നാലാം വാരം: ചൊവ്വ – 13/3/2018

ഒന്നാം വായന
എസെക്കിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന്
(47:1-9, 12)
(ദൈവാലയത്തില്‍ നിന്നു ജലം ഒഴുകുന്നതു ഞാന്‍ കണ്ടു; ഈ ജലം ആരുടെ
പക്കല്‍ ചെന്നെത്തുമോ അവരെല്ലാവരും രക്ഷ പ്രാപിക്കും)
അക്കാലത്ത്, ദൈവദൂതന്‍ എന്നെ ദേവാലയവാതില്‍ക്കലേക്കു തിരിയെക്കൊണ്ടുവന്നു. അതാ, ദേവാലയപൂമുഖത്തിന്‍റെ അടിയില്‍നിന്നു കിഴക്കോട്ട് വെള്ളം ഒഴുകുന്നു. ദേവാലയത്തിന്‍റെ ദര്‍ശനം കിഴക്കോട്ടാണ്. ദേവാലയപൂമുഖത്തിന്‍റെ വലത്തു ഭാഗത്ത്, ബലിപീഠത്തിന്‍റെ തെക്കുവശത്ത്, അടയില്‍നിന്നു വെള്ളം ഒഴുകിക്കൊണ്ടിരുന്നു. പിന്നെ അവന്‍ എന്നെ വടക്കേ പടിപ്പുരയിലൂടെ പുറത്തുകൊണ്ടുവരുകയും കിഴക്കേ പടിപ്പുരയിലേക്കു പുറത്തുകൂടെ നയിക്കുകയും ചെയ്തു. വെള്ളം തെക്കുവശത്തുകൂടെ ഒഴുകിയിരുന്നു. കൈയില്‍ ചരടുമായി അവന്‍ കിഴക്കോട്ടു നടന്ന് ആയിരം മുഴം അളന്നു. എന്നിട്ട് വെള്ളത്തിലൂടെ എന്നെ നയിച്ചു. അവിടെ കണങ്കാല്‍വരെ വെള്ളമുണ്ടായിരുന്നു. വീണ്ടും അവന്‍ ആയിരം മുഴം അളന്ന് എന്നെ വെള്ളത്തിലൂടെ നയിച്ചു. അവിടെ മുട്ടോളം വെള്ളമുണ്ടായിരുന്നു. വീണ്ടും അവന്‍ ആയിരം മുഴം അളന്ന് എന്നെ വെള്ളത്തിലൂടെ നയിച്ചു. അവിടെ അരയ്ക്കൊപ്പം വെള്ളമുണ്ടായിരുന്നു. പിന്നെയും അവന്‍ ആയിരം മുഴം അളന്നു. എനിക്കു കടന്നുപോകാന്‍ പറ്റാത്ത ഒരു നദിയായിരുന്നു അത്. വെള്ളം അത്രയ്ക്ക് ഉയര്‍ന്നിരുന്നു. നീന്താന്‍ വേണ്ടുന്ന ആഴമുണ്ടായിരുന്നു അതിന്- നടന്ന് അക്കരെ പറ്റാന്‍ വയ്യാത്ത ഒരു നദി. അവന്‍ എന്നോടു ചോദിച്ചു: മനുഷ്യപുത്രാ നീ ഇതു കണ്ടോ? പിന്നെ അവന്‍ എന്നെ നദിതീരത്തൂടെ തിരിച്ചു കൊണ്ടുവന്നു. ഞാന്‍ തിരിച്ചു പോന്നപ്പോള്‍ നദിയുടെ ഇരുകരയിലും വളരെയധികം വൃക്ഷങ്ങള്‍ കണ്ടു. അവന്‍ എന്നോടു പറഞ്ഞു: ഈ കിഴക്കന്‍ പ്രദേശങ്ങളിലേക്കൊഴുകി അരാബായില്‍ ചേരുമ്പോള്‍ കെട്ടിക്കിടക്കുന്ന കടലില്‍ ചെന്ന് അതിനെ ശുദ്ധജലമാക്കുന്നു. നദി ഒഴുകുന്നിടത്തെല്ലാം ജീവജാലങ്ങള്‍ പറ്റംചേര്‍ന്ന് ജീവിക്കും. അവിടെ ധാരാളം മത്സ്യങ്ങളും ഉണ്ടായിരിക്കും. കാരണം, കടലിലെ വെള്ളം ശുദ്ധീകരിക്കുന്നതിനാണ് നദി അങ്ങോട്ട് ഒഴുകുന്നത്. അങ്ങനെ നദി ഒഴുകുന്നിടത്തെല്ലാം ജീവന്‍ നിറഞ്ഞുനില്‍ക്കും. നദിയുടെ ഇരുകരകളിലും എല്ലാത്തരം ഫലവൃക്ഷങ്ങളും വളരും. അവയുടെ ഇലകള്‍ വാടിക്കൊഴിയുകയോ അവ ഫലം നല്‍കാതിരിക്കുകയോ ഇല്ല. അവയ്ക്കുവേണ്ട ജലം വിശുദ്ധസ്ഥലത്തുനിന്ന് ഒഴുകുന്നതുകൊണ്ട് മാസംതോറും പുത്തന്‍ഫലം പുറപ്പെടുവിക്കും. അവയുടെ ഫലം ഭക്ഷണത്തിനും ഇലകള്‍ രോഗശമനത്തിനും ഉപകരിക്കുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(46:1-2,3-4, 7-8)
R ( v.7) സൈന്യങ്ങളുടെ കര്‍ത്താവ് നമ്മോടുകൂടെയുണ്ട്; യാക്കോബിന്‍റെ ദൈവമാണു നമ്മുടെ അഭയം.
1. ദൈവമാണു നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളില്‍ അവിടുന്നു സുനിശ്ചിതമായ തുണയാണ്. ഭൂമി ഇളകിയാലും പര്‍വതങ്ങള്‍ സമുദ്രമദ്ധ്യത്തില്‍ അടര്‍ന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല.
R സൈന്യങ്ങളുടെ കര്‍ത്താവു…………
2. ദൈവത്തിന്‍റെ നഗരത്തെ, അത്യുന്നതന്‍റെ വിശുദ്ധ നിവാസത്തെ, സന്തുഷ്ടമാക്കിക്കൊണ്ട് ഒഴുകുന്ന ഒരു നദിയുണ്ട്. ആ നഗരത്തില്‍ ദൈവം വസിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല; അതിരാവിലെ ദൈവം അതിനെസഹായിക്കും.
R സൈന്യങ്ങളുടെ കര്‍ത്താവു…………
3. സൈന്യങ്ങളുടെ കര്‍ത്താവു നമ്മോടുകൂടെയുണ്ട്; യാക്കോബിന്‍റെ ദൈവമാണു നമ്മുടെ അബയം. വരുവിന്‍, കര്‍ത്താവിന്‍റെ പ്രവൃത്തികള്‍ കാണുവിന്‍; അവിടുന്നു ഭൂമിയെ എങ്ങനെ ശൂന്യമാക്കിയിരിക്കുന്നു എന്നു കാണുവിന്‍.
R സൈന്യങ്ങളുടെ കര്‍ത്താവു…………
സുവിശേഷത്തിനുമുമ്പു ചൊല്ലാവുന്ന വാക്യം
കര്‍ത്താവായ യേശുക്രിസ്തുവേ, ദൈവത്തിന്‍റെ വചനമേ, അങ്ങേയ്ക്കു മഹത്വം.
(സങ്കീ്.50:10a +12a ) ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ! അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടു തരണമേ!
കര്‍ത്താവായ യേശുക്രിസ്തുവേ, ദൈവത്തിന്‍റെ വചനമേ, അങ്ങേയ്ക്കു മഹത്വം.
സുവിശേഷം
വി. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍നിന്ന്
(5:1-3a ,5-16)
(അവന്‍ തത്ക്ഷണം സുഖം പ്രാപിച്ച് കിടക്കയെടുത്തു നടന്നു)
അക്കാലത്ത്, യഹൂദരുടെ ഒരു തിരുനാളിന് യേശു ജറുസലെമിലേക്കു പോയി. ജറുസലെമില്‍ അജകവാടത്തിനടുത്ത് ഹെബ്രായഭാഷയില്‍ ബേത്സഥാ എന്നുവിളിക്കുന്ന ഒരു കുളമുണ്ടായിരുന്നു; അതിന് അഞ്ചു മണ്‍ഡപങ്ങളും. അവിടെ കുരുടരും മുടന്തരും തളര്‍വാതക്കാരുമായ അനേകം രോഗികള്‍ കിടന്നിരുന്നു. മുപ്പത്തിയെട്ടു വര്‍ഷമായി രോഗിയായിരുന്ന ഒരുവന്‍ അവിടെയുണ്ടായിരുന്നു. അവന്‍ അവിടെ കിടക്കുന്നത് യേശു കണ്ടു. അവന്‍ വളരെ നാളായി കിടപ്പിലാണെന്ന് അറിഞ്ഞ് യേശു ചോദിച്ചു: സുഖം പ്രാപിക്കാന്‍ നിനക്ക് ആഗ്രഹമുണ്ടോ? അവന്‍ പറഞ്ഞു: കര്‍ത്താവേ, വെള്ളമിളകുമ്പോള്‍ എന്നെ കുളത്തിലേക്കിറക്കാന്‍ ആരുമില്ല. ഞാന്‍ എത്തുമ്പോഴേക്കും മറ്റൊരുവന്‍ വെള്ളത്തില്‍ ഇറങ്ങിക്കഴിഞ്ഞിരിക്കും. യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു കിടക്കയെടുത്തു നടക്കുക. അവന്‍ തത്ക്ഷണം സുഖം പ്രാപിച്ച് കിടക്കയെടുത്തു നടന്നു.
അന്ന് സാബത്ത് ആയിരുന്നു. അതിനാല്‍, സുഖംപ്രാപിച്ച ആ മനുഷ്യനോടു യഹൂദര്‍ പറഞ്ഞു: ഇന്നു സാബത്താകയാല്‍ കിടക്ക ചുമക്കുന്നത് നിഷിദ്ധമാണ്. അവന്‍ മറുപടി പറഞ്ഞു: എന്നെ സുഖപ്പെടുത്തിയവന്‍ നിന്‍റെ കിടക്കയെടുത്തു നടക്കുക എന്ന് എന്നോടു പറഞ്ഞു. അപ്പോള്‍ അവര്‍ ചോദിച്ചു: കിടക്കയെടുത്തു നടക്കുക എന്ന് നിന്നോടു പറഞ്ഞവന്‍ ആരാണ്? അവിടെ ഉണ്ടായിരുന്ന ജനക്കൂട്ടത്തില്‍ യേശു മറഞ്ഞുകഴിഞ്ഞിരുന്നതിനാല്‍ അവന്‍ ആരാണെന്നു സുഖം പ്രാപിച്ചവന്‍ അറിഞ്ഞിരുന്നില്ല. പിന്നീട് യേശു ദേവാലയത്തില്‍വച്ച് അവനെ കണ്ടപ്പോള്‍ പറഞ്ഞു: ഇതാ,നീ സൗഖ്യം പ്രാപിച്ചിരിക്കുന്നു. കൂടുതല്‍ മോശമായതൊന്നും സംഭവിക്കാതിരിക്കാന്‍ മേലില്‍ പാപം ചെയ്യരുത്. അവന്‍ പോയി, യേശുവാണു തന്നെ സുഖപ്പെടുത്തിയതെന്ന് യഹൂദരെ അറിയിച്ചു. സാബത്തില്‍ ഇപ്രകാരം പ്രവര്‍ത്തിച്ചതിനാല്‍ യഹൂദര്‍ യേശുവിനെ ദ്വേഷിച്ചു.
കര്‍ത്താവിന്‍റെ സുവിശേഷം

LEAVE A REPLY

Please enter your comment!
Please enter your name here