പതിനഞ്ചാം വാരം: വെള്ളി – ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം – 21/7/2017

ഒന്നാം വായന
പുറപ്പാടിന്‍റെ പുസ്തകത്തില്‍നിന്ന് (11:10-12,14)
(സായാഹ്നത്തില്‍ ആട്ടിന്‍കുട്ടിയെ കൊല്ലണം……. രക്തം കാണുമ്പോള്‍
ഞാന്‍ നിങ്ങളെ കടന്നുപോകും)
അക്കാലത്ത്, മോശയും അഹറോനും ഫറവോയുടെ സന്നിധിയില്‍ നിരവധി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. എന്നാല്‍, കര്‍ത്താവു ഫറവോയുടെ ഹൃദയം കഠിനമാക്കിയതിനാല്‍ അവന്‍ ഇസ്രായേല്‍ക്കാരെ തന്‍റെ രാജ്യത്തുനിന്നു വിട്ടയച്ചില്ല. കര്‍ത്താവ് ഈജിപ്തില്‍ വച്ചു മോശയോടും അഹറോനോടും അരുളിച്ചെയ്തു: ഈ മാസം നിങ്ങള്‍ക്കു വര്‍ഷത്തിന്‍റെ ആദ്യമാസമായിരിക്കണം. ഇസ്രായേല്‍ സമൂഹത്തോടു മുഴുവന്‍ പറയുവിന്‍: ഈ മാസം പത്താംദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിന്‍കുട്ടിയെ കരുതിവയ്ക്കണം; ഒരു വീടിന് ഒരാട്ടിന്‍കുട്ടി വീതം. ഏതെങ്കിലും കുടുംബം ഒരാട്ടിന്‍കുട്ടിയെ മുഴുവന്‍ ഭക്ഷിക്കാന്‍ മാത്രം വലുതല്ലെങ്കില്‍ ആളുകളുടെ എണ്ണം നോക്കി അയല്‍ക്കുടുംബത്തെയും പങ്കുചേര്‍ക്കട്ടെ. ഭക്ഷിക്കാനുള്ള കഴിവു പരിഗണിച്ചുവേണം ഒരാടിനുവേണ്ട ആളുകളുടെ എണ്ണം നിശ്ചയിക്കാന്‍. കോലാടുകളില്‍ നിന്നോ ചെമ്മരിയാടുകളില്‍നിന്നോ ആട്ടിന്‍കുട്ടിയെ തിരഞ്ഞെടുത്തുകൊള്ളുക: എന്നാല്‍, അത് ഒരു വയസ്സുള്ളതും ഊനമറ്റതുമായ മുട്ടാട് ആയിരിക്കണം. ഈ മാസം പതിന്നാലാം ദിവസംവരെ അതിനെ സൂക്ഷിക്കണം. ഇസ്രായേല്‍ സമൂഹം മുഴുവന്‍ തങ്ങളുടെ ആട്ടിന്‍കുട്ടികളെ അന്നു സന്ധ്യയ്ക്കു കൊല്ലണം. അതിന്‍റെ രക്തത്തില്‍നിന്നു കുറച്ചെടുത്ത് ആടിനെ ഭക്ഷിക്കാന്‍ കൂടിയിരിക്കുന്ന വീടിന്‍റെ രണ്ടു കട്ടിളക്കാലുകളിലും മേല്‍പടിയിലും പുരട്ടണം. അവര്‍ അതിന്‍റെ മാംസം തീയില്‍ ചുട്ട് പുളിപ്പില്ലാത്ത അപ്പവും കയ്പുള്ള ഇലകളും കൂട്ടി അന്നു രാത്രി ഭക്ഷിക്കണം. ചുട്ടല്ലാതെ പച്ചയായോ വെള്ളത്തില്‍ വേവിച്ചോ ഭക്ഷിക്കരുത്. അതിനെ മുഴുവനും, തലയും കാലും ഉള്‍ഭാഗവുമടക്കം ചുട്ട് ഭക്ഷിക്കണം. പ്രഭാതമാകുമ്പോള്‍ അതില്‍ യാതൊന്നും അവശേഷിക്കരുത്. എന്തെങ്കിലും മിച്ചം വന്നാല്‍ തീയില്‍ ദഹിപ്പിക്കണം. ഇപ്രകാരമാണ് അതു ഭക്ഷിക്കേണ്ടത്:

അത് അരമുറുക്കി ചെരുപ്പുകളണിഞ്ഞ് വടി കൈയിലേന്തി തിടുക്കത്തില്‍ ഭക്ഷിക്കണം. കാരണം, അതു കര്‍ത്താവിന്‍റെ പെസഹായാണ്.
ആ രാത്രി ഞാന്‍ ഈജിപ്തിലൂടെ കടന്നുപോകും. ഈജിപ്തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതരെയെല്ലാം ഞാന്‍ സംഹരിക്കും. ഈജിപ്തിലെ ദേവന്‍മാര്‍ക്കെല്ലാം എതിരായി ഞാന്‍ ശിക്ഷാവിധി നടത്തും. ഞാനാണ് കര്‍ത്താവ്. കട്ടിളയിലുള്ള രക്തം നിങ്ങള്‍ ആ വീട്ടില്‍ താമസിക്കുന്നുവെന്നതിന്‍റെ അടയാളമായിരിക്കും. അതു കാണുമ്പോള്‍ ഞാന്‍ നിങ്ങളെ കടന്നുപോകും. ഞാന്‍ ഈജിപ്തിനെ പ്രഹരിക്കുമ്പോള്‍ ആ ശിക്ഷ നിങ്ങളെ ബാധിക്കുകയില്ല. ഈ ദിവസം നിങ്ങള്‍ക്ക് ഒരു സ്മരണാദിനമായിരിക്കട്ടെ. ഇതു തലമുറതോറും കര്‍ത്താവിന്‍റെ തിരുനാളായി നിങ്ങള്‍ ആചരിക്കണം. ഇതു നിങ്ങള്‍ക്ക് എന്നേക്കും ഒരു കല്‍പനയായിരിക്കും.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(116: 12-13, 15-16, 17-18)
R (v.13) ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കും.(അല്ലെങ്കില്‍ : അല്ലേലൂയാ!)
1. കര്‍ത്താവ് എന്‍റെമേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്കു ഞാന്‍ എന്തുപകരം കൊടുക്കും? ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കും.
R ഞാന്‍ രക്ഷയുടെ…………
2. തന്‍റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്. കര്‍ത്താവേ, ഞാന്‍ അവിടുത്തെ ദാസനാണ്; അവിടുത്തെ ദാസനും അവിടുത്തെ ദാസിയുടെ പുത്രനും തന്നെ; അവിടുന്ന് എന്‍റെ ബന്ധനങ്ങള്‍ തകര്‍ത്തു.
R ഞാന്‍ രക്ഷയുടെ…………
3. ഞാന്‍ അങ്ങേയ്ക്കു കൃതജ്ഞതാബലി അര്‍പ്പിക്കും; ഞാന്‍ കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കും. അവിടുത്തെ ജനത്തിന്‍റെ മുന്‍പില്‍ കര്‍ത്താവിനു ഞാന്‍ എന്‍റെ നേര്‍ച്ചകള്‍ നിറവേറ്റും.
R ഞാന്‍ രക്ഷയുടെ…………
രണ്ടാം വര്‍ഷം
ഒന്നാം വായന
ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന്
(38:1-6,21-22,7-8)
(നിന്‍റെ പ്രാര്‍ത്ഥന ഞാന്‍ ശ്രവിച്ചിരിക്കുന്നു. നിന്‍റെ കണ്ണുനീര്‍ ഞാന്‍ ദര്‍ശിച്ചു )
അക്കാലത്ത്, ഹെസക്കിയാ രോഗിയാവുകയും മരണത്തോട് അടുക്കുകയും ചെയ്തു. ആമോസിന്‍റെ പുത്രനായ എശയ്യാ പ്രവാചകന്‍ അവനെ സമീപിച്ചു പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു. നിന്‍റെ ഭവനം ക്രമപ്പെടുത്തുക, എന്തെന്നാല്‍ നീ മരിക്കും; സുഖം പ്രാപിക്കുകയില്ല. ഹെസക്കിയാ ചുമരിന്‍റെ നേരേ തിരിഞ്ഞ് കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു: കര്‍ത്താവേ, ഞാന്‍ വിശ്വസ്തതയോടും പൂര്‍ണഹൃദയത്തോടുംകുടെ അങ്ങയുടെ മുന്‍പില്‍ വ്യാപരിച്ചുവെന്നും അങ്ങേക്കു പ്രീതികരമായത് എപ്പോഴും അനുവര്‍ത്തിച്ചുവെന്നും അങ്ങ് ഇപ്പോള്‍ അനുസ്മരിക്കണമേ! അനന്തരം, ഹെസക്കിയാ വേദനയോടെ കരഞ്ഞു. അപ്പോള്‍ ഏശയ്യായ്ക്കു കര്‍ത്താവിന്‍റെ അരുളപ്പാടുണ്ടായി: നീ ചെന്ന് ഹെസക്കിയായോടു പറയുക. നിന്‍റെ പിതാവായ ദാവീദിന്‍റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. നിന്‍റെ പ്രാര്‍ത്ഥന ഞാന്‍ ശ്രവിച്ചിരിക്കുന്നു. നിന്‍റെ കണ്ണുനീര്‍ ഞാന്‍ ദര്‍ശിച്ചു. ഇതാ, നിന്‍റെ ആയുസ്സ് പതിനഞ്ചുവര്‍ഷംകൂടി ഞാന്‍ ദീര്‍ഘിപ്പിക്കും. ഞാന്‍ നിന്നെയും ഈ നഗരത്തെയും അസ്സീറിയാരാജാവിന്‍റെ കരങ്ങളില്‍നിന്നു രക്ഷിക്കുകയും ഈ നഗരത്തെ സംരക്ഷിക്കുകയും ചെയ്യും.
അപ്പോള്‍ ഏശയ്യാ പറഞ്ഞ: അവന്‍ സുഖം പ്രാപിക്കേണ്ടതിന് ഒരു അത്തിയട എടുത്ത് അവന്‍റെ പരുവില്‍ വയ്ക്കുക. ഞാന്‍ കര്‍ത്താവിന്‍റെ ഭവനത്തില്‍ പ്രവേശിക്കുമെന്നതിന്‍റെ അടയാളം എന്തായിരിക്കുമെന്ന് ഹെസക്കിയാ ചോദിച്ചിട്ടുണ്ടായിരുന്നു.
കര്‍ത്താവിന്‍റെ ഈ വാഗ്ദാനം നിവൃത്തിയാകുമെന്നതിന് അവിടുന്നു നല്‍കുന്ന അടയാളമാണിത്. ആഹാസിന്‍റെ ഘടികാരത്തില്‍ അസ്തമയസൂര്യന്‍റെ രശ്മികളേറ്റുണ്ടാകുന്ന നിഴല്‍ പത്തു ചുവടു പുറകോട്ടു തിരിയുന്നതിനു ഞാന്‍ ഇടയാക്കും. അങ്ങനെ ഘടികാരത്തില്‍ നിഴല്‍ പത്തു ചുവടു പുറകോട്ടു മാറി.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(ഏശയ്യ.38:10,11,12,16)
R (v.17b) കര്‍ത്താവേ, നാശത്തിന്‍റെ കുഴിയില്‍നിന്ന് എന്‍റെ ജീവനെ അങ്ങ് രക്ഷിച്ചു.
1. എന്‍റെ ജീവിതത്തിന്‍റെ മധ്യാഹ്നത്തില്‍ ഞാന്‍ വേര്‍പിരിയണം. ശേഷിച്ച ആയുസ്സ് പാതാളവാതില്‍ക്കല്‍ ചെലവഴിക്കുന്നതിനു ഞാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.
R കര്‍ത്താവേ, നാശത്തിന്‍റെ………….
2. ഞാന്‍ പറഞ്ഞു: ജീവനുള്ളവരുടെ നാട്ടില്‍ ഞാന്‍ ഇനി കര്‍ത്താവിനെ ദര്‍ശിക്കുകയില്ല; ഭൂവാസികളുടെ ഇടയില്‍ വച്ചു മനുഷ്യനെ ഞാന്‍ ഇനി നോക്കുകയില്ല.
R കര്‍ത്താവേ, നാശത്തിന്‍റെ………….
3. ആട്ടിടയന്‍റെ കൂടാരംപോലെ എന്‍റെ ഭവനം എന്നില്‍നിന്നു പറിച്ചുമാറ്റിയിരിക്കുന്നു. നെയ്ത്തുകാരനെപ്പോലെ എന്‍റെ ജീവിതം ഞാന്‍ ചുരുട്ടിയിരിക്കുന്നു. തറിയില്‍നിന്ന് അവിടുന്ന് എന്നെ മുറിച്ചുനീക്കി. പകലും രാത്രിയും അവിടുന്ന് എന്നെ അന്ത്യത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു.
R കര്‍ത്താവേ, നാശത്തിന്‍റെ………….
4. കര്‍ത്താവേ, എന്നിട്ടും എന്‍റെ ആത്മാവ് അങ്ങയോടൊത്തു ജീവിക്കും. ഞാന്‍ അങ്ങേക്കുവേണ്ടി മാത്രം ജീവിക്കും. എനിക്ക് ആരോഗ്യം പ്രദാനം ചെയ്ത് എന്നെ ജീവിപ്പിക്കണമേ!
R കര്‍ത്താവേ, നാശത്തിന്‍റെ………….
അല്ലേലൂയാ!
അല്ലേലൂയാ!(യോഹ.10: 27) കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റെ ആടുകള്‍ എന്‍റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (12:1-8)
(മനുഷ്യപുത്രന്‍ സാബത്തിന്‍റേയും കര്‍ത്താവാണ്)
അക്കാലത്ത്, ഒരു സാബത്തില്‍ യേശു ഗോതമ്പുവയലിലൂടെ കടന്നുപോവുകയായിരുന്നു. അവന്‍റെ ശിഷ്യന്‍മാര്‍ക്കു വിശന്നു. അവര്‍ കതിരുകള്‍ പറിച്ചു തിന്നാന്‍ തുടങ്ങി. ഫരിസേയര്‍ ഇതു കണ്ട് അവനോടു പറഞ്ഞു: നോക്കൂ, സാബത്തില്‍ നിഷിദ്ധമായത് നിന്‍റെ ശിഷ്യന്‍മാര്‍ ചെയ്യുന്നു. അവന്‍ പറഞ്ഞു: വിശന്നപ്പോള്‍ ദാവീദും അനുചരന്‍മാരും എന്താണു ചെയ്തതെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ? അവന്‍ ദൈവഭവനത്തില്‍ പ്രവേശിച്ച്, പുരോഹിതന്‍മാര്‍ക്കല്ലാതെ തനിക്കോ സഹചരന്‍മാര്‍ക്കോ ഭക്ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിച്ചതെങ്ങനെ? അല്ലെങ്കില്‍, സാബത്തുദിവസം ദേവാലയത്തിലെ പുരോഹിതന്‍മാര്‍ സാബത്തു ലംഘിക്കുകയും അതേസമയം കുറ്റമറ്റവരായിരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് നിങ്ങള്‍ നിയമത്തില്‍ വായിച്ചിട്ടില്ലേ? എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദേവാലയത്തെക്കാള്‍ ശ്രേഷ്ഠമായ ഒന്ന് ഇവിടെയുണ്ട്. ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്‍റെ അര്‍ഥം മനസ്സിലാക്കിയിരുന്നെങ്കില്‍ നിങ്ങള്‍ നിരപരാധരെ കുറ്റം വിധിക്കുമായിരുന്നില്ല. എന്തെന്നാല്‍, മനുഷ്യപുത്രന്‍ സാബത്തിന്‍റെയും കര്‍ത്താവാണ്.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here