പതിനഞ്ചാം വാരം: തിങ്കള്‍- ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – 17/7/2017

ഒന്നാം വായന
പുറപ്പാടിന്‍റെ പുസ്തകത്തില്‍നിന്ന് (1:8-14,22)
(ഇസ്രായേല്‍ജനം സംഖ്യയില്‍ വര്‍ദ്ധിക്കാതിരിക്കാന്‍ നമുക്കവരെ ഞെരുക്കാം)
അക്കാലത്ത്, ഒരു പുതിയ രാജാവ് ഈജിപ്തില്‍ ഭരണാധികാരിയായി. അവനു ജോസഫിനെപ്പറ്റി അറിവില്ലായിരുന്നു. അവന്‍ തന്‍റെ ജനത്തോടു പറഞ്ഞു: നോക്കുവിന്‍! ഇസ്രായേല്‍ ജനത്തിന്‍റെ എണ്ണവും ശക്തിയും നമ്മുടേതിനെക്കാള്‍ അധികമായി വരുന്നു. ഒരു യുദ്ധമുണ്ടായാല്‍ ഇവര്‍ ശത്രുപക്ഷം ചേര്‍ന്നു നമുക്കെതിരായി പൊരുതുകയും അങ്ങനെ രാജ്യം വിട്ടുപോവുകയും ചെയ്തേക്കാം. അതിനാല്‍, അവര്‍ സംഖ്യയില്‍ വര്‍ധിക്കാതിരിക്കാന്‍ നമുക്ക് അവരോടു തന്ത്രപൂര്‍വ്വം പെരുമാറാം. അനന്തരം അവരെ കഠിനാദ്ധ്വാനംകൊണ്ടു ഞെരുക്കാന്‍ ക്രൂരന്‍മാരായ മേല്‍നോട്ടക്കാരെ നിയമിച്ചു. അങ്ങനെ ഇസ്രായേല്‍ക്കാര്‍ ഫറവോയ്ക്കുവേണ്ടി പിത്തോം, റമ്സേസ് എന്നീ സംഭരണനഗരങ്ങള്‍ നിര്‍മിച്ചു. എന്നാല്‍, പീഡിപ്പിക്കുന്തേറും അവര്‍ വര്‍ധിക്കുകയും വ്യാപിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഈജിപ്തുകാര്‍ ഇസ്രായേല്‍മക്കളെ ഭയപ്പെട്ടു തുടങ്ങി. അവരെക്കൊണ്ടു നിര്‍ദയം അടിമവേലചെയ്യിച്ചു. കുമ്മായവും ഇഷ്ടികയും കൊണ്ടുള്ള പണികളും വയലിലെ വേലകളും കഠിനാദ്ധ്വാനവും കൊണ്ട് അവരുടെ ജീവിതം ക്ലേശപൂര്‍ണമാക്കി. മര്‍ദനത്തിന്‍ കീഴില്‍ അടിമവേല ചെയ്യാന്‍ ഇസ്രായേല്യര്‍ നിര്‍ബന്ധിതരായി,
അപ്പോള്‍ ഫറവോ പ്രജകളോടു കല്‍പിച്ചു. ഹെബ്രായര്‍ക്കു ജനിക്കുന്ന ആണ്‍കുട്ടികളെയെല്ലാം നൈല്‍നദിയില്‍ എറിഞ്ഞുകളയുവിന്‍. പെണ്‍കുട്ടികള്‍ ജീവിച്ചുകൊള്ളട്ടെ.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(124:1 – 3, 4-6,7-8)
R (v.8a) കര്‍ത്താവിന്‍റെ നാമത്തിലാണു നമ്മുടെ ആശ്രയം.
1. ഇസ്രായേല്‍ പറയട്ടെ, കര്‍ത്താവു നമ്മുടെ പക്ഷത്തില്ലായിരുന്നെങ്കില്‍, ജനങ്ങള്‍ നമുക്കെതിരേ ഉയര്‍ന്നപ്പോള്‍, കര്‍ത്താവു നമ്മോടുകൂടെ ഇല്ലായിരുന്നെങ്കില്‍, അവരുടെ കോപം നമുക്കെതിരെ ജ്വലിച്ചപ്പോള്‍, അവര്‍ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു.
R കര്‍ത്താവിന്‍റെ നാമ………….
2. ജലപ്രവാഹം നമ്മെ ഒഴുക്കിക്കളയുമായിരുന്നു; മലവെള്ളം നമ്മെ മൂടിക്കളയുമായിരുന്നു. ആര്‍ത്തിരമ്പുന്ന പ്രവാഹം നമ്മുടെമേല്‍ കവിഞ്ഞൊഴുകുമായിരുന്നു. നമ്മെ അവരുടെ പല്ലിന് ഇരയായിക്കൊടുക്കാതിരുന്ന കര്‍ത്താവു വാഴ്ത്തപ്പെടട്ടെ.
R കര്‍ത്താവിന്‍റെ നാമ………….
3. വേടന്‍റെ കെണിയില്‍നിന്നു പക്ഷിയെന്നപോലെ നമ്മള്‍ രക്ഷപെട്ടു; കെണി തകര്‍ന്നു നാം രക്ഷപെട്ടു. ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവിന്‍റെ നാമത്തിലാണു നമ്മുടെ ആശ്രയം.
R കര്‍ത്താവിന്‍റെ നാമ………….
രണ്ടാം വര്‍ഷം
ഒന്നാം വായന
ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (1:10-17)
(നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിന്‍. നിങ്ങളുടെ ദുഷ്കര്‍മങ്ങള്‍
എന്‍റെ സന്നിധിയില്‍ നിന്നു നീക്കിക്കളയുവിന്‍)
സോദോമിന്‍റെ അധിപതികളേ, കര്‍ത്താവിന്‍റെ വചനം ശ്രവിക്കുവിന്‍. ഗൊമോറാജനമേ, നമ്മുടെ ദൈവത്തിന്‍റെ പ്രബോധനങ്ങള്‍ ശ്രദ്ധിക്കുവിന്‍. കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ നിരവധിയായ ബലികള്‍ എനിക്കെന്തിന്? മുട്ടാടുകളെക്കൊണ്ടുള്ള ദഹനബലികളും കൊഴുത്ത മൃഗങ്ങളുടെ മേദസ്സും എനിക്കു മതിയായി. കാളകളുടേയോ ആട്ടിന്‍കുട്ടികളുടേയോ മുട്ടാടിന്‍റെയോ രക്തം കൊണ്ടു ഞാന്‍ പ്രസാദിക്കുകയില്ല. എന്‍റെ സന്നിധിയില്‍ വരാന്‍, എന്‍റെ അങ്കണത്തില്‍ കാലുകുത്താന്‍, ഇവ വേണമെന്ന് ആരു നിങ്ങളോടു പറഞ്ഞു? വ്യര്‍ഥമായ കാഴ്ചകള്‍ ഇനിമേല്‍ അര്‍പ്പിക്കരുത്. ധൂപം എനിക്കു മ്ലേഛവസ്തുവാണ്. നിങ്ങളുടെ അമാവാസിയും സാബത്തും സമ്മേളനങ്ങളും! നിങ്ങളുടെ അനീതി നിറഞ്ഞ ഉത്സവങ്ങള്‍ എനിക്കു സഹിക്കാനാവില്ല. നിങ്ങളുടെ അമാവാസികളും ഉത്സവങ്ങളും ഞാന്‍ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. അവ എനിക്കു ദുസ്സഹമായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ കരങ്ങളുയര്‍ത്തുമ്പോള്‍ ഞാന്‍ നിങ്ങളില്‍നിന്നു മുഖം മറയ്ക്കും. നിങ്ങള്‍ എത്ര പ്രാര്‍ത്ഥിച്ചാലും ഞാന്‍ കേള്‍ക്കുകയില്ല. നിങ്ങളുടെ കരങ്ങള്‍ രക്തപങ്കിലമാണ്. നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിന്‍. നിങ്ങളുടെ ദുഷ്കര്‍മങ്ങള്‍ എന്‍റെ സന്നിധിയില്‍ നിന്നു നീക്കിക്കളയുവിന്‍. നിങ്ങളുടെ അകൃത്യങ്ങള്‍ അവസാനിപ്പിക്കുവിന്‍. നന്‍മ പ്രവര്‍ത്തിക്കാന്‍ ശീലിക്കുവിന്‍. നീതി അന്വേഷിക്കുവിന്‍. മര്‍ദ്ദനം അവസാനിപ്പിക്കുവിന്‍. അനാഥരോടു നീതി ചെയ്യുവിന്‍. വിധവകള്‍ക്കു വേണ്ടി വാദിക്കുവിന്‍.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(50:8-9,16bc-17,21+23)
R (v.23b) നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്‍റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.
1. നിന്‍റെ ബലികളെക്കുറിച്ചു ഞാന്‍ നിന്നെ ശാസിക്കുന്നില്ല; നിന്‍റെ ദഹനബലികള്‍ നിരന്തരം എന്‍റെ മുന്‍പിലുണ്ട്. നിന്‍റെ വീട്ടില്‍നിന്നു കാളയെയോ നിന്‍റെ ആട്ടിന്‍പറ്റത്തില്‍ നിന്നു മുട്ടാടിനെയോ ഞാന്‍ സ്വീകരിക്കുകയില്ല.
R നേരായ മാര്‍ഗത്തില്‍………….
2. എന്‍റെ നിയമങ്ങള്‍ ഉരുവിടാനോ എന്‍റെ ഉടമ്പടിയെക്കുറിച്ച് ഉരിയാടാനോ നിനക്കെന്തു കാര്യം? നീ ശിക്ഷണത്തെ വെറുക്കുന്നു; എന്‍റെ വചനത്തെ നീ അവഗണിക്കുന്നു.
R നേരായ മാര്‍ഗത്തില്‍………….
3. നീ ഇതെല്ലാം ചെയ്തിട്ടും ഞാന്‍ മൗനം ദീക്ഷിച്ചു; നിന്നെപ്പോലെയാണു ഞാനും എന്നു നീ കരുതി; ബലിയായി കൃതജ്ഞത അര്‍പ്പിക്കുന്നവന്‍ എന്നെ ബഹുമാനിക്കുന്നു; നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്‍റെ രക്ഷ ഞാന്‍ കാണിച്ചു കൊടുക്കും.
R നേരായ മാര്‍ഗത്തില്‍………….

അല്ലേലൂയാ!
അല്ലേലൂയാ!(മത്താ5:10)നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ് – അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (10:34, 11:1)
(സമാധാനമല്ല, വാളാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്)
അക്കാലത്ത്, യേശു തന്‍റെ ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ഭൂമിയില്‍ സമാധാനമാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത് എന്ന് നിങ്ങള്‍ വിചാരിക്കരുത്; സമാധാനമല്ല, വാളാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്. എന്തെന്നാല്‍, ഒരുവനെ തന്‍റെ പിതാവിനെതിരായും മകളെ അമ്മയ്ക്കെതിരായും മരുമകളെ അമ്മായിയമ്മയെക്കെതിരായും ഭിന്നിപ്പിക്കാനാണു ഞാന്‍ വന്നിരിക്കുന്നത്. സ്വന്തം കുടുംബത്തില്‍പ്പെട്ടവര്‍ തന്നെയായിരിക്കും ഒരുവന്‍റെ ശത്രുക്കള്‍. എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല. സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവന്‍ എനിക്കു യോഗ്യനല്ല. സ്വന്തം ജീവന്‍ കണ്ടെത്തുന്നവന്‍ അതു നഷ്ടപ്പെടുത്തും. എന്നെ പ്രതി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതു കണ്ടെത്തും.
നിങ്ങളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന് പ്രവാചകന്‍റെ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന് നീതിമാന്‍റെ പ്രതിഫലവും ലഭിക്കുന്നു. ഈ ചെറിയവരില്‍ ഒരുവന്, ശിഷ്യന് എന്ന നിലയില്‍ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. യേശു പന്ത്രണ്ടു ശിഷ്യന്‍മാര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനുശേഷം, അവരുടെ പട്ടണങ്ങളില്‍ പഠിപ്പിക്കാനും പ്രസംഗിക്കാനുമായി അവിടെനിന്നു പുറപ്പെട്ടു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here