നാലാം വാരം: ചൊവ്വ – ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം – (30/1/2018)

ഒന്നാം വായന
ഹെബ്രായര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (12:1-4)
(ഈ ഓട്ടപ്പന്തയം സ്ഥിരോത്സാഹത്തോടെ നമുക്ക് ഓടിത്തീര്‍ക്കാം.)
സഹോദരരേ, നമുക്കുചുറ്റും സാക്ഷികളുടെ വലിയ സമൂഹമുള്ളതിനാല്‍, നമ്മെ വിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്കു നീക്കിക്കളയാം; നമുക്കായി നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ടപ്പന്തയം സ്ഥിരോത്സാഹത്തോടെ നമുക്ക് ഓടിത്തീര്‍ക്കാം. നമ്മുടെ വിശ്വാസത്തിന്‍റെ നാഥനും അതിനെ പൂര്‍ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടുവേണം നാം ഓടാന്‍; അവന്‍ തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്ഷിച്ച്, അവമാനം വകവയ്ക്കാതെ, കുരിശ് ക്ഷമയോടെ സ്വീകരിച്ചു. ദൈവസിംഹാസനത്തിന്‍റെ വലത്തുഭാഗത്ത് അവന്‍ അവരോധിക്കപ്പെടുകയും ചെയ്തു. ആകയാല്‍, മനോധൈര്യം അസ്തമിച്ച് നിങ്ങള്‍ തളര്‍ന്നുപോകാതിരിക്കാന്‍വേണ്ടി, അവന്‍, തന്നെ എതിര്‍ത്ത പാപികളില്‍നിന്ന് എത്രമാത്രം സഹിച്ചെന്ന് ചിന്തിക്കുവിന്‍. പാപത്തിനെതിരായുള്ള സമരത്തില്‍ നിങ്ങള്‍ക്ക് ഇനിയും രക്തം ചൊരിയേണ്ടി വന്നിട്ടില്ല.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(22:25b-26b,27+29,30-31)
R (v.26b) കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ അവിടുത്തെ പ്രകീര്‍ത്തിക്കും.
1. അവിടുത്തെ ഭക്തരുടെ മുന്‍പില്‍ ഞാന്‍ എന്‍റെ നേര്‍ച്ചകള്‍ നിറവേറ്റും. ദരിദ്രര്‍ ഭക്ഷിച്ചു തൃപ്തരാകും; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ അവിടുത്തെ പ്രകീര്‍ത്തിക്കും.
R കര്‍ത്താവിനെ…………..
2. ഭൂമിയുടെ അതിര്‍ത്തികള്‍ കര്‍ത്താവിനെ അനുസ്മരിക്കുകയും അവിടുത്തെ അടുത്തേക്കു തിരിയുകയും ചെയ്യും; എല്ലാ ജനതകളും അവിടുത്തെ സന്നിധിയില്‍ ആരാധനയര്‍പ്പിക്കും. ഭൂമിയിലെ അഹങ്കാരികള്‍ അവിടുത്തെ മുന്‍പില്‍ കുമ്പിടും. ജീവന്‍ പിടിച്ചുനിറുത്താനാവാത്ത പൊടിയിലേക്കു മടങ്ങുന്നവര്‍ അവിടുത്തെ മുന്‍പില്‍ പ്രണമിക്കും.
R കര്‍ത്താവിനെ…………..
3. പുരുഷാന്തരങ്ങള്‍ അവിടുത്തെ സേവിക്കും; അവര്‍ ഭാവിതലമുറയോടു കര്‍ത്താവിനെപ്പറ്റി പറയും. ജനിക്കാനിരിക്കുന്ന തലമുറയോടു കര്‍ത്താവാണു മോചനം നേടിത്തന്നത് എന്ന് അവര്‍ ഉദ്ഘോഷിക്കും.
R കര്‍ത്താവിനെ…………..
രണ്ടാം വര്‍ഷം
ഒന്നാം വായന
സാമുവലിന്‍റെ രണ്ടാം പുസ്തകത്തില്‍നിന്ന്
(15:9-10,14b24-25a,30-19:3)
(എന്‍റെ മകനേ,അബ്സലോമേ, നിനക്കുപകരം ഞാന്‍ മരിച്ചിരുന്നെങ്കില്‍)
അക്കാലത്ത്, അബ്സലോം ദാവീദിന്‍റെ പടയാളികളുടെ ദൃഷ്ടിയില്‍പ്പെട്ടു. അവന്‍ കോവര്‍കഴുതപ്പുറത്ത് ഓടിച്ചുപോകുകയായിരുന്നു. അത് ഒരു വലിയ ഓക്കുമരത്തിന്‍റെ കീഴിലൂടെ കടന്നുപോകുമ്പോള്‍ അവന്‍റെ തലമുടി മരക്കൊമ്പില്‍ കുരുങ്ങി, കോവര്‍കഴുത ഓടിപ്പോടി. ആകാശത്തിനും ഭൂമിക്കും മദ്ധ്യേ അവന്‍ തൂങ്ങിനിന്നു. ഒരുവന്‍ അതുകണ്ടു യോവാബിനോടു പറഞ്ഞു: അബ്സലോം ഒരു ഓക്കുമരത്തില്‍ തൂങ്ങിക്കിടക്കുന്നതു ഞാന്‍ കണ്ടു.
യോവാബ് മൂന്നു കുന്തമെടുത്ത് ഓക്കുമരത്തില്‍ ജീവനോടെ തൂങ്ങിക്കിടന്ന അബ്സലോമിന്‍റെ നെഞ്ചില്‍ കുത്തിയിറക്കി.
ദാവീദ് പടിപ്പുരകള്‍ക്കിടയില്‍ ഇരിക്കുകയായിരുന്നു. കാവല്‍ക്കാരന്‍ മതിലിനുമീതേ പടിപ്പുരയുടെ മുകളില്‍ കയറി നോക്കി; ഒരുവന്‍ തനിയേ ഓടിവരുന്നു. കാവല്‍ക്കാരന്‍ രാജാവിനോടു വിളിച്ചു പറഞ്ഞു. രാജാവു പറഞ്ഞു: അവന്‍ തനിച്ചെങ്കില്‍ സദ്വാര്‍ത്ത കൊണ്ടുവരുന്നു. അവന്‍ അടുത്തടുത്ത് വന്നു.
രാജാവു പറഞ്ഞു: നീ അങ്ങോട്ടു മാറിനില്‍ക്കുക. അവന്‍ മാറിനിന്നു. പിന്നെ കുഷ്യന്‍ എത്തി. രാജാവിനോടു പറഞ്ഞു: എന്‍റെ യജമാനനായ രാജാവിനു സദ് വാര്‍ത്ത! അങ്ങേക്കെതിരേ ഉയര്‍ന്ന എല്ലാവരുടെയും പിടിയില്‍നിന്നു കര്‍ത്താവ് അങ്ങയെ മോചിപ്പിച്ചിരിക്കുന്നു. രാജാവു കുഷ്യനോടു ചോദിച്ചു: അബ്സലോംകുമാരന്‍ സുഖമായിരിക്കുന്നുവോ? അവന്‍ പറഞ്ഞു: അവനു സംഭവിച്ചത്, യജമാനന്‍റെ എല്ലാ ശത്രുക്കള്‍ക്കും അങ്ങേക്കെതിരേ ഉയരുന്ന എല്ലാവര്‍ക്കും സംഭവിക്കട്ടെ. രാജാവ് വികാരധീനനായി പടിപ്പുരമുകളില്‍ കയറി വിലപിച്ചു. പോയവഴി അവന്‍ പറഞ്ഞു: എന്‍റെ മകനേ, അബ്സലോമേ, നിനക്കുപകരം ഞാന്‍ മരിച്ചിരുന്നെങ്കില്‍! എന്‍റെ മകനേ, അബ്സലോമേ, എന്‍റെ മകനേ!
അബ്സലോമിനെക്കുറിച്ചു രാജാവു വിലപിക്കുന്നതായി യോവാബ് കേട്ടു. രാജാവു തന്‍റെ മകനെക്കുറിച്ച് ദുഃഖിച്ചിരിക്കുന്നു എന്ന് കേട്ടതുകൊണ്ട് അന്നത്തെ വിജയം ജനത്തിനും ദുഃഖമായിത്തീര്‍ന്നു. തോറ്റോടുന്നവരെപ്പോലെ ലജ്ജിച്ച് അവര്‍ പട്ടണത്തിലേക്കു പതുങ്ങിക്കയറി.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(86:1-2,3-4,5-6)
R (v.1a) കര്‍ത്താവേ, ചെവിചായ്ച്ച് എനിക്കുത്തരമരുളണമേ!
1. കര്‍ത്താവേ, ചെവിചായ്ച്ച് എനിക്കുത്തരമരുളണമേ! ഞാന്‍ ദരിദ്രനും നിസ്സഹായനുമാണ്. എന്‍റെ ജീവനെ സംരക്ഷിക്കണമേ, ഞാന്‍ അങ്ങയുടെ ഭക്തനാണ്; അങ്ങയില്‍ ആശ്രയിക്കുന്ന ഈ ദാസനെ രക്ഷിക്കണമേ! അങ്ങാണ് എന്‍റെ ദൈവം.
R കര്‍ത്താവേ, …………..
2. കര്‍ത്താവേ, എന്നോടു കരുണ കാണിക്കണമേ! ദിവസം മുഴുവനും ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. അങ്ങയുടെ ദാസന്‍റെ ആത്മാവിനെ സന്തോഷിപ്പിക്കണമേ! കര്‍ത്താവേ, ഞാന്‍ അങ്ങയിലേക്ക് എന്‍റെ മനസ്സിനെ ഉയര്‍ത്തുന്നു.
R കര്‍ത്താവേ, …………..
3. കര്‍ത്താവേ, അങ്ങു നല്ലവനും ക്ഷമാശീലനുമാണ്; അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് അങ്ങു സമൃദ്ധമായി കൃപ കാണിക്കുന്നു. കര്‍ത്താവേ, എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! എന്‍റെ യാചനയുടെ സ്വരം ശ്രവിക്കണമേ!
R കര്‍ത്താവേ, …………..
അല്ലേലൂയാ!
അല്ലേലൂയാ! (മത്താ.8:17) കര്‍ത്താവ് നമ്മുടെ ബലഹീനതകള്‍ ഏറ്റെടുക്കുകയും രോഗങ്ങള്‍ വഹിക്കുകയും ചെയ്തു. അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍നിന്ന് (5:21-43)
(ബാലികേ, എഴുന്നേല്‍ക്കൂ, എന്ന് യേശു പറഞ്ഞു)
അക്കാലത്ത്, യേശു വഞ്ചിയില്‍ മറുകരയെത്തിയപ്പോള്‍ ഒരു വലിയ ജനക്കൂട്ടം അവനു ചുറ്റും കൂടി. അവന്‍ കടല്‍ത്തീരത്തു നില്‍ക്കുകയായിരുന്നു. അപ്പോള്‍, സിനഗോഗധികാരികളില്‍ ഒരുവനായ ജായ്റോസ് അവിടെ വന്നു. അവന്‍ യേശുവിനെക്കണ്ട് കാല്‍ക്കല്‍ വീണ് അപേക്ഷിച്ചു: എന്‍റെ കൊച്ചുമകള്‍ മരിക്കാറായിക്കിടക്കുന്നു. അങ്ങു വന്ന്, അവളുടെമേല്‍ കൈകള്‍വച്ച്, രോഗം മാറ്റി അവളെ ജീവിപ്പിക്കണമേ!
യേശു അവന്‍റെ കൂടെപോയി. വലിയൊരു ജനക്കൂട്ടം തിങ്ങിഞെരുങ്ങി പിന്തുടര്‍ന്നു. പന്ത്രണ്ടു വര്‍ഷമായി ര്കതസ്രാവമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു. പല വൈദ്യന്‍മാരുടെ അടുത്തു പോയി വളരെ കഷ്ടപ്പെടുകയും കൈവശമുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്തിട്ടും അവളുടെ സ്ഥിതി മെച്ചപ്പെടുകയല്ല, കൂടുതല്‍ മോശമാവുകയാണു ചെയ്തത്. അവള്‍ യേശുവിനെക്കുറിച്ചു കേട്ടിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെ അവള്‍ അവന്‍റെ പിന്നില്‍ചെന്ന്, വസ്ത്രത്തില്‍ സ്പര്‍ശിച്ചു. അവന്‍റെ വസ്ത്രത്തില്‍ ഒന്നു തൊട്ടാല്‍ മാത്രം മതി, ഞാന്‍ സുഖം പ്രാപിക്കും എന്ന് അവള്‍ വിചാരിച്ചിരുന്നു. തത്ക്ഷണം അവളുടെ രക്തസ്രാവം നിലച്ചു. താന്‍ രോഗവിമുക്തയായിരിക്കുന്നവെന്ന് അവള്‍ക്കു ശരീരത്തില്‍ അനുഭവപ്പെട്ടു.
യേശുവാകട്ടെ, തന്നില്‍നിന്നു ശക്തി പുറപ്പെട്ടെന്ന് അറിഞ്ഞ്, പെട്ടെന്നു ജനക്കൂട്ടത്തിനുനേരേ തിരിഞ്ഞു ചോദിച്ചു: ആരാണ് എന്‍റെവസ്ത്രത്തില്‍ സ്പര്‍ശിച്ചത്? ശിഷ്യന്‍മാര്‍ അവനോടു പറഞ്ഞു: ജനം മുഴുവന്‍ നിനക്കുചുറ്റും തിക്കിക്കൂടുന്നതു കാണുന്നില്ലേ? എന്നിട്ടും, ആരാണ് അതു ചെയ്തതെന്നറിയാന്‍ അവന്‍ ചുറ്റും നോക്കി. ആ സ്ത്രീ തനിക്കു സംഭവിച്ചതറിഞ്ഞ് ഭയന്നുവിറച്ച് അവന്‍റെ കാല്‍ക്കല്‍ വീണ് സത്യം തുറന്നു പറഞ്ഞു. അവന്‍ അവളോടു പറഞ്ഞു: മകളേ, നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോവുക; വ്യാധിയില്‍നിന്നു വിമുക്തയായിരിക്കുക.
യേശു സംസാരിച്ചുകൊണ്ടിരിക്കെ, സിനഗോഗധികാരിയുടെ വീട്ടില്‍നിന്ന് ചിലര്‍ വന്നു പറഞ്ഞു: നിന്‍റെ മകള്‍ മരിച്ചു; ഗുരുവിനെ ഇനിയും എന്തിനു ബുദ്ധിമുട്ടിക്കുന്നു? അതുകേട്ട് യേശു സിനഗോഗധികാരിയോടു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക. പത്രോസും യാക്കോബും യാക്കോബിന്‍റെ സഹോദരന്‍ യോഹന്നാനുമൊഴികെ മറ്റാരും തന്നോടു കൂടെ പോരാന്‍ അവന്‍ അനുവദിച്ചില്ല.
അവര്‍ സിനഗോഗധികാരിയുടെ വീട്ടിലെത്തി. അവിടെ ആളുകള്‍ വലിയ ബഹളം വയ്ക്കുന്നതും ഉച്ചത്തില്‍ കരയുന്നതും അലമുറയിടുന്നതും അവന്‍ കണ്ടു. അകത്തു പ്രവേശിച്ച് അവന്‍ അവരോടു പറഞ്ഞു: എന്തിനാണു നിങ്ങള്‍ ബഹളം വയ്ക്കുകയും വിലപിക്കുകയും ചെയ്യുന്നത്? കുട്ടി മരിച്ചിട്ടില്ല. ഉറങ്ങുകയാണ്. അവര്‍ അവനെ പരിഹസിച്ചു. അവനാകട്ടെ, അവരെ എല്ലാവരെയും പുറത്താക്കി. അനന്തരം പെണ്‍കുട്ടിയുടെ മാതാപിതാക്കന്‍മാരെയും തന്‍റെ കൂടെയുണ്ടായിരുന്നവരെയും കൂട്ടിക്കൊണ്ട് അവളെ കിടത്തിയിരുന്നിടത്തേക്ക് അവന്‍ ചെന്നു. അവന്‍ അവളുടെ കൈയ്ക്കുപിടിച്ചുകൊണ്ട്, ബാലികേ, എഴുന്നേല്‍ക്കൂ എന്നര്‍ത്ഥമുള്ള തലീത്താകും എന്നുപറഞ്ഞു. തത്ക്ഷണം ബാലിക എഴുന്നേറ്റു നടന്നു. അവള്‍ക്കു പന്ത്രണ്ടു വയസ്സു പ്രായമുണ്ടായിരുന്നു. അവര്‍ അത്യന്തം വിസ്മയിച്ചു. ആരും ഈ വിവരം അറിയരുത് എന്ന് യേശു അവര്‍ക്കു കര്‍ശനമായ ആജ്ഞ നല്‍കി. അവള്‍ക്കു ഭക്ഷണം കൊടുക്കാന്‍ അവന്‍ നിര്‍ദേശിച്ചു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here