പതിനാറാം വാരം: ബുധന്‍ – ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം – 26/7-2017

ഒന്നാം വായന
പുറപ്പാടിന്‍റെ പുസ്തകത്തില്‍നിന്ന് (16:1-5, 9-15)
(ഞാന്‍ നിങ്ങള്‍ക്കായി ആകാശത്തില്‍നിന്ന് അപ്പം വര്‍ഷിക്കും)
ഇസ്രായേല്‍സമൂഹം ഏലിമില്‍നിന്നു പുറപ്പെട്ട് ഏലിമിനും സീനായ്ക്കുമിടയിലുള്ള സീന്‍മരുഭൂമിയിലെത്തി. ഈജിപ്തില്‍ നിന്നു പുറപ്പെട്ടതിന്‍റെ രണ്ടാം മാസം പതിനഞ്ചാം ദിവസമായിരുന്നു അത്. മരുഭൂമിയില്‍വച്ച് ഇസ്രായേല്‍ സമൂഹം ഒന്നടങ്കം മോശയ്ക്കും അഹറോനും എതിരായി പിറുപിറുത്തു. ഇസ്രായേല്‍ക്കാര്‍ അവരോടു പറഞ്ഞു: ഈജിപ്തില്‍ ഇറച്ചിപ്പാത്രത്തിനടുത്തിരുന്നു തൃപ്തിയാവോളം അപ്പം തിന്നുകൊണ്ടിരുന്നപ്പോള്‍ കര്‍ത്താവിന്‍റെ കരത്താല്‍ കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു! എന്നാല്‍, സമൂഹം മുഴുവനെയും പട്ടിണിയിട്ടു കൊല്ലാനായി ഞങ്ങളെ ഈ മരുഭൂമിയിലേക്കു നിങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു.
കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കായി ആകാശത്തില്‍ നിന്ന് അപ്പം വര്‍ഷിക്കും. ജനങ്ങള്‍ പുറത്തിറങ്ങി ഓരോ ദിവസത്തേക്കും ആവശ്യമുള്ളത് ശേഖരിക്കട്ടെ. അങ്ങനെ അവര്‍ എന്‍റെ നിയമമനുസരിച്ചു നടക്കുമോ ഇല്ലയോ എന്നു ഞാന്‍ പരീക്ഷിക്കും. ആറാം ദിവസം നിങ്ങള്‍ ശേഖരിക്കുന്നത് അകത്തു കൊണ്ടുവന്ന് ഒരുക്കിവയ്ക്കുമ്പോള്‍ അതു ദിനംപ്രതി ശേഖരിക്കുന്നതിന്‍റെ ഇരട്ടിയുണ്ടായിരിക്കും.
അനന്തരം, മോശ അഹറോനോടു പറഞ്ഞു: ഇസ്രയേല്‍ സമൂഹത്തോടു പറയുക; നിങ്ങള്‍ കര്‍ത്താവിന്‍റെ സന്നിധിയലേക്കടുത്തു വരുവിന്‍. എന്തെന്നാല്‍, കര്‍ത്താവു നിങ്ങളുടെ ആവലാതികള്‍ കേട്ടിരിക്കുന്നു. അഹറോന്‍ ഇസ്രായേല്‍ സമൂഹത്തോടു സംസാരിച്ചപ്പോള്‍ അവര്‍ മരുഭൂമിയിലേക്കു നോക്കി. അപ്പോള്‍ കര്‍ത്താവിന്‍റെ മഹത്വം മേഘത്തില്‍ പ്രത്യക്ഷപ്പെട്ടു. കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഇസ്രായേല്‍ക്കാരുടെ പരാതികള്‍ ഞാന്‍ കേട്ടു. അവരോടു പറയുക: സായംകാലത്തു നിങ്ങള്‍ മാംസം ഭക്ഷിക്കും; പ്രഭാതത്തില്‍ തൃപ്തിയാവോളം അപ്പവും. കര്‍ത്താവായ ഞാനാണു നിങ്ങളുടെ ദൈവമെന്ന് അപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കും.
വൈകുന്നേരമായപ്പോള്‍ കാടപ്പക്ഷികള്‍ വന്ന് പാളയം മൂടി. രാവിലെ പാളയത്തിനു ചുറ്റും മഞ്ഞുവീണുകിടന്നിരുന്നു. മഞ്ഞുരുകിയപ്പോള്‍ മരുഭൂമിയുടെ ഉപരിതലത്തില്‍ പൊടിമഞ്ഞുപോലെ വെളുത്തുരുണ്ടു ലോലമായ ഒരു വസ്തു കാണപ്പെട്ടു. ഇസ്രായേല്‍ക്കാര്‍ ഇതു കണ്ടപ്പോള്‍ പരസ്പരം ചോദിച്ചു: ഇതെന്താണ്? അതെന്താണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. അപ്പോള്‍ മോശ അവരോടു പറഞ്ഞു: കര്‍ത്താവു നിങ്ങള്‍ക്കു ഭക്ഷണമായി തന്നിരിക്കുന്ന അപ്പമാണിത്.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(78: 11-2,3-4,5-618-19,23-24,25-26,27-28)
R (v.24b) കര്‍ത്താവ് സ്വര്‍ഗീയ ധാന്യം അവര്‍ക്കു നല്‍കി.
1. ഇഷ്ടമുള്ള ഭക്ഷണം ചോദിച്ച് അവര്‍ ദൈവത്തെ പരീക്ഷിച്ചു. അവര്‍ ദൈവത്തിനെതിരായി സംസാരിച്ചു. മരുഭൂമിയില്‍ മേശയൊരുക്കാന്‍ ദൈവത്തിനു കഴിയുമോ?
R കര്‍ത്താവ് സ്വര്‍ഗീയ…………
2. എങ്കിലും, അവിടുന്ന് ആകാശത്തോട് ആജ്ഞാപിച്ചു; വാനിടത്തിന്‍റെ വാതിലുകള്‍ തുറന്നു. അവര്‍ക്കു ഭക്ഷിക്കാന്‍ അവിടുന്നു മന്നാ വര്‍ഷിച്ചു; സ്വര്‍ഗീയധാന്യം അവര്‍ക്കു നല്‍കി.
R കര്‍ത്താവ് സ്വര്‍ഗീയ…………

3. മനുഷ്യന്‍ ദൈവദൂതന്‍മാരുടെ അപ്പം ഭക്ഷിച്ചു; അവിടുന്നു ഭക്ഷണം സമൃദ്ധമായി അയച്ചു. അവിടുന്ന് ആകാശത്തില്‍ കിഴക്കന്‍ കാറ്റടിപ്പിച്ചു; അവിടുത്തെ ശക്തിയാല്‍ അവിടുന്നു തെക്കന്‍കാറ്റിനെ തുറന്നുവിട്ടു.
R കര്‍ത്താവ് സ്വര്‍ഗീയ…………
4. അവിടുന്ന് അവരുടെമേല്‍ പൊടിപോലെ മാംസത്തെയും കടല്‍ത്തീരത്തെ മണല്‍ത്തരി പോലെ പക്ഷികളെയും വര്‍ഷിച്ചു. അവിടുന്നു അവരുടെ പാളയങ്ങളുടെ നടുവിലും പാര്‍പ്പിടങ്ങള്‍ക്കു ചുറ്റും അവയെ പൊഴിച്ചു.
R കര്‍ത്താവ് സ്വര്‍ഗീയ…………
രണ്ടാം വര്‍ഷം
ഒന്നാം വായന
ജറെമിയാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (1:1,4-10)
(ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു )
കര്‍ത്താവ് ബഞ്ചമിന്‍ദേശത്ത് അനാത്തോത്തിലെ പുരോഹിതന്‍മാരില്‍ ഒരാളായ ഹില്‍ക്കിയായുടെ മകന്‍ ജറെമിയായുടെ വാക്കുകള്‍;
കര്‍ത്താവ് എന്നോട് അരുളിചെചയ്തു: മാതാവിന്‍റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു; അപ്പോള്‍ ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, ഞാന്‍ കേവലം ബാലനാണ്; സംസാരിക്കാന്‍ എനിക്കു പാടവമില്ല. കര്‍ത്താവ് എന്നോടരുളിച്ചെയ്തു: വെറും ബാലനാണെന്നു നീ പറയരുത്. ഞാന്‍ അയയ്ക്കുന്നിടത്തേക്കു നീ പോകണം; ഞാന്‍ കല്‍പിക്കുന്നതെന്തും സംസാരിക്കണം. നീ അവരെ ഭയപ്പെടേണ്ടാ, നിന്‍റെ രക്ഷയ്ക്കു നിന്നോടുകൂടെ ഞാനുണ്ട്; കര്‍ത്താവാണിതു പറയുന്നത്. അനന്തരം കര്‍ത്താവ് കൈ നീട്ടി എന്‍റെ അധരത്തില്‍ സ്പര്‍ശിച്ചുകൊണ്ട് അരുളിച്ചെയ്തു: ഇതാ, എന്‍റെ വചനങ്ങള്‍ നിന്‍റെ നാവില്‍ ഞാന്‍ നിക്ഷേപിച്ചിരിക്കുന്നു. പിഴുതെറിയാനും ഇടിച്ചുതകര്‍ക്കാനും നശിപ്പിക്കാനും തകിടം മറിക്കാനും പണിതുയര്‍ത്താനും നട്ടുവളര്‍ത്താനുംവേണ്ടി ഇന്നിതാ, ജനതകളുടെയും രാജ്യങ്ങളുടെയുംമേല്‍ നിന്നെ ഞാന്‍ അവരോധിച്ചിരിക്കുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(74:1-2,3-4,5-6ab, 15ab+17)
R (v.15b) കര്‍ത്താവേ, എന്‍റെ അധരങ്ങള്‍ അങ്ങയുടെ രക്ഷാകരമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.
1. കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരു നാളും ലജ്ജിക്കാനിടയാക്കരുതേ!അങ്ങയുടെ നീതിയില്‍ എന്നെ മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യണമേ! എന്‍റെ യാചന കേട്ട് എന്നെ രക്ഷിക്കണമേ!
R കര്‍ത്താവേ, എന്‍റെ………….
2. അങ്ങ് എനിക്ക് അഭയശിലയും ഉറപ്പുള്ള രക്ഷാദുര്‍ഗവും ആയിരിക്കണമേ! അങ്ങാണ് എന്‍റെ അഭയശിലയും ദുര്‍ഗവും. എന്‍റെ ദൈവമേ, ദുഷ്ടന്‍റെ കൈയില്‍ നിന്ന്, നീതികെട്ട ക്രൂരന്‍റെ പിടിയില്‍നിന്ന്, എന്നെ വിടുവിക്കണമേ!
R കര്‍ത്താവേ, എന്‍റെ………….
3. കര്‍ത്താവേ, അങ്ങാണ് എന്‍റെ പ്രത്യാശ; ചെറുപ്പം മുതല്‍ അങ്ങാണ് എന്‍റെ ആശ്രയം. ജനനം മുതല്‍ ഞാന്‍ അങ്ങയെ ആശ്രയിച്ചു. മാതാവിന്‍റെ ഉദരത്തില്‍നിന്ന് അങ്ങാണ് എന്നെ എടുത്തത്.
R കര്‍ത്താവേ, എന്‍റെ………….
4. എന്‍റെ അധരങ്ങള്‍ അങ്ങയുടെ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും; അവ എന്‍റെ അറിവിന് അപ്രാപ്യമാണ്. ദൈവമേ, ചെറുപ്പം മുതല്‍ എന്നെ അങ്ങ് പരിശീലിപ്പിച്ചു; ഞാനിപ്പോഴും അങ്ങയുടെ അദ്ഭുതപ്രവൃത്തികള്‍ പ്രഘോഷിക്കുന്നു.
R കര്‍ത്താവേ, എന്‍റെ………….
അല്ലേലൂയാ!
അല്ലേലൂയാ! വിത്ത് ദൈവവചനവും വിതക്കാരന്‍ ക്രിസ്തുവുമാകുന്നു; അവന്‍റെയടുത്തു വരുന്നവരെല്ലാം നിത്യമായി നിലനില്ക്കും – അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (13:1-9)
(നല്ല വിത്ത് നൂറുമേനി വിളവു നല്കും)
അക്കാലത്ത്, യേശു ഭവനത്തില്‍നിന്നു പുറത്തുവന്ന്, കടല്‍ത്തീരത്ത് ഇരുന്നു. വലിയ ജനക്കൂട്ടങ്ങള്‍ അവന്‍റെ അടുത്തു വന്നു. തന്നിമിത്തം അവന്‍ ഒരു തോണിയില്‍ക്കയറി ഇരുന്നു. ജനക്കൂട്ടം മുഴുവന്‍ തീരത്തു നിന്നു. അപ്പോള്‍ അവന്‍ വളരെക്കാര്യങ്ങള്‍ ഉപമവഴി അവരോടു പറഞ്ഞു: വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു. അവന്‍ വിതച്ചപ്പോള്‍ വിത്തുകളില്‍ കുറെ വഴിയരുകില്‍ വീണു. പക്ഷികള്‍ വന്ന് അതു തിന്നു. ചിലത് മണ്ണ് അധികമില്ലാത്ത പാറമേല്‍ വീണു. മണ്ണിന് ആഴമില്ലാതിരുന്നതിനാല്‍ അതു പെട്ടെന്ന് മുളച്ചുപൊങ്ങി. സൂര്യനുദിച്ചപ്പോള്‍ അതു വെയിലേറ്റു വാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോവുകയും ചെയ്തു. വേറെ ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. മറ്റു ചിലതു നല്ല നിലത്തു വീണു. അതു നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും വിളവു നല്‍കി. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here