള്ളട്ടെ! എന്‍റെ നേരേ അങ്ങു കോപിക്കരുതേ, അങ്ങു ഫറവോയ്ക്കു സമനാണല്ലോ. യജമാനനായ അങ്ങ് ദാസന്‍മാരോട്, നിങ്ങള്‍ക്കു പിതാവോ സഹോദരനോ ഉണ്ടോ? എന്നു ചോദിച്ചു. അപ്പോള്‍, ഞങ്ങള്‍ യജമാനനോടു പറഞ്ഞു: ഞങ്ങള്‍ക്കു വൃദ്ധനായ പിതാവും പിതാവിന്‍റെ വാര്‍ദ്ധ്യക്യത്തിലെ മകനായ ഒരു കൊച്ചു സഹോദരനുമുണ്ട്. അവന്‍റെ സഹോദരന്‍ മരിച്ചു പോയി. അവന്‍റെ അമ്മയുടെ മക്കളില്‍ അവന്‍ മാത്രമേ ശേഷിച്ചിട്ടുള്ളു. പിതാവിന് അവന്‍ വളരെ പ്രിയപ്പെട്ടവനാണ്. അപ്പോള്‍ അങ്ങ് അങ്ങയുടെ ദാസരോട്, അവനെ എന്‍റെയടുത്തുകൂട്ടിക്കൊണ്ടു വരുക. എനിക്കവനെ കാണണം എന്നു പറഞ്ഞു. നിങ്ങളുടെ സഹോദരന്‍ കൂടെ വരുന്നില്ലെങ്കില്‍ നിങ്ങള്‍ ഇനി എന്നെ കാണുകയില്ല എന്ന് അങ്ങു പറഞ്ഞു.
അങ്ങയുടെ ദാസനായ ഞങ്ങളുടെ പിതാവിന്‍റെ അടുത്തെത്തിയപ്പോള്‍ അങ്ങു പറഞ്ഞതെല്ലാം ഞങ്ങള്‍ അവനെ അറിയിച്ചു. പിതാവ് ഞങ്ങളോട്, വീണ്ടും പോയി കുറെ ധാന്യംകൂടി വാങ്ങിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ക്കു പോകാന്‍ വയ്യാ; എന്നാല്‍, ഇളയ സഹോദരനെക്കൂടി അയയ്ക്കുന്നപക്ഷം ഞങ്ങള്‍ പോകാം. ബാലന്‍ കൂടെയില്ലെങ്കില്‍ ഞങ്ങള്‍ക്ക് അവനെ കാണാന്‍ സാധിക്കയില്ല എന്നു ഞങ്ങള്‍ പിതാവിനോടു പറഞ്ഞു. അപ്പോള്‍ അങ്ങയുടെ ദാസനായ ഞങ്ങളുടെ പിതാവു പറഞ്ഞു: അപ്പോള്‍ അങ്ങയുടെ ദാസനായ ഞങ്ങളുടെ പിതാവ് പറഞ്ഞു: എന്‍റെ ഭാര്യ രണ്ടു പുത്രന്‍മാരെ എനിക്കു നല്‍കി എന്നു നിങ്ങള്‍ക്കറിയാമല്ലോ. ഒരുവന്‍ എന്നെ വിട്ടുപോയി. അപ്പോള്‍ ഞാന്‍ പറഞ്ഞു.തീര്‍ച്ചയായും അവനെ വന്യമൃഗം ചീന്തിക്കീറിക്കാണും. പിന്നെ അവനെ ഞാന്‍ കണ്ടിട്ടില്ല. ഇവനെയും കൊണ്ടുപോയിട്ട് ഇവനെന്തെങ്കിലും പിണഞ്ഞാല്‍ വൃദ്ധനായ എന്നെ ദുഃഖത്തോടെ നിങ്ങള്‍ പാതാളത്തിലാഴ്ത്തുകയായിരിക്കും ചെയ്യുക.
തന്‍റെ അടുത്തുനിന്നിരുന്ന ഈജിപ്തുകാരുടെയെല്ലാം മുന്‍പില്‍ വികാരമടക്കാന്‍ ജോസഫിനു കഴിഞ്ഞില്ല. അവരെയെല്ലാം പുറത്താക്കാന്‍ അവന്‍ ആജ്ഞാപിച്ചു. അതിനാല്‍ ജോസഫ് സഹോദരന്‍മാര്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്തിയപ്പോള്‍ മറ്റാരും അടുത്തുണ്ടായിരുന്നില്ല. അവന്‍ ഉറക്കെക്കരഞ്ഞു. ഈജിപ്തുകാരും ഫറവോയുടെ വീട്ടുകാരും അതു കേട്ടു. ജോസഫ് സഹോദരന്‍മാരോടു പറഞ്ഞു: ഞാന്‍ ജോസഫാണ്. എന്‍റെ പിതാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ? അവരാകെ സ്തംഭിച്ചുപോയി. അവര്‍ക്കു സംസാരിക്കാന്‍ കഴിഞ്ഞില്ല. അവന്‍ അവരോട്, എന്‍റെ അടുത്തേക്കു വരുക എന്നുപറഞ്ഞു. അവര്‍ അടുത്തു ചെന്നപ്പോള്‍ അവന്‍ പറഞ്ഞു: നിങ്ങള്‍ ഈജിപ്തുകാര്‍ക്കു വിറ്റ നിങ്ങളുടെ സഹോദരന്‍ ജോസഫാണു ഞാന്‍. എന്നെ ഇവിടെ വിറ്റതോര്‍ത്ത് നിങ്ങള്‍ വിഷമിക്കുകയോ വേണ്ടാ. കാരണം, ജീവന്‍ നിലനിര്‍ത്താന്‍വേണ്ടി ദൈവമാണ് എന്നെ നിങ്ങള്‍ക്കു മുന്‍പേ ഇങ്ങോട്ടയച്ചത്.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(105:16-17,18-19,20-21)
R (v.5a) കര്‍ത്താവു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികളെ ഓര്‍ക്കുവിന്‍.(അല്ലെങ്കില്‍: അല്ലേലുയാ!)
1.അവിടുന്നു നാട്ടില്‍ ക്ഷാമം വരുത്തുകയും അപ്പമാകുന്ന താങ്ങു തകര്‍ത്തു കളയുകയും ചെയ്തു. അപ്പോള്‍, അവര്‍ക്കു മുന്‍പായി അവിടുന്ന് ഒരുവനെ അയച്ചു; അടിമയായി വില്‍ക്കപ്പെട്ട ജോസഫിനെത്തന്നെ.
R കര്‍ത്താവു ചെയ്ത………….
2. അവന്‍റെ കാലുകള്‍ വിലങ്ങുകൊണ്ടു മുറിഞ്ഞു; അവന്‍റെ കഴുത്തില്‍ ഇരുമ്പുപട്ട മുറുകി. അവന്‍ പ്രവചിച്ചതു സംഭവിക്കുവോളം കര്‍ത്താവിന്‍റെ വചനം അവനെ പരീക്ഷിച്ചു.
R കര്‍ത്താവു ചെയ്ത………….
3. രാജാവ് അവനെ ആളയച്ചു വിടുവിച്ചു; ജനതകളുടെ അധിപന്‍ അവനെ സ്വതന്ത്രനാക്കി. തന്‍റെ ഭവനത്തിന്‍റെ നാഥനും തന്‍റെ സമ്പത്തിന്‍റെ ഭരണാധിപനുമായി അവനെ നിയമിച്ചു.
R കര്‍ത്താവു ചെയ്ത………….
രണ്ടാം വര്‍ഷം
ഒന്നാം വായന
ഹോസിയാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന്
(11:1യ1,3-4,8a -9)
(എന്‍റെ അനുകമ്പ ഊഷ്മളവും ആര്‍ദ്രവുമായിരിക്കുന്നു)
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ ശിശുവായിരുന്നപ്പോള്‍ ഞാനവനെ സ്നേഹിച്ചു: ഈജിപ്തില്‍നിന്ന് ഞാന്‍ എന്‍റെ മകനെ വിളിച്ചു. എഫ്രായിമിനെ നടക്കാന്‍ പഠിപ്പിച്ചത് ഞാനാണ്. ഞാന്‍ അവരെ എന്‍റെ കരങ്ങളിലെടുത്തു: എന്നാല്‍, തങ്ങളെ സുഖപ്പെടുത്തിയതു ഞാനാണെന്ന് അവര്‍ അറിഞ്ഞില്ല. കരുണയുടെ കയര്‍ പിടിച്ച് ഞാന്‍ അവരെ നയിച്ചു – സ്നേഹത്തിന്‍റെ കയര്‍തന്നെ. ഞാന്‍ അവര്‍ക്കു താടിയെല്ലില്‍നിന്നു നുകം അയച്ചുകൊടുക്കുന്നവനായി. ഞാന്‍ കുനിഞ്ഞ് അവര്‍ക്കു ഭക്ഷണം നല്‍കി.
എന്‍റെ ഹൃദയം എന്നെ വിലക്കുന്നു. എന്‍റെ അനുകമ്പ ഊഷ്മളവും ആര്‍ദ്രവുമായിരിക്കുന്നു. ഞാന്‍ എന്‍റെ ഉഗ്രകോപം നടപ്പാക്കുകയില്ല. എഫ്രായിമിനെ വീണ്ടും നശിപ്പിക്കുകയില്ല; ഞാന്‍ ദൈവമാണ്, മനുഷ്യനല്ല, നിങ്ങളുടെ ഇടയില്‍ വസിക്കുന്ന പരിശുദ്ധന്‍ തന്നെ. ഞാന്‍ നിങ്ങളെ നശിപ്പിക്കാന്‍ വരുകയില്ല.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(80:2ac+3b,14-15)
R (v.3b) ദൈവമേ, അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!
1. ഇസ്രായേലിന്‍റെ ഇടയനേ, കെരൂബുകളിന്‍മേല്‍ വസിക്കുന്നവനേ, പ്രകാശിക്കണമേ! ഉണര്‍ന്ന ശക്തിയോടെ ഞങ്ങളെ രക്ഷിക്കാന്‍ വരണമേ!
R ദൈവമേ, അങ്ങയുടെ………….
2. സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളിലേക്കു തിരിയണമേ! സ്വര്‍ഗത്തില്‍നിന്നു നോക്കിക്കാണണമേ! ഈ മുന്തിരിവള്ളിയെ, അങ്ങയുടെ വലത്തുകൈ നട്ട ഈ മുന്തിരിവള്ളിയെ, പരിഗണിക്കണമേ!
R ദൈവമേ, അങ്ങയുടെ………….
അല്ലേലൂയാ!
അല്ലേലൂയാ! (മര്‍ക്കോ.1:15) ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍. അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് (10:7-15)
(ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍)
അക്കാലത്ത്, യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: പോോകുവിന്‍, സ്വര്‍ഗ്ഗരാജ്യം സമാപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കുവിന്‍. രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും പിശാചുക്കളെ ബഹിഷ്ക്കരിക്കുകയും ചെയ്യുവിന്‍. ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍. നിങ്ങളുടെ അരപ്പട്ടയില്‍ സ്വര്‍ണമോ വെള്ളിയോ ചെമ്പോ കരുതിവയ്ക്കരുത്. യാത്രയ്ക്കു സഞ്ചിയോ രണ്ട് ഉടുപ്പുകളോ ചെരിപ്പോ വടിയോ കൊണ്ടുപോകരുത്. വേല ചെയ്യുന്നവന്‍ ആഹാരത്തിന് അര്‍ഹനാണ്.
നിങ്ങള്‍ ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോള്‍, അവിടെ യോഗ്യതയുള്ളവന്‍ ആരെന്ന് അന്വേഷിക്കുകയും അവിടം വിടുന്നതുവരെ അവനോടുകൂടെ താമസിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ ആ ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ അതിനു സമാധാനം ആശംസിക്കണം. ആ ഭവനം അര്‍ഹതയുള്ളതാണെങ്കില്‍ നിങ്ങളുടെ സമാധാനം നിങ്ങളിലേക്കു തന്നെ മടങ്ങട്ടെ. ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വചനം ശ്രവിക്കാതെയോ ഇരുന്നാല്‍, ആ ഭവനം അഥവാ പട്ടണം വിട്ടുപോരുമ്പോള്‍ നിങ്ങളുടെ പാദങ്ങളിലെ പൊടിതട്ടിക്കളയുവിന്‍. വിധിദിവസത്തില്‍ ആ പട്ടണത്തെക്കാള്‍ സോദോം-ഗോമോറാ ദേശങ്ങള്‍ക്കു കൂടുതല്‍ ആശ്വാസമുണ്ടാകുമെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here