നാലാം വാരം: തിങ്കള്‍ – 12/3/2018

ഒന്നാം വായന
ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (65:17-21)
(വിലാപസ്വരമോ കഠിനവേദനയുടം നിലവിളിയോ ഇനി അവിടെ കേള്‍ക്കുകയില്ല)
കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു. പൂര്‍വകാര്യങ്ങള്‍ അനുസ്മരികികുകയോ അവ മനസ്സില്‍ വരുകയോ ഇല്ല. ഞാന്‍ സൃഷ്ടിക്കുന്നവയില്‍ നിങ്ങള്‍ നിത്യം സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുവിന്‍. ജറുസലെമിനെ ഒരു ആനന്ദമായും അവളുടെ ജനത്തെ ആഹ്ളാദമായും ഞാന്‍ സൃഷ്ടിക്കുന്നു. ജറുസലെമിനെക്കുറിച്ചു ഞാന്‍ ആനന്ദിക്കും. എന്‍റെ ജനത്തില്‍ ഞാന്‍ സന്തോഷിക്കും: വിലാപസ്വരമോ കഠിനവേദനയുടെ നിലവിളിയോ ഇനി അവിടെ കേള്‍ക്കുകയില്ല. ശിശുക്കളോ ആയുസ്സു തികയ്ക്കാത്ത വൃദ്ധരോ, ഇനി അവിടെ മരിക്കുകയില്ല. നൂറാം വയസ്സില്‍ മരിച്ചാല്‍ അത് ശിശുമരണമായി കണക്കാക്കും. നൂറു തികയുന്നതിനു മുന്‍പുള്ള മരണം ശാപലക്ഷണമായി പരിഗണിക്കും. അവര്‍ ഭവനങ്ങള്‍ പണിത് വാസമുറപ്പിക്കും; മുന്തിരിത്തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ച് അവയുടെ ഫലം ഭക്ഷിക്കും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(30:1+3, 4-5,10-11a+12b)
R ( v.1a) കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും, അവിടുന്ന് എന്നെ രക്ഷിച്ചു.
1. കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും, അവിടുന്ന് എന്നെ രക്ഷിച്ചു; എന്‍റെ ശത്രു എന്‍റെമേല്‍ വിജയമാഘോഷിക്കാന്‍ ഇടയാക്കിയില്ല. കര്‍ത്താവേ, അവിടുന്ന് എന്നെ പാതാളത്തില്‍ നിന്നു കരകയറ്റി.
R കര്‍ത്താവേ, ഞാനങ്ങയെ…………
2. കര്‍ത്താവിന്‍റെ വിശുദ്ധരേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍; അവിടുത്തെ പരിശുദ്ധനാമത്തിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍. എന്തെന്നാല്‍, അവിടുത്തെ കോപം നിമിഷനേരത്തേക്കേ ഉള്ളു. അവിടുത്തെ പ്രസാദം ആജീവനാന്തം നിലനില്‍ക്കുന്നു; രാത്രിയില്‍ വിലാപമുണ്ടായേക്കാം; എന്നാല്‍ പ്രഭാതത്തോടെ സന്തോഷത്തിന്‍റെ വരവായി.
R കര്‍ത്താവേ, ഞാനങ്ങയെ…………
3. കര്‍ത്താവേ, എന്‍റെ യാചനകേട്ട് എന്നോടു കരുണതോന്നണമേ! കര്‍ത്താവേ, അവിടുന്ന് എന്നെ സഹായിക്കണമേ! അവിടുന്ന് എന്‍റെ വിലാപത്തെ ആനന്ദനൃത്തമാക്കി മാറ്റി; ദൈവമായ കര്‍ത്താവേ, ഞാനങ്ങേക്ക് എന്നും നന്ദിപറയും.
R കര്‍ത്താവേ, ഞാനങ്ങയെ…………
സുവിശേഷത്തിനുമുമ്പു ചൊല്ലാവുന്ന വാക്യം
കര്‍ത്താവായ യേശുക്രിസ്തുവേ, ദൈവത്തിന്‍റെ വചനമേ, അങ്ങേയ്ക്കു മഹത്വം.
(ആമോസ്.5:14) തിന്‍മയല്ല, നന്‍മ അന്വേഷിക്കുവിന്‍; നിങ്ങള്‍ ജീവിക്കും. അപ്പോള്‍ സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.
കര്‍ത്താവായ യേശുക്രിസ്തുവേ, ദൈവത്തിന്‍റെ വചനമേ, അങ്ങേയ്ക്കു മഹത്വം.
സുവിശേഷം
വി. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍നിന്ന് (4:43-54)
(പൊയ്ക്കൊള്ളുക, നിന്‍റെ മകന്‍ ജീവിക്കും)
അക്കാലത്ത്, സമരിയായില്‍നിന്ന് യേശു ഗലീലിയിലേക്കു പോയി. പ്രവാചകന്‍ സ്വന്തം നാട്ടില്‍ ബഹുമാനിക്കപ്പെടുന്നില്ല എന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു. അവന്‍ ഗലീലിയില്‍ വന്നപ്പോള്‍ ഗലീലിയാക്കാര്‍ അവനെ സ്വാഗതം ചെയ്തു. എന്തെന്നാല്‍, തിരുനാളില്‍ അവന്‍ ജറുസലെമില്‍ ചെയ്ത കാര്യങ്ങള്‍ അവര്‍ കണ്ടിരുന്നു. അവരും തിരുനാളിനു പോയിട്ടുണ്ടായിരുന്നു. അവന്‍ വീണ്ടും ഗലീലിയിലെ കാനായിലെത്തി. അവിടെവച്ചാണ് അവന്‍ വെള്ളം വീഞ്ഞാക്കിയത്. കഫര്‍ണാമില്‍ ഒരു രാജസേവകന്‍ ഉണ്ടായിരുന്നു. അവന്‍റെ മകന്‍ രോഗബാധിതനായിരുന്നു. യേശു യൂദയായില്‍നിന്നു ഗലീലിയിലേക്കു വന്നെന്നു കേട്ടപ്പോള്‍ അവന്‍ ചെന്ന് തന്‍റെ ആസന്നമരണനായ മകനെ വന്നു സുഖപ്പെടുത്തണമെന്ന് അവനോട് അപേക്ഷിച്ചു. അപ്പോള്‍ യേശു പറഞ്ഞു: അടയാളങ്ങളും അത്ഭുതങ്ങളും കാണുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും വിശ്വസിക്കുകയില്ലല്ലോ. അപ്പോള്‍, ആ രാജസേവകന്‍ അവനോട് അപേക്ഷിച്ചു: കര്‍ത്താവേ, എന്‍റെ മകന്‍ മരിക്കുംമുമ്പ് വരണമേ! യേശു പറഞ്ഞു: പൊയ്ക്കൊള്ളുക. നിന്‍റെ മകന്‍ ജീവിക്കും. യേശു പറഞ്ഞ വചനം വിശ്വസിച്ച് അവന്‍ പോയി. പോകുവഴി മകന്‍ സുഖം പ്രാപിച്ചിരിക്കുന്നു എന്ന വാര്‍ത്തയുമായി ഭൃത്യന്‍മാര്‍ എതിരേ വന്നു. ഏതു സമയത്താണ് അവന്‍റെ സ്ഥിതി മെച്ചപ്പെട്ടത് എന്ന് അവന്‍ അന്വേഷിച്ചു. ഇന്നലെ ഏഴാം മണിക്കൂറില്‍ പനി വിട്ടുമാറി എന്ന് അവര്‍ പറഞ്ഞു. നിന്‍റെ മകന്‍ ജീവിക്കും എന്ന് യേശു പറഞ്ഞത് ആ മണിക്കൂറില്‍ത്തന്നെയാണെന്ന് ആ പിതാവു മനസ്സിലാക്കി; അവനും കുടുംബം മുഴുവനും വിശ്വസിച്ചു. ഇത് യൂദയായില്‍നിന്നു ഗലീലിയിലേക്കു വന്നപ്പോള്‍ യേശു പ്രവര്‍ത്തിച്ച രണ്ടാമത്തെ അടയാളമാണ്.
കര്‍ത്താവിന്‍റെ സുവിശേഷം

LEAVE A REPLY

Please enter your comment!
Please enter your name here