പതിനഞ്ചാം വാരം: ചൊവ്വ – ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം – 18/7/2017

ഒന്നാം വായന
പുറപ്പാടിന്‍റെ പുസ്തകത്തില്‍നിന്ന് (2:1-15a)
(വെള്ളത്തില്‍നിന്നെടുത്തുകൊണ്ട് അവനു മോശ എന്ന് അവര്‍ പേരിട്ടു;
അവന്‍ വളര്‍ന്നു തന്‍റെ സഹോദരരുടെ പക്കലെത്തി)
അക്കാലത്ത് ലേവി ഗോത്രത്തില്‍പെട്ട ഒരാള്‍ തന്‍റെ തന്നെ ഗോത്രത്തില്‍പെട്ട ഒരു സ്ത്രീയെ വിവാഹം ചെയ്തു. അവള്‍ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. ശിശു കോമളനായിരുന്നതിനാല്‍ അവള്‍ അവനെ മൂന്നുമാസം രഹസ്യമായി വളര്‍ത്തി. അവനെ തുടര്‍ന്നും രഹസ്യത്തില്‍ വളര്‍ത്തുക ദുഷ്കരമായിത്തീര്‍ന്നപ്പോള്‍ അവള്‍ ഞാങ്ങണകൊണ്ടു നെയ്ത് കളിമണ്ണും താറും പൂശിയ ഒരു പേടകത്തില്‍ അവനെ കിടത്തി. നദീതീരത്തുള്ള ഞാങ്ങണച്ചെടികളുടെയിടയില്‍ പേടകം കൊണ്ടുചെന്നു വച്ചു. അവന് എന്തു സംഭവിക്കുമെന്ന് ഉറ്റുനോക്കിക്കൊണ്ട് അവന്‍റെ സഹോദരി കുറെയകലെ കാത്തുനിന്നിരുന്നു. അപ്പോള്‍ ഫറവോയുടെ പുത്രിവന്ന് കുളിക്കാന്‍ നദിയലേക്കിറങ്ങി. അവളുടെ തോഴിമാര്‍ നദീതീരത്തിലൂടെ നടക്കുകയായിരുന്നു. രാജകുമാരി ഞാങ്ങണച്ചെടികളുടെയിടയില്‍ ആ പേടകം കണ്ടു. ഒരു ദാസിയെ അയച്ച് അവള്‍ അതെടുപ്പിച്ചു. തുറന്നു നോക്കിയപ്പോള്‍ അവള്‍ ശിശുവിനെ കണ്ടു. അവന്‍ കരയുകയായിരുന്നു. അവള്‍ക്ക് അവനോട് അനുകമ്പ തോന്നി. ഇത് ഒരു ഹെബ്രായ ശിശുവാണ് എന്ന് അവള്‍ പറഞ്ഞു. അപ്പോള്‍ അവന്‍റെ സഹോദരി ഫറവോയുടെ പുത്രിയോടു ചോദിച്ചു: നിനക്കുവേണ്ടി ഈ കുട്ടിയെ മുലയൂട്ടി വളര്‍ത്തുന്നതിന് ഒരു ഹെബ്രായ സ്ത്രീയെ ഞാന്‍ വിളിച്ചുകൊണ്ടുവരട്ടെയോ? ഫറവോയുടെ പുത്രി അവളോടു പറഞ്ഞു: അങ്ങനെയാവട്ടെ. അവള്‍ പോയി ശിശുവിന്‍റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു. ഫറവോയുടെ പുത്രി അവളോടു പറഞ്ഞു: ഈ ശിശുവിനെ കൊണ്ടുപോയി എനിക്കുവേണ്ടി മുലയൂട്ടി വളര്‍ത്തുക. ഞാന്‍ നിനക്കു ശമ്പളം തന്നുകൊള്ളാം. അവള്‍ ശിശുവിനെ കൊണ്ടുപോയി വളര്‍ത്തി. ശിശു വളര്‍ന്നപ്പോള്‍ അവള്‍ അവനെ ഫറവോയുടെ പുത്രിയുടെയടുക്കല്‍ കൊണ്ടുചെന്നു. അവള്‍ അവനെ പുത്രനായി സ്വീകരിച്ചു. ഞാന്‍ അവനെ വെള്ളത്തില്‍ നിന്നെടുത്തു എന്നുപറഞ്ഞുകൊണ്ട് അവള്‍ അവനു മോശ എന്നു പേരിട്ടു.
പ്രായപൂര്‍ത്തിയായതിനുശേഷം മോശ ഒരിക്കല്‍ തന്‍റെ സഹോദരരെ സന്ദര്‍ശിക്കാന്‍ പോയി. അവന്‍ അവരുടെ കഠിനാധ്വാനം നേരില്‍ക്കണ്ടു. തത്സമയം സ്വജനത്തില്‍പെട്ട ഒരു ഹെബ്രായനെ ഒരു ഈജിപ്തുകാരന്‍ പ്രഹരിക്കുന്നതു കണ്ടു. അവന്‍ ചുറ്റുംനോക്കി. ആരുമില്ലെന്നു കണ്ടപ്പോള്‍ ആ ഈജിപ്തുകാരനെ കൊന്ന് മണലില്‍ മറവുചെയ്തു. അടുത്ത ദിവസം അവന്‍ ചുറ്റിസഞ്ചരിക്കുമ്പോള്‍ രണ്ടു ഹെബ്രായര്‍ തമ്മില്‍ ശണ്‍ഠ കൂടുന്നതു കണ്ടു. തെറ്റുചെയ്തവനോട് അവന്‍ ചോദിച്ചു: നീ എന്തിനാണ് കൂട്ടുകാരനെ അടിക്കുന്നത്?അപ്പോള്‍ അവന്‍ ചോദിച്ചു: ആരാണ് നിന്നെ ഞങ്ങളുടെ മേലധികാരിയും ന്യായാധിപനുമായി നിയമിച്ചത്? ഈജിപ്തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാനാണോ നീ ഉദ്ദേശിക്കുന്നത്? മോശ ഭയപ്പെട്ടു; ആ സംഭവം പരസ്യമായെന്ന് അവന്‍ വിചാരിച്ചു. ഫറവോ ഈ കാര്യം കേട്ടപ്പോള്‍ മോശയെ വധിക്കാനുദ്യമിച്ചു. പക്ഷേ, മോശ ഫറവോയുടെ പിടിയില്‍പെടാതെ ഒളിച്ചോടി മിദിയാന്‍ നാട്ടിലെത്തി.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(69:2,13,29-30,32-33)
R (v.32b) ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ഉന്‍മേഷഭരിതമാകട്ടെ!
1. കാലുറയ്ക്കാത്ത ആഴമുള്ള ചേറ്റില്‍ ഞാന്‍ താഴുന്നു; ആഴമുള്ള ജലത്തില്‍ ഞാനെത്തിയിരിക്കുന്നു. ജലം എന്‍റെമേല്‍ കവിഞ്ഞൊഴുകുന്നു.
R ദൈവത്തെ അന്വേഷിക്കുന്നവരേ………….
2. കര്‍ത്താവേ, ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു, ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!
R ദൈവത്തെ അന്വേഷിക്കുന്നവരേ………….
3. ഞാന്‍ പീഡിതനും വേദന തിന്നുന്നവനുമാണ്; ദൈവമേ, അങ്ങയുടെ രക്ഷ എന്നെ സമുദ്ധരിക്കട്ടെ! ഞാന്‍ ദൈവത്തിന്‍റെ നാമത്തെ പാടിസ്തുതിക്കും, കൃതജ്ഞതാസ്തോത്രത്തോടെ ഞാന്‍ അവിടുത്തെ മഹത്വപ്പെടുത്തും.
R ദൈവത്തെ അന്വേഷിക്കുന്നവരേ………….
4. പീഡിതര്‍ അതുകണ്ട് ആഹ്ലാദിക്കട്ടെ! ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ഉന്മേഷഭരിതമാകട്ടെ! കര്‍ത്താവു ദരിദ്രന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുന്നു; ബന്ധിതരായ സ്വന്തം ജനത്തെ അവിടുന്നു നിന്ദിക്കുകയില്ല.
R ദൈവത്തെ അന്വേഷിക്കുന്നവരേ………….
രണ്ടാം വര്‍ഷം
ഒന്നാം വായന
ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (7:1-9)
(വിശ്വസിക്കുന്നില്ലെങ്കില്‍ നിനക്കു സുസ്ഥിതി ലഭിക്കുകയില്ല )
യൂദാരാജാവായിരുന്ന ഉസിയായുടെ പുത്രനായ യോഥോമിന്‍റെ പുത്രന്‍ ആഹാസിന്‍റെ കാലത്ത് സിറിയാരാജാവായ റസീനും, ഇസ്രായേല്‍ രാജാവും റമാലിയായുടെ പുത്രനുമായ പെക്കായും ജറുസലെമിനെതിരെ യുദ്ധത്തിനു വന്നു. എന്നാല്‍ അവര്‍ക്കതിനെ കീഴടക്കാന്‍ കഴിഞ്ഞില്ല. സിറിയാ, എഫ്രായിമിനോടു സഖ്യം ചെയ്തിരിക്കുന്നു എന്ന് ദാവീദുഭവനം അറിഞ്ഞപ്പോള്‍, കൊടുങ്കാറ്റില്‍ വനത്തിലെ വൃക്ഷങ്ങള്‍ ഇളകുന്നതുപോലെ, അവന്‍റെയും ജനത്തിന്‍റെയും ഹൃദയം വിറച്ചു. കര്‍ത്താവ് ഏശയ്യായോട് അരുളിച്ചെയ്തു: നീ പുത്രനായ ഷെയാര്‍ യാഷൂബുമൊത്തു ചെന്ന് അലക്കുകാരന്‍റെ വയലിലേയ്ക്കുള്ള രാജവീഥിയുടെ അരികെയുള്ള മേല്‍ക്കളത്തിലെ നീര്‍ച്ചാലിന്‍റെ അറ്റത്തുവച്ച് ആഹാസിനെക്കണ്ട് ഇപ്രകാരം പറയുക; ശ്രദ്ധിക്കുക, സമാധാനമായിരിക്കുക, ഭയപ്പെടേണ്ട, പുകഞ്ഞുകൊണ്ടിരിക്കുന്ന ഈ രണ്ടു തീക്കൊള്ളി നിമിത്തം, റസീന്‍റെയും സിറിയായുടെയും റമാലിയായുടെ പുത്രന്‍റെയും ഉഗ്രകോപം നിമിത്തം, നീ ഭയപ്പെടരുത്. നമുക്ക് യൂദായ്ക്കെതിരെ ചെന്ന് അതിനെ ഭയപ്പെടുത്തുകയും കീഴടക്കി തബേലിന്‍റെ പുത്രനെ അതിന്‍റെ രാജാവായി വാഴിക്കുകയും ചെയ്യാമെന്നു പറഞ്ഞുകൊണ്ട് സിറിയായും എഫ്രായിമും റമാലിയായുടെ പുത്രനും നിനക്കെതിരേ ഗൂഢാലോചന നടത്തി. ആകയാല്‍ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അതു സംഭവിക്കുകയില്ല, ഒരിക്കലും സംഭവിക്കുകയില്ല. സിറിയായുടെ തലസ്ഥാനം ദമാസ്ക്കസും, ദമാസ്ക്കസിന്‍റെ തലവന്‍ റസീനും ആണ്. അറുപത്തഞ്ചു വര്‍ഷത്തിനുള്ളില്‍ എഫ്രായിം ഛിന്നഭിന്നമാക്കപ്പെടും. മേലില്‍ അത് ഒരു ജനതയായിരിക്കുകയില്ല. എഫ്രായിമിന്‍റെ തലസ്ഥാനം സമരിയായും അധിപന്‍ റമാലിയായുടെ പുത്രനും ആണ്. വിശ്വസിക്കുന്നില്ലെങ്കില്‍ നിനക്കു സുസ്ഥിതി ലഭിക്കുകയില്ല.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(48:1 -2a,2b-3,4-5,6-7)
R (v.8) ദൈവം തന്‍റെ നഗരത്തെ എന്നേക്കും സുസ്ഥിരമാക്കിയിരിക്കുന്നു.
1. കര്‍ത്താവ് ഉന്നതനാണ്; നമ്മുടെ ദൈവത്തിന്‍റെ നഗരത്തില്‍ അത്യന്തം സ്തുത്യര്‍ഹനാണ്. ഉയര്‍ന്നു മനോഹരമായ അവിടുത്തെ വിശുദ്ധ ഗിരി മുഴുവന്‍റെയും സന്തോഷമാണ്.
ഞ ദൈവം തന്‍റെ………….
2. അങ്ങു വടക്കുള്ള സീയോന്‍പര്‍വ്വതം ഉന്നതനായ രാജാവിന്‍റെ നഗരമാണ്. അതിന്‍റെ കോട്ടകള്‍ക്കുള്ളില്‍ ദൈവം സുനിശ്ചിതമായ അഭയകേന്ദ്രമായി വെളിപ്പെട്ടിരിക്കുന്നു.
R ദൈവം തന്‍റെ………….
3. ഇതാ, രാജാക്കന്‍മാര്‍ സമ്മേളിച്ചു; അവര്‍ ഒത്തൊരുമിച്ചു മുന്നേറി. സീയോനെ കണ്ട് അവര്‍ അമ്പരന്നു; പരിഭ്രാന്തരായ അവര്‍ പലായനം ചെയ്തു.
R ദൈവം തന്‍റെ………….
4. അവിടെവച്ച് അവര്‍ ഭയന്നുവിറച്ചു; ഈറ്റുനോവിനൊത്ത കഠിനവേദന അവരെ ഗ്രസിച്ചു. കിഴക്കന്‍ കാറ്റില്‍പെട്ട താര്‍ഷീഷ് കപ്പലുകളെപ്പോലെ അവര്‍ തകരുന്നു.
R ദൈവം തന്‍റെ………….
അല്ലേലൂയാ!
അല്ലേലൂയാ!(cf.സങ്കീ.95: 86+ 7a) ഇന്ന് നിങ്ങള്‍ ഹൃദയം കഠിനമാക്കാതെ കര്‍ത്താവിന്‍റെ സ്വരം ശ്രവിക്കുവിന്‍ – അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (11:20-24)
(വിധി ദിവസത്തില്‍ ടയിറിനും സീദോനും നിങ്ങളെക്കാള്‍ ആശ്വാസമുണ്ടാകും)
അക്കാലത്ത്, യേശു താന്‍ ഏറ്റവും കൂടുതല്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച നഗരങ്ങള്‍ മാനസാന്തരപ്പെടാത്തതിനാല്‍ അവയെ ശാസിക്കാന്‍ തുടങ്ങി: കൊറാസീന്‍, നിനക്കു ദുരിതം! ബേത്സയ്ദാ, നിനക്കു ദുരിതം! നിന്നില്‍ നടന്ന അദ്ഭുതങ്ങള്‍ ടയിറിലും സീദോനിലും നടന്നിരുന്നങ്കില്‍ അവ എത്ര പണ്ടേ ചാക്കുടുത്തു ചാരം പൂശി അനുതപിക്കുകയായിരുന്നു! വിധിദിനത്തില്‍ ടയിറിനും സീദോനും നിങ്ങളെക്കാള്‍ ആശ്വാസമുണ്ടാകുമെന്നു ഞാന്‍ നിങ്ങളോടുപറയുന്നു.
കഫര്‍ണാമേ, നീ സ്വര്‍ഗംവരെ ഉയര്‍ത്തപ്പെട്ടുവെന്നോ? പാതാളംവരെ നീ താഴ്ത്തപ്പെടും. നിന്നില്‍ സംഭവിച്ച അദ്ഭുതങ്ങള്‍ സോദോമില്‍ സംഭവിച്ചിരുന്നെങ്കില്‍, അത് ഇന്നും നിലനില്‍ക്കുമായിരുന്നു. ഞാന്‍ നിന്നോടു പറയുന്നു: വിധിദിനത്തില്‍ സോദോമിന്‍റെ സ്ഥിതി നിന്‍റേതിനെക്കാള്‍ സഹനീയമായിരിക്കും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here