നാലാം വാരം: ശനി -ഒന്നാം വര്‍ഷം , രണ്ടാം വര്‍ഷം (3/1/2018)

ഒന്നാം വര്‍ഷം
ഒന്നാം വായന
ഹെബ്രായര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (13:15-17,20-21)
(യേശുവിനെ മരിച്ചവരില്‍നിന്നുയിര്‍പ്പിച്ച സമാധാനത്തിന്‍റെ ദൈവം നിത്യമായ
ഉടമ്പടിയുടെ രക്തത്താല്‍ എല്ലാ നന്‍മകളുംകൊണ്ടു നിങ്ങളെ ധന്യരാക്കട്ടെ!)
സഹോദരരേ, യേശുവിലൂടെ നമുക്ക് എല്ലായ്പ്പോഴും ദൈവത്തിനു സ്തുതിയുടെ ബലി – അവന്‍റെ നാമത്തെ ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങള്‍ – അര്‍പ്പിക്കാം. നന്‍മ ചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്ക്കുന്നതിലും ഉപേക്ഷ വരുത്തരുത്. അത്തരം ബലികള്‍ ദൈവത്തിനു പ്രീതികരമാണ്. നിങ്ങളുടെ നേതാക്കന്‍മാരെ അനുസരിക്കുകയും അവര്‍ക്കു വിധേയരായിരിക്കുകയും ചെയ്യുവിന്‍. കണക്കേല്‍പ്പിക്കാന്‍ കടപ്പെട്ട മനുഷ്യരെപ്പോലെ അവര്‍ നിങ്ങളുടെ ആത്മാക്കളുടെ മേല്‍നോട്ടം വഹിക്കുന്നു. അങ്ങനെ അവര്‍ സന്തോഷപൂര്‍വ്വം, സങ്കടം കൂടാതെ, ആ കൃത്യം ചെയ്യുന്നതിന് ഇടയാകട്ടെ. അല്ലെങ്കില്‍ അതു നിങ്ങള്‍ക്കു പ്രയോജനരഹിതാമായിരിക്കും. ആടുകളുടെ വലിയ ഇടയനെ, നമ്മുടെ കര്‍ത്താവായ യേശുവിനെ, മരിച്ചവരില്‍നിന്നുയിര്‍പ്പിച്ച സമാധാനത്തിന്‍റെ ദൈവം നിത്യമായ ഉടമ്പടിയുടെ രക്തത്താല്‍ എല്ലാ നന്‍മകളുംകൊണ്ടു നിങ്ങളെ ധന്യരാക്കട്ടെ! അങ്ങനെ, യേശുക്രിസ്തുവിലൂടെ നമ്മില്‍ പ്രവര്‍ത്തിക്കുന്ന അവിടുത്തെ ഹിതം അവിടുത്തേക്ക് അഭികാമ്യമായതു നിറവേറ്റാന്‍ നിങ്ങളെ സഹായിക്കട്ടെ. അവന് എന്നും എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ. ആമേന്‍.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(23:13a,3b4,5,6)
R (v.1) കര്‍ത്താവാണ് എന്‍റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
1. കര്‍ത്താവാണ് എന്‍റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു. അവിടുന്ന് എനിക്ക് ഉന്‍മേഷം നല്‍കുന്നു.
R കര്‍ത്താവാണ് എന്‍റെ …………..
2. തന്‍റെ നാമത്തെപ്രതി നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു. മരണത്തിന്‍റെ നിഴല്‍വീണ താഴ്വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്‍ഡും എനിക്ക് ഉറപ്പേകുന്നു.
R കര്‍ത്താവാണ് എന്‍റെ …………..
3. എന്‍റെ ശത്രുക്കളുടെ മുന്‍പില്‍ അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു; എന്‍റെ ശിരസ്സു തൈലംകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്‍റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.
R കര്‍ത്താവാണ് എന്‍റെ …………..
4. അവിടുത്തെ നന്‍മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും; കര്‍ത്താവിന്‍റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.
R കര്‍ത്താവാണ് എന്‍റെ …………..
രണ്ടാം വര്‍ഷം
ഒന്നാം വായന
രാജാക്കന്‍മാരുടെ ഒന്നാം പുസ്തകത്തില്‍നിന്ന് (3:4-13)
(നന്‍മയും തിന്‍മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ
ഭരിക്കാന്‍ പോരുന്ന വിവേകം ഈ ദാസനു നല്‍കിയാലും )
അക്കാലത്ത്, സോളമന്‍ രാജാവ് ബലിയര്‍പ്പിക്കാന്‍ മുഖ്യ പൂജാഗിരിയായ ഗിബയോനിലേക്കു പോയി. ആ ബലിപീഠത്തില്‍ അവന്‍ ആയിരം ദഹനബലി അര്‍പ്പിച്ചിട്ടുണ്ടായിരുന്നു. അവിടെ വച്ചു രാത്രി കര്‍ത്താവു സോളമന് സ്വപ്നത്തില്‍ പ്രത്യക്ഷനായി. ദൈവം അവനോട് അരുളിച്ചെയ്തു: നിനക്ക് എന്തു വേണമെന്നു പറഞ്ഞുകൊള്ളുക. അവന്‍ പറഞ്ഞു: എന്‍റെ പിതാവും അങ്ങയുടെ ദാസനുമായ ദാവീദ് വിശ്വസ്തതയോടും നീതിബോധത്തോടും പരാമാര്‍ത്ഥഹൃദയത്തോടും കൂടെ അവിടുത്തെ മുന്‍പില്‍ വ്യാപരിച്ചു. അങ്ങ് അവനോട് അതിയായ സ്നേഹം എപ്പോഴും കാണിച്ചുപോന്നു. അവിടുന്ന് ആ സ്നേഹം നിലനിര്‍ത്തുകയും അവന്‍റെ സിംഹാസനത്തിലിരിക്കാന്‍ ഒരു മകനെ നല്‍കുകയും ചെയ്തു. എന്‍റെ ദൈവമായ കര്‍ത്താവേ, ഭരണപരിചയമില്ലാത്ത ഒരു ബാലനായിരുന്നിട്ടുപോലും ഈ ദാസനെ എന്‍റെ പിതാവായ ദാവീദിന്‍റെ സ്ഥാനത്ത് രാജാവാക്കിയിരിക്കുന്നു. അങ്ങ് തിരഞ്ഞെടുത്തതും സംഖ്യാതീതവുമായ ഒരു മഹാജനത്തിന്‍റെ നടുവിലാണ് അങ്ങയുടെ ദാസന്‍. ഈ മഹാജനത്തെ ഭരിക്കാന്‍ ആര്‍ക്കു കഴിയും? ആകയാല്‍, നന്‍മയും തിന്‍മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാന്‍ പോരുന്ന വിവേകം ഈ ദാസനു നല്‍കിയാലും.
സോളമന്‍റെ ഈ അപേക്ഷ കര്‍ത്താവിനു പ്രീതികരമായി. അവിടുന്ന് അവനോട് അരുളിച്ചെയ്തു: നീ ദീര്‍ഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ആവശ്യപ്പെടാതെ, നീതിനിര്‍വഹണത്തിനുവേണ്ട വിവേകം മാത്രമാണ് ആവശ്യപ്പെട്ടത്. നിന്‍റെ അപേക്ഷ ഞാന്‍ സ്വീകരിച്ചിരിക്കുന്നു. ജ്ഞാനവും വിവേകവും ഞാന്‍ നിനക്കു തരുന്നു. ഇക്കാര്യത്തില്‍ നിനക്കു തുല്യനായി ആരും ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല. മാത്രമല്ല, നീ ചോദിക്കാത്തവകൂടി ഞാന്‍ നിനക്കു തരുന്നു. നിന്‍റെ ജീവിതകാലം മുഴുവന്‍ സമ്പത്തും മഹത്വവും മറ്റൊരു രാജാവിനും ഇല്ലാത്തവിധം നിനക്കുണ്ടായിരിക്കും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(119:910, 1112, 1314)
R (v.12b) കര്‍ത്താവേ, അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!
1. യുവാവു തന്‍റെ മാര്‍ഗം എങ്ങനെ നിര്‍മലമായി സൂക്ഷിക്കും? അങ്ങയുടെ വചനമനുസരിച്ചു വ്യാപരിച്ചുകൊണ്ട്, പൂര്‍ണഹൃദയത്തോടെ ഞാന്‍ അങ്ങയെ തേടുന്നു; അങ്ങയുടെ കല്‍പന വിട്ടുനടക്കാന്‍ എനിക്ക് ഇടയാകാതിരിക്കട്ടെ!
R കര്‍ത്താവേ അങ്ങയുടെ …………..
2. അങ്ങേക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിനു ഞാന്‍ അങ്ങയുടെ വചനം ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. കര്‍ത്താവേ, അങ്ങു വാഴ്ത്തപ്പെടട്ടെ! അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!
R കര്‍ത്താവേ അങ്ങയുടെ …………..
3. അങ്ങയുടെ നാവില്‍നിന്നു പുറപ്പെടുന്ന ശാസനങ്ങളെ എന്‍റെ അധരങ്ങള്‍ പ്രഘോഷിക്കും. സമ്പത്സമൃദ്ധിയിലെന്നപോലെ അങ്ങയുടെ കല്‍പനകള്‍ പിന്തുടരുന്നതില്‍ ഞാന്‍ ആനന്ദിക്കും.
R കര്‍ത്താവേ അങ്ങയുടെ …………..
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ.10:27) കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റെ ആടുകള്‍ എന്‍റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍നിന്ന് (6:30-34)
(അവര്‍ ഇടയനില്ലാത്ത ആട്ടിന്‍പറ്റംപോലെ ആയിരുന്നു)
അക്കാലത്ത്, അപ്പസ്തോലന്‍മാര്‍ യേശുവിന്‍റെ അടുത്ത് ഒരുമിച്ചുകൂടി, തങ്ങള്‍ ചെയ്തതും പഠിപ്പിച്ചതും അറിയിച്ചു. അനേകം ആളുകള്‍ അവിടെ വരുകയും പോവുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കാന്‍പോലും അവര്‍ക്ക് ഒഴിവു കിട്ടിയിരുന്നില്ല. അതിനാല്‍ അവന്‍ പറഞ്ഞു: നിങ്ങള്‍ ഒരു വിജനസ്ഥലത്തേക്കു വരുവിന്‍; അല്‍പം വിശ്രമിക്കാം. അവര്‍ വഞ്ചിയില്‍ കയറി ഒരു വിജനസ്ഥലത്തേക്കു പോയി. പലരും അവരെ കാണുകയും തിരിച്ചറിയുകയും ചെയ്തു. എല്ലാ പട്ടണങ്ങളിലുംനിന്ന് ജനങ്ങള്‍ കരവഴി ഓടി അവര്‍ക്കുമുമ്പേ അവിടെയെത്തി. അവന്‍ കരയ്ക്കിറങ്ങിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരോട് അവന് അനുകമ്പ തോന്നി. കാരണം, അവര്‍ ഇടയനില്ലാത്ത ആട്ടിന്‍പറ്റംപോലെ ആയിരുന്നു. അവന്‍ അവരെ പല കാര്യങ്ങളും പഠിപ്പിക്കാന്‍ തുടങ്ങി.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here