നാലാം വാരം: തിങ്കള്‍ – ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (29/1/2018)

ഒന്നാം വായന
ഹെബ്രായര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (11:32-40)
(വിശ്വാസത്തിലൂടെ അവര്‍ രാജ്യങ്ങള്‍ പടിച്ചടക്കി…..ദൈവം നമുക്കായി
കുറെക്കൂടെ ശ്രേഷ്ഠമായവ നേരത്തെ കണ്ടുവച്ചിരുന്നു)
സഹോദരരേ, കൂടുതലായി എന്താണു ഞാന്‍ പറയേണ്ടത്? ഗിദയോന്‍, ബാറക്, സാംസണ്‍, ജഫ്താ, ദാവീദ്, സാമുവല്‍ ഇവരെക്കുറിച്ചും പ്രാവാചകന്‍മാരെക്കുറിച്ചും പ്രതിപാദിക്കാന്‍ സമയംപോരാ. അവര്‍ വിശ്വാസത്തിലൂടെ രാജ്യങ്ങള്‍ പിടിച്ചടക്കി; നീതി നടപ്പാക്കി; വാഗാദാനങ്ങള്‍ സ്വീകരിച്ചു; സിംഹങ്ങളുടെ വായകള്‍ പൂട്ടി; അഗ്നിയുടെ ശക്തി കെടുത്തി; വാളിന്‍റെ വായത്തലയില്‍നിന്നു രക്ഷപെട്ടു; ബലഹീനതയില്‍നിന്നു ശക്തിയാര്‍ജ്ജിച്ചു; യുദ്ധത്തില്‍ ശക്തന്‍മാരായി; വിദേശസേനകളെ കീഴ്പ്പെടുത്തി. സ്ത്രീകള്‍ക്കു തങ്ങളുടെ മരിച്ചുപോയവരെ പുനരുജ്ജീവനത്തിലൂടെ തിരിച്ചുകിട്ടി. ചിലര്‍ മരണം വരെ പ്രഹരിക്കപ്പെട്ടു. മെച്ചപ്പെട്ട പുനരുത്ഥാനം പ്രാപിക്കാന്‍വേണ്ടി പീഡയില്‍നിന്നു രക്ഷപെടാന്‍ അവര്‍ കൂട്ടാക്കിയില്ല. ചിലര്‍ പരിഹാസവും ചമ്മട്ടിയടിയും ബന്ധനവും കാരാഗൃഹവാസവും സഹിച്ചു. ചിലരെ കല്ലെറിഞ്ഞു; ചിലരെ വിചാരണ ചെയ്തു; ചിലര്‍ രണ്ടായി വെട്ടി മുറിക്കപ്പെട്ടു; ചിലര്‍ വാളുകൊണ്ട് വധിക്കപ്പെട്ടു. ചിലര്‍ ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തോലു ധരിച്ചു നിസ്സഹായരായും വേദനിക്കുന്നവരായും പീഡിതരായും അലഞ്ഞുനടന്നു. അവരെ സ്വന്തമാക്കാനുള്ള യോഗ്യത ലോകത്തിനില്ലായിരുന്നു. വനത്തിലും മലകളിലും ഗുഹകളിലും മാളങ്ങളിലുമായി അവര്‍ അലഞ്ഞുതിരിഞ്ഞു.
വിശ്വാസംമൂലം ഇവരെല്ലാം അംഗീകാരം പ്രാപിച്ചെങ്കിലും വാഗ്ദാനം ചെയ്യപ്പെട്ടതു പ്രാപിച്ചില്ല. കാരണം, നമ്മെക്കൂടാതെ അവര്‍ പരിപൂര്‍ണരാക്കപ്പെടരുത് എന്നു കണ്ട് ദൈവം നമുക്കായി കുറെക്കൂടെ ശ്രേഷ്ഠമായവ നേരത്തെ കണ്ടുവച്ചിരുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(31:19,20,21-22,23)
R (v.24) കര്‍ത്താവിനെ കാത്തിരിക്കുന്നവരേ, ദുര്‍ബലരാകാതെ ധൈര്യം അവലംബിക്കുവിന്‍.
1. കര്‍ത്താവേ, അങ്ങയുടെ അനുഗ്രഹങ്ങള്‍ എത്ര വിപുലമാണ്! തന്‍റെ ഭക്തര്‍ക്കുവേണ്ടി അവിടുന്ന് അവ ഒരുക്കിവച്ചിരിക്കുന്നു; അങ്ങയില്‍ അഭയം തേടുന്നവര്‍ക്ക് അവ പരസ്യമായി നല്‍കുന്നു.
R കര്‍ത്താവിനെ…………..
2. അങ്ങ് അവരെ മനുഷ്യരുടെ ഗൂഢാലോചനയില്‍നിന്നു രക്ഷിക്കാന്‍ അങ്ങയുടെ സാന്നിദ്ധ്യത്തിന്‍റെ മറവില്‍ ഒളിപ്പിച്ചു. നിന്ദാവചനങ്ങള്‍ ഏല്‍ക്കാതെ അങ്ങയുടെ കൂടാരത്തില്‍ അവരെ മറച്ചുവച്ചു.
R കര്‍ത്താവിനെ…………..
3. കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! ആക്രമിക്കപ്പെട്ട നഗരത്തിലെന്നപോലെ ഞാന്‍ അസ്വസ്ഥനായിരുന്നു; അവിടുന്നു വിസ്മയകരമാംവിധം എന്നോടു കാരുണ്യം കാണിച്ചു. അങ്ങയുടെ ദൃഷ്ടിയില്‍നിന്നു ഞാന്‍ പുറന്തള്ളപ്പെട്ടു എന്ന് എന്‍റെ പരിഭ്രമത്തില്‍ ഞാന്‍ പറഞ്ഞുപോയി; എന്നാല്‍, ഞാന്‍ സഹായത്തിനു യാചിച്ചപ്പോള്‍ അവിടുന്ന് എന്‍റെ അപേക്ഷ കേട്ടു.
R കര്‍ത്താവിനെ…………..
4. കര്‍ത്താവിന്‍റെ വിശുദ്ധരേ, അവിടുത്തെ സ്നേഹിക്കുവിന്‍; അവിടുന്നു വിശ്സ്തരെ പരിപാലിക്കുന്നു; അഹങ്കാരികളെ കഠിനമായി ശിക്ഷ്ക്കുന്നു.
ഞ കര്‍ത്താവിനെ…………..
രണ്ടാം വര്‍ഷം
ഒന്നാം വായന
സാമുവലിന്‍റെ രണ്ടാം പുസ്തകത്തില്‍നിന്ന്
(15:13-14,30;16:5-13a)
(അബ്സലോമിന്‍റെ മുമ്പില്‍നിന്ന് നമുക്ക് ഓടി രക്ഷപ്പെടാം.
കര്‍ത്താവ് കല്പിച്ചതുകൊണ്ടത്രേ ഷിമെയി ശപിക്കുന്നത്)
അക്കാലത്ത്, ഇസ്രായേല്യര്‍ അബ്സലോമിനോടു കൂറു പ്രഖ്യാപിച്ചിരിക്കുന്നു എന്ന് ഒരു ദൂതന്‍ ദാവീദിനെ അറിയിച്ചു. അപ്പോള്‍ ദാവീദ് ജറുസലേമില്‍ തന്നോടു കൂടെയുള്ള അനുചരന്‍മാരോടു പറഞ്ഞു: നമുക്ക് ഓടി രക്ഷപെടാം. അല്ലെങ്കില്‍, നമ്മില്‍ ആരും അബ്സലോമിന്‍റെ കൈയില്‍നിന്നു രക്ഷപെടുകയില്ല; വേഗമാകട്ടെ; അവന്‍ നമ്മെ പിന്തുടര്‍ന്നു നശിപ്പിക്കുകയും നഗരത്തിലുള്ള സകലരെയും കൊന്നുകളയുകയും ചെയ്യും.
ദാവീദ് നഗ്നപാദനായി, തല മൂടി കരഞ്ഞുകൊണ്ട് ഒലിവു മലയുടെ കയറ്റം കയറി. അവനോടുകൂടെയുള്ളവരെല്ലാം തലമൂടിയിരുന്നു. അവരും കരഞ്ഞുകൊണ്ട് അവനെ പിന്തുടര്‍ന്നു.
ദാവീദ് രാജാവ് ബഹൂറിമില്‍ എത്തിയപ്പോള്‍ സാവൂളിന്‍റെ ബന്ധുവായ ഗേരയുടെ മകന്‍ ഷിമെയി ശാപം ചൊരിഞ്ഞുകൊണ്ട് പുറപ്പെട്ടു വന്നു. അവന്‍ ദാവീദിന്‍റെയും ദാസന്‍മാരുടെയും നേരേ കല്ലെറിയാന്‍ തുടങ്ങി. അനുചരന്‍മാരും അംഗരക്ഷകന്‍മാരും രാജാവിന്‍റെ ഇടത്തും വലത്തും നിന്നു. ഷിമെയി ശപിച്ചു പറഞ്ഞു: കൊലപാതകി, നീചാ, കടന്നുപോകൂ. സാവൂളിന്‍റെ സ്ഥാനത്തു വാഴുന്ന നീ അവന്‍റെ കുടുംബാംഗങ്ങളെ കൊന്നതിനു കര്‍ത്താവു പ്രതികാരം ചെയ്തിരിക്കുന്നു. കര്‍ത്താവ് നിന്‍റെ മകന്‍ അബ്സലോമനു രാജത്വം നല്‍കിയിരിക്കുന്നു. നിന്‍റെ നാശമടുത്തു. നീ രക്തം ചൊരിഞ്ഞവനാണ്.
അപ്പോള്‍, സെരൂയയുടെ മകന്‍ അബിഷായി പറഞ്ഞു: ആ ചത്ത പട്ടി എന്‍റെ യജമാനനായ രാജാവിനെ ശപിക്കുന്നുവോ? ഞാന്‍ അവന്‍റെ തല വെട്ടിക്കളയട്ടെ? എന്നാല്‍, രാജാവു പറഞ്ഞു: സെരൂയപുത്രന്‍മാരേ നിങ്ങള്‍ക്ക് എന്തുകാര്യം? ദാവീദിനെ ശപിക്കുക എന്നു കര്‍ത്താവ് കല്‍പിച്ചിട്ടാണ് അവനതു ചെയ്യുന്നതെങ്കില്‍ അരുതെന്നു പറയുവാന്‍ ആര്‍ക്കു കഴിയും? ദാവീദ് അബിഷായിയോടും തന്‍റെ ദാസന്‍മാരോടും പറഞ്ഞു: ഇതാ, എന്‍റെ മകന്‍തന്നെ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു. ഈ ബഞ്ചമിന്‍ വംശജന്‍ ഇങ്ങനെ ചെയ്യുന്നതില്‍ പിന്നെ എന്തത്ഭുതം? അവനെ വെറുടെ വിട്ടേക്കൂ, അവന്‍ ശപിക്കട്ടെ. കര്‍ത്താവ് കല്‍പിച്ചതുകൊണ്ടത്രേ അവന്‍ ശപിക്കുന്നത്. കര്‍ത്താവ് എന്‍റെ കഷ്ടത കണ്ട് അവന്‍റെ ശാപത്തിനു പകരം എന്നെ അനുഗ്രഹിച്ചേക്കും. അങ്ങനെ, ദാവീദും കൂടെയുള്ളവരും യാത്ര തുടര്‍ന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(3:1-2,3-4,5-6)
R (v.7a) കര്‍ത്താവേ, എഴുന്നേല്‍ക്കണമേ! എന്നെ രക്ഷിക്കണമേ!
1. കര്‍ത്താവേ, എന്‍റെ ശത്രുക്കള്‍ അസംഖ്യമാണ്; അനേകര്‍ എന്നെ എതിര്‍ക്കുന്നു. ദൈവം അവനെ സഹായിക്കുകയില്ല എന്നു പലരും എന്നെക്കുറിച്ചു പറയുന്നു.
R കര്‍ത്താവേ…………..
2. കര്‍ത്താവേ, അങ്ങാണ് എന്‍റെ രക്ഷാകവചവും എന്‍റെ മഹത്വവും; എന്നെ ശിരസ്സുയര്‍ത്തി നിറുത്തുന്നതും അവിടുന്നുതന്നെ. ഉച്ചത്തില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു; തന്‍റെ വിശുദ്ധപര്‍വതത്തില്‍നിന്ന് അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു.
R കര്‍ത്താവേ…………..
3. ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു, ഉണര്‍ന്നെഴുന്നേല്‍ക്കുന്നു; എന്തെന്നാല്‍, ഞാന്‍ കര്‍ത്താവിന്‍റെ കരങ്ങളിലാണ്. എനിക്കെതിരേ പാളയമടിച്ചിരിക്കുന്ന പതിനായിരങ്ങളെ ഞാന്‍ ഭയപ്പെടുകയില്ല.
R കര്‍ത്താവേ…………..
അല്ലേലൂയാ!
അല്ലേലൂയാ! (ലൂക്കാ.7:16) ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ ഉദയം ചെയ്തിരിക്കുന്നു. ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍നിന്ന് (5:1-20)
(അശുദ്ധാത്മാവേ, ആ മനുഷ്യനില്‍നിന്നു പുറത്തുവരൂ)
അക്കാലത്ത്, യേശുവും ശിഷ്യന്‍മാരും കടലിന്‍റെ മറുകരയില്‍ ഗെരനേസറുടെ നാട്ടിലെത്തി. അവന്‍ വഞ്ചിയില്‍നിന്ന് ഇറങ്ങിയ ഉടനെ, അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ ശവകുടീരങ്ങള്‍ക്കിടയില്‍ നിന്ന് എതിരേ വന്നു.ശവകുടീരങ്ങള്‍ക്കിടയില്‍ താമസിച്ചിരുന്ന അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചിടാന്‍ കഴിഞ്ഞിരുന്നില്ല. പലപ്പോഴും അവനെ കാല്‍വിലങ്ങുകളാലും ചങ്ങലകളാലും ബന്ധിച്ചിരുന്നെങ്കിലും, അവന്‍ ചങ്ങലകള്‍ വലിച്ചുപൊട്ടിക്കുകയും കാല്‍വിലങ്ങുകള്‍ തകര്‍ത്തുകളയുകയും ചെയ്തിരുന്നു. അവനെ ഒതുക്കിനിര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. രാപകല്‍ അവന്‍ കല്ലറകള്‍ക്കിടയിലും മലകളിലും ആയിരുന്നു. അവന്‍ അലറിവിളിക്കുകയും കല്ലുകൊണ്ടു തന്നെത്തന്നെ മുറിപ്പെടുത്തുകയും ചെയ്തിരുന്നു.
അകലെവച്ചുതന്നെ അവന്‍ യേശുവിനെക്കണ്ട്, ഓടിവന്ന് അവനെ പ്രണമിച്ചു. ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് അവന്‍ പറഞ്ഞു: മഹോന്നതനായ ദൈവത്തിന്‍റെ പുത്രാ, യേശുവേ, അങ്ങ് എന്‍റെ കാര്യത്തില്‍ എന്തിന് ഇടപെടുന്നു? ദൈവത്തെക്കൊണ്ട് ആണയിട്ട് ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു: അങ്ങ് എന്നെ പീഡിപ്പിക്കരുതേ! കാരണം, അശുദ്ധാത്മാവേ, ആ മനുഷ്യനില്‍നിന്നു പുറത്തുവരൂ എന്ന് യേശു ആജ്ഞാപിച്ചിരുന്നു. നിന്‍റെ പേരെന്താണ്? യേശു ചോദിച്ചു. അവന്‍ പറഞ്ഞു: എന്‍റെ പേര് ലെഗിയോണ്‍; ഞങ്ങള്‍ അനേകം പേരുണ്ട്. തങ്ങളെ ആ നാട്ടില്‍നിന്നു പുറത്താക്കരുതേ എന്ന് അവന്‍ കേണപേക്ഷിച്ചു.
വലിയ ഒരു പന്നിക്കൂട്ടം മലയരികില്‍ മേയുന്നുണ്ടായിരുന്നു. ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്കയയ്ക്കുക, ഞങ്ങള്‍ അവയില്‍ പ്രവേശിച്ചുകൊള്ളട്ടെ എന്ന് അവര്‍ അപേക്ഷിച്ചു. അവന്‍ അനുവാദം നല്‍കി. അശുദ്ധാത്മാക്കള്‍ പുറത്തുവന്ന്, പന്നിക്കൂട്ടത്തില്‍ പ്രവേശിച്ചു. ഏകദേശം രണ്ടായിരം പന്നികളുണ്ടായിരുന്നു. അവ കിഴുക്കാംതൂക്കായ തീരത്തിലൂടെ പാഞ്ഞുചെന്ന് കടലില്‍ മുങ്ങിച്ചത്തു. പന്നികളെ മേയിച്ചുകൊണ്ടിരുന്നവര്‍ ഓടിപ്പോയി നഗരങ്ങളിലും നാട്ടില്‍പുറങ്ങളിലും വിവരമറിയിച്ചു. സംഭവിച്ചതെന്തെന്നു കാണാന്‍ ജനങ്ങള്‍ വന്നുകൂടി. അവര്‍ യേശുവിന്‍റെ അടുത്തെത്തി. ലെഗിയോന്‍ ആവേശിച്ചിരുന്ന പിശാചുബാധിതന്‍ വസ്ത്രം ധരിച്ച്, സുബോധത്തോടെ അവിടെയിരിക്കുന്നതു കണ്ടു. അവര്‍ ഭയപ്പെട്ടു. പിശാചുബാധിതനും പന്നികള്‍ക്കും സംഭവിച്ചതു കണ്ടവര്‍ അക്കാര്യങ്ങള്‍ ജനങ്ങളോടു പറഞ്ഞു. തങ്ങളുടെ പ്രദേശം വിട്ടുപോകണമെന്ന് അവര്‍ യേശുവിനോട് അപേക്ഷിച്ചു.
അവര്‍ വഞ്ചയില്‍ കയറാന്‍ തുടങ്ങിയപ്പോള്‍, പിശാചു ബാധിച്ചിരുന്ന മനുഷ്യന്‍ അവനോടുകൂടെ പോകുന്നതിന് അനുവാദം ചോദിച്ചു. എന്നാല്‍, യേശു അനുവദിച്ചില്ല. അവന്‍ പറഞ്ഞു: നീ വീട്ടില്‍ സ്വന്തക്കാരുടെ അടുത്തേക്കു പോവുക. കര്‍ത്താവു നിനക്കുവേണ്ടി എന്തെല്ലാം പ്രവര്‍ത്തിച്ചുവെന്നും എങ്ങനെ നിന്നോടു കരുണ കാണിച്ചുവെന്നും അവരെ അറിയിക്കുക. അവന്‍ പോയി, യേശു തനിക്കു വേണ്ടി എന്തെല്ലാം ചെയ്തെന്ന് ദെക്കാപ്പോളിസില്‍ പ്രഘോഷിക്കാന്‍ തുടങ്ങി. ജനങ്ങള്‍ അദ്ഭുതപ്പെട്ടു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here