നാലാം വാരം: വ്യാഴം -ഒന്നാം വര്‍ഷം , രണ്ടാം വര്‍ഷം – (1/2/2018)

ഒന്നാം വായന
ഹെബ്രായര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന്
(12:18-19,21-24)
(സീയോന്‍ മലയിലേക്കും ജീവിക്കുന്ന ദൈവത്തിന്‍റെ നഗരമായ സ്വര്‍ഗീയ
ജറുസലെമിലേക്കും അസംഖ്യം ദൂതന്‍മാരുടെ സമൂഹത്തിലേക്കുമാണു
നിങ്ങള്‍ വന്നിരിക്കുന്നത്.)
സഹോദരരേ, സ്പര്‍ശിക്കാവുന്ന വസ്തുവിനെയോ എരിയുന്ന അഗ്നിയെയോ അന്ധകാരത്തെയോ കാര്‍മേഘത്തെയോ ചുഴലിക്കാറ്റിനെയോ ഇനി അരുതേ എന്ന് കേട്ടവരെക്കൊണ്ടു പറയിക്കുന്ന വാക്കുകളുടെ മുഴക്കത്തെയോ അല്ല നിങ്ങള്‍ സമീപിക്കുന്നത്.
ഞാന്‍ ഭയംകൊണ്ടു വിറയ്ക്കുന്നു എന്നു മോശ പറയത്തക്കവിധം അത്ര ഭയങ്കരമായിരുന്നു ആ കാഴ്ച. സീയോന്‍ മലയിലേക്കും ജീവിക്കുന്ന ദൈവത്തിന്‍റെ നഗരമായ സ്വര്‍ഗീയ ജറുസലെമിലേക്കും അസംഖ്യം ദൂതന്‍മാരുടെ സമൂഹത്തിലേക്കുമാണു നിങ്ങള്‍ വന്നിരിക്കുന്നത്. സ്വര്‍ഗത്തില്‍ പേരെഴുതപ്പെട്ടിരിക്കുന്ന ആദ്യജാതരുടെ സമൂഹത്തിലേക്കും സഭയിലേക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപന്‍റെ മുന്‍പിലേക്കും പരുപൂര്‍ണരാക്കപ്പെട്ട നീതിമാന്‍മാരുടെ ആത്മാക്കളുടെ അടുത്തേക്കും പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായ യേശുവിന്‍റെ സവിധത്തിലേക്കും ആബേലിന്‍റെ രക്തത്തെക്കാള്‍ ശ്രേഷ്ഠമായവ വാഗ്ദാനം ചെയ്യുന്ന തളിക്കപ്പെട്ട രക്തത്തിലേക്കുമാണ് നിങ്ങള്‍ വന്നിരിക്കുന്നത്.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(48:1-2a,2b-3,8,9-10)
R (v.9) ദൈവമേ, അങ്ങയുടെ ആലയത്തില്‍ ഞങ്ങള്‍ അങ്ങയുടെ കാരുണ്യത്തെ ധ്യാനിച്ചു.
1. കര്‍ത്താവ് ഉന്നതനാണ്; നമ്മുടെ ദൈവത്തിന്‍റെ നഗരത്തില്‍ അത്യന്തം സ്തുത്യര്‍ഹനുമാണ്. ഉയര്‍ന്നു മനോഹരമായ അവിടുത്തെ വിശുദ്ധഗിരി ഭൂമി മുഴുവന്‍റെയും സന്തോഷമാണ്;
R ദൈവമേ, അങ്ങയുടെ …………..
2. അങ്ങു വടക്കുള്ള സീയോന്‍പര്‍വതം ഉന്നതനായ രാജാവിന്‍റെ നഗരമാണ്. അതിന്‍റെ കോട്ടകള്‍ക്കുള്ളില്‍ ദൈവം സുനിശ്ചിതമായ അഭയകേന്ദ്രമായി വെളിപ്പെട്ടിരിക്കുന്നു.
R ദൈവമേ, അങ്ങയുടെ …………..
3. നാം കേട്ടതുപോലെതന്നെ സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ നഗരത്തില്‍ നാം കണ്ടു; ദൈവം എന്നേക്കുമായി സ്ഥാപിച്ചിരിക്കുന്ന അവിടുത്തെ നഗരത്തില്‍ത്തന്നെ.
R ദൈവമേ, അങ്ങയുടെ …………..
4. ദൈവമേ, അങ്ങയുടെ ആലയത്തില്‍ ഞങ്ങള്‍ അങ്ങയുടെ കാരുണ്യത്തെ ധ്യാനിച്ചു. ദൈവമേ, അങ്ങയുടെ നാമമെന്നപോലെതന്നെ അങ്ങയുടെ സ്തുതികളും ഭൂമിയുടെ അതിരുകളോളം എത്തുന്നു.
R ദൈവമേ, അങ്ങയുടെ …………..
രണ്ടാം വര്‍ഷം
ഒന്നാം വായന
രാജാക്കന്‍മാരുടെ ഒന്നാം പുസ്തകത്തില്‍നിന്ന്
(2:1-4,10-12)
(മര്‍ത്യന്‍റെ പാതയില്‍ ഞാനും പോകുന്നു. ധീരനായിരിക്കുക.
പൗരുഷത്തോടെ പെരുമാറുക )
മരണം അടുത്തപ്പോള്‍ ദാവീദ്, പുത്രന്‍ സോളമനെ അടുത്തു വിളിച്ച് ഇപ്രകാരം നിര്‍ദേശിച്ചു; മര്‍ത്യന്‍റെ പാതയില്‍ ഞാനും പോകുന്നു. ധീരനായിരിക്കുക. പൗരുഷത്തോടെ പെരുമാറുക. നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ ശാസനങ്ങള്‍ നിറവേറ്റുക. മോശയുടെ നിയമത്തില്‍ എഴുതിയിട്ടുള്ളതുപോലെ അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുകയും അവിടുത്തെ ചട്ടങ്ങളും പ്രമാണങ്ങളും കല്‍പനകളും സാക്ഷ്യങ്ങളും അനുസരിക്കുകയും ചെയ്യുക; നിന്‍റെ എല്ലാ പ്രവൃത്തികളും ഉദ്യമങ്ങളും വിജയമണിയും. നിന്‍റെ സന്താനങ്ങള്‍ നേര്‍വഴിക്കു നടക്കുകയും പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടെ എന്‍റെ മുന്‍പില്‍ വിശ്വസ്തരായി വര്‍ത്തിക്കുകയും ചെയ്താല്‍, നിന്‍റെ സന്തതി ഇസ്രായേലിന്‍റെ സിംഹാസനത്തില്‍നിന്ന് അറ്റുപോവുകയില്ല എന്ന് കര്‍ത്താവ് എന്നോട് അരുളിച്ചെയ്ത വാഗാദാനം നിറവേറ്റേണ്ടതിന് നീ അവിടുത്തെ അനുസരിക്കുക.
ദാവീദ് മരിച്ചു. അവനെ സ്വനഗരത്തില്‍ അടക്കം ചെയ്തു. അവന്‍ ഇസ്രായേലില്‍ നാല്‍പതു വര്‍ഷം ഭരിച്ചു. ഏഴുവര്‍ഷം ഹെബ്രോണിലും മുപ്പത്തിമൂന്നു വര്‍ഷം ജറുസലെമിലും, പിതാവായ ദാവീദിന്‍റെ സിംഹാസനത്തില്‍ സോളമന്‍ ആരൂഢനായി. അവന്‍റെ രാജ്യം സുപ്രതിഷ്ഠിതമായി.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(1. ദിന.29:10,11ab,11c,12a)
R( v.12b) കര്‍ത്താവേ, അങ്ങ് സമസ്തവും ഭരിക്കുന്നു.
1. എല്ലാവരുടെയും മുന്‍പില്‍വച്ചു കര്‍ത്താവിനെ സ്തുതിച്ചുകൊണ്ടു ദാവീദ് പറഞ്ഞു: ഞങ്ങളുടെ പിതാവായ ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവേ, അങ്ങ് എന്നേക്കും വാഴ്ത്തപ്പെട്ടവന്‍.
R കര്‍ത്താവേ, അങ്ങ് …………..
2. കര്‍ത്താവേ, മഹത്വവും ശക്തിയും മഹിമയും വിജയവും ഔന്നത്യവും അങ്ങയുടേതാകുന്നു. ആകാശത്തിലും ഭൂമിയിലുമുള്ളതെല്ലാം അങ്ങയുടേത്.
R കര്‍ത്താവേ, അങ്ങ് …………..
3. കര്‍ത്താവേ, രാജ്യം അങ്ങയുടേത്; അങ്ങ് എല്ലാറ്റിന്‍റെയും അധീശനായി സ്തുതിക്കപ്പെടുന്നു. സമ്പത്തും ബഹുമാനവും അങ്ങാണു നല്‍കുന്നത്.
R കര്‍ത്താവേ, അങ്ങ് …………..
അല്ലേലൂയാ!
അല്ലേലൂയാ! (മര്‍ക്കോ.1:15) ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍. അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍നിന്ന് (6:7-13)
(യേശു പന്ത്രണ്ടുപേരെ അടുത്തുവിളിച്ച് രണ്ടുപേരെ വീതം
അയയ്ക്കാന്‍ തുടങ്ങി)
അക്കാലത്ത്, യേശു പന്ത്രണ്ടുപേരെ അടുത്തുവിളിച്ച് രണ്ടുപേരെ വീതം അയയ്ക്കാന്‍ തുടങ്ങി. അശുദ്ധാത്മാക്കളുടെമേല്‍ അവര്‍ക്ക് അധികാരവും കൊടുത്തു. അവന്‍ കല്‍പിച്ചു: യാത്രയ്ക്കു വടിയല്ലാതെ മറ്റൊന്നും – അപ്പമോ സഞ്ചിയോ അരപ്പട്ടയില്‍ പണമോ – കരുതരുത്. ചെരിപ്പു ധരിക്കാം, രണ്ട് ഉടുപ്പുകള്‍ ധരിക്കരുത്; അവന്‍ തുടര്‍ന്നു: നിങ്ങള്‍ ഏതെങ്കിലം സ്ഥലത്ത് ഒരു വീട്ടില്‍ പ്രവേശിച്ചാല്‍, അവിടംവിട്ടു പോകുന്നതുവരെ ആ വീട്ടില്‍ താമസിക്കുവിന്‍. എവിടെയെങ്കിലും ജനങ്ങള്‍ നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ നിങ്ങളുടെ വാക്കുകള്‍ ശ്രവിക്കാതിരിക്കുകയോ ചെയ്താല്‍ അവിടെനിന്നു പുറപ്പെടുമ്പോള്‍ അവര്‍ക്കു സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിന്‍. ശിഷ്യന്‍മാര്‍ പുറപ്പെട്ട്, ജനങ്ങളോട് അനുതപിക്കണമെന്നു പ്രസംഗിച്ചു. അനേകം പിശാചുക്കളെ പുറത്താക്കി; അനേകം രോഗികളെ തൈലംപൂശി സുഖപ്പെടുത്തി.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here